Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 28, ചൊവ്വ 
1201 | കര്‍ക്കടകം 12,  പൂരാടം

◾ പ്രിയദര്‍ശിനി സര്‍വീസുകളുമായി ബന്ധപ്പെട്ട് തട്ടിപ്പ് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ ഉടന്‍ സസ്പെന്‍ഷന്‍. കെഎസ്ആര്‍ടിസി എംഡിയാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഓര്‍ഡിനറി ബസുകളില്‍ ആറ് ക്രമക്കേടുകള്‍ കൂടി കണ്ടെത്തിയതായി വിജിലന്‍സ് വിഭാഗം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു.

◾ ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.  

◾ സ്ത്രീകള്‍ക്കായി കെഎസ്ആര്‍ടിസി ആരംഭിച്ച പിങ്ക് ബസ് സര്‍വീസില്‍ രാവിലെ 4.30-ന് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന സര്‍വീസില്‍ ചികിത്സയ്ക്കായി പോകുന്ന സ്ത്രീ രോഗികള്‍ക്കൊപ്പമുള്ള പുരുഷ കൂട്ടിരിപ്പുകാര്‍ക്കും, സ്ത്രീ കൂട്ടിരിപ്പുകാര്‍ക്കൊപ്പമുള്ള പുരുഷ രോഗികള്‍ക്കും യാത്ര ചെയ്യാന്‍ അനുമതിയുണ്ടായിരിക്കും.

◾ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേന സൈബര്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കേക്കര സ്വദേശി ഡെയിന്‍ ഫ്രാന്‍സിന് 2499 രൂപയാണ് നഷ്ടമായത്. ധന്‍ ധന്‍ യോജന പദ്ധതി എന്ന പേരില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനയാണ് പണം തട്ടിയത്.  

◾ ബാങ്ക് ഓഫ് ബറോഡയില്‍ ഉപഭോക്തൃ വിവരങ്ങളുമായി ബന്ധപ്പെട്ട ഡാറ്റാ ചോര്‍ച്ച ഉണ്ടായതായി ബാങ്ക് സ്ഥിരീകരിച്ചു. ജീവനക്കാരന്റെ ഇ-മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചില ഉപഭോക്താക്കളുടെ വിവരങ്ങളിലേക്ക് അനധികൃതമായി പ്രവേശനം ലഭിച്ചതെന്ന് ബാങ്ക് അറിയിച്ചു.

◾ പിണറായി സര്‍ക്കാരിന്റെ കാലത്ത് പാര്‍ട്ടിക്ക് ഭരണത്തില്‍ നിയന്ത്രണം ഉണ്ടായില്ലെന്ന കുറ്റസമ്മതവുമായി സിപിഎം. കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്നലെ രാത്രി പാര്‍ട്ടി ഔദ്യോഗികമായി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇതുള്ളത്.

◾ പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്തിന് പേടിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍. പാര്‍ട്ടി കമ്മിറ്റികളില്‍ താനടക്കം അദ്ദേഹത്തെ വിമര്‍ശിക്കാറുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് പറയാറില്ലെന്നും അത് പാര്‍ട്ടി സംഘടനാ കാര്യമാണെന്നും പറയേണ്ടത് പാര്‍ട്ടിയില്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേഷ് പിഷാരടി. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം.

◾ പ്രിയദര്‍ശിനി ബസ്സിലെ രണ്ട് യാത്രക്കാരികളില്‍ നിന്ന് സ്വര്‍ണമാല മോഷണം പോയി. കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന ബസ്സില്‍ നിന്നും 2 പവന്റെ മാലയും പെരിന്തല്‍മണ്ണയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സില്‍ നിന്ന് മൂന്ന് പവന്‍ വരുന്ന താലിമാലയുമാണ് നഷ്ടപ്പെട്ടത്. ബസിലെ തിരക്ക് മുതലെടുത്താണ് മോഷണം നടന്നത്.

◾ സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ലെന്നും കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് സാബു തന്നെ വഞ്ചിച്ചെന്നും ട്വന്റി 20 സാബുവിന്റെ വ്യക്തപരമായ നേട്ടത്തിന് മാത്രമുള്ള പാര്‍ട്ടിയെന്നും അഖില്‍ തുറന്നടിച്ചു.

◾ സ്വകാര്യബസ് ഡ്രൈവര്‍ പെരുമ്പുഴ കുളത്തിന്‍കരകടയില്‍ വീട്ടില്‍ സിയാദ് ചികിത്സയിലിരിക്കെ മരിച്ചത് പോലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കുണ്ടറ -കൊല്ലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യബസിലെ ഡ്രൈവര്‍ ആയിരുന്നു സിയാദ്.

◾ കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് സിയാദ് എന്ന യുവാവ് മരിച്ചെന്ന ആരോപണത്തില്‍ മുസ്ലീം ലീഗിനെതിരെ കെടി ജലീല്‍. ഇതെങ്ങാനും എല്‍ഡിഎഫ് കാലത്താണ് നടന്നിരുന്നതെങ്കില്‍ എന്തൊക്കെ നടന്നിട്ടുണ്ടാകും? പിണറായിയുടെ പൊലീസ് ഒരു 'മുസ്ലിമി'നെ തല്ലിക്കൊന്നെന്നും പറഞ്ഞ് ലീഗും യൂത്ത് ലീഗും റോഡില്‍ നിന്ന് എഴുനേറ്റിട്ടുണ്ടാകുമോയെന്നും കെടി ജലീല്‍ ചോദിച്ചു.

◾ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വിതരണം ചെയ്ത വടയ്ക്കുള്ളില്‍ നിന്ന് യാത്രക്കാരന് ലഭിച്ചത് ഫെവിക്വിക് പശയുടെ ട്യൂബ്. മൈസൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ ഞായറാഴ്ചയാണ് സംഭവം.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ കേസെടുത്തു. കോഴിക്കോട് സൈബര്‍ പൊലീസാണ് കേസെടുത്തത്. മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്.

◾ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍-അകമ്പാടത്തെ ആശുപത്രിയില്‍ ആണ് സംഭവം. ചാലിയാര്‍ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചത്.

◾ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

◾ മല്ലപ്പള്ളിയില്‍ വീണ്ടും സെമിത്തേരിയില്‍ ഗ്രാനൈറ്റ് സ്ലാബ് മോഷണം. കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. മല്ലപ്പള്ളി മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് മോഷണം. പള്ളി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

◾ ഇടുക്കി കുമളി ചോറ്റുപാറ ജനവാസ മേഖലയില്‍ കരടിയിറങ്ങി. ഇന്നലെ രാത്രി ഒരുമണിയോടെയായിരുന്നു സംഭവം. ചോറ്റുപാറ മുത്തയ്യന്‍ ഉന്നതിയിലെ ആനന്ദന്റെ വീടിന് സമീപമാണ് കരടിയെത്തിയത്. കരടിയെ ഉടന്‍ തന്നെ കൂട് സ്ഥാപിച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

◾ ലോക്സഭയില്‍ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും രാവിലെ സ്തംഭിപ്പിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ വീണ്ടും ചേര്‍ന്നാണ് ബില്ലില്‍ ചര്‍ച്ച തുടങ്ങിയത്. അതേസമയം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിലെത്താത്തതിനെ ചോദ്യം ചെയ്തെങ്കിലും ചര്‍ച്ചയില്‍ പ്രതിപക്ഷം സഹകരിക്കുകയാണ്.

◾ മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു.

◾ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റഗ്രാമില്‍ നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം നിലവില്‍ 105 മില്യണ്‍ പിന്നിട്ടു. ഇതോടെ ഇന്‍സ്റ്റഗ്രാമില്‍ 100 മില്യണ്‍ ഫോളോവേഴ്‌സിനെ കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച സെല്‍ഫി വീഡിയോ താല്‍ക്കാലികമായി പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കംചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് മെറ്റ. സാങ്കേതിക തകരാറിനെ തുടര്‍ന്നുണ്ടായ പിഴവാണ് ഇതെന്നും വീഡിയോ പിന്നീട് പുനഃസ്ഥാപിച്ചതായും കമ്പനി അറിയിച്ചു.

◾ കര്‍ണാടകയിലെ എല്ലാ എന്‍ജിനീയറിംഗ്, ആര്‍ട്സ്, സയന്‍സ് കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കായി എച്ച്.ഐ.വി പരിശോധനയും കൗണ്‍സിലിംഗും സംഘടിപ്പിക്കാന്‍ തീരുമാനം. കര്‍ണാടക സ്റ്റേറ്റ് എയ്ഡ്സ് പ്രിവന്‍ഷന്‍ സൊസൈറ്റിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും കോളേജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റും ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു.

◾ ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍, ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. പെല്ലറ്റ് ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കണമെന്നാണ് ആവശ്യം.

◾ സിജെപി നേതാക്കള്‍ ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍, ഒരു മാസത്തിലേറെയായി സമരരംഗത്തുണ്ടായിരുന്ന പ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ഭക്ഷണവും താമസസൗകര്യവും പോലുമില്ലാതെ ജന്തര്‍ മന്തറില്‍ ഉപേക്ഷിച്ചുവെന്ന ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകനും സിജെപി മുന്‍നിര പിന്തുണക്കാരനുമായ മേഘ്നാദ് എസ്.

◾ വിജയം എപ്പോഴും വിനയത്തോടെയാകണമെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയെത്തുടര്‍ന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി അംഗങ്ങള്‍ നടത്തിയ ആഘോഷങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം.  

◾ കോക്റോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച സമരത്തിനിടെ സ്ഥാപിച്ച മുഖം തിരിച്ചറിയല്‍ ക്യാമറകളിലൂടെ 2,873 പേരെ പരിശോധിച്ചപ്പോള്‍ ഇതില്‍ 989 പേര്‍ക്ക് വിവിധ ക്രിമിനല്‍ കേസുകളിലെ പശ്ചാത്തലമുണ്ടെന്ന് ഡല്‍ഹി പൊലീസ്. അതേസമയം, സമരത്തില്‍ പങ്കെടുത്തവരുടെ മുഖവിവരങ്ങള്‍ ശേഖരിച്ചതിനെതിരെ സ്വകാര്യതാ ലംഘനമെന്ന ആരോപണം ഉയര്‍ന്നതോടെ വിഷയം ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

◾ കോക്ക്റോച്ച് ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത്. സമരത്തില്‍ പങ്കെടുത്ത യുവാക്കളെ വൃത്തിയില്ലാത്തവരെന്ന് പരാമര്‍ശിച്ച കങ്കണ, ഉത്തരവാദിത്തമില്ലാതെ സ്വതന്ത്രമായി ജീവിക്കാന്‍ ശ്രമിക്കുന്നവരാണ് ഇവരെന്നും വിമര്‍ശിച്ചു.

◾ തങ്ങളുടെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതു വഴി അണ്ഡാശയ അര്‍ബുദം വന്നുവെന്നാരോപിച്ചുള്ള പതിനായിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. നഷ്ടപരിഹാരമായി 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 52,800 കോടി രൂപ) നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

◾ ഫ്രാന്‍സില്‍ കോടതി സമുച്ചയത്തിന് സമീപം സ്ത്രീകള്‍ക്ക് നേരെ കത്തിയാക്രമണവുമായി യുവാവ്. പാരീസിലെ പോര്‍ട്ട് ഡി ക്ലിഷിയിലുള്ള കോടതി സമുച്ചയത്തിന് സമീപമാണ് കത്തിയാക്രമണം നടന്നത്. അള്ളാഹുവിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ആക്രമണമെന്ന് വിളിച്ച് പറഞ്ഞായിരുന്നു ആക്രമണം.

◾ ഇറാഖി മണ്ണില്‍ നിന്ന് സൗദി അറേബ്യയ്ക്ക് നേരെ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകള്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണത്തെ തുടര്‍ന്ന് ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി.

◾ കേരളത്തിലെ പ്രമുഖ പാക്കേജ്ഡ് ഫുഡ് ബ്രാന്‍ഡായ 'ഡബിള്‍ ഹോഴ്‌സിനെ സ്വന്തമാക്കാനായി വന്‍കിട കോര്‍പ്പറേറ്റുകള്‍ തമ്മില്‍ കടുത്ത മത്സരം. പ്രമുഖ എഫ്എംസിജി കമ്പനിയായ വിപ്രോ കണ്‍സ്യൂമര്‍ കെയറും വ്യവസായ ഗ്രൂപ്പായ മുരുഗപ്പ ഗ്രൂപ്പുമാണ് ഡബിള്‍ ഹോഴ്‌സിന്റെ മാതൃസ്ഥാപനമായ മഞ്ജിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കാനുള്ള മത്സരത്തിലുള്ളത്. ഏകദേശം 500 കോടി രൂപ മൂല്യംവരുന്നതാണ് ഈ ഇടപാടെന്നാണ് സൂചന. ഇടപാട് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി മഞ്ജിലാസ് ഫുഡ് ടെക് പ്രമുഖ അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ.വൈയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും അന്തിമ തീരുമാനം ഇതുവരെയായിട്ടില്ല. ദക്ഷിണേന്ത്യയിലെ സ്‌പൈസസ്, പാക്കേജ്ഡ് ഫുഡ് വിപണി പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 1959ല്‍ സ്ഥാപിതമായ മഞ്ജിലാസ് ഫുഡ് ടെക്കിന് കീഴില്‍ ബ്രേക്ക്ഫാസ്റ്റ് മിക്‌സുകള്‍, അരിപ്പൊടികള്‍, മസാലപ്പൊടികള്‍, അച്ചാറുകള്‍, ഇന്‍സ്റ്റന്റ് ഫുഡ് ഉല്‍പന്നങ്ങള്‍ എന്നിവയുണ്ട്.

◾ യുഎസ് ഉപയോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കി ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ എക്സ്. പ്രീമിയം, പ്രീമിയം+ സബ്‌സ്‌ക്രൈബര്‍മാര്‍ക്കാവും ഈ സേവനം ലഭ്യമാകുക. എക്‌സിനെ എല്ലാം കാര്യങ്ങളും ചെയ്യാനുതകുന്ന ഒരു സമ്പൂര്‍ണ ആപ്പായി മാറ്റാനുള്ള മസ്‌കിന്റെ പദ്ധതിയുടെ ഭാഗമായാണ് നീക്കം. യു.എസിന് പുറത്തേക്കും ഭാവിയില്‍ സേവനങ്ങള്‍ ലഭ്യമാക്കിയേക്കാം. നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാനും, വ്യക്തികള്‍ തമ്മില്‍ പണം കൈമാറാനും, ബില്ലുകള്‍ അടയ്ക്കാനും, വയര്‍ ട്രാന്‍സ്ഫര്‍ വഴി പണം അയക്കാനും, മെയില്‍ ചെക്ക് ചെയ്യാനും ത മണി ഉപയോക്താക്കള്‍ക്ക് സാധിക്കും. ചൈനയുടെ വീചാറ്റ് പോലെ തനെ മാറ്റാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മസ്‌ക് വര്‍ഷങ്ങളായി പറയുന്നതാണ്. ഇതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.

◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സിംപിള്‍ എനര്‍ജി തങ്ങളുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ അറൈവ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ രണ്ടിന് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന സിംപിള്‍ വണ്ണിന് ശേഷം ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്കുള്ള പുതിയ ചുവടുവയ്പാണ് പുതിയ സ്‌കൂട്ടര്‍ എന്ന് കമ്പനി അറിയിച്ചു.സിംപിള്‍ എനര്‍ജിയുടെ നിരയിലെ മൂന്നാമത്തെ മോഡലായിരിക്കും അറൈവ്. നിലവില്‍ സിംപിള്‍ വണും ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന സിംപിള്‍ അള്‍ട്രയും വിപണിയില്‍ ഉണ്ട്. താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ തിരയുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സ്‌കൂട്ടര്‍.

◾ സാമൂഹ്യജീവിതത്തിന്റെ വ്യവസ്ഥിതികള്‍ക്കപ്പുറംനിന്ന് പ്രണയിച്ചവരുടെ കഥയാണിത്. തന്റെ പ്രണയിനിക്ക് മനോഹരമായൊരു സമ്മാനം തയ്യാറാക്കാന്‍ ഭാവനാ സ്റ്റോറീസിലെത്തിയതാണ് ഹരി. അത്രമേല്‍ പ്രണയത്തോടെയാണ് അവന്‍ ഓരോന്നും അവള്‍ക്കായി ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.   സൂക്ഷ്മതയോടെയും കൃത്യതയോടെയും തയ്യാറാക്കിയ ആ സമ്മാനം ഏറ്റെടുക്കാന്‍ പക്ഷേ ഹരി വന്നില്ല. സിദ്ധാര്‍ത്ഥും സജിയും  ഏറെ അന്വേഷിച്ചിട്ടും അവനെ കണ്ടെത്താനായില്ല. അവനെന്തായിരിക്കും സംഭവിച്ചിരിക്കുക? ആ പ്രണയത്തിനെന്തായിരിക്കും സംഭവിച്ചിരിക്കുക?  പറിച്ചെറിയാനാകാത്ത മനുഷ്യബന്ധങ്ങളുടെ കഥ. 'നൊസ്റ്റാള്‍ജിയ ബോക്സ്'. വരുണ്‍ അരോളി. ഡിസി ബുക്സ്. വില 269 രൂപ.

◾ ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന അവസ്ഥയാണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍. നിശബ്ദ കൊലയാളി എന്നാണ് ഈ അവസ്ഥയെ ആരോഗ്യവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇത് ഹൃദയത്തില്‍ രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കാം. രോഗനിര്‍ണയം വൈകുന്നത് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് ഏകദേശം 80 ലക്ഷത്തോളം ആളുകള്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥയുമായി ജീവിക്കുന്നുവെന്നാണ് ജിബിഡി കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം ആളുകള്‍ക്കും തങ്ങള്‍ക്ക് ഇത്തരം ഒരു അവസ്ഥയുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നവെന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം. ഇസിജി, ഹോള്‍ട്ടര്‍ മോണിറ്റര്‍ പരിശോധന തുടങ്ങിയവയിലൂടെ മാത്രമേ കണ്ടെത്താനാകൂ. അതിനാല്‍ തന്നെ പലപ്പോഴും ഏട്രിയല്‍ ഫൈബ്രിലേഷന്‍ തിരിച്ചറിയപ്പെടാതെ പോവുകയും ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ മാത്രം രോഗസ്ഥിരീകരണം നടത്തുകയും ചെയ്യാറുണ്ട്. അമിതവേഗത്തിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന, ക്ഷീണം, വ്യായാമം ചെയ്യാന്‍ കഴിയാതിരിക്കുക, ശ്വാസതടസ്സം, തളര്‍ച്ച എന്നിവയാണ് ലക്ഷണങ്ങള്‍. ചിലരില്‍ ഏതാനും മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ ലക്ഷണങ്ങളുണ്ടാകാം.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.83, പൗണ്ട് - 127.43, യൂറോ - 108.97, സ്വിസ് ഫ്രാങ്ക് - 116.93, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.81, ബഹറിന്‍ ദിനാര്‍ - 254.05, കുവൈത്ത് ദിനാര്‍ -308.76, ഒമാനി റിയാല്‍ - 249.21, സൗദി റിയാല്‍ - 25.57, യു.എ.ഇ ദിര്‍ഹം - 26.10, ഖത്തര്‍ റിയാല്‍ - 26.29, കനേഡിയന്‍ ഡോളര്‍ - 67.90.
Previous Post Next Post
3/TECH/col-right