Trending

ഭാര്യാവീട്ടിൽ കയറിയുള്ള ആക്രമണം:പ്രതി അറസ്റ്റിൽ.

എളേറ്റിൽ: എളേറ്റിൽ വട്ടോളി ചെറ്റക്കടവ് പുതിയോട്ടിൽ ആയുധങ്ങളുമായി ഭാര്യാവീട്ടിൽ കയറി ആക്രമണം നടത്തിയ സംഭവത്തിൽ ഇയ്യാട് മക്കുണ്ടിക്കൽ ദിൽക്കർ അലി (36) നെ കൊടുവള്ളി പോലീസ് അറസ്റ്റ്‌ ചെയ്തു.

ഇന്നലെ (വെള്ളി) രാത്രി പത്തര മണിയോടെയായിരുന്നു സംഭവം. പ്രതിയുടെ ഭാര്യയുടെ പിതാവായ എളേറ്റിൽ പുതിയോട്ടിൽൽ അബ്ദുൾ മജീദ്, ഭാര്യാ സഹോദരൻ മുഹമ്മദ് മൻസൂർ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. കൂടാതെ ഇയാളുടെ ആക്രമണത്തിൽ വീടിന്റെ ജനൽഗ്ലാസ്സും, പ്രതിയുടെ തന്നെ കാറിന്റെ പിൻവശത്തെ ഗ്ലാസ്സ് തകരുകയും ചെയ്തിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ അബ്ദുൾ മജീദ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും, മകൻ മുഹമ്മദ് മൻസൂർ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.

ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതിയായ ദിൽക്കർ അലിയുടെ കാറിൽ നടത്തിയ പരിശോധനയിൽ  ലഹരി ഉപയോഗത്തിനായി സൂക്ഷിച്ച സിറിഞ്ച് അടക്കമുള്ള  സാധനങ്ങളും കണ്ടെത്തി. പ്രതി ആക്രമണത്തിന് ശേഷം വലിച്ചെറിഞ്ഞ വെട്ടാൻ ഉപയോഗിച്ച കത്തി ചെടികൾക്കിടയിൽ നിന്നും വീട്ടുകാർ പിന്നീട് കണ്ടെത്തി.

പ്രതിയായ ദിൽകർ അലി അബ്ദുൽ മജീദിന്റെ സഹോദരിയുടെ മകനും, മകളുടെ ഭർത്താവുമാണ്. മകൾ ഭർത്താവായ ദിൽകറിന്റെ ദുർനടപ്പിനെതിരെ പോലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായ പ്രതി മുൻപും ഭാര്യാ വീട്ടിൽ കയറി ആക്രമമുണ്ടാക്കുകയും, വധിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടെന്നും, കൂടാതെ വാഹനം ഇടിച്ച് അപായപ്പെടുത്താനും ശ്രമിച്ചിരുന്നതായി കുടുംബം വ്യക്തമാക്കി.

കൊടുവള്ളി പോലീസ് സ്റ്റേഷനിലും, ബാലുശ്ശേരി സ്റ്റേഷനിലും പ്രതിക്കെതിരെ മുൻപും നിരവധി ക്രിമിനൽ പരാതികളും, കേസുകളും നിലവിലുണ്ട്. ഇയ്യാട്  ജിംനേഷ്യത്തിലെ ട്രൈനറും, പ്രദേശത്തെ പ്രധാന ലഹരി വിൽപനക്കാരനും, ക്വട്ടേഷൻ സംഘത്തലവനുമാണ് ഇയാൾ എന്നാണ് കുടുംബം പറയുന്നത്. ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻപും ഇയാളുടെ വീട്ടിൽ പോലീസ് റെയ്ഡ് നടന്നിട്ടുണ്ട്.

പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും, നിയമനടപടികൾ പൂർത്തിയാക്കി ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും കൊടുവള്ളി പോലീസ് അറിയിച്ചു.
Previous Post Next Post
3/TECH/col-right