Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 25, ശനി 
1201 | കര്‍ക്കടകം 9,  തൃക്കേട്ട

◾ നീറ്റ് പരീക്ഷ ക്രമക്കേടില്‍ പാറ്റകളും പ്രതിപക്ഷവും കേന്ദ്രത്തെ വിറപ്പിച്ചു. ഒടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാര്‍ട്ടിയും ശക്തമായ പ്രതിഷേധം നടത്തിയതിനു പിന്നാലെയാണ് രാജി.

◾ പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ജില്ലാ അടിസ്ഥാനത്തില്‍ മെഴുകുതിരി മാര്‍ച്ച് പ്രഖ്യാപിച്ച് സിജെപി. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചില്ലെങ്കില്‍ ഡല്‍ഹി സമരക്കാരെക്കൊണ്ട് നിറയുമെന്നും ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും സംഘടന പ്രഖ്യാപിച്ചു.

◾ വഖഫ് വിവാദത്തില്‍ താന്‍ വര്‍ഗീയത പരത്തുന്നുവെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമര്‍ശം തെറ്റാണെന്നും സംഘപരിവാറിന്റെ നാവായി വിഡി സതീശന്‍ മാറിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.  യുഡിഎഫ് സര്‍ക്കാര്‍ സംഘ പരിവാര്‍ സേവയാണ് നടത്തുന്നത്, മുഖ്യമന്ത്രി നില വിട്ട് പെരുമാറുന്നു, കോണ്‍ഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാന്‍ പാടുണ്ടോയെന്നും പിണറായി ചോദിച്ചു.

◾ മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുതെന്ന് മെഡിക്കല്‍ ഷോപ്പുകള്‍ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. ആരോഗ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനില്‍ നിന്ന് പഠിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. മത സംഘടനകളില്‍ ആശയ കുഴപ്പം ഉണ്ടാക്കാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്, വഖഫ് വിഷയത്തില്‍ യാതൊരു ആശങ്കയും ഉണ്ടാവേണ്ട സാഹചര്യം ഇല്ല, തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്, കോടതിയുടെ അന്തിമ വിധി കാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

◾ വിഴിഞ്ഞം തുറമുഖത്തുനിന്ന് കരമാര്‍ഗമുളള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അനുമതിയായി. ദേശീയപാത വഴി കണ്ടെയ്നറുകള്‍ കൊണ്ടുപോകുന്നതിന് ദേശീയപാത അതോറിറ്റിയും നേരത്തെ അനുമതി നല്‍കിയിരുന്നു. അടുത്ത മാസം പതിനെട്ടിന് ആദ്യ കയറ്റുമതി കണ്ടെയ്നര്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍, ഫ്ലാഗ് ഓഫ് ചെയ്യും.

◾ ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ഔദ്യോഗിക ഉത്തരവിറക്കി സര്‍ക്കാര്‍. പദ്ധതിയുടെ പണപ്പിരിവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എഡിജിപി പി. വിജയന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുകളെത്തുടര്‍ന്നാണ് ഈ നടപടി.

◾ തന്ത്രി കണ്ഠര് രാജീവരുടെ മകന്‍ ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. തീരുമാനം തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ചിങ്ങം ഒന്നിന് ചുമതലയേല്‍ക്കും.

◾ പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്ത പ്രചാരണത്തില്‍ കണ്ണൂര്‍ സൈബര്‍ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണൂര്‍ സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. വ്യാജ വാര്‍ത്തയില്‍ നടപടി എടുക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പി.കെ. ശ്രീമതി പറഞ്ഞു.

◾ സിജെപി സമരത്തെ പിന്തുണച്ചുള്ള ഐക്യദാര്‍ഢ്യ പരിപാടികള്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് മുഹമ്മദ് റിയാസ്. ദില്ലിയിലെ സിജെപി സമരത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്റേത് ഇരട്ടത്താപ്പാണ്. ദില്ലിയില്‍ സമരത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ഒരക്ഷരം സംസാരിച്ചില്ലെന്നും റിയാസ് പറഞ്ഞു.

◾ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ അത് ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യവും തിരഞ്ഞെടുപ്പ് അട്ടിമറിയുമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. വിഷയത്തില്‍ താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

◾ സിഎംആര്‍എല്‍ എക്സാലോജിക് ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകള്‍ വീണയ്ക്കും കുരുക്കായി ശശിധരന്‍ കര്‍ത്തയുടെ മൊഴി. വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് 2024 ഏപ്രില്‍ 17ന് ശശിധരന്‍ കര്‍ത്ത നല്‍കിയ മൊഴിയാണ് തിരിച്ചടിയാവുക.

◾ മാസപ്പടി കേസില്‍ വീണയെ കുരുക്കി കൂടുതല്‍ തെളിവ് പുറത്ത്. നല്‍കാത്ത സേവനത്തിന്റെ ഇന്‍വോയ്സ് നിര്‍മിച്ചത് ഐഫോണില്‍ എന്ന് കണ്ടെത്തല്‍. വ്യാജ ഐടി സേവനത്തിന്റെ കരാറും ഫോണില്‍ കണ്ടെത്തി. കര്‍ത്തയുമായുള്ള ഇമെയില്‍ ഇടപാടുകളും ഐഫോണ്‍ വഴിയായിരുന്നു.

◾ സിക്കിമില്‍ ജലവൈദ്യുതപദ്ധതിയുടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് വിമാനമാര്‍ഗമാണ് മൃതദേഹം എത്തിച്ചത്. എയര്‍പോര്‍ട്ടില്‍ നിന്ന് കോട്ടയം പാമ്പാടിയിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ട് പോയി. രണ്ട് മണിയോടെ വീട്ടില്‍ സംസ്‌ക്കാരം.

◾ തൊടുപുഴ മങ്ങാട്ടുകവലയില്‍ ലോകകപ്പ് ഫൈനല്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനത്തിനിടെ ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥരായ കരിമണ്ണൂര്‍ എസ് ഐ റോയ്, എന്‍.എസ്. റോയി, സിവില്‍ പോലീസ് ഓഫീസര്‍ ഡ്രൈവര്‍ ജിജോ ആന്റണി എന്നിവര്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരണം. രാസ പരിശോധനയിലൂടെയാണ് പൊലീസുകാര്‍ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചത്.

◾ അമ്മയുടെ മൃതദേഹം മകന്‍ പൂജ ചെയ്ത് വീട്ടില്‍ സൂക്ഷിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കൊല്ലം കുളത്തൂപ്പുഴ ആര്‍പിഎല്‍ എസ്റ്റേറ്റിലാണ് സംഭവം. 90 വയസുള്ള അമ്മയുടെ മൃതദേഹമാണ് മകന്‍ കൃഷ്ണസ്വാമി ആരെയും അറിയിക്കാതെ സൂക്ഷിച്ചത്. കൃഷ്ണസ്വാമിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

◾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കേണ്ടതില്ലെന്ന് ബിജെപിയില്‍ ഭൂരിപക്ഷാഭിപ്രായം. സംവിധാനത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുത്തുവെന്നും സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് വിലയിരുത്തല്‍. ആര്‍എസ്എസിനും മന്ത്രിയുടെ രാജിയില്‍ യോജിപ്പില്ല. അതേ സമയം, മന്ത്രിയുടെ രാജിയില്ലെങ്കില്‍ ഇന്നത്തെ ചര്‍ച്ചക്ക് അര്‍ത്ഥമില്ലെന്നാണ് കോക്രോച്ച് ജനതപാര്‍ട്ടിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.

◾ ജന്തര്‍ മന്ദറില്‍ നിരാഹാരമിരുന്ന വിദ്യാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി. സമരക്കാര്‍ക്ക് മൂന്ന് ആവശ്യങ്ങളാണ് ഉള്ളത്, ഇവയില്‍ വിട്ടുവീഴ്ചയില്ല. ധര്‍മേന്ദ്ര പ്രധാന്റെ വകുപ്പ് മാറ്റും എന്ന് ചില വിവരങ്ങള്‍ വരുന്നുണ്ട്, അത് അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

◾ രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ല, വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്നവര്‍ക്കെതിരെയാണ് താന്‍ പാറ്റ എന്ന പ്രയോഗം നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. രാജ്യത്തെ യുവാക്കളില്‍ നിന്നാണ് താന്‍ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതെന്നും അവര്‍ക്കായി സുപ്രീംകോടതിയുടെ വാതിലുകള്‍ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

◾ ജന്തര്‍ മന്ദറിലെ വിദ്യാര്‍ത്ഥിപ്രതിഷേധത്തിനിടെ ഉത്തരാഖണ്ഡ് പൊലീസ് കോണ്‍സ്റ്റബിള്‍ ഷേര്‍ സിംഗ് യൂണിഫോമണിഞ്ഞ് വേദിയിലെത്തി സര്‍വീസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. അതേസമയം ഇയാള്‍ നിലവില്‍ സസ്പെന്‍ഷനിലായിരുന്നെന്നും, അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നുവെന്നും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

◾ കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കേക്ക് ടൈഫോയ്ഡ്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം തുടരുമെന്നും ദീപ്കേ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന് അറിയാം.

◾ ദില്ലി ജന്തര്‍മന്തറിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ അധിക്ഷേപത്തില്‍ മേജര്‍ രവിക്ക് വക്കീല്‍ നോട്ടീസ്. പ്ളസ് ടു വിദ്യാര്‍ത്ഥിനി മാളവിക ആര്‍.തീക്കാടനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ വിദ്യാര്‍ത്ഥികളെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.

◾ ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് സമീപം ദില്ലി പൊലീസ് സ്ഥാപിച്ച കൃത്രിമ ബുദ്ധി അധിഷ്ഠിത മുഖം തിരിച്ചറിയല്‍ സംവിധാനം രാജ്യത്ത് സ്വകാര്യത, നിരീക്ഷണം, നിയമപാലന സാങ്കേതികവിദ്യയുടെ പരിധി എന്നിവയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

◾ സൗദി അറേബ്യയിലെ യാന്‍ബു, ജിസാന്‍ മേഖലകളില്‍ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയെങ്കിലും സിവില്‍ ഡിഫന്‍സ് പിന്നീടത് പിന്‍വലിച്ചു.  മേഖലയിലെ അപായഭീഷണി ഒഴിഞ്ഞതായി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

◾ വിക്ഷേപണം നടന്ന് നിമിഷങ്ങള്‍ക്കകം മിന്നലേറ്റെങ്കിലും കുതിപ്പ് തുടര്‍ന്ന് ചൈനീസ് റോക്കറ്റായ ലോംഗ് മാര്‍ച്ച്-3ബി. ചൈനയുടെ പ്രധാന വിക്ഷേപണ വാഹനങ്ങളിലൊന്നായ ഈ റോക്കറ്റ്, പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് തിയാന്‍ലിയാന്‍-2-06 ഡാറ്റ റിലേ സാറ്റലൈറ്റിനെ ജിയോസ്റ്റേഷനറി ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റില്‍ വിജയകരമായി എത്തിച്ചു.

◾ ദേശീയ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ഇറ്റലി. മുന്‍ ലോകകപ്പ് ജേതാവ് ആന്ദ്രെ പിര്‍ലോ ആണ് ഇറ്റലിയുടെ പുതിയ പരിശീലകന്‍. ഇറ്റാലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ ഓഫര്‍ പിര്‍ലോ തത്വത്തില്‍ അംഗീകരിച്ചതായും, വരും ദിവസങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നുമാണ് വിവരം.

◾ അര്‍ജന്റീനയെ ഭാവി ലോകകപ്പുകളില്‍ നിന്ന് വിലക്കണമെന്ന ഓണ്‍ലൈന്‍ ക്യാംപെയിനില്‍ പ്രതികരണവുമായി അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലി. അര്‍ജന്റീനയുടെ കുഴപ്പം എന്തെന്നാല്‍ ഞങ്ങള്‍ എപ്പോഴും വേറിട്ടുനില്‍ക്കും എന്നതാണ്. ഞങ്ങളെ ആര്‍ക്കും അവഗണിക്കാന്‍ കഴിയില്ല. ആളുകള്‍ക്ക് ഞങ്ങളോട് അസൂയയാണ്, കാരണം ഞങ്ങള്‍ എല്ലാ കാര്യത്തിലും മികച്ചവരാണെന്ന് മിലി കുറിച്ചു.

◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്ന് കരമാര്‍ഗമുള്ള ചരക്കുനീക്കത്തിന് കസ്റ്റംസിന്റെ അന്തിമ അനുമതി ലഭിച്ചു. ഓഗസ്റ്റ് 18 മുതല്‍ തുറമുഖത്ത് കയറ്റുമതി, ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് അറിയിച്ചു. കണ്ടെയ്‌നറുകള്‍ റോഡ് മാര്‍ഗം കൊണ്ടുപോകുന്നതിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. ഇതുവരെ കപ്പലുകളില്‍ നിന്ന് കപ്പലുകളിലേക്ക് മാത്രമായിരുന്നു വിഴിഞ്ഞത്ത് ചരക്കുനീക്കം നടത്തിയിരുന്നത്. വിഴിഞ്ഞം തുറമുഖത്തിനും മറ്റ് കസ്റ്റംസ് സ്റ്റേഷനുകള്‍ക്കും ഇടയില്‍ റോഡ് മാര്‍ഗമുള്ള കണ്ടെയ്‌നര്‍ നീക്കത്തിനും കസ്റ്റംസ് നിയമം സെക്ഷന്‍ 54 പ്രകാരം അനുമതിയുണ്ട്. തുറമുഖത്തെത്തുന്ന എല്ലാ വ്യക്തികളും വാഹനങ്ങളും കണ്ടെയ്‌നറുകളും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും. കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. കസ്റ്റംസിന്റെ ഔട്ട് ഓഫ് ചാര്‍ജ് ഇല്ലാതെ ഒരു കണ്ടെയ്‌നര്‍ പോലും തുറമുഖത്തിന് പുറത്തുപോകുന്നില്ലെന്ന് കസ്റ്റോഡിയന്‍ ഉറപ്പാക്കണം.

◾ പുതിയ മൂന്ന് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ച് സാംസങ്. ഗാലക്സി ഇസഡ് ഫോള്‍ഡ് 8, ഗാലക്സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാ, ഗാലക്സി ഇസഡ് ഫ്ലിപ് 8 എന്നീ മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഗാലക്സി ഇസഡ് ഫോള്‍ഡ് 8 ഫോണിന്റെ പുറത്തുള്ള ഫ്രണ്ട് ഡിസ്‌പ്ലേ 5.5 ഇഞ്ചും അകത്തെ പ്രധാന ഡിസ്‌പ്ലേ 7.6 ഇഞ്ചുമാണ്. ഇതില്‍ വൈഡ്, അള്‍ട്രാ വൈഡ് ലെന്‍സുകള്‍ അടങ്ങിയ രണ്ട് പിന്‍കാമറകളാണുള്ളത്. ഗാലക്സി ഇസഡ് ഫോള്‍ഡ് 8 അള്‍ട്രാക്ക് 6.5 ഇഞ്ച് വലിപ്പമുള്ള ഫ്രണ്ട് സ്‌ക്രീനും 8 ഇഞ്ച് വലിപ്പമുള്ള വലിയ ഇന്‍സൈഡ് ഡിസ്‌പ്ലേയുമുണ്ട്. വൈഡ്, ടെലിഫോട്ടോ, അള്‍ട്രാ വൈഡ് ലെന്‍സുകള്‍ ഉള്‍പ്പെടുന്ന മികച്ച ട്രിപ്പിള്‍ പിന്‍കാമറ സിസ്റ്റവുമുണ്ട്. പോക്കറ്റിലോ ബാഗിലോ എളുപ്പത്തില്‍ കൊണ്ടുനടക്കാവുന്ന ക്ലാമ്പ്ഷെല്‍ ശൈലിയിലുള്ള ഫോണാണ് ഗാലക്സി ഇസഡ് ഫ്ലിപ് 8. ഫോണ്‍ തുറക്കാതെ തന്നെ ആപ്പുകളും നോട്ടിഫിക്കേഷനുകളും പരിശോധിക്കാം. ഫോണ്‍ തുറക്കുമ്പോള്‍ 6.9 ഇഞ്ച് വലിപ്പമുള്ള പ്രധാന ഡിസ്‌പ്ലേയും ലഭിക്കുന്നു. എല്ലാ ഫോണുകളിലും ക്വാല്‍കോം പ്രൊസസ്സറിന് പുറമെ എഐ ഫീച്ചറുകളും ജെമിനി എഐ സേവനങ്ങളുമുണ്ട്.

◾ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ ചെറു എസ്യുവിയായ ബ്രെസയുടെ 2026 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.40 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ ആരംഭ എക്സ്-ഷോറൂം വില. പുതിയ എന്‍ജിന്‍ ഓപ്ഷനുകള്‍, നൂതന സുരക്ഷാ ക്രമീകരണങ്ങള്‍, പുതുക്കിയ ഇന്റീരിയര്‍-എക്സ്റ്റീരിയര്‍ ഡിസൈന്‍ എന്നിവയോടെയാണ് 2026 പതിപ്പ് എത്തുന്നത്. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ് സ്വന്തമാക്കിയാണ് പുതിയ ബ്രെസ്സയുടെ വരവ്. കരുത്തനായി പുതിയ ടര്‍ബോ എന്‍ജിന്‍ പുതിയ 1.0 ലീറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലെ ഏറ്റവും വലിയ മാറ്റം. 110 എച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡയറക്ട്-ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇത്. കൂടാതെ നിലവിലെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലീറ്റര്‍ സിഎന്‍ജി എന്‍ജിനുമുണ്ട്.

◾ ഇതവരുടെ കഥയാണ്. യൂണിവേഴ്സിറ്റി ക്യാമ്പസ്സിന്റെ മായികവലയത്തില്‍നിന്ന് പുറത്തുകടക്കാനാവാതെ പഠിച്ചുകൊണ്ടേയിരിക്കുന്നവരുടെ...മുന്നില്‍നിന്ന് സമരം നയിച്ചവരുടെ... അണികളായവരുടെ... പറയാതെ, അറിയാതെ പ്രണയിച്ചവരുടെ...  നഷ്ടപ്രണയങ്ങളുടെ ... നനുത്ത സൗഹൃദങ്ങളുടെ... പങ്കുവയ്ക്കലുകളുടെ ..... അതിജീവനത്തിന്റെ...വിട്ടുകൊടുക്കലിന്റെ ...അങ്ങനെയങ്ങനെ ഒരു കോളേജ് കാലത്തെ ഓരോ നിമിഷവും ചേര്‍ത്തുവച്ച ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങളുള്ള ഒരു ക്യാമ്പസ് നേര്‍ച്ചിത്രം. 'സ്‌കൂള്‍ ഓഫ് മൊഹബത്ത്'. വിമീഷ് മണിയൂര്‍. ഡിസി ബുക്സ്. വില 333 രൂപ.

◾ മഴക്കാല രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സൂര്യകാന്തിവിത്തുകള്‍ കഴിക്കാം. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ ഇവ സൂര്യകാന്തി വിത്തിലുണ്ട്. സൂര്യകാന്തി വിത്തുകള്‍ക്ക് ആന്റിഓക്സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ ഇന്‍ഫ്ലമേഷന്‍ അഥവാ വീക്കം കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ അപൂരിത കൊഴുപ്പുകള്‍, മഗ്നീഷ്യം, ഫൈറ്റോസ്റ്റിറോളുകള്‍ ഇവ സൂര്യകാന്തി വിത്തില്‍ ധാരാളമുണ്ട്. ഇവ ഹൃദയത്തിന്റെ ആരോഗ്യവും സൗഖ്യവും വര്‍ധിപ്പിക്കും. സൂര്യകാന്തി വിത്തുകള്‍ പതിവായി കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയസംബന്ധമായ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. ഈ സമയത്ത് ഭക്ഷ്യനാരുകള്‍ ധാരാളമടങ്ങിയ സൂര്യകാന്തി വിത്ത് കഴിക്കുന്നത് ഉദരാരോഗ്യം മെച്ചപ്പെടുത്തുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്ന വൈറ്റമിന്‍ ഇ, സെലെനിയം ഇവ സൂര്യകാന്തിവിത്തില്‍ ധാരാളമുണ്ട്. മഴക്കാലമായാല്‍ ശരീരത്തില്‍ ബാക്ടീരിയ, വൈറസുകള്‍ ഇവ മൂലമുള്ള അണുബാധകള്‍ക്ക് സാധ്യത കൂടുതലാണ്. സൂര്യകാന്തി വിത്തിലടങ്ങിയ ഈ പോഷകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യും. വൈറ്റമിന്‍ ഇ, ശക്തിയേറിയ ഒരു ആന്റിഓക്സിഡന്റാണ്. ഇത് ചര്‍മകോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ആരോഗ്യവും തിളക്കവും ഉള്ള ചര്‍മം ലഭിക്കാനും വൈറ്റമിന്‍ ഇ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.57, പൗണ്ട് - 128.44, യൂറോ - 109.94, സ്വിസ് ഫ്രാങ്ക് - 118.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.52, ബഹറിന്‍ ദിനാര്‍ - 255.57, കുവൈത്ത് ദിനാര്‍ -310.73, ഒമാനി റിയാല്‍ - 250.70, സൗദി റിയാല്‍ - 25.71, യു.എ.ഇ ദിര്‍ഹം - 26.25, ഖത്തര്‍ റിയാല്‍ - 26.45, കനേഡിയന്‍ ഡോളര്‍ - 68.61.
Previous Post Next Post
3/TECH/col-right