Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂലൈ 24, വെള്ളി
1201 | കര്‍ക്കടകം 8,  അനിഴം

◾ നീറ്റ് പരീക്ഷാ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി. ആവര്‍ത്തിച്ചുണ്ടാകുന്ന തെറ്റുകള്‍ അവസാനിപ്പിക്കണമെന്നും 'ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ല' എന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പരീക്ഷാ വിവാദങ്ങളിലെ പിഴവുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട കോടതി, ഈ വിഷയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചു.

◾ കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളുമായി ഇന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ത്തിയായി.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യത്തില്‍ നാളെ ഉച്ചയ്ക്ക് തീരുമാനം അറിയിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതായി വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

◾ സിജെപി സമരവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ 200 പേര്‍ കരുതല്‍ കസ്റ്റഡിയില്‍. സമരത്തിന് കുരുമുളക് സ്‌പ്രേയുമായി എത്തിയവരും  ഗുണ്ടാ സംഘങ്ങളുമാണു കസ്റ്റഡിയിലായതെന്നും യുപി, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ അല്ലാത്തവരെയാണ് കസ്റ്റഡിയിലെടുത്തതെന്നും പോലിസ് വ്യക്തമാക്കി.

◾ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കുന്നതുവരെ ജന്തര്‍ മന്തറിലെ പ്രതിഷേധം തുടരുമെന്നും കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ. സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചത് ആശ്വാസകരമെന്നും അദ്ദേഹം പറഞ്ഞു.

◾ നിരാഹാര സമരം അവസാനിപ്പിച്ച വാങ്ചുക്കിന് മൂന്ന്  ഉറപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കോ യുവാക്കള്‍ക്കോ എതിരെ പ്രതികാര നടപടികളോ കേസോ എടുക്കില്ല. പരീക്ഷാ ക്രമക്കേടുകളെ തുടര്‍ന്ന് മരിച്ച വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക്  ധനസഹായം നല്‍കുന്നത് സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും.  ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനും വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കുമായി പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തും.

◾ രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറിയില്‍ എംആര്‍ അജിത് കുമാറിന്റ പങ്ക് അടിവരയിട്ട് സസ്‌പെന്‍ഷന്‍ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം സ്വാധീനിച്ച് പ്രതികളെ രക്ഷിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടെന്നാണ് കണ്ടെത്തല്‍. അജിത് കുമാര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളടക്കം ചേര്‍ത്താണ് സസ്‌പെന്‍ഷന്‍ ഉത്തരവ്.

◾ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവാഭരണം കമ്മീഷണര്‍ റെജിലാലിന്റെ റിപ്പോര്‍ട്ട് തള്ളിയാണ് പി എസ് പ്രശാന്ത് സ്വര്‍ണപാളികള്‍ ഇളക്കിയെടുത്ത് ചെന്നൈയില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട്.  ഇതിനായി വ്യാജ രേഖ തയ്യാറാക്കി. നിയമാനുസൃതമായ കരാറും അന്ന് ഉണ്ടായിരുന്നില്ലെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.

◾ ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍  നാറിക്കോട്ടെ എന്ന ഉദ്ദേശമുണ്ടോയെന്നും ആഭ്യന്തര വകുപ്പിന്റെ ശോഭ ഇല്ലാതാക്കാനാണോയെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചു. വീഴ്ചയ്ക്കു നടപടി ഉണ്ടാകുമെന്നും കോടതി. കോടതി മുറിയിലെ ഓണ്‍ലൈന്‍ മൈക്ക് ഓഫ് ചെയ്ത ഉദ്യോഗസ്ഥനെ ജഡ്ജി വിമര്‍ശിക്കുകയും മൈക്ക് ഓണ്‍ ചെയ്യിക്കുകയും ചെയ്തു.

◾ കേരളത്തിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ചോദ്യപ്പേപ്പര്‍ മൂല്യനിര്‍ണയുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരുടെ മൊഴിയയടുത്തു.

◾ പി എസ് സിയില്‍ വീണ്ടും ക്രമക്കേട് പരാതി. കേരഫെഡ് നിയമനത്തില്‍ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് വിജ്ഞാപനം ഇറക്കി എന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഹൈക്കോടതിയിലെ കേസ് മറച്ചു വെച്ചാണ് വിജ്ഞാപനം എന്നും ആരോപണമുണ്ട്.

◾ രക്ഷാപ്രവര്‍ത്തന അട്ടിമറി കേസില്‍ സസ്‌പെന്‍ഷനിലായ എഡിജിപി എംആര്‍ അജിത്കുമാര്‍ നിയമനടപടിക്കെന്ന് സൂചന. സസ്‌പെന്‍ഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് മുന്നോട്ടുപോകാനാണ് നീക്കം. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. ഡിജിപി സ്ഥാനക്കയറ്റത്തെ അടക്കം ബാധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

◾ മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് എടുത്ത കേസില്‍ പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് റദ്ദ് ചെയ്യണമെന്ന് അഗസ്റ്റിന്‍ സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേസ് എത്തി നില്‍ക്കുന്നത് ബിജെപി നേതാക്കളിലേക്കാണെന്നും, ഡല്‍ഹിയില്‍ എത്തി സമരത്തിന് പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

◾ യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവേഴ്സിന്റെ തീരുമാനം. ഇന്ന് മുതല്‍ മറ്റ് ആപ്പുകള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കും. ഇന്നലെ മാനേജുമെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം.

◾ പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്ന് ബന്ധുക്കള്‍. മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നും ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന് പരാതി നല്‍കിയെന്നും കുടുംബം പറഞ്ഞു.

◾ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സമയമില്ലെന്നും പകരം ഡല്‍ ഹിയില്‍ പോയി പല കാര്യങ്ങളും വിളിച്ചു പറയുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയുടെയും സിജെപിയുടെയും നാടകത്തിനൊപ്പം കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീര്‍ത്തിപ്പെടുത്തിയെന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അംഗമായ ഗൗരിപാര്‍വ്വതി ഭായിയുടെ പരാതിയില്‍ വീരപത്മനാഭ ഗൗതം എന്ന ആളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

◾ തിരൂരങ്ങാടിയിലെ വിവിധ ഹോട്ടലുകളില്‍ ചിക്കന്‍ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകള്‍ ചേര്‍ത്ത് പാചകം ചെയ്ത് വില്‍പ്പന നടത്തുന്നതായി നഗരസഭാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി.

◾ കാസര്‍കോട്  ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയില്‍ വന്‍ തീപിടിത്തം.  പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ഫാക്ടറിയിലൂടെ കടന്നുപോകുന്ന ഗെയില്‍ വാതക പൈപ്പ് ലൈനിനു തകരാറില്ല.

◾ വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് റാപ്പര്‍ വേടന്‍ കൊച്ചിയില്‍ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്.  അനുമതിയില്ലാതെ പരിപാടി നടത്തി ഗതാഗത തടസമുണ്ടാക്കിയതിനാണ് എറണാകുളം സൗത്ത് പോലീസ് കേസെടുത്തത്.

◾ കേരള ലോട്ടറിയുമായി തമിഴ്‌നാട്ടിലേക്ക് കടക്കുന്നവര്‍ക്കായി വാളയാറില്‍ പരിശോധന ശക്തമാക്കി തമിഴ്നാട് പോലീസ്. അതിര്‍ത്തിയിലുള്ള ഔട്ട് പോസ്റ്റുകളിലാണ് പരിശോധന.

◾ സിജെപി സമരം ശക്തമായി തുടരുന്നതിനാല്‍ ഡല്‍ഹിയിലെ 17 മെട്രോ സ്റ്റേഷനുകള്‍ ഇന്ന് രാവിലെ ഏഴരയോടെ അടച്ചു. സ്റ്റേഷനുകള്‍ തുറക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

◾ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ആവര്‍ത്തിച്ച് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. കുറ്റക്കാര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ധര്‍മേന്ദ്ര പ്രധന്റെ രാജിക്കായി ഒറ്റക്കെട്ടായാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

◾ പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ദ്ധരാത്രി പുറത്തുവിട്ട വീഡിയോ സന്ദേശം പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, വിദ്യാര്‍ത്ഥികളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക എന്നിവയാണു  വിദ്യാര്‍ത്ഥികളുടേയും പ്രതിപക്ഷത്തിന്റേയും  ആവശ്യമെന്നു രാഹുല്‍.

◾ സംവാദത്തേക്കാള്‍ സര്‍ക്കാരിന്റെ മുന്‍ഗണന അടിച്ചമര്‍ത്തലിനാണെന്നും കര്‍ഷകര്‍ക്കും, സാമൂഹികപ്രവര്‍ത്തകര്‍ക്കും പിന്നാലെ വിദ്യാര്‍ത്ഥികളിലേക്കും ആ രീതി തുടരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു.

◾ ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്കിന് നന്ദി പറഞ്ഞ് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. രാജ്യത്തിന്റെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ പോരാട്ടമാണ് വാങ്ചുക് നടത്തിയതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

◾ ഇ-20 ഇന്ധനത്തിലേക്ക് മാറുന്നതിന് മുമ്പ് വിപുലമായ ശാസ്ത്രീയ പഠനങ്ങളും സാങ്കേതിക പരിശോധനകളും നടത്തിയിരുന്നുവെന്ന് പാര്‍ലമെന്റില്‍ വിശദീകരണം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഏകദേശം 23 കോടി വാഹനങ്ങളില്‍ നടത്തിയ വിലയിരുത്തലില്‍ ഇ-20 മൂലമുള്ള എഞ്ചിന്‍ തകരാറോ അസാധാരണമായ കേടുപാടുകളോ കണ്ടെത്തിയിട്ടില്ലെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പറയുന്നു.

◾ സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല. സമൂഹമാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യണമെന്നും സര്‍വ്വകലാശാല നിര്‍ദ്ദേശം നല്‍കി.

◾ കനത്തമഴയില്‍ ഗുജറാത്തിലും ആസാമിലും പ്രളയം. ആസാമില്‍ മരണസംഖ്യ 47 ആയി. ഗുജറാത്തില്‍ വെളളപ്പൊക്കത്തില്‍പ്പെട്ട 22,000 പേരെ മാറ്റിപാര്‍പ്പിച്ചു. പലയിടത്തും റോഡ് - റെയില്‍ ഗതാഗതം താറുമാറായി. ഗുജറാത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു.

◾ ഇറാന്റെ ആക്രമണം മൂലം കപ്പലുകള്‍ക്കുണ്ടാകുന്ന എല്ലാ നാശനഷ്ടങ്ങള്‍ക്കും പരിഹാരമായി അമേരിക്കയുടെ പക്കലുള്ള ഇറാനിയന്‍ ആസ്തികള്‍ ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

◾ യുകെയിലെ ആദ്യ എഐ  മന്ത്രിയായി ഇന്ത്യയില്‍നിന്ന് കുടിയേറിയ കനിഷ്‌ക നാരായണ്‍. ബിഹാറിലെ മുസാഫര്‍പൂരിലാണ് നാരായണിന്റെ ജനനം.

◾ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് പുതിയ തീരുവകള്‍ പ്രഖ്യാപിച്ച് അമേരിക്ക. 'നിര്‍ബന്ധിത തൊഴില്‍' വഴി ചൂഷണം ചെയ്ത് നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കെതിരെ എന്ന പേരിലാണ് പുതിയ തീരുവ. ഇന്ത്യയെ 10 ശതമാനം നികുതി സ്ലാബിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

◾ യുക്രെയ്ന്‍ നടത്തിയ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളില്‍ എണ്ണ ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ റഷ്യ ഇന്ത്യയില്‍നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യുന്നു. ജൂണ്‍ അവസാനത്തോടെ ഇന്ത്യയില്‍നിന്ന് കുറഞ്ഞത് 60,000 മെട്രിക് ടണ്‍ പെട്രോള്‍ റഷ്യയിലേക്ക് അയച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ശുദ്ധീകരിച്ച ഈ പെട്രോളില്‍ ഒരു ഭാഗം റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിച്ചതാണ്. ഗുജറാത്തിലെ വാഡിനാറിലുള്ള നയാര എനര്‍ജി റിഫൈനറിയില്‍ ഉത്പാദിപ്പിച്ച 42,000 മെട്രിക് ടണ്‍ പെട്രോളുമായി പുറപ്പെട്ട 'ഗാര്‍നെറ്റ്' എന്ന കപ്പല്‍ ജൂലൈ 27ന് വടക്കന്‍ റഷ്യയിലെ വൈറ്റ് സീ ഓയില്‍ ടെര്‍മിനലില്‍ എത്തും. ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയും റെക്കോഡ് നിലവാരത്തി. ജൂണില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത മൊത്തം ക്രൂഡ് ഓയിലിന്റെ 50 ശതമാനത്തിലധികവും റഷ്യയില്‍ നിന്നായിരുന്നു. പ്രതിദിനം ഏകദേശം 27 ലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡാണ് ഇന്ത്യ വാങ്ങിയതെന്നാണ് കണക്കുകള്‍.

◾ വാട്സാപ്പിലൂടെ പങ്കുവെക്കപ്പെടുന്ന പിഡിഎഫ് ഫയലുകള്‍ ഇനി വാട്സാപ്പില്‍നിന്ന് പുറത്തുപോകാതെതന്നെ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം. വാട്സാപ്പ് വെബ്ബിലും വിന്‍ഡോസിലും പിഡിഎഫ് ഫയലുകള്‍ കൈകാര്യം ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിനായി മുന്‍നിര സോഫ്‌റ്റ്വേര്‍ കമ്പനിയായ അഡോബിയാണ് പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചത്. മുമ്പ് ഒരു പിഡിഎഫ് ലഭിക്കുമ്പോള്‍ അത് വായിക്കുന്നതിനായി ആ ഫയല്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമായിരുന്നു. എന്നാല്‍, ഇനി മുതല്‍ ഫയലുകള്‍ വാട്സാപ്പില്‍തന്നെ സൂം ചെയ്യാനും സ്‌ക്രോള്‍ ചെയ്യാനും കഴിയും. വെറുതെ വായിക്കാന്‍ മാത്രമല്ല, അക്രോബാറ്റ് ടൂളുകള്‍ ഉപയോഗിച്ച് ചാറ്റില്‍ തന്നെ ഡോക്യുമെന്റുകളില്‍ വരയ്ക്കാനും ഫീഡ്ബാക്കുകള്‍ നല്‍കാനും ഈ ഫീച്ചര്‍ സഹായിക്കുന്നു. 'അക്രോബാറ്റ് ട്രസ്റ്റിന്റെ' പിന്തുണയുള്ളതിനാല്‍ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ ഫയലുകള്‍ ഉദ്ദേശിച്ച വ്യക്തികള്‍ക്ക് മാത്രമേ തുറക്കാന്‍ സാധിക്കൂ. വാട്സാപ്പിലെ മറ്റ് സന്ദേശങ്ങളെപ്പോലെ തന്നെ ഡോക്യുമെന്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് അഡോബി വ്യക്തമാക്കുന്നു.

◾ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ കിയ ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ സിറോസിന്റെ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കി. സിറോസ് ഇവിയുടെ ബാറ്ററി പതിപ്പ് 42 കിലോവാട്ട്അവര്‍, 51.4 കിലോവാട്ട്അവര്‍ എന്നീ രണ്ട് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഇവയുടെ പ്രാരംഭ വില യഥാക്രമം 13.49 ലക്ഷം, 16.99 ലക്ഷം എന്നിങ്ങനെയാണ്. ഇതിന് പുറമേ ബാറ്ററി ആസ് എ സര്‍വീസ് ഓപ്ഷനും ലഭ്യമാണ്. 7.99 ലക്ഷം രൂപ മുതലാണ് വില വരുന്നത്. കിലോമീറ്ററിന് 3.3 രൂപ മുതലാണ് ബാറ്ററി ഇഎംഐ ആരംഭിക്കുന്നത്. 169 ബിഎച്ച്പി കരുത്ത് നല്‍കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇതില്‍. 8.1 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാം. 100 കിലോവാട്ട് വരെ ഡിസി ഫാസ്റ്റ് ചാര്‍ജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. വെറും 39 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. ലൈഫ് ടൈം ബാറ്ററി വാറണ്ടി, മൂന്ന് വര്‍ഷത്തിന് ശേഷം 80 ശതമാനം വരെ റീസെയില്‍ വാല്യൂ വാഗ്ദാനം ചെയ്യുന്ന ഉറപ്പായ ബൈബാക്ക് സ്‌കീം എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

◾ യുദ്ധം അവസാനിച്ചിട്ടും സമാധാനം കണ്ടെത്താനാകാത്ത ഒരു തലമുറയുടെ മുഖമാണ് ഈ നോവല്‍. യുദ്ധമുഖത്തുനിന്നു മടങ്ങിവന്നവര്‍ തങ്ങളുടെ പഴയ ജീവിതത്തിന്റെ തുടര്‍ച്ചയിലേക്കു മടങ്ങാനാവാതെ കുഴങ്ങിനിന്ന കാലം. പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ഇടയിലൂടെ, തങ്ങളുടെ കാലത്തെ ചൂഴ്ന്നുനിന്ന ശൂന്യതയെ ഹെമിംഗ്വേ ഇവിടെ അനാവരണം ചെയ്യുന്നു. ലളിതമായ ഭാഷയും നിര്‍ദ്ദയമായ സത്യസന്ധതയുംകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ നോവല്‍ചരിത്രം മാറ്റിയെഴുതിയ കൃതി. നോബേല്‍ സമ്മാനജേതാവ് ഏണസ്റ്റ് ഹെമിംഗ്വേയുടെ ആദ്യനോവലിന്റെ ശതാബ്ദിവര്‍ഷപ്പതിപ്പ്. 'സൂര്യനും ഉദിക്കുന്നു'. പരിഭാഷ - ബാബു ജോസ്. മാതൃഭൂമി. വില 255 രൂപ.

◾ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ എഐ ഉപയോഗിക്കുന്നതു സംബന്ധിച്ച പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഇതുപ്രകാരം രാജ്യത്തെ 48% ഡോക്ടര്‍മാരും തൊഴില്‍മേഖലയിലെ ആവശ്യങ്ങള്‍ക്കായി എഐ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ക്ലിനിഷ്യന്‍ ഓഫ് ദി ഫ്യൂച്ചര്‍ 2026-ന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്. ആരോഗ്യമേഖലയില്‍ എഐയെ ശക്തമായൊരു ടൂളായി കാണുമ്പോഴും ഫലപ്രദമായി ഉപയോഗിക്കാന്‍ സജ്ജമായിട്ടില്ലാത്ത ഡോക്ടര്‍മാരും നിരവധിയുണ്ടെന്ന് പഠനം പറയുന്നു. ഏകദേശം 75% പേര്‍ രോഗികളുടെ പരിചരണം മെച്ചപ്പെടുത്താന്‍ എഐ സഹായിക്കുമെന്ന് വിശ്വസിക്കുന്നവരാണ്. എഐയിലൂടെ ഇതിനകം തന്നെ നല്ല മാറ്റം വന്നുവെന്ന് 50 ശതമാനം പേര്‍ വിശ്വസിക്കുന്നു. ആരോഗ്യമേഖലയിലെ 49 ശതമാനം പേര്‍ എഐയെ ജോലിയുടെ ഭാഗമായി ഉപയോഗിക്കുന്നവരാണ്. 34 ശതമാനം പേര്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ടൂളുകള്‍ ദിനേന ഉപയോഗിക്കുന്നുണ്ട്. 56 ശതമാനം പേര്‍ ഡോക്യുമെന്റുകള്‍ തയ്യാറാക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കാനും തൊഴിലിടം സുഗമമാക്കാനും എഐ ഉപയോഗിക്കുന്നവരാണ്. അടുത്ത അഞ്ചു മുതല്‍ പത്തുവര്‍ഷത്തിനുള്ളില്‍ ആരോഗ്യമേഖലയില്‍ എഐ സുപ്രധാന സ്ഥാനം വഹിക്കുമെന്ന് 80 ശതമാനം പേര്‍ വിശ്വസിക്കുന്നു. രോഗീപരിചരണത്തിന്റെ നിലവാരം മെച്ചപ്പെടുത്താനും കണ്‍സള്‍ട്ടേഷനുകള്‍ക്കും എഐ സഹായകമാകുമെന്ന് പകുതിയിലേറെ പേരും കരുതുന്നുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.52, പൗണ്ട് - 128.68, യൂറോ - 109.86, സ്വിസ് ഫ്രാങ്ക് - 118.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 67.40, ബഹറിന്‍ ദിനാര്‍ - 255.40, കുവൈത്ത് ദിനാര്‍ -311.38, ഒമാനി റിയാല്‍ - 251.01, സൗദി റിയാല്‍ - 25.74, യു.എ.ഇ ദിര്‍ഹം - 26.28, ഖത്തര്‍ റിയാല്‍ - 26.41, കനേഡിയന്‍ ഡോളര്‍ - 68.55.
Previous Post Next Post
3/TECH/col-right