Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂണ്‍ 10 , ബുധന്‍ 
1201 | ഇടവം 27 , ഉത്രട്ടാതി

◾  ഈ മാസം 15 മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്‍. പ്രിയദര്‍ശിനി എന്ന പദ്ധതിയനുസരിച്ച് ട്രാന്‍സ്ജെന്‍ഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടമായ 800 കോടി രൂപ സര്‍ക്കാര്‍ നികത്തും. കെഎസ്ആര്‍ടിസിക്ക് വര്‍ഷംതോറും 1,500 കോടിയോളം രൂപയോളം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

◾  യുദ്ധംമൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനും അധിക വരുമാനം കണ്ടെത്താനുമായി ഭൂമിയും ആസ്തികളും വിറ്റഴിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിറ്റഴിക്കും. ഉടനേ ആസ്തികള്‍ വിറ്റഴിച്ച് 10 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിച്ച് 80,000 കോടി രൂപ സമാഹരിക്കാനാണ് പരിപാടി.

◾  സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് നിലവിലുള്ള വെള്ള നിറം മാറ്റാമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി. നിറം മാറ്റം പ്രാബല്യത്തില്‍ വരണമെങ്കില്‍ സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.


◾  ശബരിമലയില്‍ അഷ്ടാഭിഷേകം, നിത്യ പൂജ തുടങ്ങിയ വഴിപാടുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച സത്യവാങ്മൂലം ഹൈക്കോടതി തള്ളി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അഷ്ടാഭിഷേകം, മഹാ നിവേദ്യം, ഗണപതി ഹോമം ഉള്‍പ്പെടെയുള്ള വഴിപാടുകളുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും 10 ദിവസത്തിനകം കോടതിയില്‍ ഹാജരാക്കാന്‍ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.

◾  ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പഠിക്കാന്‍ സമിതിയെ നിയോഗിച്ചതാണെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. പഠിച്ച ശേഷം ചര്‍ച്ചകള്‍ക്കുശേഷം മാത്രം തീരുമാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  സെക്രട്ടറിയേറ്റ് ഗേറ്റ് അടയ്ക്കാന്‍ ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. മാധ്യമങ്ങള്‍ക്ക് സെക്രട്ടേറിയറ്റില്‍ വിലക്ക് ഏര്‍പ്പെടുത്തി പിണറായി സര്‍ക്കാര്‍ 2018 ല്‍ ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചിട്ടില്ല. അക്കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരിയാണ്. മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.

◾  ധവളപത്രം എഐ ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണം വെറും തമാശയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. ധവളപത്രം എഐ ഉപയോഗിച്ചുണ്ടാക്കിയതല്ല. എഐ ഉപയോഗിച്ചാലും എന്താണ് തെറ്റ്. എ.ഐയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും. ട്രഷറിയില്‍ ആറായിരം കോടി രൂപയുണ്ടെന്ന് അവകാശപ്പെട്ട മുന്‍ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ട്രഷറി കണക്കുകള്‍ ആദ്യം പുറത്തുവിട്ടതെന്നു സിപിഎം മറക്കേണ്ടെന്നും സതീശന്‍ പറഞ്ഞു. അതേസമയം സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ എളുപ്പമാണെന്നും എന്നാല്‍ തോറ്റെന്ന് സമ്മതിപ്പിക്കാനാണ് പ്രയാസമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

◾  രാത്രി വീട് വളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്ത വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ കാപ്പ പ്രകാരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു. പൊലീസിനെ ആക്രമിച്ചതിന് ഒരു കേസ് കൂടി സുഗതനെതിരെ ചുമത്തി. രാവിലെ ആറ് മണിയോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. പത്തിലധികം ക്രമിനില്‍ കേസുള്ള സുഗതനെ കാപ്പ നിയമ പ്രകാരം തടങ്കലില്‍ വെക്കാന്‍ മുമ്പ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.

◾  വധശ്രമക്കേസിലെ പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതനെ സാഹസികമായി അറസ്റ്റ് ചെയ്തതില്‍ കേരള പോലീസിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു. ഗുണ്ടകള്‍ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിര്‍ത്തുന്നതാണ് നല്ലതെന്നും, കേരളത്തെ ഗുണ്ടകളുടെ പറുദീസയാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കര്‍ശനമായി മുന്നറിയിപ്പ് നല്‍കി.

◾  നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് കോടതി കസ്റ്റഡിയില്‍ നിന്ന് അനധികൃമായി പരിശോധിച്ചതില്‍ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് പിന്മാറിയത്.

◾  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും മുന്‍ മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെയും കൊല്ലം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.

◾  ബിറ്റ്കോയിന്‍ തട്ടിപ്പ് കേസില്‍ എന്‍.എ ഹാരിസ് എംഎല്‍എയുടെ മകന്‍ മുഹമ്മദ് നാലാപ്പാട് കള്ളപ്പണം വെളുപ്പിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം. മുംബൈയിലുള്ള സുഹൃത്തിനെ കൂട്ടുപിടിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നാണു കേസ്.

◾  പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ എന്തുകൊണ്ടു ലാത്തിവീശിയില്ലെന്ന് പോലീസ് കമ്മീഷണര്‍. മുട്ടയെറിയുമ്പോള്‍ പ്രതിക്കൊപ്പം പൊലീസ് ഓടിയല്ലാതെ തടഞ്ഞില്ലെന്ന് കമ്മീഷണര്‍ കുറ്റപ്പെടുത്തി. കമ്മീഷണര്‍ ഓഫീസില്‍ വിളിച്ചുവരുത്തി സംഭവ ദിവസത്തെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് പൊലീസുകാരെ കമ്മീഷണര്‍ കാര്‍ത്തിക് ശാസിച്ചത്.

◾  തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎല്‍എയെ നിയോഗിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുന്‍ മന്ത്രി വി ശിവന്‍കുട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍നിന്ന് വിട്ടുനിന്നു.

◾  നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

◾  സിപിഎമ്മിന്റെ തെരെഞ്ഞെടുപ്പ് തോല്‍വി അവലോകനം വീഴ്ച മറച്ചുവയ്ക്കാനും പിണറായിയെ സംരക്ഷിക്കാനുമാണെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. സി പി എമ്മിന്റെ വോട്ട് എവിടെ പോയെന്ന് കണ്ടെത്താതെ ബി ജെ പി കോണ്‍ഗ്രസിന് വോട്ടു മറിച്ചെന്ന വ്യാജ പ്രചാരണമാണ് നടത്തുന്നത്. ബിജെപിയും കോണ്‍ഗ്രസും ഈ തെരഞ്ഞടുപ്പില്‍ വോട്ട് വര്‍ധിപ്പിച്ചു. എന്നാല്‍ എല്‍ഡിഎഫിന് വോട്ട് കുറയുകയാണ് ഉണ്ടായത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

◾  നെയ്യാറ്റിന്‍കര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണം വെള്ളി ആഭരണങ്ങള്‍ കാണാതായി. നെയ്യാറ്റിന്‍കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലെ ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും സ്വര്‍ണ്ണ കട്ടകളും വെള്ളി തിരുമുഖങ്ങളുമാണ് കാണാതായത്. തിരുവാഭരണ കമ്മീഷന്റെ പരിശോധനയിലാണ് സംഭവം പുറത്തുവന്നത്.

◾  എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.എം ആര്‍ഷോയ്ക്ക് അനര്‍ഹമായി പിജി അഡ്മിഷന്‍ നല്‍കിയ മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ വി.എസ് ജോയ്ക്കെതിരെയുള്ള നടപടി താക്കീത് മാത്രം. ഇടത് അനുകൂല സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് നടപടി താക്കീതില്‍ ഒതുക്കിയത്.

◾  ലക്ഷ്മി പ്രിയക്കും വനിതാ എസ്ഐക്കുമെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ അന്‍സിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുകയാണ് ചെയ്തതെന്നും പരാതിയില്‍ കേസെടുക്കാനാവില്ലെന്നും തൃക്കാക്കര എ സി പി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

◾  നടി അന്‍സിബയുടെ പരാതി പൊലീസ് തള്ളിയ സാഹചര്യത്തില്‍ 10 കോടി രൂപക്ക് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് ലക്ഷ്മി പ്രിയ. അന്‍സിബയുടെ പിന്നില്‍ മത വര്‍ഗീയ വാദികളുണ്ട് എന്നാണു സംശയമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

◾  ബിജെപി കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റില്‍ പൊലീസിനെതിരെ ആരോപണവുമായി മേയര്‍ വി വി രാജേഷ്. കാപ്പ കേസ് പ്രതിയാണെന്ന് പോലീസ് ബോധ്യപ്പെടുത്തിയിട്ടില്ലെന്നും വെടിവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് എന്തിനാണെന്നും വി വി രാജേഷ് ചോദിച്ചു.

◾  സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ വിജയനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് വിശദമായ ചോദ്യാവലി തയാറാക്കി. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി വീണ വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

◾  സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നു. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനത്തിലൂടെ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം. യന്ത്രവത്കൃത ബോട്ടുകള്‍ക്ക് കടലില്‍ പോയി മീന്‍ പിടിക്കാന്‍ വിലക്കുണ്ട്.

◾  കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ കൂട്ടസ്ഥലംമാറ്റങ്ങള്‍ക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്. സ്ഥലം മാറ്റ ഉത്തരവുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച കെ.എഫ്.സി ആസ്ഥാനത്ത് പ്രതിഷേധ ധര്‍ണ നടത്തും.

◾  നാഷണല്‍ ഇന്‍സിറ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി പ്രവേശന പരീക്ഷാ ഫലത്തിലും ക്രമക്കേടെന്നു വിദ്യാര്‍ത്ഥികളുടെ പരാതി. ഹാജര്‍ രേഖകളിലും സ്‌കോര്‍ കാര്‍ഡിലും പൊരുത്തക്കേടെന്ന് ആരോപണം. പരീക്ഷ എഴുതിയവര്‍ക്ക് 'ആബ്സെന്റ്' മാര്‍ക്ക് ചെയ്തെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

◾  തുടര്‍ച്ചയായി പ്രധാനമന്ത്രി പദം വഹിക്കുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി സ്ഥാനത്ത് തുടര്‍ച്ചയായി 4397 ദിവസം ഇന്ന് നരേന്ദ്ര മോദി പൂര്‍ത്തിയാക്കി. 12 വര്‍ഷവും 14 ദിവസവും പൂര്‍ത്തിയാക്കി ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്.

◾  കോക്രോച്ച് ജനത പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തോട് കടുത്ത നിലപാടില്ലെന്ന് ബിജെപി. യുവാക്കളുടെ പ്രതിഷേധം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അവരെ രാജ്യവിരുദ്ധരായി മുദ്രകുത്തേണ്ടതില്ലെന്നുമാണ് കേന്ദ്ര മന്ത്രിമാര്‍ വിശദീകരിച്ചത്. രാജ്യത്ത് നേട്ടങ്ങള്‍ കൈവരിക്കുന്ന യുവാക്കള്‍ക്കൊപ്പം ആകണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ പ്രതികരിച്ചു. മോദി സര്‍ക്കാറിന്റെ വാര്‍ഷികാഘോഷ പരിപാടിയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

◾  രജനീകാന്തിന്റെ മരുമകന്‍ വിശാഖന്‍ അണ്ണാമലൈയുടെ 'വി ദ ലീഡേഴ്സ്' എന്ന പാര്‍ട്ടിയില്‍ ചേരും. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയുടെ ഭര്‍ത്താവാണ് വിശാഖന്‍. നടനും ഫാര്‍മ കമ്പനി ഡയറക്ടറുമാണ്.

◾  പ്രശസ്ത സംവിധായകന്‍ പത്മശ്രീ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. 16 വയതിനിലെ, കിഴക്കേ പോകുമെയില്‍, സിഗപ്പു റോജകള്‍, നിഴല്‍ഗല്‍, അലൈകള്‍ ഓയിവതില്ലൈ, മുതല്‍ മര്യാദൈ തുടങ്ങീ നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ആറ് തവണ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

◾  തൃണമൂല്‍ കോണ്‍ഗ്രസിലെ രാജി നാടകങ്ങള്‍ക്കും കൂറുമാറ്റങ്ങള്‍ക്കുമിടെ മറ്റൊരു രാജി കൂടി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവാണ് രാജ്യസഭാംഗത്വം രാജിവെച്ചത്.

◾  തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് എഐസിസിയുടെ താക്കീത്. ഹിറ്റ്ലര്‍ അനുകൂല പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് എഐസിസി വ്യക്തമാക്കി.

◾  അമേരിക്കയുടെ 21 കേന്ദ്രങ്ങളില്‍ ഇറാന്റെ ആക്രമണം. ബഹ്‌റൈനിലെയും കുവൈത്തിലെയും ജോര്‍ദാനിലെയും യുഎസ് കേന്ദ്രങ്ങളിലാണ് ഇറാന്റെ തിരിച്ചടി. ഇറാനിലെ 20 കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനിലെ അമേരിക്കയുടെ ഫിഫ്ത്ത് ഫ്ലീറ്റ് താവളം അടക്കമുള്ളിടത്ത് ഇറാന്‍ ആക്രമിച്ചു.

◾  അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയ്ക്കു തൊട്ടുമുമ്പ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വീണ്ടും പരിക്കേറ്റ് പുറത്തായി. തുടയിലെ പേശികള്‍ക്കേറ്റ പുതിയ പരിക്കാണ് ഹാര്‍ദിക്കിന് തിരിച്ചടിയായത്. ജൂണ്‍ 13-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഹാര്‍ദിക് കളിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.

◾  ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തിലേക്കുള്ള പ്രധാന പാത ഉപരോധിച്ച് അധ്യാപകര്‍. രാജ്യത്തെ അധ്യാപകരുടെ ശമ്പള വര്‍ദ്ധനവ്, പെന്‍ഷന്‍ നിയമങ്ങളിലെ മാറ്റങ്ങള്‍ എന്നിവ ആവശ്യപ്പെട്ടാണ് അധ്യാപകര്‍ മെക്‌സിക്കോ സിറ്റിയില്‍ സമരം നടത്തിയത്. മൂന്നു മണിക്കൂറിലധികം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച ശേഷമാണ് അധ്യാപകര്‍ പിരിഞ്ഞുപോയത്.

◾  ഹംഗറിയിലെ നാഗ്യെര്‍ഡെയ് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിനിടെ സ്റ്റേഡിയത്തിലെ സ്പൈഡര്‍ ക്യാമറ ഗ്രൗണ്ടിലേക്ക് പൊട്ടിവീണു. ഹംഗറിയും കസാഖിസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെയാണ് ഗ്രൗണ്ടിന് മുകളില്‍ തൂക്കിയിട്ടിരുന്ന സ്പൈഡര്‍ ക്യാമറ പെട്ടെന്ന് ഗ്രൗണ്ടിലേക്ക് തകര്‍ന്നു വീണത്.

◾  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. രാജ്യാന്തര വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 3,160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്‍ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,09,160 രൂപയിലെത്തി. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയുമായി. ഈ മാസം തുടക്കം മുതല്‍ വിലയിടിവിലായിരുന്ന സ്വര്‍ണ വില ഇന്നലെ ഒറ്റ ദിവസം മാത്രമാണ് മുന്നേറ്റം കാഴ്ചവച്ചത്. ജൂണ്‍ ഒന്നിന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,14,560 രൂപയില്‍ നിന്നാണ് സ്വര്‍ണം ഈ വന്‍ വീഴ്ചയിലേക്ക് കൂപ്പുകുത്തിയത്. 18 കാരറ്റിന് ഗ്രാമിന് 320 രൂപ ഇടിഞ്ഞ് 11,215 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 250 രൂപ താഴ്ന്ന് 8,735 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് 5,630 രൂപയുമായി. വെള്ളി വിലയും ഇടിവിലാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 250 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 11 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്.

◾  ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വീസായ സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനാനുമതി ഇന്ത്യ മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ആക്രമണം നടത്താന്‍ സ്റ്റാര്‍ലിങ്കിന്റെ ടെര്‍മിനലുകളും ഉപയോഗിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണിത്. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സേവന ദാതാവിന്റെ മേലുള്ള നിയന്ത്രണം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നത്. ഇറാനില്‍ ലൈസന്‍സ് ലഭിക്കാതിരുന്നിട്ടും സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഉപയോഗിക്കപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സ്‌പേസ്എക്‌സ് തയ്യാറെടുക്കുന്ന നിര്‍ണായക സമയത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വരുന്നത്. ഇന്ത്യ പോലുള്ള പ്രധാന വിപണികയില്‍ നേരിടേണ്ടിവരുന്ന തടസ്സങ്ങള്‍ വളരെ പ്രധാനമാണെന്നും കമ്പനിയുടെ വരുമാന വളര്‍ച്ചയില്‍ നിര്‍ണായകമാണെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾  പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ 'ടിയാന്‍' എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം 'അനന്തന്‍ കാട്' ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായ വിജയരാഘവന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ കെ.കെ. മേനോന്‍ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. വലിയ ജനകീയ പിന്തുണയുള്ള ശക്തനായ രാഷ്ട്രീയ നേതാവാണ് ചിത്രത്തില്‍ കെ.കെ. മേനോന്‍. ജൂണ്‍ 25-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുമിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'അനന്തന്‍ കാടി'ല്‍ ഒട്ടേറെ അന്യഭാഷ താരങ്ങളും ഒരുമിക്കുന്നുണ്ട്.

◾  മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന 'ചിന്ന ചിന്ന ആസൈ' ജൂണ്‍ 19ന് ആഗോള റിലീസായി എത്തും. ചിത്രത്തില്‍ വേഷമിടുന്ന വിഷ്ണു അഗസ്ത്യയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സിദ്ധാര്‍ഥ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടന്‍ വിഷ്ണു അഗസ്ത്യ എത്തുന്നത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തില്‍ എത്തുകയാണ്. മധുബാലക്കൊപ്പം, ഗംഭീരമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഇന്ദ്രന്‍സുമെത്തുന്നു. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതയായ വര്‍ഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പര്‍ശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

◾  ഇന്ത്യയില്‍ തങ്ങളുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് ബിവൈഡി. ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നതാണ് ഇതിന്റെ സവിശേഷത. സീല്‍ യു എന്ന പേരില്‍ ഈ വര്‍ഷം അവസാനത്തോടെ കാര്‍ ഇന്ത്യന്‍ വിപണിയിലെത്തും. പെട്രോള്‍ എന്‍ജിന്റെ കരുത്തിനൊപ്പം വൈദ്യുതി ബാറ്ററിയുടെ പിന്തുണയും ചേരുന്നതോടെ ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ വാഹനമായി ഇത് മാറും. ബിവൈഡിയുടെ ഡിഎം-ഐ സാങ്കേതികവിദ്യ ഏറെ വ്യത്യസ്തമാണ്. ഈ സംവിധാനം 'ഇലക്ട്രിക്-ഫസ്റ്റ്' ആണ്. അതായത്, വാഹനം പരമാവധി ബാറ്ററി കരുത്തില്‍ത്തന്നെ ഓടിക്കാന്‍ ഇത് ശ്രമിക്കുന്നു. പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുമെങ്കിലും അത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടി മാത്രമായിരിക്കും. 1.5 ലിറ്റര്‍ ഷിയാവുന്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഈ എന്‍ജിന് 43.04 ശതമാനം തെര്‍മല്‍ എഫിഷ്യന്‍സി ഉണ്ട്. ഈ വാഹനത്തിന് 1,200 കിലോമീറ്ററിലധികം കമ്പൈന്‍ഡ് റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്.

◾  'ദേവികുളം' നിഗൂഢതകളുടെ ഒരു ആകാശദ്വീപാണ്. അവിടത്തെ എസ്റ്റേറ്റിനും മലനിരകള്‍ക്കും പറയാന്‍ ഒരുപാട് കഥകളുണ്ട്. കുറ്റാന്വേഷണത്തിന്റെ മുറുക്കവും സാമൂഹികവിമര്‍ശനത്തിന്റെ തീക്ഷ്ണതയും കൈകാര്യം ചെയ്യുന്ന ഈ നോവല്‍ ദുരഭിമാനത്തിന്റെ പേരില്‍ മനുഷ്യജീവിതങ്ങള്‍ ബലിയാടാകുന്ന കാലത്തിന്റെ സാക്ഷ്യപത്രമാവുന്നു. കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിക്കുന്നതിലുപരി സമൂഹത്തിന്റെ അടിത്തട്ടില്‍ പതിഞ്ഞിരിക്കുന്ന ജാതി  അധികാര രാഷ്ട്രീയത്തെ അനാവരണം ചെയ്യുകയാണിവിടെ. ഉത്കണ്ഠയും രാഷ്ട്രീയ യാഥാര്‍ത്ഥ്യവും ഒരുമിച്ചുചേരുന്ന കുറ്റാന്വേഷണ നോവല്‍. 'ദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ്'. ബി. സന്ധ്യ. മാതൃഭൂമി. വില 238 രൂപ.

◾  'എപ്പിക്ലോറോഹൈഡ്രിന്‍' അടങ്ങിയ ടീബാഗുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ദേശീയ നിലവാര നിര്‍ണ്ണയ ഏജന്‍സിയായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്. കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്ന കണ്ടെത്തലിലാണ് നടപടി. ടീബാഗ് പേപ്പര്‍ നിര്‍മിക്കുന്നതിനും ബ്ലീച്ച് ചെയ്യുന്നതിനും ഉപയോഗിക്കുന്ന രാസവസ്തുവാണ് എപ്പിക്ലോറോഹൈഡ്രിന്‍. രാജ്യത്ത് ആദ്യമായാണ് ബിഐഎസ് ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതിനൊപ്പം ടീബാഗുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിര്‍മാതാക്കളുടെ പേര്, വിലാസം, ബാച്ച് നമ്പര്‍, നിര്‍മാണ തീയതി, കാലാവധി തുടങ്ങിയവ ലേബലില്‍ ഉള്‍ക്കൊള്ളിക്കണമെന്നും ബിഐഎസ് അറിയിച്ചു. ടീബാഗുകള്‍ നിര്‍മിക്കാനുപയോഗിക്കുന്ന അസംസ്തൃത വസ്തുക്കള്‍, നൂല്, ഫാസ്റ്റ്നര്‍, ടാഗുകള്‍, മഷി, പശ തുടങ്ങിയവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ബിഐഎസ് നിര്‍ദേശിച്ചു. പുതിയ നിര്‍ബന്ധന അനുസരിച്ച് ടീബാഗ് പേപ്പര്‍, ടാഗ്, നൂല്‍ എന്നിവ നിര്‍ബന്ധമായും മൈഗ്രേഷന്‍ പരിശോധന പാസായിരിക്കണം. ചായ ഉണ്ടാക്കുന്ന വേളയില്‍ ഇവയിലടങ്ങിയിരിക്കുന്ന ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അതില്‍ അലിയുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയാണിത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.26, പൗണ്ട് - 127.49, യൂറോ - 110.04, സ്വിസ് ഫ്രാങ്ക് - 119.25, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.80, ബഹറിന്‍ ദിനാര്‍ - 252.30, കുവൈത്ത് ദിനാര്‍ -308.07, ഒമാനി റിയാല്‍ - 247.76, സൗദി റിയാല്‍ - 25.38, യു.എ.ഇ ദിര്‍ഹം - 26.07, ഖത്തര്‍ റിയാല്‍ - 26.13, കനേഡിയന്‍ ഡോളര്‍ - 68.36.
Previous Post Next Post
3/TECH/col-right