2026 ജൂണ്‍ 6, ശനി
1201 ഇടവം 23 , അവിട്ടം
1447 ദുൽഹിജ്ജ 19
◾ കനത്ത മഴ മൂലം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
◾ അടുത്ത അഞ്ചു ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഗോവ തീരത്തിനു മുകളിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. വയനാട്ടില്‍ റെഡ് അലര്‍ട്ട്. മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം.
◾ കനത്തമഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉള്‍പ്പെടെയുള്ള മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി. ഈ പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടന്‍ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
◾ സിഎംആര്‍എല്‍ എക്സാലോജിക് മാസപ്പടി കേസില്‍ ശക്തമായി നടപടികളുമായി മുന്നോട്ടു പോകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരിക്കേ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗത്തിലാണ് ഡയറക്ടറുടെ നിര്‍ദേശം. യോഗത്തില്‍ അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്തു.
◾ ഓപറേഷന്‍ തൂഫാന്‍ മയക്കുമരുന്നു വേട്ടയില്‍ രാജ്യാന്തര ലഹരിക്കടത്തു സംഘത്തലവരായ രണ്ടു വിദേശികളെ അറസ്റ്റു ചെയ്തെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പന്തളം പൊലീസ് നൈജീരിയന്‍ പൗരന്‍ 42 കാരന്‍ സാമുവേലിനേയും പെരുനാട് പൊലീസ് വിദേശിയും 35 കാരിയുമായ എല്‍സിന സനാതന്‍ സൂസനേയെയും അറസ്റ്റു ചെയ്തു. ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് നൈജീരിയന്‍ പൗരനെ പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാണ് വിദേശ വനിതയെ പിടികൂടിയത്. വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരും.
◾ മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയാക് തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശിവപ്രസാദ് കോട്ടക്കല്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി വിജിലന്‍സ് കണ്ടെത്തി. സര്‍ക്കാരില്‍ നിന്ന് മാസം മൂന്നു ലക്ഷം രൂപയും കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് മാസം ഏഴു ലക്ഷത്തോളം രൂപയും പ്രതിഫലമായി വാങ്ങിയിരുന്നതായാണു കണ്ടെത്തല്‍.
◾ ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പനക്കാരുടേയും ക്ഷേമനിധി ബോര്‍ഡില്‍നിന്ന് തട്ടിയെടുത്ത 16 കോടി രൂപയില്‍ ആറു കോടി രൂപയുടെ നോട്ടുകള്‍ കത്തിച്ചുകളഞ്ഞെന്ന് പ്രതിയുടെ മൊഴി. 2017 ല്‍ അഞ്ഞൂറു രൂപയുടെ നോട്ടുകളാണു കത്തിച്ചതെന്നു ബോര്‍ഡിലെ ക്ലര്‍ക്ക് കെ. സംഗീത് മൊഴി നല്‍കിയെന്നു വിജിലന്‍സ് പോലീസ്.
◾ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ നിര്‍ദേശത്തിനെതിരെ മന്ത്രി രംഗത്ത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തരുതെന്ന് യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷാണ് ആവശ്യപ്പെട്ടത്. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തിലാണു പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ നിര്‍ദേശമുള്ളത്.
◾ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരായ പ്രതികളെയാണ് പിണറായിയുടെ വീടിന് മുന്നിലെത്തിച്ച് തെളിവെടുത്തത്.
◾ പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതുകൊണ്ടാണു പ്രതിഷേധിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമരം വ്യക്തിക്കു വേണ്ടിയല്ല. പിണറായിയുടെ വീട് എട്ടുമണിക്കൂര്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു. എല്‍ഡിഎഫ് നേതാവിന്റെ വസതിയില്‍ മോശമായ അവസ്ഥയുണ്ടാക്കാന്‍ ശ്രമിച്ചതിനെതിരേയാണു പ്രതിഷേധമെന്നും ബിനോയ് വിശ്വം.
◾ സാംസ്‌കാരിക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് താത്കാലിക ചുമതല അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് നിര്‍ദ്ദേശിച്ചു. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള അക്കാദമി, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലേക്കാണ് ഉദ്യോഗസ്ഥര്‍ക്ക് താത്കാലിക ചുമതല നല്‍കിയത്.
◾ നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ പുനര്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിന്റെ ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിച്ചത് അന്വേഷിക്കണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
◾ കേരളാ വഖഫ് ബോര്‍ഡില്‍ അമുസ്ലീം അംഗങ്ങളെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്ജ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ 2025 ലെ വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് അടിയന്തരമായി നടപ്പിലാക്കണമെന്നും ഷോണ്‍ ജോര്‍ജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾ മലപ്പുറം കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ട്രാവലറിന്റെ ഡ്രൈവര്‍ മരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. അഞ്ചു പേരുടെ നില ഗുരുതരമാണ്. കൊട്ടിയൂര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് പുലര്‍ച്ചെ രണ്ട് മണിയോടെ അപകടത്തില്‍പെട്ടത്.
◾ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സൂപ്രണ്ട്, അഡീഷണല്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, റെസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികളിലേക്ക് പുതിയ നിയമനങ്ങളായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോ. ജയചന്ദ്രന്‍ സൂപ്രണ്ടായി തുടരും. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോ. അനൂപ് ജോസഫിനെയും തൃശൂരില്‍ ഡോ. ലിജോ കൊള്ളനൂരിനെയും കോട്ടയത്ത് ഡോ. ടിജി തോമസിനേയും ഇടുക്കിയില്‍ ഡോ.ഹരീഷ് ചന്ദ്രനെയും ആലപ്പുഴയില്‍ ഡോ.ലക്ഷ്മിയെയേയും സൂപ്രണ്ടായി നിയമിച്ചു.
◾ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി. സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ. അനിതകുമാരി, ഡോ.സ്മിത എന്നിവരെ സ്ഥലം മാറ്റി.
◾ സി.എം.ആര്‍.എല്‍. എക്‌സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് യഥാര്‍ഥ പ്രതിയെന്ന് ബി.ജെ.പി. നേതാവ് ഷോണ്‍ ജോര്‍ജ്. മകള്‍ വീണ ഇടനിലക്കാരി മാത്രമാണ്. പണം വീണയ്ക്ക് നല്‍കേണ്ട സാഹചര്യം കമ്പനിക്കില്ല. പണം യഥാര്‍ഥത്തില്‍ പിണറായി വിജയനുള്ളതാണ്. ഷോണ്‍ ജോര്‍ജ് പറഞ്ഞു.
◾ എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി. ചേരാനല്ലൂര്‍ അമൃത നഗറിലാണ് സംഭവം. തൃശൂര്‍ സ്വദേശി ലാറി ജോണ്‍ തട്ടില്‍, തൃശൂര്‍ മനവലശ്ശേരി സ്വദേശി ഐവിന്‍ പി വിന്‍സന്റ്, കടമക്കുടി സ്വദേശി നിഖില്‍ പീറ്റര്‍ എന്നിവര്‍ പിടിയിലായി.
◾ ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നു പദ്ധതികള്‍ക്ക് ദേശീയ അംഗീകാരം. കെ സ്മാര്‍ട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയര്‍ എന്നിവയെ മികച്ച മാതൃകകളായി പഞ്ചായത്തീരാജ് മന്ത്രാലയം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി.
◾ മണ്ണാര്‍ക്കാട് തച്ചമ്പാറ ദേശബന്ധു സ്‌കൂള്‍ ബസിന്റെ വാതില്‍ തെറിച്ചു വീണ സംഭവത്തില്‍ പരിശോധന കര്‍ശനമാക്കി മോട്ടര്‍ വാഹന വകുപ്പ്. പരിശോധനയ്ക്ക് ഹാജരാക്കാതെ ഒളിപ്പിച്ച ഡോര്‍ അടര്‍ന്നു വീണ ബസ് കൊപ്പത്തു നിന്ന് പിടികൂടി. ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുത്തു.
◾ തൃണമൂല്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്. തൃണമൂലിലെ 42 എം പിമാരില്‍ ഇരുപതോളം പേര്‍ ബി ജെ പി നേതൃത്വവുമായി ചര്‍ച്ച നടത്തി. ഈ എംപിമാര്‍ ബിജെപി നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരിക്കൊപ്പം ഡല്‍ഹിയിലെത്തി ബിജെപി ദേശീയ അധ്യക്ഷനെ കാണുമെന്നാണ് റിപ്പോര്‍ട്ട്.
◾ ഡല്‍ഹിയില്‍ ഇന്നു നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കൂട്ടമായി വരണമെന്നു കോക്രോച്ച് ജനത പാര്‍ട്ടി. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രതിഷേധത്തിലേക്ക് ഒറ്റയ്ക്ക് വരരുത്. പൊലീസുകാരോട് മോശമായി പെരുമാറരുതെന്നും അവര്‍ക്ക് പൂക്കള്‍ നല്‍കി വിയോജിപ്പ് അറിയിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
◾ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ ആരംഭിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കു വന്‍ ജന പിന്തുണ. അദ്ദേഹം 'വി ദ് ലീഡേഴ്സ്' രാഷ്ട്രീയ പ്രസ്ഥാനം ആരംഭിച്ച് എട്ടു മണിക്കൂറുകള്‍ക്കകം എട്ടു ലക്ഷത്തിലധികം പേര്‍ പാര്‍ട്ടിയില്‍ അംഗങ്ങളായി.
◾ ബിജെപി തമിഴ്നാട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ടതിനു പിറകേ തമിഴ്നാട്ടില്‍ കൂട്ടരാജി. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കരു നാഗരാജന്‍ അടക്കം 15 പേര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു.
◾ തമിഴ്നാട്ടില്‍ ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ തമിഴ് ജനതയെ കബളിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ്. ദ്രാവിഡ മണ്ണില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബിജെപിയും ആര്‍എസ്എസും പുതിയ മുഖംമൂടി അണിയുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ ആരോപിച്ചു.
◾ ആന്‍ഡമാന്‍ കടല്‍ത്തീര മേഖലയില്‍ വീണ്ടും പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. പൊതുമേഖലാ എണ്ണ പര്യവേഷണ കമ്പനിയായ ഓയില്‍ ഇന്ത്യ ലിമിറ്റഡാണു പര്യവേക്ഷണം നടത്തിയത്.
◾ ഡോളറിന് 100 രൂപയായാല്‍ എന്താണ്? അതൊരു വെറും സംഖ്യ മാത്രമാണ് എന്ന വിചിത്ര വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം ഷാമിക രവി. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം മൂന്നക്കത്തിലേക്ക് ഇടിഞ്ഞേക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഈ പ്രതികരണം.
◾ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്ന് വിദേശകാര്യമന്ത്രാലയം. ധാരണയും കരാറും ഉടനേ ഉണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
◾ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് വംശീയത കലര്‍ന്ന അധിക്ഷേപവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം. നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോയെന്ന് ചോദിച്ച ട്രംപ് ജര്‍മ്മനിയില്‍ നിന്നാണെന്നാണ് കരുതിയെന്നും പറഞ്ഞു.
◾ ഭക്ഷണമോ ബോട്ടിലില്‍ നിറച്ച ഓക്‌സിജനോ ഇല്ലാതെ എവറസ്റ്റ് കൊടുമുടിയില്‍ കുടുങ്ങിയ ഷെര്‍പ്പ ഗൈഡിനെ ഒരാഴ്ചയ്ക്കുശേഷം ജീവനോടെ കണ്ടെത്തി. കാഠ്മണ്ഡു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിമാലയന്‍ ട്രാവേഴ്‌സ്' കമ്പനിയില്‍ ഗൈഡായി ജോലി ചെയ്യുന്ന 52 കാരനായ ഹിലരി ദാവയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
◾ ഇറാന്‍ യുദ്ധത്തിനിടെ ഇസ്രായേല്‍ അസര്‍ബൈജാന്‍ അടക്കമുള്ള രാജ്യങ്ങളെ തങ്ങളുടെ രഹസ്യ സൈനിക താവളമായി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യമായ സോമാലി ലാന്‍ഡിലും പശ്ചിമേഷ്യയിലെ ചില രാജ്യങ്ങളിലും ഇസ്രായേലിന്റെ രഹസ്യ താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും അമേരിക്കന്‍ ചാനലായ സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.
◾ അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ വഴി മുട്ടിയെന്നും യുദ്ധം വ്യാപിപ്പിക്കാന്‍ മടിക്കില്ലെന്നും ഇറാന്‍ പരമാധികാരി അയത്തുള്ള മുജ്തബ ഖമനേയിയുടെ ഉപദേഷ്ടാവ് മൊഹ്സിന്‍ റിയാസി. ഉത്തരവാദി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആണ്. ട്രംപ് മറുപടി പറയണം, അല്ലെങ്കില്‍ കറുത്ത കാലം വരുമെന്നും അദ്ദേഹം പറഞ്ഞു.
◾ ഇറാന്റെ ഇടപെടലുകള്‍ വേണ്ടെന്ന് ലബനന്‍. ലബനന്റെ ആഭ്യന്തര കാര്യങ്ങളിലും നയതന്ത്ര നിലപാടുകളിലും ഇറാന്‍ അഭിപ്രായം പറയേണ്ടതില്ലെന്ന് ലബനന്‍ പ്രസിഡന്റ് ജോസഫ് ഔന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യത്തെ വെച്ച് മറ്റ് രാജ്യങ്ങളുമായി വിലപേശാന്‍ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
◾ യുദ്ധത്തിനിടയിലും റഷ്യയുടെ സഹകരണത്തോടെ സിവിലിയന്‍ ആണവ പ്ലാന്റ് നിര്‍മ്മാണവുമായി ഇറാന്‍ മുന്നോട്ട്. 2500 കോടി ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്ന ഈ വന്‍കിട പദ്ധതി ഹോര്‍മുസ്ഗാന്‍ പ്രവിശ്യയിലാണ് നടപ്പാക്കുന്നത്.
◾ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെടുമ്പോള്‍ സംഭവസ്ഥലത്ത് താനും ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ആക്രണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് പുറത്തേക്ക് വരുമ്പോള്‍ തന്റെ മുഴുവന്‍ ചിന്തയും ഖമനെയിയെക്കുറിച്ചായിരുന്നെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു.
◾ നിര്‍മാണ, സേവന മേഖലകളുടെ കരുത്തില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 7.7 ശതമാനമായെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ഉപഭോഗവും മൂലധന നിക്ഷേപവും 7.5 ശതമാനത്തിലധികം വര്‍ധിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.1 ശതമാനമായിരുന്നു. പണപ്പെരുപ്പം കണക്കിലെടുക്കാതെയുള്ള നാമമാത്രമായ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 8.9 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. സ്ഥിരവിലയിലുള്ള യഥാര്‍ഥ ജി.ഡി.പി 2025-26 വര്‍ഷത്തില്‍ 323.12 ലക്ഷം കോടി രൂപയിലെത്തി. 2025-26 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ജി.ഡി.പി വളര്‍ച്ചാ നിരക്ക് യഥാര്‍ഥ കണക്കുകളില്‍ 7.8 ശതമാനവും നാമമാത്രമായ കണക്കുകളില്‍ 9.1 ശതമാനവുമാണ്. ദ്വിതീയ, തൃതീയ മേഖലകള്‍ യഥാക്രമം 8.8 ശതമാനവും 9.3 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. കാര്‍ഷിക, മത്സ്യബന്ധന മേഖലകളുടെ മികവില്‍ പ്രാഥമിക മേഖല 3.2 ശതമാനം വളര്‍ച്ച കൈവരിച്ചു.
◾ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സാന്‍ഡിസ്‌ക് പുതിയ ക്രിയേറ്റര്‍ സീരീസ് പുറത്തിറക്കി. കേരളത്തിലും ഈ പുതിയ സ്റ്റോറേജ് സൊല്യൂഷനുകള്‍ അവതരിപ്പിച്ചു. മൈക്രോ എസ്ഡി കാര്‍ഡ്, എസ്ഡി യുഎച്ച്എസ്-കക കാര്‍ഡ്, അതിവേഗ യുഎസ്ബി-സി ഫ്‌ലാഷ് ഡ്രൈവുകള്‍, ഐഫോണിന് അനുയോജ്യമായ മാഗ് സൈഫ് എസ്എസ്ഡി, കൂടാതെ വിവിധ ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫോണ്‍ ഡ്രൈവ് എന്നിവയാണ് പുതിയ ക്രിയേറ്റര്‍ സീരീസില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉയര്‍ന്ന റെസല്യൂഷനിലുള്ള വീഡിയോകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും, ജനറേറ്റീവ് എഐ പ്രോജക്റ്റുകള്‍ ചെയ്യുന്നവര്‍ക്കും, വേഗതയേറിയ ക്രിയേറ്റീവ് വര്‍ക്ക്ഫ്‌ലോകള്‍ ആവശ്യമുള്ളവര്‍ക്കും ഇവ തികച്ചും അനുയോജ്യമാണെന്ന് കമ്പനി പറയുന്നു. കൂടാതെ 4കെ വീഡിയോകള്‍ റെക്കോഡ് ചെയ്യാനും വലിയ ഫയലുകള്‍ സുരക്ഷിതമായി ബാക്കപ്പ് ചെയ്യാനും ഈ ഉപകരണങ്ങള്‍ സഹായിക്കുന്നു. 20,000 രൂപ മുതലാണ് ഈ സീരീസിലെ ഉപകരണങ്ങളുടെ വില ആരംഭിക്കുന്നത്.
◾ പ്രശാന്ത് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സത്യത്തില്‍ സംഭവിച്ചത്' എന്ന ചിത്രത്തിലെ ഒഫിഷ്യല്‍ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. കാവാലം നാരായണ പണിക്കര്‍ എഴുതിയ വരികള്‍ക്ക് ബെന്നി ഫെര്‍ണാണ്ടസ് സംഗീതം പകര്‍ന്ന് ശ്രേയ പ്രദീപ് ആലപിച്ച 'പോയ കാല മധുരിമ...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ആകാശ് മേനോന്‍, ദില്‍ഷാന, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോണ്‍, നസീര്‍ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവന്‍ റഹ്‌മാന്‍, ജയകൃഷ്ണന്‍, വിജിലേഷ്, സിനോജ് വര്‍ഗീസ്, ശിവന്‍ സോപാനം, പുളിയനം പൗലോസ്, ജി സുരേഷ് കുമാര്‍, ഭാസ്‌കര്‍ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രന്‍, പാര്‍വതി രാജന്‍ ശങ്കരാടി, സുഷമ അജയന്‍, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍.
◾ അമേരിക്കന്‍ സര്‍വൈവല്‍ ചിത്രം 'ഫാള്‍ 2: ഡെഡ്പോയിന്റി'ന്റെ ട്രെയിലര്‍ പുറത്ത്. പീറ്റര്‍, മൈക്കല്‍ സ്പിയറിങ് സഹോദരങ്ങള്‍ സംവിധാനം ചെയ്ത ഫാളിന്റെ തുടര്‍ച്ചയാണ് ചിത്രം. 2022ല്‍ അപ്രതീക്ഷിത ഹിറ്റായിരുന്ന ഫാളിന്റെ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് 'ഫാള്‍ 2' എത്തുന്നത്. 'ഫാളി'ല്‍ റേഡിയോ ടവറാണ് പ്രേക്ഷകര്‍ക്ക് ത്രില്ലറൊരുക്കുന്നതെങ്കില്‍ രണ്ടാം ഭാഗത്ത് ഏറ്റവും അപകടകരമായ ഹൈക്കിങ്ങിലേക്കാണ് സിനിമ എത്തിക്കുന്നത്. സഹോദരിയുടെ മരണത്തില്‍ വേദനിക്കുന്ന ജാക്സ് കൂട്ടുകാരിക്കൊപ്പം തായ്വാനിലെ 5000 അടി ഉയരത്തിലുള്ള മൗണ്ട് ക്വാന്‍ എന്ന ഹൈക്കിങ് ഇടത്തിലേക്കു പോകുന്നതും പിന്നീട് ഉണ്ടാകുന്ന ഉദ്വേഗജനകമായ നിമിഷങ്ങളിലേക്കുമാണ് സിനിമ കൊണ്ടുപോകുന്നത്. സ്‌കോട്ട് മാന്‍, ജോനാഥന്‍ ഫ്രാങ്ക് എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഹാരിയറ്റ് സ്ലേറ്റര്‍, അര്‍സെമ തോമസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം സെപ്റ്റംബര്‍ രണ്ടിന് തിയറ്ററുകളിലെത്തും.
◾ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അവരുടെ ജനപ്രിയ മോഡലായ ഇന്നോവ ക്രിസ്റ്റയുടെ 2026 പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. 19.72 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ജനപ്രിയ എംപിവിയുടെ പുതിയ അപ്ഡേറ്റില്‍ ഡിസൈനിലെ ചെറിയ മാറ്റങ്ങള്‍, കൂടുതല്‍ സൗകര്യപ്രദമായ ഫീച്ചറുകള്‍, പുതുക്കിയ കാബിന്‍ തീം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൊയോട്ട ഇലക്ട്രിക് വാഹനങ്ങളിലേക്ക് ക്രമേണ മാറുന്നതിനാല്‍ 2027 ഓടേ ഇന്നോവ ക്രിസ്റ്റ നിര്‍ത്തലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് കരുത്തേകുന്നത് ടൊയോട്ടയുടെ പരീക്ഷിച്ച് വിജയിച്ച 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ്. ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 15 കിലോമീറ്റര്‍ വരെ മൈലേജ് ടൊയോട്ട അവകാശപ്പെടുന്നുണ്ട്.
◾ ''ദ എന്ന മുത്തച്ഛന്‍ ഫ്ളാറ്റില്‍ അദ്ദേഹത്തിന്റെ മുറിയില്‍ കട്ടിലില്‍ ചമ്രംപടിഞ്ഞ് കണ്ണുകള്‍ അടച്ച് ഇരിക്കെയാണ് കുട്ടികള്‍ ചെന്നത്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ശബ്ദമൊന്നും ഉണ്ടാക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. എങ്കിലും അവര്‍ ചെന്നത് അദ്ദേഹം അറിഞ്ഞു, കണ്ണു തുറന്നു ചിരിച്ചു. അവരെ തന്റെ ഇരുവശവുമായി പിടിച്ചിരുത്തി ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു: നിങ്ങള്‍ക്ക് ആരോടെങ്കിലും വിരോധം ഉണ്ടോ?''. ജാനും ജിനും മുത്തച്ഛനും യാന്ത്രികലോകത്തിലെ വിചാരവികാരങ്ങളുമെല്ലാം അതീവഹൃദ്യമായി ബാലമനസ്സുകളെ അനുഭവിപ്പിക്കുന്ന കൊച്ചുനോവല്‍. 'പുത്തന്‍ പുലരി'. സി രാധാകൃഷ്ണന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 105 രൂപ.
◾ പതിവായി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കൂട്ടാമെന്ന് പഠനം. ഫ്രഞ്ച് ഫ്രൈസിന്റെ പതിവ് ഉപഭോഗം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യതയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. 37 വര്‍ഷത്തെ കാലയളവില്‍ യുഎസില്‍ നടത്തിയ മൂന്ന് കൂട്ടായ പഠനങ്ങളില്‍ നിന്ന് ശേഖരിച്ച ഡാറ്റ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി വിശകലനം ചെയ്തു. വിപുലമായ തുടര്‍പരിശോധനയില്‍ 22,299 പേര്‍ക്ക് ടൈപ്പ് 2 പ്രമേഹം കണ്ടെത്തി. മൊത്തം ഉരുളക്കിഴങ്ങ് ഉപഭോഗത്തെ വിശാലമായ ഒരു വിഭാഗമായി ഗവേഷകര്‍ അവലോകനം ചെയ്തപ്പോള്‍ ആഴ്ചയില്‍ കഴിക്കുന്ന ഓരോ മൂന്ന് സെര്‍വിംഗുകളിലും പ്രമേഹ നിരക്കില്‍ 5% വര്‍ദ്ധനവ് കണ്ടെത്തി. ആഴ്ചയില്‍ മൂന്ന് തവണ ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 20% വര്‍ദ്ധിപ്പിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തി. വേവിച്ചതോ, ചുട്ടതോ, ഉടച്ചതോ ആയ ഉരുളക്കിഴങ്ങ് മൂന്ന് ആഴ്ചയില്‍ ഒരേ അളവില്‍ കഴിക്കുന്നത് പ്രമേഹ സാധ്യതയില്‍ കാര്യമായ വര്‍ദ്ധനവ് കാണിച്ചില്ല. ആഴ്ചയില്‍ മൂന്ന് തവണ ധാന്യങ്ങള്‍ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത 8% കുറയ്ക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.
*ശുഭദിനം*
*കവിത കണ്ണന്‍*
പൂന്തോട്ടത്തിലെ ചെറിയൊരു കൂട്ടിലായിരുന്നു ആ പക്ഷിയുടെ താമസം. അതായിരുന്നു അവളുടെ ലോകം. പെട്ടൊന്നൊരു ദിവസം ഉണ്ടായ കൊടുങ്കാറ്റില്‍ അവളുടെ കൂട് തകര്‍ന്നു. ആര്‍ക്കും ഒരു ഉപദ്രവും ചെയ്യാത്ത തനിക്കിത് സംഭവിച്ചല്ലോ എന്നോര്‍ത്ത് അവള്‍ കരഞ്ഞു. നിരാശയോടെ കുറച്ച് ദിവസങ്ങള്‍ അവിടെ അലഞ്ഞുനടന്നു. അവസാനം മറ്റൊരിടത്തേക്ക് പോകാന്‍ അവള്‍ തീരുമാനിച്ചു. പുതുതായി എത്തിച്ചേര്‍ന്നയിടം മനോഹരമായിരുന്നു. അവള്‍ അവിടെ കൂടുണ്ടാക്കി താമസം തുടങ്ങി. പതിയെ അവളുടെ ചിന്തയും മാറി. കൊടുങ്കാറ്റില്‍ തന്റെ കൂട് നഷ്ടപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഇത്രയും മനോഹരമായ സ്ഥലത്ത് താന്‍ എത്തുകയേ ഇല്ലായിരുന്നു എന്നവള്‍ ഓര്‍ത്തു. അപ്രതീക്ഷിത ദുരന്തത്തില്‍ പെടുന്നതുവരെ എല്ലാവരും തൊട്ടാവാടികളായിരിക്കും. എപ്പോഴും സുഖാവസ്ഥയിലൂടെ സഞ്ചരിക്കുന്നവര്‍. ചെറിയ പ്രശ്നങ്ങള്‍ക്ക് മുന്നില്‍ പോലും കീഴടങ്ങുന്നവര്‍. അവര്‍ക്ക് എപ്പോഴും തണല്‍ ലഭിക്കുമായിരുന്നു. അവരുടെ പ്രശ്നങ്ങളെയെല്ലാം മറ്റാരെങ്കിലും നിര്‍വീര്യമാക്കുവാനുണ്ടായിരുന്നു. പിന്നെങ്ങനെ തളര്‍ന്നുവീഴാതിരിക്കും. പരീക്ഷിക്കപ്പെടുന്നതുവരെ ഒരാളും തന്റെ അതിജീവനശേഷി പുറത്തെടുക്കാറില്ല. നിസ്സഹായതയുടെ തുരുത്തില്‍ നില്‍ക്കുമ്പോള്‍, മറ്റൊരു മാര്‍ഗ്ഗവുമില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് സ്വന്തം ചിറകുകളുടെ ബലം എല്ലാവരും പരീക്ഷിക്കുക. വീഴുന്നവരുടെ മുന്നില്‍ രണ്ട് സാധ്യതയാണുളളത്. ഒന്നുകില്‍ വീണിടത്തുതന്നെ കിടക്കണം. ജീവിക്കാന്‍ ആരെങ്കിലും എന്തെങ്കിലും തരുന്നത് സ്വീകരിച്ച് പതിയെ വിടവാങ്ങാം. അല്ലെങ്കില്‍ വീണിടത്തുനിന്നും എഴുന്നേല്‍ക്കണം. അതത്ര എളുപ്പമല്ല. വീണു എന്ന തിരിച്ചറിവ് വേണം, തിരച്ചുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസം വേണം,മടക്കം പതിയെയാകുമെന്ന ബോധ്യം വേണം. പടിപടിയായി ഓരോ ചുവടും വെക്കാനുളള ശ്രമം നടത്തണം.. പുതുമയുളള പാതകള്‍ക്കായുളള അന്വേഷണം തുടരണം.. ഭീരുവായി ആയുസ്സ് തീര്‍ക്കുന്നതിനേക്കാള്‍ ഭേദം അവസാനശ്രമമെങ്കിലും നടത്തി പിന്‍വാങ്ങുന്നതാണ്. വീഴണോ, അതോ വാഴണോ.. തിരഞ്ഞെടുപ്പ് നമ്മുടേത് മാത്രമാണ് - ശുഭദിനം.
Tags:
KERALA