Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | ജൂണ്‍ 6, ശനി 
1201 | ഇടവം 23 , അവിട്ടം

◾  യുഡിഎഫ് സര്‍ക്കാര്‍ പരിഗണിക്കുന്ന അതിവേഗ റെയില്‍പാത പദ്ധതിയുടെ പഠനത്തിന് നാലംഗ സമിതി രൂപീകരിച്ചു. ഗതാഗത സെക്രട്ടറി അധ്യക്ഷനാകുന്ന സമിതി മെട്രോമാന്‍ ഇ ശ്രീധരന്‍ സമര്‍പ്പിച്ച ബദല്‍ പദ്ധതിയുടെ ഗുണദോഷങ്ങള്‍ വിശദമായി പഠിക്കും.

◾  പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ബന്ധപ്പെട്ടപ്പോള്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി കൈയ്യൊഴിഞ്ഞു. ഉപനേതൃസ്ഥാനത്തിന്റെ കാര്യം കേരളത്തില്‍ തീരുമാനിക്കട്ടെയെന്നാണ് എം.എ.ബേബി പ്രതികരിച്ചത്.

◾  നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ മര്‍ദ്ദിച്ച കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മൊഴി നല്‍കി എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാര്‍. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞാണ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് മൊഴി നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകമാത്രമാണ് ചെയ്തതെന്ന് എസ്ഐമാര്‍ പറഞ്ഞു.



◾  മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ നല്‍കിയ മുന്‍കൂര്‍ ജ്യാമാപേക്ഷയില്‍ വിധി ചൊവ്വാഴ്ച. വധശ്രമക്കുറ്റം ചുമത്തിയ എസ്ഐടി നടപടിയെ കോടതി ചോദ്യം ചെയ്തു. ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചേര്‍ത്തത് എന്തിനെന്നും കോടതി ചോദിച്ചു.

◾  സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി വരുന്നു. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡോ. ബി. അശോക്, എന്‍.പ്രശാന്ത് എന്നിവര്‍ സര്‍വീസിലേക്ക് മടങ്ങിവരും. ഇന്നു വൈകുന്നേരത്തോടെ ഉത്തരവ് ഇറങ്ങിയേക്കും. ബെവ്കോ സിഎംഡി എം ആര്‍ അജിത്കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം ലിജു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ആവശ്യം.

◾  കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് പിഎംഎല്‍എ കോടതി. എ.സി. മൊയ്തീന്‍ എംഎല്‍എ, കെ. രാധാകൃഷ്ണന്‍ എംപി, സിപിഎം തൃശൂര്‍ ജില്ലാ മുന്‍ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവരടക്കമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി.

◾  ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഈ മാസം എട്ടിന് സംസ്ഥാന വ്യാപകമായി ധര്‍ണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി ഇളവ് നല്‍കണമെന്നും ഇന്ധന സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സംസ്ഥാന പ്രസിഡന്റ് കെ കെ തോമസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

◾  വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം പിണറായി വിജയന്‍ അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാര്‍. 2011 ലെ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്നാണ് അദ്ദേഹം പുറത്തിറക്കിയ പുസ്തകത്തിലെ ആരോപണം.

◾  മണലൂരില്‍ വീടിനു മുകളില്‍ മരം വീണ് യുവാവ് മരിച്ചു. മണലൂര്‍ സ്വദേശി തഷ്ണത്ത് വീട്ടില്‍ 27 കാരനായ വിഷ്ണുവാണ് മരിച്ചത്. രാവിലെ ആറുമണിയോടെയാണു മരം വീണത്.

◾  നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ് സെക്രട്ടറിയായി എസ്. നിസാമിനെ നിയമിച്ചു. മഹാത്മാഗാന്ധി (എംജി) യൂണിവേഴ്സിറ്റിയില്‍നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. നേരത്തേയും തിരുവഞ്ചൂരിന്റെ സ്റ്റാഫംഗമായിരുന്നു.

◾  പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെ ചൊല്ലി മന്ത്രി സണ്ണി ജോസഫിന്  കെപിസിസി യോഗത്തില്‍ വിമര്‍ശനം. നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമര്‍ശനത്തിന് ഇട നല്‍കരുതായിരുന്നെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

◾  കെ എം മാണിയുടെ മരുമകന്‍ റിട്ട. ഐ എ എസ് ഉദ്യോഗസ്ഥന്‍ എം പി ജോസഫ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്ന ജോസഫ് 2021ല്‍ തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നു.

◾  സര്‍ക്കാര്‍ സര്‍വീസിലിരിക്കേ, സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഇരുന്നൂറോളം ഡോക്ടര്‍മാര്‍ വിജിലന്‍സിന്റെ നിരീക്ഷണത്തില്‍. നിയമം ലംഘിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കാനാണു നീക്കം.

◾  നിലവിളക്ക് വിവാദത്തില്‍ പ്രതികരണവുമായി സമസ്ത നേതാവ് ഉമര്‍ഫൈസി മുക്കം. വൈദ്യുതി വരുന്നതിന് മുന്‍പ് നമ്മളെല്ലാവരും വെളിച്ചത്തിനായി വിളക്കാണ് കത്തിച്ചിരുന്നതെന്നും ഇപ്പോഴും വൈദ്യുതി നിലക്കുമ്പോള്‍ വിളക്ക് കത്തിക്കാറുണ്ടെന്നും ഉമര്‍ഫൈസി മുക്കം പറഞ്ഞു.

◾  ഉദ്ഘാടനത്തിനു നിലവിളക്ക് കൊടുത്തല്‍ വിവാദമാക്കേണ്ട വിഷയമല്ലെന്നും ഇത്തരം ചെറിയ കാര്യങ്ങള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി ഷംസുദീന്‍. അതൊക്കെ കാലാകാലങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു. പൊതുപരിപാടിയില്‍ മന്ത്രി നിലവിളക്ക് കൊളുത്താതിരുന്നതും ഫാത്തിമ തഹ്ലിയ എംഎല്‍എ നിലവിളക്ക് കൊളുത്തിയതും വിവാദമായിരുന്നു.

◾  എറണാകുളം കോതമംഗലം എസ്എച്ച്ഒക്കെതിരെ ഭീഷണി കുറിപ്പുമായി ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി. നിയമപരമായും വേണ്ടിവന്നാല്‍ കായികപരമായും നേരിടുമെന്നാണ് ഭീഷണി.

◾  മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി തള്ളി. കേസിലെ ഒന്നുമുതല്‍ മൂന്നുവരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്.

◾  മദ്യലഹരിയില്‍ ട്രെയിനില്‍ യാത്രക്കാരനെ സഹയാത്രക്കാരന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശിയായ ജിഷ്ണുവിനാണ് (25) കുത്തേറ്റത്. എറണാകുളം കരായിക്കല്‍ എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചയാണ് സംഭവമുണ്ടായത്.

◾  ഡല്‍ഹി ജന്തര്‍മന്ദറില്‍ അഭിജീത് ദീപ്കെയുടെ നേതൃത്വത്തില്‍ കൊക്രോച്ച് മുന്നേറ്റത്തിന്റെ പ്രതിഷേധ സമരം. നീറ്റ്, സിബിഎസ്ഇ പരീക്ഷാ നടത്തിപ്പുകളിലെ വീഴ്ചയില്‍ പ്രതിഷേധിച്ചും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുമാണു സമരം. സമരത്തിനെതിരേ ജയ് ശ്രീറാം വിളിച്ച് എത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് നീക്കംചെയ്തു.

◾  തമിഴ്നാട്ടില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നു 717 ടാസ്മാക് മദ്യശാലകള്‍ പൂട്ടി. ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 മദ്യശാലകള്‍ ബുധനാഴ്ചക്ക് മുന്‍പ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചു. പൂട്ടിയവയില്‍ ഉണ്ടായിരുന്ന 3474 ജീവനക്കാരില്‍ 2331 പേരെ മറ്റ് മദ്യശാലകളിലേക്ക് മാറ്റി. ആയിരത്തിലേറെ പേരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. സംസ്ഥാനത്ത് ഇനി 4048 ടാസ്മാക് മദ്യശാലകളാണുള്ളത്.

◾  തമിഴ്നാട് ബിജെപിയില്‍ വീണ്ടും രാജിപ്രവാഹം. തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് രാജിവെച്ചു. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്നും വിഷമത്തോടെയാണ് തീരുമാനമെടുത്തതെന്നും അവര്‍ പറഞ്ഞു.

◾  ബെംഗളൂരുവില്‍ നിന്നും മുംബൈയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ പക്ഷി ഇടിച്ചു. ഇതുമൂലം വിമാനം വൈകി. പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി ബെംഗളൂരു വിമാനത്താവളത്തില്‍ തിരിച്ചിറക്കി  പരിശോധനയ്ക്കു ശേഷമാണു യാത്ര തുടര്‍ന്നത്.

◾  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത ലണ്ടനിലെ പരിപാടിയില്‍ നാടകീയ രംഗങ്ങള്‍. ലണ്ടന്‍ സര്‍വീസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ ബെര്‍ക്ക്ബെക്ക് കോളേജിലെ പ്രസംഗത്തിനു പിറകേ സദസ്സിലെ ചിലര്‍ ഇന്ത്യയിലെ ജനാധിപത്യ തകര്‍ച്ചയെക്കുറിച്ചും ചീഫ് ജസ്റ്റിസിന്റെ വിവാദമായ പാറ്റ പരാമര്‍ശത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ സംഘാടകര്‍ ചോദ്യങ്ങള്‍ തടഞ്ഞു.

◾  ഇന്ത്യയ്‌ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനോ ഭീഷണികള്‍ ഉയര്‍ത്താനോ ശ്രമിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴില്‍ ഇന്ത്യ ഇത്തരം ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും, അത്തരം ശ്രമങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് തന്നെ അത് ദോഷകരമായി ഭവിക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കി.

◾  അമേരിക്കയില്‍നിന്ന് കഴിഞ്ഞ 17 മാസത്തിനിടെ 4600 ലധികം ഇന്ത്യക്കാരെ നാടുകടത്തിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള കണക്കാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വെളിപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 1,076 ഇന്ത്യന്‍ പൗരന്മാരെ അമേരിക്ക നാടുകടത്തി.

◾  തായ്വാന്റെ അതിര്‍ത്തിക്കു ചുറ്റും വന്‍ സൈനിക വിന്യാസവുമായി ചൈന. ചൈനീസ് ആര്‍മിയുടെ 22 വിമാനങ്ങള്‍, ചൈനീസ് നാവികസേനയുടെ 8 കപ്പലുകള്‍, മറ്റ് 2 ഔദ്യോഗിക ചൈനീസ് കപ്പലുകള്‍ എന്നിവ തായ്വാന് ചുറ്റുമുള്ള മേഖലകളില്‍ നിരീക്ഷണത്തിലായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

◾  ഹോര്‍മുസ് കടലിടുക്കിന് നേരെ ഇറാന്‍ തൊടുത്തുവിട്ട നാല് ഡ്രോണുകള്‍ തങ്ങള്‍ വെടിവെച്ചിട്ടതായി അമേരിക്കന്‍ സൈന്യത്തിന്റെ അവകാശവാദം. പിന്നാലെ തിരിച്ചടിയെന്നോണം ഇറാന്റെ തീരദേശ നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തിയെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി.

◾  ഇറാനെതിരെയുള്ള അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഗള്‍ഫ് രാജ്യങ്ങളായ കുവൈത്തിലും ബഹ്‌റൈനിലും ശനിയാഴ്ച പുലര്‍ച്ചെയോടെ വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

◾  അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ ടി20 ടീം ക്യാപ്റ്റന്‍. സൂര്യകുമാര്‍ യാദവ് ടീമിലില്ല. 15കാരന്‍ വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും മൂന്ന് ടീമുകളിലും ഇടംനേടി. തിലക് വര്‍മയാണ് മൂന്ന് ടീമുകളുടെയും വൈസ് ക്യാപ്റ്റന്‍.

◾  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 275 രൂപ കുറഞ്ഞ് 14,000 രൂപയും പവന് 2,200 രൂപ താഴ്ന്ന് 1,12,000 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 225 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തി 14 കാരറ്റിന് ഗ്രാമിന് 8,960 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,775 രൂപയുമാണ് വില. വെള്ളി വിലയും ഇടിവിലാണ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 265 രൂപയായി. ഇന്നലെ രാജ്യാന്തര സ്വര്‍ണ വില ഏകദേശം 3.6% ഇടിഞ്ഞ് ഔണ്‍സിന് 4,315.35 ഡോളറായി കുറഞ്ഞു. ഇതോടെ ഈ വര്‍ഷം ഇതുവരെ നേടിയ മുന്നേറ്റങ്ങളെല്ലാം സ്വര്‍ണത്തിന് നഷ്ടമായി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

◾  സൗരയൂഥത്തിലെ ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങളായ ശുക്രനും വ്യാഴവും അടുത്തടുത്ത് വരുന്ന അപൂര്‍വ പ്രതിഭാസം ജൂണ്‍ 8, 9 തീയതികളില്‍ ആകാശത്ത് ദൃശ്യമാകും. ശാസ്ത്രലോകം 'കോസ്മിക് കിസ്സ്' അല്ലെങ്കില്‍ 'പ്ലാനറ്ററി കണ്‍ജങ്ഷന്‍' എന്ന് വിളിക്കുന്ന ഈ പ്രതിഭാസം നഗ്നനേത്രങ്ങള്‍ കൊണ്ട് തന്നെ കാണാന്‍ സാധിക്കും. ടെലിസ്‌കോപ്പോ മറ്റ് പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ തന്നെ സാധാരണക്കാര്‍ക്ക് ഈ കാഴ്ച ആസ്വദിക്കാം. സൂര്യനസ്തമിച്ച് കഴിഞ്ഞ് തൊട്ടുപിന്നാലെ പടിഞ്ഞാറന്‍ ആകാശത്ത് നോക്കിയാല്‍ ഈ അത്ഭുത കാഴ്ച കാണാം. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ തിളക്കത്തോടെ കാണുന്നത് ശുക്രനായിരിക്കും. ശുക്രന് തൊട്ടടുത്തായി അല്‍പം പ്രകാശം കുറഞ്ഞ് വ്യാഴവും തിളങ്ങി നില്‍ക്കുന്നത് കാണാം. ജൂണ്‍ 11 മുതല്‍ 15 വരെയുള്ള തീയതികളില്‍ ബുധന്‍ ഗ്രഹം കൂടി ഇവര്‍ക്കൊപ്പം ചേരും. ഇതോടെ പടിഞ്ഞാറന്‍ ആകാശത്ത് മൂന്ന് ഗ്രഹങ്ങള്‍ നിരയായി നില്‍ക്കുന്ന അപൂര്‍വ 'മിനി പരേഡ്' ദൃശ്യമാകും. എന്നാല്‍, ബുധന്‍ ഗ്രഹം ഭൂമിയോട് വളരെ താഴ്ന്ന് നില്‍ക്കുന്നതിനാല്‍ ദൂരദര്‍ശിനിയോ ബൈനോക്കുലറോ ഉപയോഗിച്ചാല്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കും.

◾  മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കുന്ന 'ബാലന്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. ദുരൂഹതകള്‍ നിറഞ്ഞതാണ് ട്രെയിലര്‍. ഫീല്‍ ഗുഡ് പ്രതീക്ഷിച്ച ആരാധകര്‍ ട്രെയിലറിലെ ത്രില്ലര്‍ മൂഡ് കണ്ട് ഞെട്ടിയിരിക്കുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗണ്‍, സൂര്യ, നാഗ ചൈതന്യ, രാജ് ബി ഷെട്ടി എന്നിവരാണ് മറ്റ് ഭാഷയിലെ ട്രെയിലറുകള്‍ പുറത്തിറക്കിയത്. ചിത്രം ജൂണ്‍ 19 ന് തിയേറ്ററുകളിലെത്തും. സംവിധായകന്‍ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥാകൃത്ത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. ഷൈജു ഖാലിജാണ് ഛായാഗ്രഹണം.

◾  ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ഒരുക്കിയ ചിത്രം 'അതിരടി' ഒടിടി സ്ട്രീമിംഗ് ഡേറ്റ് പുറത്ത്. ക്യാംപസ് എന്റര്‍ടെയ്‌നറായി തിയേറ്ററുകളില്‍ എത്തിയ ചിത്രം ആഗോള കളക്ഷനായി 67 കോടിയോളം സ്വന്തമാക്കിയിരുന്നു. സാംകുട്ടി എന്ന കഥാപാത്രമായി ബേസില്‍ ചിത്രത്തില്‍ എത്തിയപ്പോള്‍ ശ്രീക്കുട്ടന്‍ വെള്ളായണി എന്ന വില്ലന്‍ കഥാപാത്രമായി ടൊവിനോ തോമസും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മെയ് 14 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സോണി ലിവിലൂടെ ജൂണ്‍ 19 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. റിയ ഷിബു, സരിന്‍ ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ജിയോ ബേബി, വിനീത് തട്ടില്‍ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്.

◾  സ്‌പ്ലെന്‍ഡര്‍ പ്ലസ് ഫ്‌ലെക്‌സ് ഫ്യുവലിന് പുറമേ എഥനോളില്‍ ഓടുന്ന മറ്റൊരു ബൈക്ക് കൂടി പുറത്തിറക്കി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. എച്ച്എഫ് ഡീലക്‌സ് ബൈക്കിന്റെ ഫ്‌ലെക്‌സ് ഫ്യുവല്‍ വകഭേദമാണ് കമ്പനി ലോഞ്ച് ചെയ്തത്. 72,792 രൂപയാണ് വില. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഈ ഫ്‌ലെക്‌സ് ഫ്യുവല്‍ വകഭേദത്തിന്, അടിസ്ഥാന എച്ച്എഫ് ഡീലക്‌സ് മോഡലിനേക്കാള്‍ 13,315 രൂപയും എച്ച്എഫ് ഡീലക്‌സ് പ്രോ മോഡലിനേക്കാള്‍ 172 രൂപയും വില കൂടുതലുണ്ട്. നിലവിലുള്ള 97.2സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് 8.4ബിഎച്പി കരുത്തും 8.3എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.

◾  കാസര്‍കോടന്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ അധോലോകസംഘങ്ങള്‍ക്കെതിരേ നടത്തിയ സായുധപോരാട്ടങ്ങള്‍, അന്യസംസ്ഥാന മാഫിയാസംഘങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍, പെരിയ ബാങ്ക് കവര്‍ച്ച, കണ്ണൂരില്‍ ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ അമ്മയുടെ കഥ തുടങ്ങി കേരളത്തെ പിടിച്ചുകുലുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം വരെ ചര്‍ച്ച ചെയ്യുന്ന പുസ്തകം. കുറ്റാന്വേഷണത്തിലെ സത്യാന്വേഷണത്തെ ലളിതമായ ഭാഷയില്‍ വരച്ചിടുന്നു. മൂന്നു പതിറ്റാണ്ടുകാലം പൊലീസ് സേനയില്‍ സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥന്റെ അനുഭവങ്ങള്‍. 'സത്യത്തിന്റെ സാക്ഷി'. പി.പി സദാനന്ദന്‍. മാതൃഭൂമി. വില 229 രൂപ.

◾  മഴക്കാലത്ത് പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് മുടികൊഴിച്ചില്‍. കാലാവസ്ഥയിലെ മാറ്റം, ഉയര്‍ന്ന ഈര്‍പ്പം, ശിരോചര്‍മത്തിലെ അഴുക്കും ഫംഗസ് ബാധയും, പോഷകക്കുറവും തുടങ്ങി പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ മുടി കൂടുതല്‍ ദുര്‍ബലമാകാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കുന്നു. ഇത് സ്‌കാല്‍പ്പിലെ കൂടുതല്‍ എണ്ണയും വിയര്‍പ്പും അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇതിലൂടെ മുടിയുടെ വേരുകള്‍ ദുര്‍ബലമാകുകയും മുടികൊഴിച്ചില്‍ വര്‍ധിക്കുകയും ചെയ്യാം. മഴവെള്ളത്തില്‍ പൊടിപടലങ്ങളും രാസവസ്തുക്കളും കലരാനുള്ള സാധ്യത കൂടുതലാണ്. മഴയില്‍ നനഞ്ഞ മുടി ഏറെ നേരം വെക്കരുത്. വീട്ടിലെത്തിയ ഉടന്‍ ശുദ്ധജലത്തില്‍ മുടി കഴുകി ഉണക്കുക. അമിതമായി എണ്ണ പുരട്ടുന്നത് പൊടിയും അഴുക്കും പിടിക്കാന്‍ കാരണമാകും. എണ്ണ പുരട്ടുന്നെങ്കില്‍ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. മഴക്കാലത്തും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് അത്യാവശ്യമാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും സഹായകരമാണ്. മഴക്കാലത്ത് പലരും ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്താറുണ്ട്. ആവശ്യമായ പ്രോട്ടീന്‍, അയണ്‍, സിങ്ക്, ബയോട്ടിന്‍ എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകും.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.39, പൗണ്ട് - 127.36, യൂറോ - 109.41, സ്വിസ് ഫ്രാങ്ക് - 120.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 66.87, ബഹറിന്‍ ദിനാര്‍ - 253.01, കുവൈത്ത് ദിനാര്‍ -308.47, ഒമാനി റിയാല്‍ - 248.16, സൗദി റിയാല്‍ - 25.41, യു.എ.ഇ ദിര്‍ഹം - 25.98, ഖത്തര്‍ റിയാല്‍ - 26.23, കനേഡിയന്‍ ഡോളര്‍ - 68.12.
Previous Post Next Post
3/TECH/col-right