2026 | ജൂണ്‍ 4, വ്യാഴം
1201 | ഇടവം 21 , ഉത്രാടം
◾ കേരളത്തിന്റെ കടബാധ്യത 5.07 ലക്ഷം കോടി രൂപ. 48,733 കോടിയുടെ കുടിശ്ശിക ബാധ്യതകള്‍ പുതിയ സര്‍ക്കാര്‍ ഏറ്റെടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രത്തിലാണ് ഈ വിവരങ്ങള്‍. കിഫ്ബിക്ക് 21,000 കോടിയുടെ വായ്പാബാധ്യത. ജീവനക്കാരുടെ ഡിഎ ഇനത്തില്‍ 21,670 കോടി രൂപയും പെന്‍ഷന്‍കാരുടെ ഡിആര്‍ ഇനത്തില്‍ 14,387 കോടി രൂപയും കുടിശ്ശികയാണ്. കരാറുകാരുടെ ബില്ലുകള്‍, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, സപ്ലൈകോ തുടങ്ങിയവ ഉള്‍പ്പെടെ ആകെ 48,733 കോടി രൂപയുടെ കുടിശ്ശികയുണ്ട്. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കായി ചെലവാക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്ന് ധവളപത്രത്തില്‍ പറയുന്നു.
◾ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രശ്നത്തിനു കാരണം കെഎസ്ആര്‍ടിസിയും കെഎസ്ഇബിയും വാട്ടര്‍ അതോറിറ്റിയുമെന്ന് ധവളപത്രം. മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ക്കുമായി വലിയൊരു തുക നല്‍കേണ്ടി വരുന്നു. കൊച്ചി മെട്രോ മാസം 35 കോടി നഷ്ടത്തിലാണ്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024-25ല്‍ 78,851 കോടി രൂപയായി ഉയര്‍ന്നു. സ്വകാര്യ നിക്ഷേപം വേണമെന്നും സഹകരണമേഖലയുടെ പങ്കാളിത്തം കൂട്ടണമെന്നും ധവള പത്രത്തില്‍ നിര്‍ദേശിക്കുന്നു.
◾ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാരിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് ധവളപത്രത്തില്‍ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തണം. വിരമിക്കല്‍ പ്രായം ഒരു വര്‍ഷം വര്‍ധിപ്പിച്ചാല്‍ സംസ്ഥാനത്തിന് 6,000 കോടി രൂപയുടെ വിരമിക്കല്‍ ആനുകൂല്യച്ചെലവ് ലാഭിക്കാം. കേന്ദ്രസര്‍ക്കാരിനെപ്പോലെ പത്തുവര്‍ഷത്തിലൊരിക്കല്‍ മാത്രം ശമ്പള കമ്മീഷന്‍ നടപ്പാക്കിയാല്‍ മതിയാകും.
◾ ഡിജിറ്റലൈസേഷന്‍ എന്ന പേരില്‍ പഴയ ഫോമുകളും നടപടിക്രമങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റുന്നതു മാത്രം പോരെന്ന് റിപ്പോര്‍ട്ടുകള്‍. നടപടിക്രമങ്ങള്‍ ലളിതമാക്കിയും ഉപയോക്തൃസൗഹൃദമാക്കിയും യഥാര്‍ത്ഥ ഡിജിറ്റല്‍ പരിഷ്‌കാരം നടപ്പാക്കണം. ഇതിനായി എല്ലാ വകുപ്പുകളും മൂന്നു മാസത്തിനകം നടപടിക്രമങ്ങള്‍ ലളിതമാക്കി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം നിശ്ചയിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
◾ ധവളപത്രത്തിലെ പ്രധാന നിര്‍ദേശങ്ങള്‍: കെഎസ്ഇബി സ്വയംപര്യാപ്തമാകണം. കെഎസ്ഇബിയിലെ സാമ്പത്തിക ദുരുപയോഗം തടയണം. സ്ഥാപനങ്ങള്‍ക്കു സബ്സിഡി നല്‍കാതെ അര്‍ഹരായ വ്യക്തിഗത ഉപയോക്താക്കള്‍ക്കു നേരിട്ടു നല്‍കണം. വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കണം. ലാഭത്തിലുള്ള ബെവ്കോയും നഷ്ടത്തിലുള്ള സപ്ലൈകോയും ലയിപ്പിക്കണം. തന്ത്രപ്രധാനമല്ലാത്തതും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുകയോ അടച്ചുപൂട്ടുകയോ വേണം. ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഫലപ്രദമായി ഉപയോഗിക്കണം.
◾ ധനവകുപ്പ് വസ്തുത പരിശോധന നടത്തിയാണോ ധവളപത്രം ഇറക്കിയതെന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പുതുയുഗ കേരളം ഒരു മുദ്രാവാക്യം മാത്രമായെന്നും യുദ്ധംമൂലമുള്ള പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന നിര്‍ദേശമില്ലെന്നും വിമര്‍ശിച്ചു. പരാജയം അംഗീകരിച്ചാണ് തങ്ങള്‍ പോകുന്നതെന്നും ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചു വരുമെന്നും പിണറായി പറഞ്ഞു.
◾ ധവളപത്രത്തിന്റെ സാധുതയെക്കുറിച്ചു നിയമസഭയില്‍ തര്‍ക്കം. ധവളപത്രം തയാറാക്കിയത് ധനവകുപ്പാണോ പുറത്തുനിന്നുള്ളവരാണോയെന്നതാണു തര്‍ക്കവിഷയം. കേരളം ഇന്നേവരെ പ്രസിദ്ധീകരിച്ച ധവളപത്രങ്ങളൊക്കെ പൊളിറ്റിക്കല്‍ ഡോക്യുമെന്റായിരുന്നുവെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. അതുവീണിടത്ത് കിടന്നുരുളലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്നാല്‍ നിങ്ങളുടെ നയം തുടരാനല്ല ജനങ്ങള്‍ തങ്ങളെ വിജയിപ്പിച്ച് ഈ സീറ്റിലിരുത്തിയതെന്ന് വി.ഡി. സതീശന്‍ തിരിച്ചടിച്ചു. ധവളപത്രം തയാറാക്കാന്‍ ഔദ്യോഗിക രേഖകള്‍ പുറത്തു കൊടുത്തത് ക്രമവിരുദ്ധമാണെന്നു പ്രതിപക്ഷം വിമര്‍ശിച്ചു.
◾ ധവളപത്രം ഉമ്മാക്കിയില്ലെന്നും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക കെടുകാര്യസ്ഥതയുടെ കണ്ണാടിയാണെന്നും മുഖ്യമന്ത്രി. ധവളപത്രമെന്ന് ഉമ്മാക്കി കാണിച്ച് വിരട്ടേണ്ടെന്ന പിണറായി വിജയനറെ പരാമര്‍ശത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മെയില്‍ ട്രഷറിയില്‍ 5000 കോടി ഉണ്ടായിരുന്നുവെന്ന ഇടത് പ്രചാരണം ശരിയല്ലെന്നും മെയ് 16ന് ട്രഷറിയില്‍ ഉണ്ടായിരുന്നത് 2000 കോടി മാത്രമാണെന്നും വിഡി സതീശന്‍ സഭയില്‍ പറഞ്ഞു.
◾ പിണറായി വിജയന്റെ വീടിന് മുന്നില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ പൊലീസ് അന്വേഷിച്ചാല്‍ എല്ലാ പ്രതികളും പുറത്തുവരില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ സര്‍ക്കാറിന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നല്‍കി.
◾ കേരളത്തിലെ സ്ത്രീകള്‍ക്കു തുല്യനീതി ലഭിക്കണമെങ്കില്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വേണമെന്ന് വി ടി ബല്‍റാം എംഎല്‍എ. മലബാര്‍ മേഖലയില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസും ഡിപ്പോകളും കുറവാണ്. സൗജന്യ യാത്ര മുഴുവന്‍ സ്ത്രീകള്‍ക്കും ഉപകാരപ്പെടണമെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ വന്നേ തീരൂവെന്ന് എംഎല്‍എ പറഞ്ഞു.
◾ മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍ നടപടികള്‍ 16-ാം തീയതി വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.
◾ നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവിയെച്ചൊല്ലി എല്‍ഡിഎഫില്‍ സിപിഎമ്മും സിപിഐയും തമ്മിലെ തര്‍ക്കം രൂക്ഷമാകുന്നു. പ്രതിപക്ഷ നിരയില്‍ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ സി. പി. ഐ ഉപനേതൃപദവി വേണമെന്ന കടുംപിടിത്തം തുടരുകയാണ്.
◾ എഡിഎം നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് വിട്ടു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ തീരുമാനം.
◾ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍, ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ആരോഗ്യമന്ത്രി കെ മുരളീധരന് ഡിഎംഇ റിപ്പോര്‍ട്ട് കൈമാറി.
◾ ഇടുക്കി പാമ്പനാറില്‍ നിര്‍മാണത്തില്‍ ഇരുന്ന അഞ്ചു നില കെട്ടിടം തകര്‍ന്ന് വീണു. അപകടസമയത്ത് കെട്ടിടത്തില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. നിര്‍മാണത്തിലെ അപാകത ആണ് അപകടത്തിനു കാരണം എന്ന് നിഗമനം.
◾ വാഹനങ്ങളില്‍ അനുവദിക്കാവുന്ന മോഡിഫിക്കേഷനുകളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി ഗതാഗത കമ്മീഷണര്‍. അനുമതിയില്ലാതെ ചെയ്യാവുന്ന 18 തരം മോഡിഫിക്കേഷനുകളും പ്രത്യേക അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകളുമാണ് റിപ്പോര്‍ട്ടിലുള്ളത്. 50 ശതമാനം സുതാര്യമായ സണ്‍ ഫിലിം, അധിക സ്പീക്കറുകള്‍ തുടങ്ങിയവയ്ക്ക് അനുമതി ആവശ്യമില്ല.
◾ സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യത. 14 ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
◾ ഇന്ധന വില കൂടിയത് നമ്മള്‍ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വില നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി കുറച്ചു. ആഗോള വിലവര്‍ധനയ്ക്ക് ആനുപാതികമായി വില കൂട്ടേണ്ടിവരും. അയല്‍ രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വില കുറവാണെന്നും സുരേഷ് ഗോപി പറഞ്ഞു.
◾ പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പില്‍ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കില്‍ ഇട്ടു. 20 കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത്. ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങള്‍ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത്.
◾ നാലാഞ്ചിറ ഹസീന ബീവി കൊലക്കേസിലെ പ്രതി സുരേഷിനെ തമിഴ്നാട്ടിലെ ചിദംബരത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാലാഞ്ചിറയില്‍ നാലുമാസമായി വാടകയ്ക്ക് താമസിക്കുന്ന മണ്ണന്തല സ്വദേശിനി ഹസീന (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് സുരേഷ് കാറില്‍ രക്ഷപ്പെടുകയായിരുന്നു.
◾ ബോളിവുഡ് ചലച്ചിത്ര നിര്‍മാതാവും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ മുന്‍ ചെയര്‍മാനുമായ പഹ്ലജ് നിഹലാനി അന്തരിച്ചു. 76 വയസായിരുന്നു.
◾ തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ മെയ് മാസം വിറ്റഴിച്ചത് 1.2 കോടിയിലധികം ലഡ്ഡു. ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പനയാണിത്. ഇക്കഴിഞ്ഞ മെയ് മാസം 1,21,35,528 ലഡ്ഡു വിറ്റുപോയതായി ക്ഷേത്ര നടത്തിപ്പുകാരായ തിരുപ്പതി തിരുമല ദേവസ്ഥാനം അറിയിച്ചു.
◾ ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. ലക്ഷ്മി ചൗക്കിലെ പ്രസാദ് ആശുപത്രിയില്‍ ഐസിയുവിലാണ് തീപിടിത്തം.
◾ അധ്യാപിക എട്ടു ലക്ഷം രൂപ വായ്പയെടുത്ത് കസിനു ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയശേഷം വിവാഹം ചെയ്തു. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ബിഹാര്‍ ജമുയി ജില്ലയില്‍ ബി.പി.എസ്.സി അധ്യാപികയായ 22 കാരി നയന്‍ശ്രീയാണ് കസിനായ രാഖിയെ രാഹുല്‍ എന്ന പുരുഷനാക്കിയശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍ വിവാഹം ചെയ്തത്.
◾ പുതുതായി നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന്റെ ഭയാനകമായ സിസിടിവി ദൃശ്യങ്ങള്‍ കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ടു. വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ നാലിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഇടിച്ചിറങ്ങുന്നതും തീപിടിത്തമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരനായ മധ്യപ്രദേശ് സ്വദേശി കൊല്ലപ്പെടുകയും മൂന്നു മലയാളികളടക്കം 64 യാത്രക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
◾ രാജ്യത്തിന്റെ അണ്വായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന് ഉത്തര കൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആയുധങ്ങള്‍ക്കാവശ്യമായ ആണവ പദാര്‍ത്ഥങ്ങളുടെ ഉല്‍പ്പാദന ശേഷി ഇരട്ടിയിലധികമായി വര്‍ധിച്ചു. ദീര്‍ഘകാല തന്ത്രപരമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഇത് വീണ്ടും വര്‍ധിപ്പിക്കണം. കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കി.
◾ ആഗോള ഓഹരി വിപണി മൂല്യത്തില്‍ ഇന്ത്യയെ ഏഴാംസ്ഥാനത്തേക്ക് പിന്തള്ളി ദക്ഷിണ കൊറിയ. ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയെന്ന നേട്ടം ഇന്ത്യയില്‍നിന്ന് തായ്വാന്‍ പിടിച്ചെടുത്ത് ഒരാഴ്ചക്ക് ശേഷമാണ് ഇന്ത്യയെ പിന്തള്ളി ദക്ഷിണ കൊറിയയുടെ കുതിപ്പ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ വിപണി ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു. ബ്ലൂംബെര്‍ഗ് ഡാറ്റ പ്രകാരം ദക്ഷിണ കൊറിയന്‍ വിപണിയുടെ മൂല്യം 5 ട്രില്യണ്‍ ഡോളറിലെത്തിയപ്പോള്‍ ഇന്ത്യയുടേത് ഏകദേശം 4.85 ട്രില്യണ്‍ ഡോളറാണ്. അഞ്ചാം സ്ഥാനത്തുള്ള തായ്വാന്റെ മൂല്യം 5.15 ട്രില്യണ്‍ ഡോളറാണ്. കാനഡയും യു.കെയുമാണ് വെല്ലുവിളി ഉയര്‍ത്തി ഇന്ത്യക്ക് തൊട്ടുപിന്നില്‍. അമേരിക്ക 78 ട്രില്ല്യണ്‍ ഡോളര്‍, ചൈന 16 ട്രില്ല്യണ്‍ ഡോളര്‍, ജപ്പാന്‍ 8.8 ട്രില്ല്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ മൂന്നില്‍. 7.25 ട്രില്ല്യണ്‍ ഡോളറുമായി ഹോങ്കോങ് ആണ് നാലാം സ്ഥാനത്ത്.
◾ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് റീലുകളെ കൃത്യമായ ക്രമത്തില്‍ ഒരുമിച്ച് കാണാന്‍ സഹായിക്കുന്ന 'സീരീസ്' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ മെറ്റ. ഒരു വിഷയത്തെ ആസ്പദമാക്കിയുള്ള ഒന്നിലധികം റീലുകളെ ഒരു ശേഖരമായി ക്രോഡീകരിക്കാന്‍ ക്രിയേറ്റര്‍മാരെ സഹായിക്കുന്ന ഫീച്ചറാണിത്. പുതിയതും പഴയതുമായ റീലുകളെ ഒരൊറ്റ കളക്ഷനിലേക്ക് മാറ്റാന്‍ ക്രിയേറ്റര്‍മാര്‍ക്ക് സാധിക്കുമെന്നത് ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. ഇതിലെ ഓരോ റീലും ഒരു വലിയ പരമ്പരയിലെ 'എപ്പിസോഡുകള്‍' ആയിട്ടായിരിക്കും ക്രമീകരിക്കുക. ക്രിയേറ്റര്‍മാരുടെ പ്രൊഫൈലിലെ പ്രത്യേക പേജില്‍ ഈ വിഡിയോകള്‍ ലഭ്യമാകും. റീലുകള്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് 'സീരീസ്' ഓപണ്‍ ചെയ്യാനും ബന്ധപ്പെട്ട മറ്റ് വിഡിയോകള്‍ ബ്രൗസ് ചെയ്യാനും സാധിക്കും. താല്‍പര്യമുള്ള സീരീസുകള്‍ പിന്നീട് കാണാനായി സേവ് ചെയ്യാനും, പുതിയ എപ്പിസോഡുകള്‍ വരുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാനുമുള്ള സൗകര്യവുമുണ്ടാകും.
◾ ഡിസി കോമിക്സിന്റെ സൂപ്പര്‍ഹീറോ ചിത്രം 'സൂപ്പര്‍ഗേള്‍' ട്രെയിലര്‍ എത്തി. ഹൗസ് ഓഫ് ദ് ഡ്രാഗണ്‍സില്‍ റെനിറ ടാര്‍ഗേറിയന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധനേടിയ മില്ലി അല്‍കോക്ക് ആണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. 'ക്രുവല്ല' സിനിമയുടെ സംവിധായകനായ ക്രെയ്ഗ് ഗില്ലെസ്പിയാണ് സംവിധാനം. ലോബോയായി ജേസണ്‍ മൊമൊവ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരാകര്‍ഷണം. ടീസര്‍ ട്രെയിലറിലും ഈ കഥാപാത്രത്തെ കാണാം. സൂപ്പര്‍മാന്‍ ആയി ഡേവിഡ് കോരെന്‍സ്വെറ്റും അതിഥിവേഷത്തില്‍ എത്തിയേക്കും. ജയിംസ് ഗണ്‍ ആണ് നിര്‍മാണം. ചിത്രം ജൂണ്‍ 26ന് തിയറ്ററുകളിലെത്തും.
◾ കന്നഡ എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പുനിത് ആദ്യമായി തിരക്കഥെയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് 'അച്യുത അവതാരം'. ചിത്രത്തിലെ വൈക്കം വിജയ ലക്ഷ്മി ആലപിച്ച 'എന്‍ പോരില്‍ ' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ആയി. സൈബര്‍ ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ സൈബര്‍ ആസക്തിയുടെ ഭയാനകമായ അനന്തരഫലങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു യാത്രയിലേക്ക് പ്രേക്ഷകരെ ചിത്രം കൊണ്ടുപോകുമെന്ന് ഉറപ്പാണ്. പാന്‍ ഇന്ത്യന്‍ തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രമുഖ നര്‍ത്തകിയും താരവുമായ മാളവിക നന്ദന്‍, അവിനാശ് (കാന്താര ഫെയിം), സീമ.ജി.നായര്‍ എന്നിവര്‍ക്കൊപ്പം നിരവധി അന്യഭാഷ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രം ഈ മാസത്തില്‍ തിയേറ്ററുകളില്‍ എത്തും.
◾ ലംബോര്‍ഗിനിയുടെ ഏറ്റവും പുതിയ ഹൈബ്രിഡ് സൂപ്പര്‍ സ്പോര്‍ട്സ് കാറായ ടെമരാരിയോ ഇന്ത്യയിലെത്തി. രാജ്യത്തെ ആദ്യ ലംബോര്‍ഗിനി ടെമരാരിയോ ഇന്ത്യന്‍ ഉപഭോക്താവിന് കൈമാറിയതായി ഓട്ടോമൊബിലി ലംബോര്‍ഗിനി ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിലെ എക്സ്-ഷോറൂം വില 6 കോടി രൂപയാണ്. ടെമരാരിയോയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ അത്യാധുനിക പ്ലഗ്-ഇന്‍ ഹൈബ്രിഡ് എന്‍ജിന്‍ തന്നെയാണ്. ഈ ഹൈബ്രിഡ് പവര്‍ട്രെയിന്‍ സംയുക്തമായി 907 എച്പി കരുത്തും 800 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. ഇതിലെ വി8 എന്‍ജിന്‍ മാത്രം 789 എച്പി കരുത്തും 730 എന്‍എം ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. മിനിറ്റില്‍ 10,000 ആര്‍പിഎം എന്ന അമ്പരപ്പിക്കുന്ന വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ഈ എന്‍ജിന് സാധിക്കും. പൂജ്യത്തില്‍ നിന്ന് 100 കി.മീറ്റര്‍ വേഗത്തിലേക്കെത്താന്‍ വെറും 2.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 343 കിലോമീറ്റര്‍ ആണ് പരമാവധി വേഗം. വിമാനത്തിന്റെ കോക്ക്പിറ്റ് പോലുള്ള ഇന്റീരിയര്‍ ആണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്. ഇത് ഒരു യുദ്ധവിമാനം പറത്തുന്ന അനുഭൂതി നല്‍കും.
◾ രവീന്ദ്രനാഥ ടാഗോറിന്റെ 'ദ് ക്രസന്റ് മൂണ്‍' എന്ന കൃതിയുടെ സ്വതന്ത്ര പരിഭാഷയാണിത്. കുട്ടികളെക്കുറിച്ചുള്ള ചിന്തകളും കുട്ടികളുടെ തന്നെ ചിന്തകളുമാണ് അതിമനോഹരമായ ഭാഷയിലൂടെ, 40 കവിതകളിലൂടെ ടാഗോര്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ ആണ് ഉള്ളടക്കം എങ്കിലും അദ്ദേഹത്തിന്റെ മൂലകൃതി കൂടുതലായും മുതിര്‍ന്നവര്‍ക്ക് വായിച്ച് ആസ്വദിക്കാന്‍ പറ്റിയ തരത്തിലാണ്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ ഗ്രന്ഥകാരി ആഗ്രഹിക്കുന്നത് കുട്ടികളും ഈ പരിഭാഷ വായി ക്കണം, അവരുമത് ആസ്വദിക്കണം, ടാഗോറിന്റെ കൃതികളിലേക്ക് അവരെ എത്തിക്കണം എന്നാണ്. അതുകൊണ്ടുതന്നെ, കഴിയുന്നതും വളരെ ലളിതമായ ഭാഷയില്‍, കുട്ടികള്‍ക്കു കൂടി വായിച്ചാല്‍ മനസ്സിലാവുന്ന തരത്തില്‍ മൊഴിമാറ്റം നടത്താന്‍ ശ്രമിച്ചിട്ടുണ്ട്. 'അമ്പിളിക്കുഞ്ഞ്'. എം ഗീതാഞ്ജലി. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 119 രൂപ.
◾ സ്‌കൂള്‍ ആങ്സൈറ്റി ചിലപ്പോള്‍ ഒരു സാധാരണ ആശങ്കയായി തോന്നുമെങ്കിലും ദീര്‍ഘകാലം തുടര്‍ന്നാല്‍ കുട്ടിയുടെ പഠനം, ആത്മവിശ്വാസം, സാമൂഹിക ബന്ധങ്ങള്‍, ഉറക്കം എന്നിവയെ ബാധിക്കാം.രാവിലെ സ്‌കൂളില്‍ പോകാന്‍ വിസമ്മതിക്കുക, വയറുവേദന അല്ലെങ്കില്‍ തലവേദന പറയുക, ഉറക്കക്കുറവ്, ഭക്ഷണത്തില്‍ താല്‍പര്യം കുറയുക, പരീക്ഷയെക്കുറിച്ച് അമിത ഭയം, ആത്മവിശ്വാസക്കുറവ്, ഒറ്റപ്പെടാന്‍ ശ്രമിക്കുക, അധ്യാപകരെ നേരിടാനുള്ള പേടി, കൂട്ടുകാരുമായി ഇടപഴകാന്‍ മടിക്കുക, ചെറിയ കാര്യങ്ങള്‍ക്കും കരയുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് സാധാരണ സ്‌കൂള്‍ ആങ്സൈറ്റിയുടെ ലക്ഷണങ്ങള്‍. മിക്ക കുട്ടികളും ഇത് തുറന്നു പറയില്ലെന്നാതാണ് വേദനിപ്പിക്കുന്ന യാഥാര്‍ഥ്യം. പകരം വയറുവേദന, തലവേദന, ക്ഷീണം, കരച്ചില്‍, ദേഷ്യം തുടങ്ങിയ ലക്ഷണങ്ങളിലൂടെയാകും പ്രകടിപ്പിക്കുക. സ്‌കൂള്‍ ആന്‍ക്സൈറ്റിക്ക് കാരണമാകുന്ന ഘടകങ്ങള്‍ ഇവയാണ്. പഠന സമ്മര്‍ദ്ദം, കൂടുതല്‍ മാര്‍ക്ക് നേടണമെന്ന പ്രതീക്ഷ കുട്ടികളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കും, താരതമ്യം കുട്ടികളുടെ ആത്മവിശ്വാസം കുറയ്ക്കും, രക്ഷിതാക്കളുടെ അമിത പ്രതീക്ഷ കുട്ടികളില്‍ മാനസിക ഭാരം വര്‍ധിപ്പിക്കും, സാമൂഹിക സമ്മര്‍ദ്ദം, കൂട്ടുകാരുടെ ഇടപെടല്‍, ബുള്ളിയിങ്, അംഗീകരിക്കപ്പെടാത്തതിന്റെ തോന്നല്‍ എന്നിവയും കാരണമാകാം. ഉത്കണ്ഠ ദിവസങ്ങളോളം അല്ലെങ്കില്‍ ആഴ്ചകളോളം തുടരുക, സ്‌കൂളില്‍ പോകാന്‍ സ്ഥിരമായി വിസമ്മതിക്കുക, ഉറക്കവും ഭക്ഷണവും ബാധിക്കുക, അമിത കരച്ചില്‍ അല്ലെങ്കില്‍ ഭയം എന്നിവ ഉണ്ടെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് നല്ലതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.77, പൗണ്ട് - 128.61, യൂറോ - 111.16, സ്വിസ് ഫ്രാങ്ക് - 121.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.29, ബഹറിന്‍ ദിനാര്‍ - 253.63, കുവൈത്ത് ദിനാര്‍ -309.99, ഒമാനി റിയാല്‍ - 249.06, സൗദി റിയാല്‍ - 25.49, യു.എ.ഇ ദിര്‍ഹം - 26.16, ഖത്തര്‍ റിയാല്‍ - 26.31, കനേഡിയന്‍ ഡോളര്‍ - 68.82.
Tags:
KERALA