2026 ജൂണ്‍ 4, വ്യാഴം
1201 ഇടവം 21 , ഉത്രാടം
1447 ദുൽഹിജ്ജ 17
◾ കുവൈറ്റ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശ് സ്വദേശിയായ മന്‍സൂര്‍ അഹമ്മദ് റഹ്‌മാന്‍ (55) ആണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ 63 പേര്‍ക്ക് പരിക്കേറ്റു. മലയാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുഎസ് നടത്തിയ ആക്രമണത്തിനുള്ള മറുപടിയായിട്ടാണ് ഇറാന്‍ കുവൈത്തിനും ബഹ്റൈനും നേരെ ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് കുവൈത്ത് വിമാനത്താവളത്തിലെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം കുവൈറ്റ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണം നിലനില്‍ക്കേ, തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും അമേരിക്കയുടെ പ്രതിരോധ മിസൈല്‍ തെറ്റായി പതിച്ചതാണെന്നുമാണ് ഇറാന്‍ വാദിക്കുന്നത്.
◾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയില്‍ വയ്ക്കും. മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതി തയ്യാറാക്കിയ ധവളപത്രത്തില്‍ സാമ്പത്തിക പ്രതിസന്ധിക്കുള്ള പരിഹാര നിര്‍ദ്ദേശങ്ങളുമുണ്ടാകും. രാവിലെ എട്ടിന് ചേരുന്ന മന്ത്രിസഭാ യോഗം ധവളപത്രത്തിന് അന്തിമ അംഗീകാരം നല്‍കും.
◾ കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുള്ള സൗജന്യയാത്ര നടപ്പാക്കുന്നതില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഓര്‍ഡിനറി- ഫാസ്റ്റ് പാസഞ്ചറുകളില്‍ പദ്ധതി നടപ്പാക്കാനാണ് നീക്കം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടാനും കാബിനറ്റ് തീരുമാനമെടുക്കും.
◾ സംസ്ഥാനത്തു പുതുതായി ആരംഭിച്ച ഓപ്പറേഷന്‍ തൂഫാന്‍ വന്‍ വിജയമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍. എല്ലാ ജില്ലകളിലും നടത്തിയ വ്യാപകമായ പരിശോധനയില്‍ 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് മയക്കുമരുന്നു ശ്രംഖലയെ പിടികൂടുമെന്നും ഡിജിപി.
◾ നിയമസഭയിലെ മീഡിയ റൂമില്‍ കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കൃഷിവകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ പങ്കെടുത്തതിനെതിരെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. മാധ്യമപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ വാര്‍ത്താസമ്മേളനം നടത്താന്‍ അനുവദിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ നിലപാടെടുത്തു. ഇതോടെ ശ്രീറാം വെങ്കിട്ടരാമന്‍ ഹാളില്‍നിന്നു പുറത്തിറങ്ങിപ്പോയി.
◾ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ അക്രമങ്ങള്‍ ചെറുക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
◾ എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുളള ഹൈക്കോടതി ഉത്തരവ് ഈ മാസം ഒമ്പതിനകം നടപ്പാക്കണമെന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി നിര്‍ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സാവകാശം അനുവദിച്ച കേസില്‍ അന്തിമ നിര്‍ദേശം നല്‍കിയതിനെതിരെയാണ് ഹര്‍ജി.
◾ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്നത്തോടെ കേരളത്തിലെത്തും. ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.
◾ വടകരയിലെ വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പുനരന്വേഷണത്തിനായി ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. കോഴിക്കോട് റൂറല്‍ എസ് പിയുടെ മേല്‍നോട്ടത്തില്‍ ഏഴംഗ എസ്ഐടി ഇതിനായി രൂപീകരിച്ചു. മുന്‍പ് പ്രതികളെ കണ്ടെത്താനായില്ലെന്ന് കാണിച്ച് അവസാനിപ്പിച്ച കേസാണിത്
◾ കഴക്കൂട്ടം സിപിഎം മുന്‍ ഏരിയ സെക്രട്ടറി എസ് എസ് ബിജു ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സൈനിക് സ്‌കൂള്‍ വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്നു. മാരാര്‍ജി ഭവനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് എസ് എസ് ബിജു അംഗത്വം സ്വീകരിച്ചത്.
◾ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച് അപകടമുണ്ടായതിന് വിഴിഞ്ഞത്ത് കസ്റ്റഡിയിലായിരുന്ന വിദേശ കപ്പല്‍ എം.ടി സോളിസ് തീരം വിട്ടു. മാസങ്ങളായി വിഴിഞ്ഞത്ത് തുടര്‍ന്ന കപ്പല്‍ പുറപ്പെടുന്നതിന് മുന്നോടിയായി പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ചാണ് കൊളംബോയിലേക്ക് തിരിച്ചത്. കൊച്ചി മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പാണ് കപ്പലിന് യാത്രാനുമതി നല്‍കിയത്. കപ്പലുടമകളുമായി നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് യാത്രാനുമതി. വിയറ്റ്നാം സ്വദേശികളായ 20 ക്രൂവാണ് കപ്പലിലുള്ളത്.
◾ ഓണ്‍ ചെയ്തു നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ കളിക്കുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി കിണറ്റിലേക്ക് മറിഞ്ഞ് നാലു വയസ്സുകാരിക്ക് പരിക്ക്. തൃശൂരില്‍ കുന്നംകുളം മരത്തംകോട് അമ്പലം പള്ളി സ്വദേശി ബിന്നി-സീമ ദമ്പതികളുടെ മകള്‍ എല്‍സി എന്ന നാലുവയസ്സുകാരിയാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ കുട്ടിയുടെ അമ്മയുടെ പിതാവ് ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു വന്നപ്പോഴാണ് അപകടമുണ്ടായത്.
◾ മമതാ ബാനര്‍ജി പുറത്താക്കിയ വിമത നേതാവ് ഋതബ്രത ബാനര്‍ജിയെ ബംഗാളില്‍ പ്രതിപക്ഷ നേതാവായി തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. 59 എം എല്‍ എ മാരുടെ പിന്തുണ കത്തുമായി ഋതബ്രത ബാനര്‍ജി നിയമസഭ സ്പീക്കറെ സമീപിച്ചിരുന്നു. മമതാ വിഭാഗത്തില്‍ 21 പേര്‍ മാത്രമാണുള്ളത്. ശോഭന്‍ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന മമത ബാനര്‍ജി പക്ഷത്തിന്റെ കത്ത് സ്പീക്കര്‍ തള്ളി. മമത ബാനര്‍ജി തന്നെയാണു നേതാവെന്നും പാര്‍ട്ടിയെ പിളര്‍ത്തില്ലെന്നു ഋതബ്രത ബാനര്‍ജി പറഞ്ഞു.
◾ കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാര്‍ അധികാരമേറ്റു. ഉപമുഖ്യമന്ത്രിയായി ജി. പരമേശ്വരയും മന്ത്രിമാരായി മലയാളികളായ കെ ജെ ജോര്‍ജും യു ടി ഖാദറും അടക്കം 13 പേരും അധികാരമേറ്റു. ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമൊപ്പമാണ് ശിവകുമാര്‍ എത്തിയത്. കെ.സി. വേണുഗോപാല്‍, സുര്‍ജിത് സിംഗ് സുര്‍ജെവാല, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുത്തു.
◾ കര്‍ണാടകത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബസ് പാസ് അനുവദിക്കാന്‍ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ബസ് യാത്ര സൗജന്യമാകും.
◾ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി മുതിര്‍ന്ന നേതാവ് ബി.കെ. ഹരിപ്രസാദിനെ നിയമിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
◾ തമിഴ്‌നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി ടിവികെ. തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം നേതാവുമായ വിജയ് തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രവീണ്‍ ചക്രവര്‍ത്തി സ്ഥാനാര്‍ഥിയായേക്കും. എഐഎഡിഎംകെ എംപി ആയിരുന്ന സി.വി. ഷണ്‍മുഖം നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ രാജ്യസഭാ അംഗത്വം രാജിവച്ച ഒഴിവിലേക്കാണു തെരഞ്ഞെടുപ്പ്.
◾ പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യത്തില്‍ കുതിച്ചുയര്‍ന്ന വിമാന ഇന്ധന വില ക്രമീകരിക്കുന്നതിന് വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാന ഇന്ധന വില 2.5 മടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
◾ ഡല്‍ഹി - എന്‍സിആര്‍ മേഖലയിലെ പഴകിയ ട്രക്കുകളും ബസുകളും മാറ്റാന്‍ 5,041 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പഴയ വാഹനങ്ങളില്‍നിന്ന് ബിഎസ് 6, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ വാഹന ഉടമകള്‍ക്ക് സാമ്പത്തിക സഹായം അടക്കം നല്‍കുന്നതാണ് പുതിയ പദ്ധതി. മേഖലയില്‍ ഓടുന്ന 1.9 ലക്ഷത്തിലധികം ട്രക്കുകളെയും 16,000 ബസുകളെയും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതി അവതരിപ്പിച്ചത്.
◾ കര്‍ണാടകത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് മോദി എക്സില്‍ കുറിച്ചു.
◾ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ മൂന്നാമത്തെ തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിലുള്ള ദഹനു താലൂക്കിലെ അംബേസരി ഗ്രാമത്തിലാണ് 417 മീറ്റര്‍ നീളവും 14.4 മീറ്റര്‍ വീതിയുമുള്ള തുരങ്കം നിര്‍മിച്ചത്.
◾ തൂത്തുക്കുടിയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ ടിവികെയുടെ രണ്ട് പ്രാദേശിക നേതാക്കള്‍ അറസ്റ്റിലായി. യൂത്ത് ഓര്‍ഗനൈസര്‍ ബാലസുബ്രഹ്‌മണ്യം, രാമനാഥപുരത്തെ പാര്‍ട്ടി ഭാരവാഹി ജയബാല്‍ എന്നിവരാണു പിടിയിലായത്. വോട്ടെണ്ണലിന്റെ തലേന്നാണ് പീഡനത്തിനിരയായതെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
◾ ആസാമിലെ വിശ്വനാഥ് ജില്ലയില്‍ ഓടുന്ന കാറില്‍ 15 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ 5 പേര്‍ അറസ്റ്റില്‍.. നാട്ടുകാര്‍ വാഹനം തടഞ്ഞുനിര്‍ത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
◾ ഖത്തറിലെ ഇന്ത്യന്‍ അംബാസഡറായ വിപുലിനെ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു. റിയാദില്‍ അംബാസഡറായ മധ്യപ്രദേശ് സ്വദേശി ഡോ. സുഹേല്‍ അജാസ് ഖാെന്റ പിന്‍ഗാമിയായാണ് ബിഹാര്‍ സ്വദേശിയായ വിപുല്‍ എത്തുന്നത്.
◾ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇറാന്‍. കുവൈറ്റിലെ അമേരിക്കന്‍ പേട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ തകരാര്‍മൂലം അമേരിക്കന്‍ മിസൈലാണു പതിച്ചതെന്നും ഇറാന്‍. തങ്ങള്‍ അമേരിക്കന്‍ ഡ്രോണ്‍ കേന്ദ്രത്തെയാണ് ആക്രമിച്ചത്. അതു തടയാന്‍ അമേരിക്ക തൊടുത്ത മിസൈലാണു തെറ്റായി വിമാനത്താവളത്തില്‍ പതിച്ചതെന്നാണു വാദം.
◾ ഹോര്‍മുസില്‍ അമേരിക്കല്‍ പടക്കപ്പല്‍ ആക്രമിച്ചെന്ന് ഇറാന്‍. ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്‍ തീരത്തേക്കു വരികയായിരുന്ന അമേരിക്കയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന യുദ്ധക്കപ്പലിനെ ആക്രമിച്ചെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്. എന്നാല്‍ ആക്രമണമുണ്ടായിട്ടില്ലെന്ന് അമേരിക്ക.
◾ അണ്വായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചെന്നും ഇറാന്റെ പരമോന്നത നേതാവ് അമേരിക്കയുമായി ചര്‍ച്ചകളില്‍ നേരിട്ട് ഇടപെട്ടെന്നുമുള്ള അവകാശവാദങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവ പദ്ധതികളെച്ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതിന് പിന്നാലെ ഇരുപക്ഷവും ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.
◾ കുവൈറ്റ് അടക്കം ജി സി സി രാജ്യങ്ങള്‍ ഇറാനെതിരെ കടുത്ത നിലപാടിലേക്ക്. ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുകയാണെന്നു കുവൈറ്റ്. രാജ്യത്തുള്ള ഇറാനിയന്‍ നയതന്ത്രജ്ഞര്‍ 24 മണിക്കൂറിനകം കുവൈറ്റ് വിടണമെന്ന് കുവൈറ്റ് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
◾ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരേ കൂടുതല്‍ തീരുവ ചുമത്താന്‍ അമേരിക്ക. നിര്‍ബന്ധിത തൊഴില്‍ ചൂഷണത്തിലൂടെ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ പരാജയപ്പെട്ടു എന്നാരോപിച്ചാണ് യുഎസ് നീക്കം. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 12.5 ശതമാനം വരെ അധിക ഇറക്കുമതി തീരുവ ചുമത്താനാണ് യുഎസ് ശ്രമം.
◾ ഇറാനെതിരെയുള്ള ഇസ്രായേലിന്റെ സൈനിക നടപടികള്‍ തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി താന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും നെതന്യാഹു വെളിപ്പെടുത്തി. സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
◾ ടി20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാര്‍ യാദവിനെ ബിസിസിഐ മാറ്റിയെന്നു റിപ്പോര്‍ട്ട്. ക്യാപ്റ്റന്‍സി മാത്രമല്ല, ടീമിലും സൂര്യകുമാറിനെ പരിഗണിക്കില്ലെന്നാണു ബിസിസിഐ നിലപാടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.
◾ ഫ്രഞ്ച് ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ താരം ആര്യാന സബലെങ്ക പുറത്ത്. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ റഷ്യയുടെ ഡയാന ഷ്‌നയിഡറോടാണ് ഞെട്ടിക്കുന്ന തോല്‍വി. അവസാന സെറ്റില്‍ 6-0 ന് തകര്‍ന്നടിയുകയായിരുന്നു.
◾ രൂപയുടെ മൂല്യത്തകര്‍ച്ച തടയാനും വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ത്താനുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വന്‍തോതില്‍ സ്വര്‍ണം വിറ്റഴിച്ചെന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും. മേയ് 22ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഐ 1,200 കോടി ഡോളറിന്റെ (ഏകദേശം 1 ലക്ഷം കോടി രൂപയിലധികം) സ്വര്‍ണം വിറ്റഴിച്ചെന്നായിരുന്നു ബ്ലൂംബെര്‍ഗ് ഇക്കണോമിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ഭൗതിക സ്വര്‍ണ ശേഖരം നിലവില്‍ 880.52 മെട്രിക് ടണ്ണായി തന്നെ തുടരുകയാണെന്ന് ആര്‍ബിഐ അറിയിച്ചു. മേയ് മാസത്തില്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലേക്ക് പോയപ്പോള്‍ വിദേശനാണ്യ വിപണിയില്‍ ആര്‍ബിഐ ഇടപെട്ടിരുന്നു. എന്നാല്‍ ഇതിനായി സ്വര്‍ണം വില്‍ക്കുകയല്ല, മറിച്ച് 750 കോടി ഡോളറിന്റെ വിദേശ കറന്‍സി ആസ്തികള്‍ വാങ്ങുകയാണ് ചെയ്തതെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. 2026 മാര്‍ച്ച് 31ലെ കണക്കനുസരിച്ച് ഇന്ത്യയുടെ മൊത്തം വിദേശനാണ്യ ശേഖരം 691.11 ബില്യണ്‍ ഡോളറാണ്.
◾ ജപ്പാനിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന കമ്പനിയെന്ന സ്ഥാനം ടൊയോട്ടയെ മറികടന്ന് സ്വന്തമാക്കി ടെക് നിക്ഷേപ രംഗത്തെ വമ്പന്മാരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ്. ടൊയോട്ടയ്ക്ക് 20 വര്‍ഷത്തിനുശേഷമാണ് ഒന്നാംസ്ഥാനം നഷ്ടമാകുന്നത്. മസായോഷി സണ്‍ നയിക്കുന്ന സോഫ്റ്റ്ബാങ്ക് ചാറ്റ്ജിപിടിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയില്‍ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. സോഫ്റ്റ്ബാങ്കിന്റെ വിപണി മൂല്യം ഏകദേശം 48.8 ട്രില്യണ്‍ യെന്‍ (ഏകദേശം 30500 കോടി ഡോളര്‍) ആയി ഉയര്‍ന്നു. അതേസമയം, ടൊയോട്ടയുടെ ഓഹരിമൂല്യം 4.5 ശതമാനം താഴ്ന്ന് 45.9 ട്രില്യണ്‍ യെന്‍ (ഏകദേശം 28,800 കോടി ഡോളര്‍) ആയി. ഒരു മാസം മുന്‍പാണ് സോഫ്റ്റ്ബാങ്കിന്റെ വാര്‍ഷിക അറ്റാദായം നാല് മടങ്ങ് വര്‍ധിച്ച് 30 ബില്യണ്‍ ഡോളറിലധികമായത്. ഈ വരുമാന വര്‍ധനയ്ക്കുള്ള പ്രധാന കാരണം സാം ഓള്‍ട്ട്മാന്‍ നയിക്കുന്ന ഓപ്പണ്‍എഐയിലെ സോഫ്റ്റ്ബാങ്കിന്റെ വലിയ സാമ്പത്തിക ഇടപെടലാണ്.
◾ പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രീകരണം പൂര്‍ത്തിയായി. 11 ഐക്കണ്‍സിന്റെ ബാനറില്‍ അര്‍ജുന്‍ സെല്‍വ നിര്‍മ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉള്ളൊഴുക്ക് എന്ന സിനിമക്ക് ശേഷം പാര്‍വതി തിരുവോത്തും, കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമക്ക് ശേഷം വിജയരാഘവനും, മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് ഭരതന്‍, ഉണ്ണിമായ, അസീസ് നെടുമങ്ങാട് തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെയും തമിഴിലെയും പ്രശസ്ത താരങ്ങള്‍ കൂടി അണിചേരും. ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ത്രില്ലര്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് പി. എസ്.സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേര്‍ന്നാണ്.
◾ ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ദൃഢം. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. പൊലീസ് ഉദ്യോ?ഗസ്ഥനായാണ് ചിത്രത്തില്‍ ഷെയ്നെത്തിയത്. ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രന്‍, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മാര്‍ട്ടിന്‍ ജോസഫാണ് സംവിധാനം നിര്‍വഹിച്ചത്. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജിയോ ഹോട്സ്റ്റാറിലൂടെ ജൂണ്‍ 12 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഇ ഫോര്‍ എക്സ്പെരിമെന്റ്സ്, ബെഡ് ടൈം സ്റ്റോറീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിച്ചത്.
◾ ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പ്രകാരം ഹീറോ മോട്ടോകോര്‍പ്പ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 5,36,784 യൂണിറ്റുകള്‍ വിറ്റ് 9.77 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനികളായി ടിവിഎസ് മോട്ടോര്‍ കമ്പനിയും റോയല്‍ എന്‍ഫീല്‍ഡും മാറി. 2026 മെയ് മാസത്തില്‍ 24.34 ശതമാനം വളര്‍ച്ചയോടെ 3,84,565 യൂണിറ്റുകള്‍ വിറ്റഴിച്ചു. റോയല്‍ എന്‍ഫീല്‍ഡ് 24.13 ശതമാനം വളര്‍ച്ചയുമായി ടിവിഎസിന് തൊട്ടുപിന്നാലെയുണ്ട്. കഴിഞ്ഞ വര്‍ഷം 75,820 യൂണിറ്റുകള്‍ വിറ്റഴിച്ച സ്ഥാനത്ത് നിന്ന് ഇത്തവണ 94,115 യൂണിറ്റുകളിലേക്ക് ഉയരാന്‍ കമ്പനിക്ക് സാധിച്ചു. രണ്ടാമതുള്ള ഹോണ്ട 10.15 ശതമാനം വളര്‍ച്ചയോടെ 4,59,611 യൂണിറ്റുകള്‍ വിറ്റഴിച്ചു. ബജാജ് 9.46 ശതമാനം വളര്‍ച്ച നേടിയപ്പോള്‍, സുസുക്കി തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയായ 1,10,028 യൂണിറ്റുകള്‍ കൈവരിച്ചുവെങ്കിലും വളര്‍ച്ചാ നിരക്ക് 2.09 ശതമാനമായിരുന്നു.
◾ ഇന്ത്യന്‍ ജനാധിപത്യം പതുക്കെപ്പതുക്കെ ഫാസിസത്തിന്റെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുകയാണ്. സമകാലികമായ സംഭവങ്ങളിലൂടെ അതിന്റെ വ്യത്യസ്തഭാവനകള്‍ അനാവ രണംചെയ്യുന്ന ലേഖനങ്ങളുടെ സൂചനയാണിത്. ഹിന്ദുരാഷ്ട്രവാദവും ഇസ്ലാമികരാഷ്ട്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണ് എന്നാണ് കാരശ്ശേരിയുടെ അടിസ്ഥരീാ നിലപാട്, മതേതരജനാധിപത്യത്തെ സംരക്ഷിക്കാന്‍ ജനങ്ങളും മാധ്യമങ്ങളും രാഷ്ട്രീയകക്ഷികളും പാലിക്കേണ്ട ജാഗ്രതയെ പറ്റിയാണ് ഇതിലെ ഓരോ ലേഖനവും. 'ചെകുത്താന്റെ ദൈവരാജ്യം'. എം എന്‍ കാരശ്ശേരി. എന്‍ബിഎസ്. വില 142 രൂപ.
◾ ആര്‍ത്തവരക്തം പരിശോധിച്ച് എന്‍ഡോമെട്രിയോസിസ് സാധ്യത കണ്ടെത്താമെന്ന് ഗവേഷകര്‍. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ എന്‍ഡോമെട്രിയോസിസ് സാധാരണയായി സര്‍ജറിയിലൂടെ കണ്ടെത്തുന്ന ലാപ്രോസ്‌കോപ്പി പരിശോധന കുറയ്ക്കാനാവുമെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. ആര്‍ത്തവരക്തത്തിലെ ബയോളജിക്കല്‍ മാര്‍ക്കറുകള്‍ വിശകലനം ചെയ്യുന്നതിലൂടെ എന്‍ഡോമെട്രിയോസിസ് സാധ്യത കണ്ടെത്താനാവും. എന്‍ഡോമെട്രിയോസിസ് ഇല്ലാത്ത സ്ത്രീകളുമായി താരതമ്യം ചെയ്താണ് വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നത്. എന്‍ഡോമെട്രിയോസിസ് ഉള്ളവരിലെ പ്രതിരോധ കോശങ്ങള്‍, വീക്കത്തിന്റെ സൂചന നല്‍കുന്ന ഘടകങ്ങള്‍, ജനറ്റിക് മാര്‍ക്കറുകള്‍ തുടങ്ങിയവ പരിശോധിച്ചാണ് വിലയിരുത്തലിലെത്തുന്നത്. ആര്‍ത്തവരക്തത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുക എന്നത് എളുപ്പവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായതിനാല്‍ ഈ രീതി കൂടുതല്‍ ഫലപ്രദമാകുമെന്നും ഗവേഷകര്‍ പറയുന്നുണ്ട്. സാധാരണ ആര്‍ത്തവ വേദന എന്നു കരുതി പലരും നിസ്സാരമാക്കുന്നത് ചിലപ്പോള്‍ എന്‍ഡോമെട്രിയോസിസ് വേദന ആകാം. ഈ സാഹചര്യത്തിലാണ് സര്‍ജറി സാധ്യത ഉപേക്ഷിച്ച് ആര്‍ത്തവ രക്തത്തിലൂടെയുള്ള രോഗനിര്‍ണയം പ്രസക്തി നേടുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു ദിവസം ഏറെ വിഷമത്തോടെ ഒരാള്‍ തന്റെ അടുത്ത സുഹൃത്തിനോട് പറഞ്ഞു: ''എനിക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല... എല്ലാ വഴികളും അടഞ്ഞുപോയതുപോലെയാണ്.'' സുഹൃത്ത് ഒന്നും പറഞ്ഞില്ല. പകരം അടുത്തുള്ള ഒരു ചായക്കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ട് ചായ ഓര്‍ഡര്‍ ചെയ്ത ശേഷം ഒരു ചായക്കപ്പ് കൈയിലെടുത്ത് ചോദിച്ചു: ''ഈ കപ്പ് എത്ര നേരം കൈയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും?'' ''ഒരു മണിക്കൂര്‍, രണ്ട് മണിക്കൂര്‍... പക്ഷേ ഒരുപാട് നേരം പിടിച്ചുനിന്നാല്‍ കൈ വേദനിക്കും.''ഉടന്‍ മറുപടി വന്നു. അപ്പോള്‍ സുഹൃത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു: ''ജീവിതത്തിലെ പ്രശ്‌നങ്ങളും ഇതുപോലെയാണ്. അവയെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. പരിഹാരം കണ്ടെത്തേണ്ടതുണ്ട്. പക്ഷേ അതിനെ ദിവസം മുഴുവന്‍ മനസ്സില്‍ ചുമന്നുനടന്നാല്‍, അത് നമ്മുടെ മനസ്സിനെയും ശരീരത്തെയും തളര്‍ത്തും. പ്രശ്‌നങ്ങളെ പിടിച്ചുവയ്ക്കുകയല്ല വേണ്ടത്... അവയെ നേരിടുകയാണ് വേണ്ടത്.''ആ വാക്കുകള്‍ അവന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു. കാലം കടന്നുപോയി... ഒരിക്കല്‍ അസാധ്യമായി തോന്നിയ കാര്യങ്ങള്‍ പതിയെ സാധ്യമായി. അവന്‍ കൂട്ടുകാരനോട് പറഞ്ഞു: നീ എനിക്ക് പണം തന്നില്ല...വലിയ ഉപദേശങ്ങളും തന്നില്ല... പക്ഷേ ഞാന്‍ എന്നെത്തന്നെ മറന്നുപോയപ്പോള്‍, എന്നിലുള്ള പ്രതീക്ഷ തിരികെ തന്നു.'' കൂട്ടുകാരന്‍ പറഞ്ഞു: ''അതാണ് യഥാര്‍ത്ഥ സൗഹൃദം... നിന്റെ വിജയത്തില്‍ മാത്രം കൈയടിക്കുന്നവനല്ല സുഹൃത്ത്. നീ തളരുമ്പോള്‍ നിന്റെ തോളില്‍ കൈവെച്ച്, 'നിനക്ക് കഴിയും' എന്ന് പറയുന്നവനാണ് യഥാര്‍ത്ഥ സുഹൃത്ത്.'' സന്തോഷ സമയങ്ങളില്‍ നമ്മെ ചുറ്റി പലരും ഉണ്ടാകും. പക്ഷേ കഷ്ടതയുടെ ദിവസങ്ങളില്‍ പോലും നമ്മളെ വിട്ടുപോകാതെ, പ്രതീക്ഷയുടെ ഒരു വാക്ക് പറയാന്‍ ഒരാള്‍ ഉണ്ടെങ്കില്‍... അതാണ് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. സൗഹൃദം എന്നത് കൂടെ ചിരിക്കുന്ന ഒരാളെ കണ്ടെത്തലല്ല... കരയേണ്ടി വരുമ്പോള്‍ കൈപിടിച്ച് കൂടെ നില്‍ക്കുന്ന ഒരാളെ കണ്ടെത്തലാണ് -ശുഭദിനം.
Tags:
KERALA