2026 മേയ് 27, ബുധന്‍
1201 ഇടവം 13 , ചിത്തിര
1447 ദുൽഹിജ്ജ 09
◾ കര്‍ണാടകയില്‍ സിദ്ധരാമയ്യ രാജിവച്ച് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കും. സിദ്ധരാമയ്യ നാളെ രാജിവച്ചേക്കും. മുഖ്യമന്ത്രിപദം പങ്കിടാന്‍ മുന്‍ ധാരണയുണ്ടായിരുന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവില്‍ രാജിക്കു വഴങ്ങിയ സിദ്ധരാമയ്യയെ രാജ്യസഭാംഗമാക്കും. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരാണ് ചര്‍ച്ച നടത്തിയത്. രാജ്യസഭ സീറ്റുകളെക്കുറിച്ചാണു ചര്‍ച്ചയെന്നാണ് വേണുഗോപാല്‍ പറഞ്ഞിരുന്നത്.
◾ കേരളത്തിന്റെ സ്വപ്ന പദ്ധതികള്‍ക്ക് പിന്തുണ തേടി പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നു മുഖ്യന്ത്രി വിഡി സതീശന്‍. പിഎം ശ്രീ പദ്ധതിയിലെ നിയമപ്രശ്നങ്ങള്‍ പരിശോധിക്കും. ദേശീയപാത സ്ഥലമേറ്റെടുപ്പ് തുകയില്‍ ഇളവു തേടി. കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കിഫ്ബിയുടെ ബാധ്യതകള്‍ പഠിച്ച ശേഷം കടമെടുപ്പിന്റെ കാര്യത്തില്‍ തീരുമാനം. സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ചു ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ പ്ലസ് ടു പരീക്ഷയ്ക്ക് 77.97 ശതമാനം വിജയം. മുന്‍ വര്‍ഷത്തേക്കാള്‍ 0.16 ശതമാനം കൂടുതല്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 1990 സ്‌കൂളുകളില്‍ 3,72,423 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 2,90,398 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 72.49 ശതമാനമാണ് വിജയം.
◾ കേരളത്തില്‍ അഴിമതി ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നവര്‍ക്ക് 5,000 രൂപയുടെ സമ്മാനം. അഴിമതിക്കെതിരെ വിജിലന്‍സിന്റെ മാസ് ആക്ഷന്‍ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ അഴിമതി മുക്തമാക്കാന്‍ 'പ്രോജക്ട് സീറോ' എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
◾ എല്‍ഡിഎഫ് അവസാനിച്ചെന്ന് ആരും കരുതേണ്ടെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ മതിമറന്നുള്ള സന്തോഷത്തില്‍ കാര്യമില്ലെന്നും പ്രതിപക്ഷ നേതാവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍. എന്തുകൊണ്ട് ജനം മാറ്റിനിര്‍ത്തി എന്ന കാര്യം എല്ലാവരും വിശദമായി പരിശോധിച്ച് വരികയാണ്. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾ മുനമ്പത്തെ പാവപ്പെട്ടവരെ ഇറക്കിവിടുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പുനല്‍കുന്നതായി മുഖ്യമന്ത്രി വി.ഡി സതീശന്‍. എത്രയും പെട്ടെന്ന് അവര്‍ക്ക് നികുതി അടയ്ക്കാനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയില്‍ പൂര്‍ണാവകാശം വാങ്ങിക്കൊടുക്കുമെന്നും വി.ഡി സതീശന്‍.
◾ മുനമ്പം ഭൂമി തര്‍ക്ക വിഷയം കേന്ദ്രത്തിന് മുന്നിലെത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജ്ജുവുമായി കൂടിക്കാഴ്ച നടത്തിയ രാജീവ് ചന്ദ്രശേഖര്‍ വിവാദ ഭൂമി 'ഉമീദ്' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്കുള്ള ആശങ്ക പരിഹരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടെന്നു അറിയിച്ചു.
◾ ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി തീര്‍പ്പാക്കി. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാതിരുന്ന പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.
◾ കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്ന ഇന്ദിരാ ഗാരന്റി തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് കണക്കെടുപ്പു തുടങ്ങി. വര്‍ഷത്തില്‍ എണ്ണൂറിലേറെ കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്നാണു പ്രാഥമിക വിവരം.
◾ കണ്ണൂര്‍ എസ് പി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഇരച്ചു കയറി. പോലീസ് കമ്മീഷണറുടെ വാഹനം തകര്‍ത്തു. ബാരിക്കേഡും വശത്തുണ്ടായിരുന്ന മതിലും തകര്‍ത്താണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് കയറിയത്. സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
◾ കുറേ നാളുകളായി ചിലര്‍ കഥകള്‍ ചമച്ച് തന്നെ വേട്ടയാടുകയാണെന്ന് എഐസിസി സെക്രട്ടറി ടിഎന്‍ പ്രതാപന്‍. വ്യക്തി അധിക്ഷേപത്തിനെതിരെ പ്രതാപന്‍ തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. അപമാനിച്ചും അപകീര്‍ത്തിപ്പെടുത്തിയും ഒളിയമ്പ് ചെയ്ത് ഇല്ലാതാക്കാന്‍ ശ്രമിച്ച് ആഹ്ലാദിക്കുന്നവര്‍ അതു തുടരട്ടെയെന്നും പ്രതാപന്‍ പറഞ്ഞു.
◾ ഹരിപ്പാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയില്‍ അവിവാഹിതയായ ഇരുപതുകാരി പ്രസവിച്ച നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്കിട്ടു. അര്‍ധരാത്രിയോടെ പുറത്തുവീണ പെണ്‍കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ആശുപത്രി ജീവനക്കാരാണു രക്ഷിച്ചത്. യുവതി പൂര്‍ണ ഗര്‍ഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു.
◾ സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയാദില്‍ ജയിലിലായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് തയാര്‍. രാജ്യം വിടാനുള്ള എമിഗ്രേഷന്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനകം നാട്ടിലെത്തുമെന്ന് നിയമസഹായ സമിതി വ്യക്തമാക്കി. അബ്ദുല്‍ റഹീമിന്റെ 20 വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയായിരുന്നു. മരിച്ച ബാലന്റെ കുടുംബത്തിന് പണം നല്‍കി വധശിക്ഷ ഒഴിവാക്കിയിരുന്നു.
◾ വാഹനാപകടത്തിന്റെ പേരില്‍ സര്‍വീസില്‍നിന്ന് പുറത്താക്കിയ ഡ്രൈവറെ കെഎസ്ആര്‍ടിസി തിരിച്ചെടുത്തു. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ ബിനുവിനെയാണ് കോര്‍പ്പറേഷന്‍ തിരിച്ചെടുത്തത്. ബിനു ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തിവരികയായിരുന്നു. മന്ത്രിയായിരുന്ന ഗണേഷ്‌കുമാര്‍ ഇടപെട്ടാണ് ബിനുവിനെ പിരിച്ചുവിട്ടത്.
◾ കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു. കാര്‍ത്തിക് എന്ന 21 കാരനാണ് മരിച്ചത്. തൊണ്ടയാട് റൈഫിള്‍ ക്ലബിലെ അംഗമായതിനാല്‍ ലൈസന്‍സുള്ള തോക്ക് കൈവശമുണ്ടായിരുന്നു.
◾ തമിഴ്നാട് ഗൂഡല്ലൂര്‍ പാക്കണയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളിയായ 14 കാരന്‍ മരിച്ചു. പന്തല്ലൂര്‍ സ്വദേശി മിസ്ഹബാണ് മരിച്ചത്. ടൗണില്‍ നിന്ന് വീട്ടിലേക്കു വരുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.
◾ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച കേസില്‍ ജോത്സ്യനെ കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ ചിങ്ങേലി സ്വദേശി ശരത് ബാബു(55) ആണ് പിടിയിലായത്. കുടുംബത്തിന് ഐശ്വര്യമുണ്ടാകാനെന്നു വിശ്വസിപ്പിച്ച് പതിമൂന്നും പതിനേഴും വയസുമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ വര്‍ഷങ്ങളായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.
◾ തൃശൂര്‍ പടിഞ്ഞാറേ കോട്ടയില്‍ പട്ടാപ്പകല്‍ വീട് തകര്‍ത്ത് സ്വര്‍ണ്ണവും വെള്ളിയും ഉള്‍പ്പെടെ ആറ് ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് തിരുട്ട് ഗ്രാമത്തിലെ സഹോദരങ്ങളായ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി സ്വദേശികളായ തങ്കമുത്തു, അയ്യപ്പന്‍ എന്നിവരാണ് പിടിയിലായത്.
◾ വയോധികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് നാദാപുരം വെള്ളൂര്‍ സ്വദേശി മോറത്ത് മീത്തല്‍ രജീഷി(46) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2022 നവംബറിലാണു കേസിനാസ്പദമായ സംഭവം.
◾ അനധികൃത കുടിയേറ്റത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീം കോടതി ജഡ്ജി പ്രകാശ് പ്രഭാകര്‍ നാവ്ലേക്കറാണു സമിതി അധ്യക്ഷനെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപെടുത്തി. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദുര്‍ഗാ ശങ്കര്‍ മിശ്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക വിദഗ്ധ ഡോ. ഷാമിക രവി എന്നിവരോടൊപ്പം സെന്‍സസ് കമ്മീഷണറും സമിതിയില്‍ അംഗങ്ങളായിരിക്കും.
◾ സിബിഎസ്ഇയുടെ ഒഎസ്എം പോര്‍ട്ടല്‍ പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ വ്യക്തമാക്കി. പോര്‍ട്ടലിന് സുരക്ഷാ വീഴ്ചയില്ല. പരീക്ഷയുമായി ബന്ധപ്പെട്ട ഒരു വിവരവും ചോര്‍ന്നിട്ടില്ല. എട്ട് ലക്ഷത്തിലധികം ഉത്തര പേപ്പറുകളുടെ പകര്‍പ്പുകള്‍ ഇതിനകം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
◾ വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്നു വിധി പറയും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക. ബീഹാറിലെ എസ്ഐആറിനെതിരെ നല്‍കിയ ഹര്‍ജികളാണെങ്കിലും രാജ്യമൊന്നാകെ ബാധിക്കുന്നതാകും വിധി.
◾ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് രാം റഹീം സിങ്ങിന് 8 വര്‍ഷത്തിനിടെ പതിനാറാമത്തെ പരോള്‍. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്ന ഗുര്‍മീത് റാം റഹീം സിങ്ങിന് ഇപ്പോള്‍ 30 ദിവസത്തെ പരോള്‍ ആണ് അനുവദിച്ചത്. ഇതുവരെ 3,193 ശിക്ഷാ ദിവസങ്ങളില്‍ 406 ദിവസവും ജയിലിന് പുറത്താണ് ചെലവഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
◾ പശ്ചിമ ബംഗാളിലെ പൊതുജനങ്ങള്‍ക്ക് വമ്പന്‍ ദീപാവലി, പെരുന്നാള്‍ സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സബ്‌സിഡി കാന്റീനുകളിലൂടെ അഞ്ചു രൂപയ്ക്ക് മത്സ്യം അടങ്ങുന്ന ഊണ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. കല്യാണിയില്‍ നടന്ന ഭരണതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ണായക പ്രഖ്യാപനം നടത്തിയത്.
◾ മുഖ്യമന്ത്രിമാരുടെ സുരക്ഷാ വാഹനവ്യൂഹത്തിന്റെ ഭാഗമായി അനുഗമിക്കാറുള്ള ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ വെട്ടിക്കുറച്ചുകൊണ്ട് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. വാഹനങ്ങളുടെ എണ്ണം പതിനൊന്നില്‍ നിന്ന് മൂന്നായി ചുരുക്കിയെന്ന് അദ്ദേഹം അറിയിച്ചു.
◾ ഇറാന്റെ വ്യോമാതിര്‍ത്തിയിലേക്കു കടന്ന അമേരിക്കയുടെ അത്യാധുനിക ഡ്രോണ്‍ വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാന്‍. അമേരിക്കയുടെ എംക്യു 9 റീപ്പര്‍ ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് ഇറാന്‍ വിശദമാക്കുന്നത്.
◾ ബെല്‍ജിയത്തില്‍ സ്‌കൂള്‍ ബസ്സും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ഫ്ലാന്‍ഡേഴ്സ് മേഖലയിലുള്ള ബുഗന്‍ഹൗട്ട് എന്ന സ്ഥലത്തെ ലെവല്‍ ക്രോസിങ്ങില്‍ വെച്ചാണ് അപകടം നടന്നത്.
◾ മിഡില്‍ ഈസ്റ്റിലെ അറബ് രാജ്യങ്ങള്‍ ഇനി അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് സംരക്ഷണ കവചമായി പ്രവര്‍ത്തിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്താബ ഖമേനി. വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് പുറത്തുവിട്ട സന്ദേശത്തിലാണ് ഗള്‍ഫ് മേഖലയിലും ആഗോളതലത്തിലും രൂപപ്പെടുന്ന 'പുതിയ ക്രമത്തെ' കുറിച്ച് ഖമേനി വ്യക്തമാക്കിയത്.
◾ അമേരിക്കയും ഇറാനും തമ്മില്‍ രൂപപ്പെടുന്ന സമാധാന കരാറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇസ്രായേലില്‍ ആശങ്ക സൃഷ്ടിച്ചതോടെ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചു. ഹിസ്ബുള്ളയുടെ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍, ലെബനനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
◾ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്ക ഇപ്പോഴും സന്നദ്ധമാണെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് അമേരിക്കയുടെ പ്രതികരണം.
◾ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിലെത്തി. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 92 റണ്‍സാണു ബംഗളൂരു പരാജയപ്പെടുത്തിയത്. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. 33 പന്തില്‍ പുറത്താവാതെ 93 റണ്‍സെടുത്ത രജത് പടിധാറാണ് ബംഗളൂരുവിനെ കൂറ്റന്‍ സ്‌കോറിലേക്കു നയിച്ചത്. വിരാട് കോലി, ക്രുനാല്‍ പാണ്ഡ്യ എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്താവുകയായിയുരുന്നു. അതേസമയം ഗുജറാത്തിന് ഫൈനലിലെത്താന്‍ ഒരവസരം കൂടിയുണ്ട്. ഇന്നത്തെ രാജസ്ഥാന്‍ റോയല്‍സ് - സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ജയിച്ചുവരുന്ന ടീമുമായി ഗുജറാത്ത് ഇനി 29 ന് കളിക്കും.
◾ ലോകത്തിലെ അഞ്ചാമത്തെ വലിയ ഓഹരി വിപണിയായി തായ്വാന്റെ മുന്നേറ്റം. ഇന്ത്യയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഈ കുഞ്ഞന്‍ ഏഷ്യന്‍ രാജ്യത്തിന്റെ ചരിത്രപരമായ കുതിപ്പ്. നിലവില്‍ തായ്വാന്റെ വിപണി മൂല്യം 4.95 ട്രില്യണ്‍ (4,95,000 കോടി) ഡോളറാണ്. ഇന്ത്യന്‍ വിപണിയുടെ നിലവിലെ മൂല്യം 4.92 ട്രില്യണ്‍ (4,92,000 കോടി) ഡോളറുമാകുന്നു. 77.96 ട്രില്യണ്‍ (77,96,000 കോടി) ഡോളര്‍ വിപണി മൂല്യമുള്ള യു.എസ് ആണ് ഒന്നാം സ്ഥാനത്ത്. ചൈന (15.57 ട്രില്യണ്‍ ഡോളര്‍), ജപ്പാന്‍ (8.67 ട്രില്യണ്‍ ഡോളര്‍), ഹോങ്കോംഗ് (7.26 ട്രില്യണ്‍ ഡോളര്‍) എന്നീ വിപണികളാണ് തൊട്ടുപിന്നില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടായ മുന്നേറ്റവും മുന്‍നിര ചിപ്പ് നിര്‍മ്മാണ കമ്പനിയായ ടി.എസ്.എം.സി. ഓഹരിയുടെ അസാധാരണ വളര്‍ച്ചയുമാണ് തായ്വാന് ഈ ചരിത്രനേട്ടം സമ്മാനിച്ചത്. തായ്വാന്‍ സൂചികയുടെ 42 ശതമാനവും കൈയാളുന്ന ടി.എസ്.എം.സി ഓഹരികള്‍ ഈ വര്‍ഷം മാത്രം 49 ശതമാനമാണ് കുതിച്ചുയര്‍ന്നത്.
◾ 'സ്പോയിലര്‍ മെസ്സേജ്' എന്ന പുതിയൊരു ഫീച്ചര്‍ പരീക്ഷിച്ച് വാട്സ്ആപ്പ്. ഈ ഫീച്ചര്‍ വഴി സന്ദേശങ്ങള്‍ മങ്ങിയ രീതിയില്‍ അയക്കാം. രഹസ്യസ്വഭാവമുള്ളതോ പെട്ടെന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതോ ആയ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഇത് സഹായകമാകും. അയക്കുന്ന സന്ദേശം ചാറ്റ് വിന്‍ഡോയില്‍ നേരിട്ട് കാണുന്നതിന് പകരം, സ്വീകര്‍ത്താവ് അതില്‍ ടാപ്പ് ചെയ്യുന്നത് വരെ അത് മങ്ങിയിരിക്കും. ഒ.ടി.പികള്‍, ഫോണ്‍ നമ്പറുകള്‍, സര്‍പ്രൈസ് വിവരങ്ങള്‍ തുടങ്ങിയവ പങ്കുവെക്കുമ്പോള്‍ ഈ സംവിധാനം ഗുണകരമാകും. മെസ്സേജ് കമ്പോസറില്‍ സന്ദേശം ടൈപ്പ് ചെയ്ത ശേഷം അത് സെലക്ട് ചെയ്യുക. തുടര്‍ന്ന് കാണുന്ന 'ത്രീ-ഡോട്ട്' മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ബോള്‍ഡ്, ഇറ്റാലിക് തുടങ്ങിയ ഫോര്‍മാറ്റിങ്ങള്‍ക്കൊപ്പം 'സ്പോയിലര്‍' എന്നൊരു ഓപ്ഷന്‍ കൂടി ലഭ്യമാകും. ഇത് സെലക്ട് ചെയ്ത് അയക്കുന്ന സന്ദേശം ബ്ലര്‍ ആയിരിക്കും. ഈ ഫീച്ചര്‍ വ്യക്തിഗത ചാറ്റുകളില്‍ മാത്രമല്ല, ഗ്രൂപ്പ് ചാറ്റുകളിലും ലഭ്യമാകുമെന്നാണ് സൂചന. നിലവില്‍ ടെക്സ്റ്റ് മെസ്സേജുകളില്‍ മാത്രമാണ് പരീക്ഷണം നടക്കുന്നത്.
◾ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' സിനിമയിലെ 'ബ്ലഡ് ഓണ്‍ ടസ്‌ക്' എന്ന ഗാനം പുറത്ത്. രവി ബസ്രൂറിന്റെ സംഗീതത്തില്‍ എത്തിയിരിക്കുന്ന ഈ ഗാനം ആവേശം വാനോളമുയര്‍ത്തുന്ന ദൃശ്യങ്ങളും രവി ബസ്രൂറിന്റെ ഇലക്ട്രിഫൈയിംഗ് സംഗീതവുമായി ഏവരേയും ത്രസിപ്പിക്കുന്നതാണ്. സിനിമയിലെ വന്യമായ പോരാട്ടവീര്യവും വൈകാരിക തീക്ഷ്ണതയും ഒപ്പിയെടുക്കുന്നുണ്ട് ഗാനം. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവര്‍ അണിനിരക്കുന്ന ഗാനരംഗങ്ങള്‍ ചിത്രത്തിന്റെ ആക്ഷന്‍ പാക്ക്ഡ് അന്തരീക്ഷത്തെ മനോഹരമായി വരച്ചുകാട്ടുന്നതാണ്. സന്തോഷ് വെങ്കിയും ഐറ ഉഡുപ്പിയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് ഇംഗ്ലീഷ് റാപ്പും വരികളും ഒരുക്കിയിരിക്കുന്നത് രോഹിത് സിദ്ധപ്പയാണ്. മെയ് 28 നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.
◾ മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍ ഹൊറര്‍ കോമഡി ചിത്രമായ 'കറക്കം' ട്രെയിലര്‍ പുറത്തിറക്കി മമ്മൂട്ടി കമ്പനി. ഒരു കൂട്ടം യുവാക്കളുടെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന റെട്രോ ആത്മാക്കളും തുടര്‍ന്നുണ്ടാകുന്ന വിചിത്രവും രസകരവുമായ സംഭവങ്ങളുമാണ് കഥയുടെ പശ്ചാത്തലം. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്ജ്, ഷൗണ്‍ റോമി, സിദ്ധാര്‍ത്ഥ് ഭരതന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടി.ജെ. എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് സംവിധാനം. ധനുഷ് വര്‍ഗീസിന്റെ കഥയെ ആസ്പദമാക്കി നിപിന്‍ നാരായണന്‍, സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍, അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് സാം സി. എസ്. ആണ്. മെയ് 28-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.
◾ പുതിയ എസ്യുവിയായ എംജി മജസ്റ്ററിന്റെ ഉത്പാദനം ഔദ്യോഗികമായി ആരംഭിച്ച് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും. ഓഫ്-റോഡിംഗിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് എംജി മജസ്റ്റര്‍. ട്രിപ്പിള്‍ ഡിഫറന്‍ഷ്യല്‍ ലോക്ക്, ക്രാള്‍ കണ്‍ട്രോള്‍, 810 എംഎം വരെ വെള്ളം കടത്തിവിടാനുള്ള കഴിവ് തുടങ്ങിയ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എഞ്ചിനാണ് ഈ എസ്യുവിയുടെ കരുത്ത്. ഇത് 215.5 എച്പി പവറും 478.5 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഫോര്‍-വീല്‍ ഡ്രൈവ് സിസ്റ്റവും പത്ത് ഓഫ്-റോഡ് മോഡുകളും ഇതിലുണ്ട്. '5 5 5' ഉടമസ്ഥതാ പാക്കേജോടെയാണ് എംജി ഈ എസ്യുവി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറന്റി, അഞ്ച് വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, അഞ്ച് സൗജന്യ സേവനങ്ങള്‍ ഈ പാക്കേജില്‍ ഉള്‍പ്പെടുന്നു. 41,000 രൂപ ബുക്കിംഗ് തുകയ്ക്ക് ഉപഭോക്തൃ പ്രീ-ബുക്കിംഗുകള്‍ ആരംഭിച്ചു.
◾ 'വാതില്‍ തുറക്കൂ മാലാഖേ വെളുത്തു മിന്നും മാലാഖേ പാലടയേക്കാം പാലു തരാം വാതില്‍ തുറക്കൂ മാലാഖേ...'' ഇതു കേട്ട് കൊച്ചുമാലാഖ സന്തോഷത്തോടെ വാതില്‍ തുറന്നു. ചന്ദനപ്പാവുണ്ണി കൊച്ചുമാലാഖയ്ക്ക് വയറുനിറയെ പാലും പാലടയും കൊടുത്തു. ചന്ദനപ്പാവുണ്ണി വരുന്നതും പാട്ടുപാടി കൊച്ചുമാലാഖയെ വിളിക്കുന്നതും പാലും പാലടയും കൊടുത്തു സന്തോഷിപ്പിക്കുന്നതും കുറ്റിക്കാട്ടില്‍ പതുങ്ങിയിരുന്ന തട്ടിപ്പുകാരന്‍ കുട്ടന്‍ കുറുനരി കാണുന്നുണ്ടായിരുന്നു. ചന്ദനപ്പാവുണ്ണി പോയപ്പോള്‍ തട്ടിപ്പുകാരന്‍ കുട്ടന്‍ കുറുനരി പമ്മിപ്പമ്മി കൊച്ചുമാലാഖയുടെ പൂങ്കുടിലിനടുത്തേക്കു യാത്രയായി. കുട്ടികളെ രസിപ്പിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്യുന്ന കുട്ടി ക്കഥകളുടെ സമാഹാരം. 'ചന്ദനപ്പാവ'. സിപ്പി പള്ളിപ്പുറം. എന്‍ബിഎസ്. വില 90 രൂപ.
◾ പടികയറുമ്പോള്‍ നെഞ്ചില്‍ ഒരു പിടിത്തമോ, തലചുറ്റലോ, അമിത ക്ഷീണമോ ഉണ്ടാകുന്നത് ഹൃദയസമ്പന്ധമായ ആരോഗ്യത്തെ കുറിച്ച് ശരീരം നല്‍കുന്ന മുന്നറിയിപ്പാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പടികള്‍ കയറുക പോലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഓക്സിജന്‍ ആവശ്യമായി വരാം. അതുകൊണ്ട് തന്നെ ഹൃദയവും ശ്വാസകോശവും കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതായി വരും. എന്നാല്‍ ഹൃദയത്തിന് രക്തം ശരിയായി പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടായാല്‍ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരും. അതാണ് ശ്വാസംമുട്ടലായി അനുഭവപ്പെടുന്നത്. ഹൃദയത്തിലേക്കുള്ള ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ അവ ചുരുങ്ങുകയും ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താത്ത സാഹചര്യം ഉണ്ടാവുകയും വരുന്നു. ഇതുമൂലം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവ ഉണ്ടാകാം. ഹൃദയം ശരിയായി രക്തം പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഹൃദയസ്തഭനം അഥവാ ഹാര്‍ട്ട് ഫെയ്ലിയര്‍. പടികള്‍ കയറുമ്പോള്‍ ശ്വാസംമുട്ടല്‍, കാലുകളില്‍ വീക്കം, രാത്രി കിടക്കുമ്പോള്‍ ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. സമ്മര്‍ദത്തെ തുടര്‍ന്ന് ഹൃദയമിടിപ്പ് കൂടുകയോ ക്രമരഹിതമോ ആകുമ്പോള്‍ ശരീരത്തില്‍ രക്തയോട്ടം കുറയാം. ഇതും ശ്വാസതടസത്തിലേക്ക് നയിക്കാം. ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചില ജീവിതശൈലി മാറ്റങ്ങള്‍ ആവശ്യമാണ്. ഹൃദയം കാക്കാന്‍ ദിവസവും 30 മിനിറ്റ് നടക്കാം. രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്‌ട്രോള്‍ എന്നിവ ഇടയ്ക്കിടെ പരിശോധിക്കുന്നത് ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ സ്വദേശിയാണ് അരുണിമ. അരുണിമക്ക് 3 വയസ്സുളളപ്പോഴാണ് സൈനികനായ അച്ഛന്‍ മരിക്കുന്നത്. പിന്നീട് അമ്മയായിരുന്നു അരുണിമയുടേയും സഹോദരങ്ങളുടേയും അത്താണി. സ്പോര്‍ട്സില്‍ തല്‍പരയായ അരുണിമ പടിപടിയായി ദേശീയ ഫുട്‌ബോള്‍ താരം വരെയായി. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ ഒരു ജോലിക്ക് അപേക്ഷിച്ച അരുണിമ ജനനതിയതി സംബന്ധിച്ച ഒരു തെറ്റ് തിരുത്താന്‍ ഡല്‍ഹിയിലേക്ക് ട്രെയിനില്‍ പോയി. ആ ട്രെയിനില്‍ വെച്ച് കൊളളക്കാര്‍ അവളെ ആക്രമിച്ചു. സ്വര്‍ണ്ണം കൈക്കലാക്കാനായിരുന്നു ശ്രമം. എതിര്‍ത്ത അവളെ അവര്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ടു. റെയില്‍പാളത്തിലേക്ക് വീണ അവളുടെ കാലിലൂടെ മറ്റൊരു ട്രെയിന്‍ കടന്നുപോയി. ഒരു രാത്രിമുഴുവന്‍ ആ പെണ്‍കുട്ടി അവിടെ കിടന്നു. നേരം പുലര്‍ന്നപ്പോഴാണ് രക്ഷാപ്രവര്‍ത്തകര്‍ അവളെ കണ്ടെത്തി ആശുപത്രിയിലാക്കിയത്. അവളുടെ ഇടതുകാല്‍മുട്ടിന് താഴെ വെച്ച് നീക്കേണ്ടിവന്നു. ഗുരുതരമായി പരിക്കേറ്റ വലതുകാലിന് കമ്പിയിടേണ്ടിവന്നു. ചലനാത്മകമായിരുന്ന അവളുടെ ജീവിതം പെട്ടെന്ന് നിശ്ചലമായി. ആളുകള്‍ സഹതാപത്തോടെ നോക്കുന്നതിനെ അവള്‍ ഇഷ്ടപ്പെട്ടില്ല. ഈ നോട്ടം അവസാനിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ അവള്‍ തീരുമാനിച്ചു. കൃത്രിമക്കാല്‍ വെച്ച് നടക്കാന്‍ തുടങ്ങി. ആ കാലുമായി മലകയറ്റം പഠിച്ചു. രണ്ടുവര്‍ഷത്തെ പര്‍വ്വതാരോഹണ പരിശീലനം അവളുടെ കാലുകള്‍ക്ക് അസാധാരണ കരുത്ത് നല്‍കി. 2013 ല്‍ അരുണിമ എവറസ്റ്റ് കൊടുമുടി കീഴടക്കി. കാല്‍മുറിച്ച ഒരു സ്ത്രീ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുന്നത് ആദ്യമായായിരുന്നു. അതോടെ അവള്‍ക്ക് സ്വന്തം കാലില്‍ കൂടുതല്‍ വിശ്വാസമായി. ആ കാലുമായി ഏഴ് ഭൂഖണ്ഡങ്ങളിലുമുളള ഏറ്റവും ഉയരമുളള കൊടുമുടികള്‍ അവര്‍ കീഴടക്കി. പിന്നീട് ഭിന്നശേഷിക്കാര്‍ക്കായി കായിക പരിശീലന കേന്ദ്രവും കൃത്രിമാവയവ കേന്ദ്രവും തുടങ്ങി. നിസ്സഹായതയില്‍ സ്വയം തളച്ചിടുന്നവര്‍ക്ക് അവള്‍ ആവേശവും പിന്തുണയുമായി മാറി. ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യന്‍ വനിത ബചേന്ദ്രിപാലിനോട് എവറസ്റ്റ് കയറാനുളള ആഗ്രഹം അരുണിമ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അരുണിമ, ഇതൊരു വലിയ തീരുമാനമാണ്.. നിന്റെ ഉളളിലെ എവറസ്റ്റ് നീ കീഴടക്കി കഴി്ഞ്ഞിരിക്കുന്നു. വിധിയെ പഴിച്ചു ജീവിക്കുന്നതിന് പകരം വിധിയെ തോല്‍പ്പിക്കാന്‍ ശ്രമിക്കാം. നിസ്സഹായത എന്നവാക്ക് മനസ്സില്‍ നിന്നും വെട്ടിനീക്കാം. ഉള്ളിലുളള എവറസ്റ്റുകള്‍ കീഴടക്കികഴിഞ്ഞാല്‍ പുറത്തുളളതെല്ലാം എത്ര നിസ്സാരമാണ്... അല്ലേ... - ശുഭദിനം.
Tags:
KERALA