2026 മേയ് 27, ബുധന്‍
1201 ഇടവം 13 , ചിത്തിര
◾ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്തു മൊഴിയെടുത്തു. പിണറായി വിജയന്റെ കണ്ണൂരിലെ സ്വന്തം വീട്ടിലും തിരുവനന്തപുരത്തെ വാടക വീട്ടിലും മരുമകന്‍ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടുളിയിലെ വീട്ടിലും മാസപ്പടി നല്‍കിയ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ ഓഫീസിലും എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം പന്ത്രണ്ട് ഇങ്ങളിലാണ് പരിശോധന. സംസ്ഥാന പോലീസില്‍ അറിയിക്കാതെ കേന്ദ്ര സേനയുമായി എത്തിയുള്ള റെയ്ഡ് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു.
◾ രാവിലെ ആറയ്ക്ക് ആരംഭിച്ച പരിശോധനകളില്‍ പുതുതായി ഒന്നും ലഭിച്ചില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍. അറസ്റ്റു ചെയ്യാനല്ല, രേഖകള്‍ കണ്ടെത്താനാണു പരിശോധിച്ചതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍. കേസില്‍ അന്വേഷണവും നടപടികളും തുടരാമെന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
◾ തിരുവനന്തപുരത്ത് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരുടെ ടാക്‌സി കാറുകള്‍ക്കുനേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം. ഇഷ്ടിക കുപ്പി തുടങ്ങിയവ എറിഞ്ഞ് വാഹനങ്ങളുടെ ചില്ല് പ്രവര്‍ത്തകര്‍ തകര്‍ത്തു.
◾ പരിശോധന പൂര്‍ത്തിയാക്കി പുറത്തുവന്ന എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞും കൂക്കിവിളിച്ചും സിപിഎം പ്രവര്‍ത്തകര്‍. ഉദ്യോഗസ്ഥരെ സുരക്ഷിതരായി പുറത്തെത്തിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നേതാക്കളുമായി ചര്‍ച്ച നടത്തി.
◾ പിണറായി വിജയന്റെ തിരുവനന്തപുരത്തേയും കണ്ണൂരിലേയും വീടുകള്‍ക്കുമുന്നില്‍ വഴിയടച്ച് സിപിഎം പ്രവര്‍ത്തകരുടെ കുത്തിയിരിപ്പു സമരം. റെയ്ഡില്‍ പ്രതിഷേധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സിപിഎം മാര്‍ച്ച്. ജനറല്‍സെക്രട്ടറി എം എ ബേബി യുടെ നേതൃത്വത്തിലാണു മാര്‍ച്ച്. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം. പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ണൂരില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി പൊലീസുമായി ഉന്തും തള്ളുമുണ്ടായി.
◾ ഇഡി റെയ്ഡ് നടത്തുന്ന പിണറായി വിജയന്റെ വീടിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച് മുതിര്‍ന്ന സിപിഎം നേതാക്കള്‍. കെ കെ ജയചന്ദ്രന്‍, മുന്‍ മന്ത്രി വി ശിവന്‍ കുട്ടി, വി ജോയ് എംഎല്‍എ, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ തിരുവനന്തപുരത്തും എം വി ജയരാജന്‍, പി ജയരാജന്‍, കെ കെ രാജേഷ് തുടങ്ങിയവര്‍ കണ്ണൂരിലും നേതൃത്വം നല്‍കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി വിഡി സതീശനും എതിരേ മുദ്രാവാക്യം മുഴക്കിയാണു പ്രതിഷേധം.
◾ തിരുവനന്തപുരത്തു സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പിണറായിയുടെ വീട്ടിലേക്ക് തള്ളികയറാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസിന്റെ ഹെല്‍മെറ്റ് പ്രവര്‍ത്തകര്‍ ഊരി കേന്ദ്രസേനയ്ക്കു നേരെ എറിഞ്ഞു. വീടിനുള്ളിലേക്ക് കുപ്പികളും കല്ലും എറിഞ്ഞു. സുരക്ഷ ഭേദിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി. പിന്നീട് മുതര്‍ന്ന നേതാക്കളായ വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ അനുനയിപ്പിച്ചു.
◾ ഒരു സേവനവും നല്‍കാതെ മാസപ്പടി കൈപ്പറ്റിയവര്‍ അധികാരത്തിലിരിക്കുമ്പോഴാണ് പിണറായി വിജയനെതിരേ റെയ്ഡ് നടത്തുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. രാഷ്ട്രീയമായി എതിരായിട്ടുള്ള ഹീനമായ ആക്രമണമാണിതെന്നും ബേബി.
◾ വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിനു മുന്നില്‍ കുമ്പിടില്ലെന്നു മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. മാസപ്പടി, കള്ളപ്പണം കേസുകളില്‍ ഇഡി റെയ്ഡ് തുടരുന്നതിനിടെ ഫേസ്ബുക്കിലൂടെയാണ് ഈ വിമര്‍ശനം. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് കുറിച്ചു.
◾ മതനിരപേക്ഷതയ്ക്കുവേണ്ടി ജീവന്‍പോയാലും പോരാടുമെന്ന് മുഹമ്മദ് റിയാസ്. റെയ്ഡ് പൂര്‍ത്തിയാക്കിയശേഷമാണ് പ്രതികരണം. മന്ത്രിസ്ഥാനം അടക്കമുള്ള അധികാരത്തിനുവേണ്ടിയല്ല സിപിഎമ്മില്‍ പ്രവര്‍ത്തനം ആരംഭിച്ചതെന്നും റിയാസ് പറഞ്ഞു.
◾ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെയും വീടുകളിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുര്‍ബലപ്പെടുത്താനാകില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾ പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന ഇഡി റെയ്ഡുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ലഭിച്ചില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനവുമായി റെയ്ഡിനെ കൂട്ടിക്കുഴയ്ക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഡി റെയ്ഡിനെതിരേ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതുമുതല്‍ നശിപ്പിക്കാനാണെന്നും മന്ത്രി കെ മുരളീധരന്‍ ആരോപിച്ചു.
◾ മാസപ്പടി കേസ് മാത്രമല്ല, പിണറായിയുടെ വീട്ടിലെ റെയ്ഡ് കേരളം ഞെട്ടുന്ന കേസുകളിലേക്ക് എത്തുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ഇഡിയുടെ പരിശോധന. സിപിഎമ്മിന്റെ തായ് വേര് മുറിക്കുന്ന വിവരങ്ങളുമായാകും എന്‍ഫോഴ്സ്മെന്റ് പുറത്തുവരികയെന്നും മാത്യു കുഴല്‍നാടന്‍.
◾ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷനാണു റെയ്ഡെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജന്‍. പാര്‍ട്ടിക്ക് അകത്തും പുറത്തും കലാപമുണ്ടാക്കാനുള്ള ഗൂഢനീക്കമെന്ന് ഇപി ജയരാജന്‍. വളഞ്ഞിട്ട് ആക്രമിക്കാനാണ് ഭാവമെങ്കില്‍ ജീവന്‍ കൊടുത്തും സംരക്ഷിക്കുമെന്നാണ് കെ യു ജനീഷ് കുമാര്‍ എംഎല്‍എ പങ്കുവച്ച പോസ്റ്റ്. മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു, ഇന്ന് പിണറായിയുടെ വീട്ടില്‍ ഇഡി റെയ്ഡ് എന്നാണ് ബിനീഷ് കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചത്.
◾ റെയ്ഡ് കോണ്‍ഗ്രസ് ബിജെപി ഡീലെന്ന് സിപിഎം നേതാവ് എംബി രാജേഷ്. പിണറായി വിജയനെ ടാര്‍ഗറ്റ് ചെയ്യുകയാണെന്ന് കെഎന്‍ ബാലഗോപാല്‍ എംഎല്‍എയും പ്രതികരിച്ചു. രാഷ്ട്രീയ വേട്ടയാടലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. റെയ്ഡ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ജോസ് കെ മാണി. റിയാസിന്റെ വീട് റെയ്ഡ് ചെയ്യേണ്ട കാര്യമെന്താണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ്.
◾ പ്രവാസികള്‍ക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക് എന്ന പരിഹാസ പോസ്റ്റുമായി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്.
◾ ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ എന്നു പിണറായി വിജയനെതിരേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരിഹാസം. കയ്യില്‍ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രവുമായാണ് രാഹുലിന്റെ പരിഹാസം.
◾ ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കേസ് ഡയറി തിരുത്തലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കും. മര്‍ദ്ദന കേസ് അന്വേഷിച്ചിരുന്ന ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തുക.
◾ നിയമസഭയിലെ എന്‍ഡിഎ നിയമസഭാ കക്ഷി നേതാവായി ചാത്തന്നൂര്‍ എംഎല്‍എ ബി.ബി.ഗോപകുമാറിനെ തിരഞ്ഞെടുത്തു.
◾ ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് സിംഗപ്പൂരില്‍ ആറു മാസം തടവുശിക്ഷ. ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനും കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ. ഉടന്‍ സിങ്കപ്പൂരിലെ കോടതിയില്‍ കീഴടങ്ങാന്‍ ഉത്തരവിട്ടതിനൊപ്പം 90,000 സിംഗപ്പൂര്‍ ഡോളര്‍ കോടതിയില്‍ അടയ്ക്കണമെന്നുമാണു വിധി.
◾ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് കോടികള്‍ വിലയുള്ള അമൂല്യവസ്തുക്കള്‍ കാണാതായി. ക്ഷേത്രത്തിലെ 78 ഗ്രാം സ്വര്‍ണ്ണക്കട്ടികളും നാണയങ്ങളും കാണാതായി. അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയ സ്വര്‍ണ്ണ വിളക്കും കാണാതായി. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചു. 'വൈര നമ' എന്ന ആഭരണം ആറു മാസമായി കാണാനില്ല.
◾ കൊല്ലം നഗരത്തില്‍ ലോട്ടറി വില്‍പനക്കാരനെ കൊലപ്പെടുത്തി. മുണ്ടയ്ക്കല്‍ വെസ്റ്റ് ഊരമ്പള്ളിയില്‍ പത്മ വിലാസത്തില്‍ രാജേന്ദ്രന്‍(65) ആണ് കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
◾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടി ശരിവച്ച് സുപ്രീംകോടതി. എസ്‌ഐആര്‍ നടപടി കൃത്യവും സമഗ്രവുമായ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനുള്ള പ്രധാന ചുവടുവയ്പാണെന്നു കോടതി നിരീക്ഷിച്ചു. ഈ നടപടി ഭരണഘടനാ വ്യവസ്ഥകളെ ലംഘിക്കുന്നില്ല. വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നത് ഒരാളുടെ പൗരത്വം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്നും കോടതി വ്യക്തമാക്കി.
◾ ഡികെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയാകും. ഈയാഴ്ച സിദ്ധരാമയ്യ രാജി നല്‍കും. സതീശ് ജര്‍ക്കിഹോളി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകും. അതേസമയം, സിദ്ധരാമയ്യയുടെ മകനെ മന്ത്രിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ഇന്ധന വിലക്കയറ്റംമൂലം എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകളും വെട്ടിക്കുറയ്ക്കുന്നു. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് നിയന്ത്രണം. നേരത്തെ അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിക്കുറച്ചിരുന്നു.
◾ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 50 എംഎല്‍എമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാന്‍ തയ്യാറെന്ന് ബിജെപി എംപി സൗമിത്ര ഖാന്‍. കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചാല്‍ പാര്‍ട്ടി മാറാന്‍ ഇവര്‍ തയ്യാറെന്നും അദ്ദേഹം അവകാശപ്പെട്ടു. അഭിഷേക് ബാനര്‍ജിയെ 'പാപി' എന്ന് വിശേഷിപ്പിച്ച ബിജെപി എംപി, പാപികള്‍ക്ക് ശിക്ഷ ഉടന്‍ ലഭിക്കുമെന്നും ജയിലില്‍ പോകേണ്ടി വരുമെന്നും പറഞ്ഞു.
◾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡുകളില്‍ പ്രതിഷേധിച്ചാണ് ഈ പ്രതികരണം.
◾ ഉഗാണ്ടയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ 28 കാരിയെ എബോള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലില്‍ ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.
◾ ആയിരം കോടി രൂപ വിലവരുന്ന കൊക്കെയ്നുമായി പാകിസ്ഥാന്‍ ബന്ധമുള്ള കപ്പല്‍ ഗുജറാത്ത് തീരത്ത് പിടിയില്‍. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സേനയും ചേര്‍ന്നാണ് നൂറ് കിലോഗ്രാമിലധികം വരുന്ന ഈ വന്‍ മയക്കുമരുന്നു ശേഖരം പിടിച്ചെടുത്തത്.
◾ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളും ഹമാസ് സൈനിക മേധാവിയുമായ മുഹമ്മദ് ഔദയെ ഇസ്രയേല്‍ വധിച്ചു. ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാളെ വധിച്ചത്. ഹമാസ് സൈനിക വിഭാഗമായ അല്‍-ഖസാം ബ്രിഗേഡ്‌സിന്റെ തലവനായിരുന്ന ഇസ്സുദ്ദീന്‍ അല്‍-ഹദ്ദാദിനെ ഇസ്രയേല്‍ വധിച്ചതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഔദയെ ഹമാസ് സൈനിക മേധാവിയാക്കിയത്.
◾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം പാക്കിസ്ഥാന്‍ തള്ളി. ഇറാനുമായുള്ള ഭാവി സമാധാന കരാറുകളുടെ നിര്‍ബന്ധിത ഭാഗമായി ഇസ്രായേല്‍ ഉള്‍പ്പെടുന്ന വിശാലമായ ഈ സഖ്യത്തെ മാറ്റണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്.
◾ അമേരിക്കയില്‍ പാക്കേജിങ് കമ്പനിയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. എട്ടുപേരെ കാണാതായി. വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ലോംഗ് വ്യൂവിലുള്ള 'നിപ്പോണ്‍ ഡൈനാവേവ് പാക്കേജിംഗ്' കമ്പനിയിലാണ് സ്ഫോടനമുണ്ടായത്.
◾ 165 രാജ്യങ്ങളില്‍ നിന്നായി 18 ലക്ഷത്തോളം തീര്‍ഥാടകര്‍ പങ്കെടുത്ത ഹജ്ജ് കര്‍മത്തിലെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം പ്രാര്‍ത്ഥനാ നിര്‍ഭരമായി സമാപിച്ചു. കത്തുന്ന ചൂടിലും പ്രാര്‍ത്ഥനയുമായി എത്തിയ വിശ്വാസികള്‍ക്ക് ഇത് ആത്മീയ ശുദ്ധീകരണത്തിനുള്ള അവസരമായി മാറി.
◾ ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ന്യൂ ചണ്ഡിഗഡില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
◾ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളുമായി ശ്രീലങ്കന്‍ കേന്ദ്രബാങ്ക്. ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് മുഖ്യ പലിശനിരക്കായ ഓവര്‍നൈറ്റ് പോളിസി റേറ്റ് ഒറ്റയടിക്ക് 100 ബേസിസ് പോയിന്റ് (1 ശതമാനം) വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്തെ പലിശനിരക്ക് 7.75 ശതമാനത്തില്‍ നിന്നും 8.75 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പണപ്പെരുപ്പം നിയന്ത്രിക്കാനും മൂല്യം ഇടിയുന്ന ശ്രീലങ്കന്‍ രൂപയെ താങ്ങിനിര്‍ത്താനുമാണ് ഈ അടിയന്തര നീക്കം. രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പം മാര്‍ച്ചിലെ 2.2 ശതമാനത്തില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ 5.4 ശതമാനമായി കുതിച്ചുയര്‍ന്നു. മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം, മാര്‍ച്ച് അവസാന വാരത്തെ അപേക്ഷിച്ച് ശ്രീലങ്കന്‍ രൂപയുടെ മൂല്യത്തില്‍ 8.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിദേശ നാണയ ശേഖരത്തില്‍ 3.8 ശതമാനത്തിന്റെ കുറവുണ്ടാവുകയും, ഇത് 6.7 ബില്യണ്‍ ഡോളറായി താഴുകയും ചെയ്തു.
◾ തുറക്കുമ്പോള്‍ ഹാങ് ആകുന്നതിന് പരിഹാര നിര്‍ദ്ദേശങ്ങളുമായി വാട്‌സ്ആപ്പ്. ആദ്യം പ്ലേ സ്റ്റോറില്‍ കയറുക. ഏറ്റവും മുകളില്‍ കാണുന്ന സെര്‍ച്ച് ഓപ്ഷനില്‍ വാട്‌സ്ആപ്പ് എന്ന് ടൈപ്പ് ചെയ്യുക, വാട്‌സ്ആപ്പിന് നേരെ അപ്‌ഡേറ്റ് എന്ന ഒപ്ഷനുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുക. പിന്നീട് വാട്ആപ്പ് തുറക്കുക, ഏത് ഗ്രൂപ്പില്‍ നിന്നാണോ കൂടുതല്‍ സന്ദേശങ്ങള്‍ സ്വീകരിച്ചത് എന്ന് മനസിലാക്കി, ആ ഗ്രൂപ്പ് തുറന്ന് മുകളില്‍ വലതുവശത്തായി കാണുന്ന ത്രി ഡോട്‌സില്‍ ക്ലിക്ക് ചെയ്യുക. അവിടെ മീഡിയ എന്ന വിഭാഗത്തില്‍ മീഡിയ ഫയലുകളും ഡോക് ഫയലുകളും ലിങ്കുകളും കാണാം. ഇവ സെലക്ട് ചെയല്ത് ഡിലീറ്റ് ചെയ്യാം. അല്ലെങ്കില്‍ ത്രി ഡോട്‌സില്‍ സെറ്റിങ്‌സ് എന്ന ഒപ്ഷനുണ്ടാകും, സെറ്റിങ്‌സില്‍ ക്ലിക്ക് ചെയ്താല്‍ സ്റ്റോറേജ് ആന്‍ഡ് ഡാറ്റ എന്ന ഒപ്ഷന്‍ കാണാന്‍ സാധിക്കും. ഇതില്‍ നിന്ന് മാനേജ് സ്റ്റോറേജ് സെലക്ട് ചെയ്ത് അവ ഡിലീറ്റ് ചെയ്യുക. പ്രിവ്യു ആന്‍ഡ് ഡിലീറ്റ് സെലക്ട് ചെയ്ത് ആശ്യമില്ലാത്ത ഫയലുകള്‍ തെരഞ്ഞെടുഞ്ഞ് ഡിലീറ്റ് ചെയ്യാം. അല്ലെങ്കില്‍ സെലക്ട് ഓള്‍ തെരഞ്ഞെടുത്ത് എല്ലാ ഫയലുകളും ഒരുമിച്ച് ഡിലീറ്റ് ചെല്ലാം. ഇനി ത്രി ഡോട്‌സ് സെലക്ട് ചെയ്ത് പുതിയ സന്ദേശങ്ങളോ, പഴയ സന്ദേശങ്ങളോ, അല്ലെങ്കില്‍ ലാര്‍ജര്‍ സൈസ് ഫയലുകളോ, എന്നിവയില്‍ ഏതെങ്കിലും ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഡിലീറ്റ് ചെയ്യാം.
◾ അനുപമ പരമേശ്വരന്‍ പ്രധാന വേഷത്തിലെത്തുന്ന മിസ്റ്ററി ത്രില്ലര്‍ 'മരീചിക' ട്രെയിലര്‍ എത്തി. വിരാജ് അശ്വിന്‍, റെജീന കസാന്‍ഡ്ര എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇളയരാജ സംഗീതം പകര്‍ന്നിരിക്കുന്ന ചിത്രം ഒരു യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. സതീഷ് കസെട്ടിയാണ് സംവിധാനം. ഛായാഗ്രഹണം അരവിന്ദ്. എഡിറ്റിങ് ജുനൈദ്. ചിത്രം മേയ് 29ന് തിയറ്ററുകളിലെത്തും.
◾ സമാന്ത ആക്ഷന്‍ നായികയായി എത്തുന്ന തെലുങ്ക് ചിത്രം 'മാ ഇന്‍ടി ബങ്കാരം' ട്രെയിലറെത്തി. ബി.വി. നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരേ സമയം ബഹുമാനവും അടക്കവും ഒതുക്കവുമുള്ള, നിഷ്‌കളങ്കയായ നവ വധുവായും, ധൈര്യശാലിയായ ആക്ഷന്‍ ഹീറോയിന്‍ ആയും സമാന്ത എത്തുന്നു. ചിത്രത്തിന്റെ സൃഷ്ടാവ് സംവിധായകനും എഴുത്തുകാരനും സമാന്ത റുത്ത് പ്രഭുവിന്റെ ഭര്‍ത്താവുമായ രാജ് നിഡിമോരുവാണ്. സമാന്തയുടെ ട്രലാല മൂവിങ് പിക്ചറാണ് ചിത്രം നിര്‍മിക്കുന്നത്. ഓം പ്രകാശ് ആണ് ഛായാഗ്രഹണം. സംഗീതം സന്തോഷ് ശിവന്‍. ചിത്രം ജൂണ്‍ 19ന് തിയറ്ററുകളിലെത്തും.
◾ 2026 ഏപ്രിലില്‍, യമഹ റെയ്സെഡ്ആര്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറി. മൊത്തം 17,298 യൂണിറ്റ് സ്‌കൂട്ടറുകളുടെ വില്‍പ്പന രേഖപ്പെടുത്തി, വാര്‍ഷിക വളര്‍ച്ച 22% ആയിരുന്നു. എഫ്ഇസെഡ് ആണ് ഈ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്ത്. മൊത്തം 15,729 യൂണിറ്റ് ബൈക്കുകള്‍ വിറ്റഴിച്ചു, 17 ശതമാനം വാര്‍ഷിക വളര്‍ച്ച. ഫാസിനോ മൂന്നാം സ്ഥാനത്താണ്. മൊത്തം 10,430 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു, 84 ശതമാനം വാര്‍ഷിക വളര്‍ച്ച. സ്‌പോര്‍ട്‌സ് ബൈക്കായ ആര്‍15, നാലാം സ്ഥാനത്തെത്തി. മൊത്തം 9,066 യൂണിറ്റുകള്‍ വിറ്റഴിച്ചു, 85% വളര്‍ച്ച. എക്സ്എസ്ആര്‍ അഞ്ചാം സ്ഥാനത്തെത്തി, മൊത്തം 6,914 യൂണിറ്റുകള്‍ വിറ്റഴിച്ചു. എംടി15 ആറാം സ്ഥാനത്താണ്. മൊത്തം 6,741 യൂണിറ്റുകള്‍ വിറ്റു, 4 ശതമാനം വാര്‍ഷിക ഇടിവ്. മാക്സി-സ്‌കൂട്ടര്‍ എയറോക്സ് ഏഴാം സ്ഥാനത്താണ്. മൊത്തം 1,708 യൂണിറ്റുകള്‍ വിറ്റു, 15 ശതമാനം വളര്‍ച്ച. ഇസി06 എട്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഒന്നും വിറ്റഴിച്ചില്ല. ഈ വര്‍ഷം ആകെ 102 യൂണിറ്റുകള്‍ വിറ്റു. ഒമ്പതാം സ്ഥാനത്തായിരുന്ന യമഹ ആര്‍3/എംടി03 ഈ മാസം ഒരു യൂണിറ്റ് പോലും വില്‍ക്കാന്‍ കഴിഞ്ഞില്ല.
◾ പി വത്സലയുടെ എഴുത്തിന്റെ വേറിട്ട പാതയിലൂടെയുള്ള സഞ്ചാരമാണ് ബാലസാഹിത്യ കൃതിയായ അമ്മുത്തമ്മ. പ്രകൃതിയോടുള്ള അടുപ്പം, സൗഹൃദത്തിന്റെ ഊഷ്മളത എന്നീ ഗുണങ്ങള്‍ കുട്ടികളിലേക്ക് പകര്‍ന്നൊഴുകാനുതകുന്ന കഥകള്‍. അവരുടെ ലോകത്തെ വെറും വിനോദത്തില്‍ മാത്രം ഒതുക്കാതെ വിജ്ഞാനപ്രദമാക്കാന്‍ പര്യാപ്തമാണ് ഇതിലെ ഓരോ കഥയും. ജീവിത മൂല്യങ്ങള്‍ ബാലമനസ്സിലേക്ക് പകര്‍ത്തുന്ന രചന. 'അമ്മൂത്തമ്മ'. പി. വത്സല. ഗ്രീന്‍ ബുക്സ്. വില 85 രൂപ.
◾ വരാന്‍ പോകുന്നത് മഴക്കാലമാണെങ്കിലും വെള്ളം കുടിക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ല. വെള്ളത്തിന്റെ അളവു കുറഞ്ഞാല്‍ ശരീരത്തിലെ പല പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ചര്‍മത്തിന്റെ ആരോഗ്യത്തിനും ദിവസവും എട്ട് ഗ്ലാസ് വരെ വെള്ളമെങ്കിലും കുടിക്കണമെന്നാണ് പറയുന്നത്. പകല്‍ മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാന്‍ ഇത് സഹായകരമായിരിക്കും. മാത്രമല്ല, ശരീരത്തിന്റെ ഊര്‍ജ്ജനില നിലനിര്‍ത്താനും വെള്ളം ആവശ്യമാണ്. വ്യായാമത്തിന് ശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടില്‍ഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴുമെല്ലാം ഒരു കുപ്പിയില്‍ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. ഇതൊരു ശീലമാക്കിയാല്‍ വെള്ളം കുടിക്കാന്‍ മറന്നു പോകില്ല. പഴങ്ങള്‍ മധുരം ചേര്‍ക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്നമാണ് കൂടുന്നതും. അത് ഛര്‍ദി, ക്ഷീണം എന്നിവയുണ്ടാവാം. നിറം മാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നതെങ്കില്‍ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 95.72, പൗണ്ട് - 128.72, യൂറോ - 111.47, സ്വിസ് ഫ്രാങ്ക് - 121.97, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.37, ബഹറിന്‍ ദിനാര്‍ - 253.85, കുവൈത്ത് ദിനാര്‍ -309.30, ഒമാനി റിയാല്‍ - 248.94, സൗദി റിയാല്‍ - 25.42, യു.എ.ഇ ദിര്‍ഹം - 25.50, ഖത്തര്‍ റിയാല്‍ - 26.25, കനേഡിയന്‍ ഡോളര്‍ - 69.24.
Tags:
KERALA