ആരാമ്പ്രം: വേനൽമഴ നൽകിയ പച്ചപ്പിൽ പ്രകൃതിഭംഗി തുളുമ്പുന്ന പൂനൂർ പുഴയോരവും ആരാമ്പ്രം മിനി ഗ്രൗണ്ടും വെഡ്ഡിങ്-മോഡലിങ് ഫോട്ടോഷൂട്ടുകളുടെ പുതിയ തരംഗമായി മാറുന്നു. മുൻപ് വൻ തുക മുടക്കി ദൂരസ്ഥലങ്ങളെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ ഫോട്ടോഷൂട്ടിനായി ഈ മനോഹര തീരമാണ് തിരഞ്ഞെടുക്കുന്നത്.
പൂനൂർ പുഴയുടെ ഭംഗിയും, പടനിലം–നരിക്കുനി റോഡിലൂടെയും പാലത്തിലൂടെയും കടന്നുപോകുന്ന വാഹനങ്ങൾ നൽകുന്ന ദൃശ്യഭംഗിയുമെല്ലാം ഇവിടുത്തെ ചിത്രങ്ങൾക്ക് കൂടുതൽ ചാരുതയേകുന്നുണ്ട്. വിവാഹ ഫോട്ടോഷൂട്ടുകൾക്ക് പുറമെ മറ്റ് ഷൂട്ടുകൾക്കായും ദൂരസ്ഥലങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് ഇപ്പോൾ ഇവിടേക്ക് എത്തിച്ചേരുന്നത്. പെട്ടെന്നുണ്ടായ ഈ ജനശ്രദ്ധ നാട്ടുകാരിലും വലിയ കൗതുകമാണ് ഉണ്ടാക്കിയിരിക്കുന്നത്.
മടവൂർ, കുന്നമംഗലം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ഈ പ്രദേശം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയോടെ മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമാക്കാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ മനോഹര തീരത്തേക്ക് എത്തുവാൻ കൃത്യമായ റോഡ് സൗകര്യമില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് പ്രധാന തടസ്സമാണ്. ഇവിടെയെത്തുന്ന ആളുകളുടെ എണ്ണം ദിവസേന വർദ്ധിച്ച സാഹചര്യത്തിൽ, സ്ഥലത്തിന്റെ പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇതൊരു മികച്ച ടൂറിസം സ്പോട്ടായി വികസിപ്പിക്കാൻ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Tags:
KODUVALLY