2026 | മേയ് 21, വ്യാഴം
1201 | ഇടവം 7 , പൂയം
◾ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ പുനപരിശോധന ഇല്ല. സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും ഏകകണ്ഠമായി തീരുമാനിച്ചതാണ്. പിബിയുടെ അംഗീകാരവുമുണ്ട്. ഗോവിന്ദന്‍ പറഞ്ഞു.
◾ പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രോടേം സ്പീക്കര്‍ ജി സുധാകരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്. അക്ഷരമാല ക്രമത്തിലാണു എംഎല്‍എമാരെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. ഫിഷറീസ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ് എന്നിങ്ങനെയാണ് ജി സുധാകരന്‍ സഭയെ അഭിസംബോധന ചെയ്തത്.
◾ 140 അംഗ നിയമസഭയില്‍ 70 അംഗങ്ങളും പുതുമുഖങ്ങള്‍. പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഏറ്റവും കൂടുതല്‍ തവണ വിജയിച്ച് എംഎല്‍എ ആയിട്ടുള്ളത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ എംഎല്‍എയായി എട്ടാം തവണയാണ് നിയമസഭയിലെത്തുന്നത്.
*Amrutveni DandroQit*
കഠിനമായ താരനെ ഫലപ്രദമായി പ്രതിരോധിക്കാനും സ്‌കാല്‍പ്പിന്റെ ആരോഗ്യം വീണ്ടെടുക്കാനും ശാസ്ത്രീയമായി വികസിപ്പിച്ചെടുത്തതാണ് Amrutveni DandroQit . തലയിലെ താരന്‍, ചൊറിച്ചില്‍, ചുവന്ന പാടുകള്‍ എന്നിവയെ നിയന്ത്രിക്കുവാനും, ശിരോചര്‍മ്മത്തിലെ കുരുക്കള്‍, നിരന്തരമായ dryness എന്നിവയെ ശമിപ്പിക്കുവാനും ഊന്നല്‍ കൊടുത്തുകൊണ്ടാണ് Amrutveni DandroQit രൂപപ്പെടുത്തിയിരിക്കുന്നത്. ഈര്‍പ്പത്തിന്റെയും സെബത്തിന്റെയും (എണ്ണമയം) അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നതിലൂടെ, DandroQit താരന്റെ മൂലകാരണങ്ങളെ തന്നെ ഇല്ലാതാക്കുന്നു. ഇതിന്റെ നൂതനമായ ഫോര്‍മുലേഷന്‍ scalp scaling കുറയ്ക്കുകയും, താരന്‍ നിയന്ത്രിക്കുകയും, സ്‌കാല്‍പ്പിനെ പോഷിപ്പിച്ചു കൂടുതല്‍ ആരോഗ്യമുള്ളതുമാക്കി മാറ്റുവാന്‍ സഹായിക്കുന്നവിധം ബയോടെക്‌നോളജിയിലൂടെ വികസിപ്പിച്ചെടുത്തതാണ്.
*Amrutveni LiceQit*
സ്‌കാല്‍പ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവര്‍ത്തിച്ച് പേനുകളെയും അവയുടെ മുട്ടകളെയും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ Amrutveni LiceQit നീക്കം ചെയ്യുന്നു. Amrutveni LiceQit പ്രകൃതിയില്‍ നിന്നുള്ള Natural ingredients ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ കുട്ടികള്‍ക്കും safe ആണ്.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : 18001022339*
◾ നിയമസഭയില്‍ എംഎല്‍എ സത്യപ്രതിജ്ഞയിലും മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. അച്ഛന്റെ മുഴുവന്‍ പേരും പറഞ്ഞാണ് വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തത്.
◾ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍ നിയമസഭയില്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം പ്രോ ടേം സ്പീക്കര്‍ ജി സുധാകരന് നിറഞ്ഞ ചിരിയോടെ കൈ കൊടുത്തു. ഡയസിലേക്ക് പിണറായി വിജയന്‍ കടന്നു വരാനൊരുങ്ങുമ്പോള്‍ തന്നെ ജി സുധാകരന്‍ സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് സ്നേഹാദരം പ്രകടിപ്പിച്ചിരുന്നു. പിണറായി സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
◾ സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രരായി വിജയിച്ച വി കുഞ്ഞികൃഷ്ണനും ടി.കെ ഗോവിന്ദനും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇരുവരും സഗൗരവമാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. പിണറായി വിജയന് കൈ കൊടുത്തു കൊണ്ടായിരുന്നു ടി.കെ. ഗോവിന്ദന്‍ സത്യപ്രതിജ്ഞ ചൊല്ലാനെത്തിയത്. പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടായിരുന്നു വി കുഞ്ഞികൃഷ്ണന്റെ വരവ്.
◾ പുതുപ്പള്ളി ഹൗസില്‍ നിന്ന് ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്ക് എത്തിയത് ഇലക്ട്രിക് സൈക്കിളില്‍. പുതുപ്പള്ളി മണ്ഡലത്തിലെ പ്രചാരണത്തിലുടനീളം ചാണ്ടി ഉമ്മന്‍ ഉപയോഗിച്ചത് ഇലക്ട്രിക് സൈക്കിള്‍ ആയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ആലേഖനം ചെയ്ത ഷര്‍ട്ടു ധരിച്ചാണ് ചാണ്ടി സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്തത്.
◾ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ബിജെപിയുടെ മൂന്ന് എംഎല്‍എമാരും പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണ് നിയമസഭയിലേക്ക് എത്തിയത് ബിജെപിക്ക് ഇത് ചരിത്ര ദിനമാണെന്ന് സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
◾ നാല്‍പതു വാഹനങ്ങളുടെ അകമ്പടിയുമായി ചീറിപ്പാഞ്ഞു യാത്ര ചെയ്തിരുന്ന പിണറായി വിജയന്‍ ട്രെയിന്‍ കാത്ത് റെയില്‍വേ സ്റ്റേഷനിലെ സ്റ്റീല്‍ ബെഞ്ചിലിരിക്കുന്ന ചിത്രം വൈറലായി. അരികെ സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും വലിയ ബാഗുമായി ഒരു യുവാവും ഏതാനും പൊലീസുകാരുമുണ്ട്. സത്യപ്രതിജ്ഞയ്ക്കു തിരുവനന്തപുരത്തേക്കു പോകാന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരിക്കുന്ന പിണറായി വിജയന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
◾ ലൈഫ് മിഷന്‍ വീടുകളും ക്ഷേമ പെന്‍ഷനുകളും വാങ്ങിയവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു വോട്ടുചെയ്തിട്ടുണ്ടോയെന്നു വിലയിരുത്താന്‍ ഏരിയ കമ്മിറ്റികളോട് സി.പി.എം സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ സഹായിച്ചോ എന്നതടക്കം 34 ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിണം. നേതൃത്വത്തിന്റെ ധാര്‍ഷ്ട്യം, ഏകാധിപത്യം, അഴിമതി, വെറുപ്പിക്കല്‍ എന്നിവയൊന്നും ചോദ്യങ്ങളിലില്ല.
◾ പിണറായി വിജയനെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ പ്രതികള്‍ക്കെതിരേ വ്യോമയാന നിയമമോ വധശ്രമക്കേസോ നിലനില്‍ക്കില്ലെന്നു സര്‍ക്കാര്‍. നാലു വര്‍ഷത്തിനു ശേഷമാണ് യൂത്ത്കോണ്‍ഗ്രസുകാര്‍ക്കെതിരായ വകുപ്പ് ഇളവുചെയ്ത് റിപ്പോര്‍ട്ട് നല്‍കിയത്. വ്യോമയാന വകുപ്പു ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. എന്നിട്ടും തിരുത്തി കുറ്റപത്രം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറായില്ല.
◾ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോടാണു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
◾ മുട്ടില്‍ മരം മുറിക്കേസില്‍ പിടിച്ചെടുത്ത 112 മരങ്ങളുടെയും മഹസര്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. മരങ്ങള്‍ ലേലം ചെയ്യാന്‍ ബത്തേരി കോടതി നിര്‍ദ്ദേശപ്രകാരം വീണ്ടും കണക്കെടുപ്പ് നടത്തിയിരുന്നു. മരങ്ങള്‍ വിട്ടുകിട്ടാന്‍ പ്രതികളായ റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി ബത്തേരി കോടതി കടുത്ത പരാമര്‍ശങ്ങളോടെ തള്ളിയിരുന്നു.
◾ സിപിഎം നേതൃത്വത്തിനെതിരെ വയനാട് ജില്ലാ കമ്മിറ്റിയിലും അതിരൂക്ഷ വിമര്‍ശനം. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായത് ജനങ്ങളെയും പാര്‍ട്ടിയെയും വെല്ലുവിളിക്കുന്ന നടപടിയാണ്. എം വി ഗോവിന്ദനും പിണറായി വിജയനും സ്ഥാനത്തുനിന്നു മാറണം. സിപിഎം ജില്ലാ സെക്രട്ടറി റഫീഖ് സെലിബ്രിറ്റികള്‍ വരുമ്പോള്‍ റീല്‍സ് എടുക്കേണ്ട ആളല്ലെന്നും അംഗങ്ങള്‍ പറഞ്ഞു.
◾ സിപിഎമ്മില്‍ എല്ലാവരും വിമര്‍ശന വിധേയരാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.വി ജയരാജന്‍. വിമര്‍ശനവും സ്വയം വിമര്‍ശനവുമാണ് പാര്‍ട്ടിയുടെ കരുത്ത്. കമ്മ്യൂണിസത്തില്‍ വിമര്‍ശനത്തിന് അതീതരായി ആരുമില്ലെന്നും ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഉയരുന്നത് വ്യക്തിപരമായ വിമര്‍ശനമല്ല. തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തലാണ് കമ്മ്യൂണിസ്റ്റുകാരുടെ കടമയും ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ സില്‍വര്‍ ലൈന്‍ റദാക്കിയതില്‍ മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. ദേശീയപാതയും, മെട്രോയും, ഗെയില്‍ പൈപ്പ് ലൈനും ഉപേക്ഷിക്കരുതെന്നായിരുന്നു പരിഹാസം.
◾ തമിഴ്നാട് സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയാകാന്‍ ക്ഷണമുണ്ടെന്ന് പ്രൊഫ. കെ.വി തോമസ്. അവിടുത്തെ ചില വ്യാപാരി സുഹൃത്തുക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വിജയുടെ നിലപാട് അറിഞ്ഞതിനുശേഷം പിണറായിയുടെ അനുവാദത്തോടെ തീരുമാനമെടുക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ സംസ്ഥാനങ്ങളില്‍നിന്നും വിളി എത്തിയെന്നും അദ്ദേഹം പറഞ്ഞു
◾ തലശ്ശേരി മുഹമ്മദ് ഫസല്‍ വധക്കേസില്‍ നിര്‍ണായക തൊണ്ടിമുതലായി എറണാകുളം സിജെഎം കോടതിയില്‍ സൂക്ഷിച്ചിരുന്ന തൂവാല കോടതിയില്‍ നിന്ന് കാണാതായി. തൂവാല ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടപ്പോള്‍ 'തൂവാല' എന്ന് രേഖപ്പെടുത്തിയ ഭാഗം കീറിയ നിലയിലുള്ള ഒരു കവര്‍ മറ്റൊരു കവറിനുള്ളിലാക്കിയ നിലയില്‍ കോടതിയില്‍ സമര്‍പ്പിച്ചു. പുറം കവറില്‍ 'എലി കരണ്ടു നശിപ്പിച്ചതായി' കൈയെഴുത്തില്‍ രേഖപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷണം ആരംഭിച്ചു.
◾ എറണാകുളത്തു മലയിടംതുരുത്തില്‍ സുപ്രീം കോടതി വിധിയനുസരിച്ചു പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരേ സമരം നടത്തിയ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനാണ് നടപടി. പുറമ്പോക്ക് ഭൂമിയുടെ സര്‍വേ പൂര്‍ത്തീകരിച്ച് പട്ടയം നല്‍കുന്നതുവരെ സമരം തുടരുമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ്.
◾ വിജയലഹരിയില്‍ എല്ലാം മറന്ന് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കോണ്‍ഗ്രസ് എം.എല്‍.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതാണെന്നും അനൗചിത്യം ഉണ്ടായെങ്കില്‍ സദയം പൊറുക്കണമെന്നും ചെറിയാന്‍ ഫിലിപ്പ്. ഇന്ദിരാ ഭവനില്‍ അനേകം ക്യാമറകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്നിലാണ് അതു ചെയ്തത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന തന്നെ ഒരു സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തിയെന്നും ചെറിയാന്‍ ഫിലിപ്പ്.
◾ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കൊടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള നിയമനടപടികള്‍ അതിവേഗം പുരോഗമിക്കുന്നതായി സഹായസമിതി അറിയിച്ചു. ജയില്‍ മോചനത്തിന് ശേഷമുള്ള അന്തിമ ഘട്ടമായ എക്സിറ്റ് വിസ ഏതു നിമിഷവും ലഭ്യമായേക്കുമെന്നാണ് സൂചന.
◾ തമിഴ്‌നാട്ടിലെ ക്ഷേത്രോത്സവത്തിന് പോകാനെത്തിയ ചെണ്ടമേള സംഘത്തിലെ 6 പേര്‍ക്ക് കോവളത്തിന് സമീപം വച്ച് വെട്ടേറ്റ സംഭവത്തില്‍ രണ്ടു പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.
◾ പാലക്കാട് കുളപ്പുള്ളിയില്‍ ബസ്സിനടിയില്‍പ്പെട്ടു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വാടാനംകുറുശ്ശി പറക്കുന്നത്ത് വീട്ടില്‍ സുനില്‍ (50) ആണ് മരിച്ചത്. സഞ്ജീവനി ആശുപത്രിക്കു സമീപത്തുള്ള വളവിലാണ് അപകടമുണ്ടായത്.
◾ ഡല്‍ഹിയില്‍ ഓട്ടോയും ടാക്സികളും മൂന്നുദിവസത്തെ പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വര്‍ധനമൂലം ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസും യൂണൈറ്റഡ് ഫ്രണ്ട് ഓഫ് ഓള്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷനുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
◾ തമിഴ്‌നാട്ടിലെ വിജയ് സര്‍ക്കാരില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ടിവികെയില്‍നിന്ന് 21 പേരും കോണ്‍ഗ്രസില്‍നിന്ന് രണ്ടുപേരുമാണ് മന്ത്രിമാരായത്. ഇതോടെ മന്ത്രിമാരുടെ എണ്ണം 32 ആയി.
◾ തമിഴ്നാട്ടില്‍ സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ ഹാജര്‍ നിയമങ്ങള്‍ കര്‍ശനമാക്കി വിവിധ വകുപ്പുകള്‍. മുഖ്യമന്ത്രിയുടെ കൃത്യനിഷ്ഠതയെ തുടര്‍ന്ന് ജീവനക്കാര്‍ ഓഫീസ് സമയം പാലിക്കണമെന്ന് വകുപ്പുകള്‍ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചു.
◾ അടുത്ത മാസം 22 രാജ്യസഭ സീറ്റുകളിലേക്കു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ദേവഗൗഡ, ദിഗ് വിജയ്സിംഗ്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ തുടങ്ങിയവരുടെ കാലാവധി ജൂണില്‍ അവസാനിക്കും. ഖര്‍ഗെ തുടര്‍ന്നേക്കും. രാജ്യസഭയിലേക്ക് എത്താന്‍ അശോക് ഗലോട്ട്, പവന്‍ഖേര തുടങ്ങിയ നേതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
◾ പശ്ചിമ ബംഗാളില്‍ സ്‌കൂളുകളില്‍ മാത്രമല്ല, മദ്രസകളിലും ദേശീയഗീതമായ വന്ദേമാതരം നിര്‍ബന്ധമാക്കാന്‍ ബിജെപി സര്‍ക്കാരിന്റെ ഉത്തരവ്. സംസ്ഥാനത്തെ മുഴുവന്‍ മദ്രസകളിലും രാവിലെ നടക്കുന്ന അസംബ്ലികളില്‍ വന്ദേമാതരം ആലപിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മദ്രസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുവന്നു.
◾ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2027ലെ പരീക്ഷ കലണ്ടര്‍ പുറത്തിറക്കി. സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയുടെ വിജ്ഞാപനം ജനുവരി 13 ന് പുറപ്പെടുവിക്കും. മെയ് 23 നാണ് പരീക്ഷ തുടങ്ങുക. സിവില്‍ സര്‍വീസസ് മെയിന്‍ പരീക്ഷ ഓഗസ്റ്റ് 20 ന് തുടങ്ങും. എന്‍ഡിഎ, സിഡിഎസ് ആദ്യഘട്ട പരീക്ഷകളുടെ വിജ്ഞാപനം ഈ വര്‍ഷം ഡിസംബര്‍ രണ്ടിന് പുറത്തിറക്കും. 2027 ഏപ്രില്‍ 11 നാണ് രണ്ടു പരീക്ഷകളും നടക്കുക. രണ്ടാംഘട്ട പരീക്ഷകള്‍ക്കുള്ള വിജ്ഞാപനം 2027 മെയ് അഞ്ചിന് പുറപ്പെടുവിക്കും. സെപ്റ്റംബര്‍ 19നാണ് പരീക്ഷകള്‍.
◾ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ ആശ്രമ ജീവിതം നയിക്കുമെന്ന് ജന്‍ സുരാജ് പാര്‍ട്ടി സ്ഥാപകന്‍ പ്രശാന്ത് കിഷോര്‍. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ബിഹാറില്‍ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജന്‍ സുരാജ് പാര്‍ട്ടിക്ക് ഒറ്റ സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല.
◾ സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെയും എന്‍.ജി.ഒ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കുള ബലിപെരുന്നാള്‍ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. നാല് ദിവസമാണ് ഇത്തവണത്തെ പെരുന്നാള്‍ അവധി.
◾ അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ ബ്രിട്ടന്റെ അത്യാധുനിക ചാരവിമാനത്തിന് തൊട്ടരികിലൂടെ അപകടകരമായ രീതിയില്‍ പറന്ന് റഷ്യന്‍ യുദ്ധവിമാനം. കരിങ്കടലിന് മുകളില്‍ വച്ചാണ് സംഭവം. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് യുകെ പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.
◾ ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇറാന്‍ ഭരണകൂടത്തിനെതിരെ വീണ്ടും ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്നുകില്‍ ഇറാനുമായി കരാര്‍, അല്ലെങ്കില്‍ മോശപ്പെട്ട കാര്യങ്ങള്‍ സംഭവിച്ചേക്കാമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
◾ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ, ദൂരദര്‍ശനില്‍ മല്‍സരം കാണാനാകുമോയെന്ന് ആശങ്ക. ഇന്ത്യയില്‍ സംപ്രേഷണാവകാശം ഏറ്റെടുക്കാന്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് പ്രസാര്‍ ഭാരതി ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സംപ്രേഷണത്തിന് ഫിഫ ഭീമമായ തുകയാണ് ആവശ്യപ്പെടുന്നത്. ഇതുമൂലം പ്രമുഖ ചാനലുകള്‍ പിന്‍വാങ്ങിയിരിക്കുകയാണ്.
◾ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുന്നു. ഇന്ന് ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 14,660 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 1,17,280 രൂപയിലുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില മുന്നേറ്റം രേഖപ്പെടുത്തുന്നത്. ഇന്നലെ രണ്ട് തവണയായി പവന് 1,920 രൂപ ഉയര്‍ന്നിരുന്നു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയുള്ള വര്‍ധന 2,880 രൂപയുമായി. ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 12,045 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 9,380 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 6,045 രൂപയുമാണ് വില. വെള്ളി വില ഇന്ന് നേരിയ മുന്നേറ്റം കാഴ്ച വച്ചു. ഗ്രാമിന് 5 രൂപ ഉയര്‍ന്ന് 285 രൂപയായി. അതേസമയം രാജ്യാന്തര വിലകള്‍ ഇന്ന് നേരിയ ഇടിവിലാണ്. ഔണ്‍സിന് 0.16 ശതമാനം ഇടിഞ്ഞ് 4,536 ഡോളറിലാണ് വ്യാപാരം.
◾ ഏറ്റവും പുതിയതും കരുത്തുറ്റതുമായ ജെമിനി ഓംനി, ജെമിനി 3.5 എന്നീ രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കി ഗൂഗിള്‍. മുന്‍ മോഡലുകളേക്കാള്‍ വേഗതയും സങ്കീര്‍ണ്ണമായ ജോലികള്‍ സ്വയം ചെയ്യാനുള്ള കഴിവും, കോഡിങ് മികവുമാണ് പുതിയ ജെമിനി 3.5 ഫ്‌ലാഷിന്റെ പ്രധാന സവിശേഷത. വിഡിയോ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കുന്നതിനുസരിച്ച് എന്തും സൃഷ്ടിക്കാന്‍ ജെമിനി ഓംനിക്ക് കഴിയും. മള്‍ട്ടിമോഡാലിറ്റി, എഡിറ്റിങ് എന്നിവയില്‍ ഒരു കുതിച്ചുചാട്ടമാണിത്. ഫ്രോണ്ടിയര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനത്തില്‍ ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലുകളുടെ കുടുംബത്തിലെ ആദ്യത്തേതാണ് ജെമിനി 3.5 ഫ്‌ലാഷ്. മറ്റ് മുന്‍നിര എഐ മോഡലുകളേക്കാള്‍ 4 മടങ്ങ് വേഗതയിലാണ് ജെമിനി 3.5 ഫ്‌ലാഷ് മറുപടികള്‍ നല്‍കുന്നത്. ഉയര്‍ന്ന വേഗം ആവശ്യമുള്ള വലിയ പ്രോജക്റ്റുകള്‍ക്ക് ഇത് ഏറെ സഹായകരമാകും. എഐ ദുരുപയോഗം തടയുന്നതിനായി വിപുലമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ജെമിനി 3.5 വികസിപ്പിച്ചിരിക്കുന്നത്.
◾ മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ബ്രേക്കുകളില്‍ ഒന്നായ ലോഹിതദാസ്-സിബി മലയില്‍ ടീമിന്റെ ചിത്രം 'കിരീടം' ഡോള്‍ബി അറ്റ്മോസില്‍ 4കെ ദൃശ്യഭംഗിയില്‍ റീ റിലീസിന്. 1989ല്‍ പുറത്തിറങ്ങിയ ചിത്രം ജൂണ്‍ മാസത്തില്‍ റീ-റിലീസിന് എത്തും. മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്‌ക്രീനില്‍ എത്തുമ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ തിലകന്‍, മാമുക്കോയ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂര്‍ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹന്‍രാജ് (കീരിക്കാടന്‍ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാം. ജഗതി ശ്രീകുമാര്‍, ജഗദീഷ്, പാര്‍വതി, മണിയന്‍പിള്ള രാജു, ഉഷ, യദു കൃഷ്ണന്‍, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ് കുമാറാണ്.
◾ ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ദൃശ്യം 3'. മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് ചിത്രം തിയറ്ററുകളില്‍ എത്തിയെന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം ദൃശ്യം ആയിരുന്നു. ദൃശ്യം 3 അഡ്വാന്‍സ് ബുക്കിംഗ് വേള്‍ഡ് പ്രീ സെയില്‍ മാത്രം 35 കോടി കവിഞ്ഞുവെന്നാണ് സൗത്ത് ഇന്ത്യ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം 8.40 കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 4.3 കോടിയും വിദേശത്ത് നിന്ന് 22.30 കോടിയും ആദ്യ ദിനത്തെ പ്രീ സെയില്‍ കളക്ഷനായി നേടി. ആദ്യ ദിവസം തന്നെ 50 കോടി ക്ലബില്‍ ചിത്രം എത്തിയേക്കുമെന്ന സൂചനകളാണ് പ്രീ സെയില്‍ ബുക്കിംഗ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ടാകും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
◾ സ്‌കോഡ തങ്ങളുടെ എപിക് എന്ന വാഹനത്തിന്റെ പ്രൊഡക്ഷന്‍-സ്പെക്ക് പതിപ്പ് പുറത്തിറക്കി. ഇതുവരെ കമ്പനി പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും ചെറുതും താങ്ങാനാവുന്ന വിലയുമുള്ള ഇവിയാണ് ഇത്. കമ്പനിയുടെ ആധുനികവും ദൃഢവുമായ ഡിസൈന്‍ ഭാഷയിലാണ് എപിക് നിര്‍മ്മിച്ചിരിക്കുന്നത്. 38.5 കിലോവാട്ട്അവര്‍, 55 കിലോവാട്ട്അവര്‍ എന്ന രണ്ട് ബാറ്ററി പായ്ക്കുകളിലാണ് ഇത് വരുന്നത്. 440 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡിസി ഫാസ്റ്റ് ചാര്‍ജിംഗിന്റെ സഹായത്തോടെ, വെറും 24 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. വ്യത്യസ്ത ട്രിം ലെവലുകള്‍ അനുസരിച്ച് ഗ്രേ, മിന്റ് ഗ്രീന്‍, ബ്രൗണ്‍ എന്നിങ്ങനെ നിരവധി കളര്‍ ഓപ്ഷനുകളില്‍ എപ്പിക് ലഭ്യമാണ്. 35, 40, 55 എന്നീ മൂന്ന് വേരിയന്റുകളില്‍ എപ്പിക് ലഭ്യമാകും. ഒരു ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വലിയ ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഏകദേശം 24 മിനിറ്റ് എടുക്കും.
◾ 'ഡിറ്റക്ട്ടീവ് ബ്യോംകേഷ് ബക്ഷി'കൂര്‍മ്മബുദ്ധിയും നിരീക്ഷണപാടവവുംകൊണ്ട് കുറ്റാന്വേഷണസാഹിത്യലോകത്ത് വിസ്മയംതീര്‍ത്ത ബംഗാളി ക്ലാസിക് കഥാപാത്രം. 'ഇന്ത്യന്‍ ഷെര്‍ലക് ഹോംസ്' എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്യോംകേഷ് ബക്ഷി തന്നെ സ്വയം വിളിക്കുന്നത്, ഒരു 'ഡിറ്റക്ട്ടീവ്' എന്നതിനെക്കാള്‍ 'സത്യാന്വേഷി' എന്നാണ്. 1930കളിലെ കൊല്‍ക്കത്തയുടെ മായികാന്തരീക്ഷത്തില്‍ ശരദിന്ദു ബന്ദോപാധ്യായ സൃഷ്ടിച്ച വിഖ്യാത കുറ്റാന്വേഷണപരമ്പരയിലെ ആദ്യ പുസ്തകം.നിരവധി ടെലിവിഷന്‍ പരമ്പരകള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും പ്രചോദനമായ രചനകള്‍. മനഃശാസ്ത്രപരമായ ആഴവും യാഥാര്‍ത്ഥ്യബോധവും ഒത്തുചേര്‍ന്നുഉദ്വേഗഭരിതമായ ക്ലാസിക് കുറ്റാന്വേഷണ കഥകള്‍. 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി'. പരിഭാഷ - ലീലാ സര്‍ക്കാര്‍. മാതൃഭൂമി. വില 229 രൂപ.
◾ മെയ് 21 - അന്താരാഷ്ട്ര ചായ ദിനം. ഹൈപ്പര്‍ ഗ്ലൈസീമിയ അഥവാ ഉയര്‍ന്ന രക്തത്തിലെ പഞ്ചസാരയുടെ സാധ്യത കുറയ്ക്കാന്‍ കട്ടന്‍ ചായയിലെ തിയാഫ്ലേവിന്‍, തിയാറുബിജിന്‍ എന്നിവയും സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സസ്യഭക്ഷണങ്ങളില്‍ കാണപ്പെടുന്ന സൂക്ഷ്മ പോഷകങ്ങളായ പോളിഫെനോളുകളും ഗ്രീന്‍, ബ്ലാക്ക് ടീകളില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ചായകളില്‍ കാണപ്പെടുന്ന പോളിഫെനോളുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെയും അതിജീവനത്തെയും ആരോഗ്യകരമായി നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ദിവസവും മൂന്നോ നാലോ കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ സ്ട്രോക്ക് വളരെ എളുപ്പം നിന്ത്രിക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടിയാല്‍ കരള്‍ സംബന്ധമായ രോഗങ്ങള്‍, പൊണ്ണത്തടി, സമ്മര്‍ദ്ദം, പ്രമേഹം പോലുള്ള അസുഖങ്ങള്‍ പിടിപെടാം. മെറ്റബോളിസം ത്വരിതപ്പെടുത്തുന്നതിലൂടെ ചായ സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പാലോ പഞ്ചസാരയോ ഇല്ലാതെ സാധാരണമായി കഴിക്കുകയും സജീവമായ ജീവിതശൈലിയോടും സമീകൃതാഹാരത്തോടും കൂടി കഴിക്കുകയും ചെയ്യുമ്പോള്‍ അവ മികച്ച ഫലം നല്‍കുന്നു. മുടി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പോഷകങ്ങള്‍ ചായയയില്‍ അടങ്ങിയിട്ടുണ്ട്. മുടി കനം കുറയ്ക്കുന്ന ഹോര്‍മോണുകളെ തടയുന്നതിനും, തലയോട്ടിയിലെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കട്ടന്‍ ചായ മികച്ചതാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.28, പൗണ്ട് - 129.36, യൂറോ - 111.99, സ്വിസ് ഫ്രാങ്ക് - 122.42, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.63, ബഹറിന്‍ ദിനാര്‍ - 255.20, കുവൈത്ത് ദിനാര്‍ -311.27, ഒമാനി റിയാല്‍ - 250.37, സൗദി റിയാല്‍ - 25.65, യു.എ.ഇ ദിര്‍ഹം - 26.28, ഖത്തര്‍ റിയാല്‍ - 26.40, കനേഡിയന്‍ ഡോളര്‍ - 70.02.
Tags:
KERALA