Trending

സായാഹ്ന വാര്‍ത്തകള്‍.

2026 | മേയ് 20, ബുധന്‍ 
1201 | ഇടവം 6 , തിരുവാതിര, പുണര്‍തം

◾ തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പൊലീസ് കേസുകള്‍ പിന്‍വലിക്കും. മഞ്ഞക്കുറ്റി നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

◾ മില്‍മ പാല്‍ വിലകൂട്ടി. ലിറ്ററിന് നാലു രൂപയാണ് കൂട്ടിയത്. മില്‍മ ഡയറക്ടര്‍ ബോര്‍ഡാണ് തീരുമാനമെടുത്തത്. വില വര്‍ധന ജൂണ്‍ ഒന്നിനു പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാലു രൂപ വര്‍ധിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

◾ ഓഗസ്റ്റ് 31-ന്കാലാവധി അവസാനിപ്പിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടേയും കാലാവധി 2026 നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാന്‍ പിഎസ്സിക്ക് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചു.

◾ മന്ത്രിമാരുടെ വകുപ്പു വിഭജനം പൂര്‍ത്തിയാക്കിയുള്ള ഫയല്‍ ഇന്നു രാവിലെ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. വകുപ്പു വിഭജനവുമായി ബന്ധപ്പെട്ടു ചില തര്‍ക്കങ്ങളുണ്ടെന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവന ശരിയല്ല. സത്യപ്രതിജ്ഞ ചടങ്ങു നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഫയല്‍ കൈമാറാന്‍ ഗവര്‍ണര്‍ സ്ഥലത്തില്ലായിരുന്നു. തൃശൂരിലേക്കു പോയ ഗവര്‍ണര്‍ രാത്രിയാണ് തിരികെ വന്നത്. സതീശന്‍ ചൂണ്ടിക്കാട്ടി.

◾ നാളെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രോ ടേം സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ ജി സുധാകരന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച സുധാകരന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കു മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

◾ കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം പ്രൊഫ. കെ.വി. തോമസ് രാജിവച്ചു. കേരളഹൗസിലെ മുറിയും വിട്ടുകൊടുത്തു.  

◾ സ്വാശ്രയ കോളേജ് അധ്യാപകര്‍ക്കെല്ലാം യു.ജി.സി യോഗ്യത നിര്‍ബന്ധമാക്കി കണ്ണൂര്‍ സര്‍വകലാശാല ഉത്തരവിട്ടതോടെ അഫിലിയേറ്റഡ് കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. അധ്യാപകര്‍ക്ക് യു.ജി.സി. യോഗ്യതയായ നെറ്റോ പിഎച്ച്.ഡി.യോ ഇല്ലെങ്കില്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കുമെന്നാണ് ഉത്തരവ്.

◾ ചോദ്യച്ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയ നീറ്റ് യു.ജി. പരീക്ഷ നാളെ നടക്കും. പരീക്ഷ കര്‍ശനസുരക്ഷയോടെയും പിഴവുകള്‍ പരിഹരിച്ചും നടത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ നിര്‍ദേശിച്ചു.  

◾ കെ റെയില്‍ പദ്ധതി റദ്ദാക്കിയെങ്കിലും കേരളത്തിന്റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തില്‍ അതിവേഗ യാത്രക്കുള്ള പദ്ധതികള്‍ യു ഡി എഫ് സര്‍ക്കാര്‍ ആലോചിക്കുമെന്നും വിശദമായ പഠനം നടത്തി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

◾ സമുദായ നേതാക്കളുടെ 'തിണ്ണനിരങ്ങാന്‍ പോകരുതെന്ന്' താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എന്നാല്‍ അത്തരം ചില ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയായതിന് ശേഷം ബിഷപ്സ് ഹൗസ് സന്ദര്‍ശിച്ചതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.

◾ സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറന്നുപ്രവര്‍ത്തിക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍.

◾ തനിക്ക് വീട്ടില്‍നിന്നു പോലും വിമര്‍ശനം ഉണ്ടെന്ന് എംവി ഗോവിന്ദന്‍. വാര്‍ത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച സെക്രട്ടറി വീട്ടില്‍ നിന്നു പോലും വിമര്‍ശനം ഉണ്ടെന്നും കണ്ണാടിയില്‍ നോക്കാറുണ്ടോ എന്നും പത്രസമ്മേളനങ്ങള്‍ വീണ്ടും കണ്ടു നോക്കണമെന്ന് മകന്‍ പറഞ്ഞെന്നും ഗോവിന്ദന്‍ പറഞ്ഞു.

◾ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടിയായി നിയമിച്ചു. 2015 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായാണ് നിയമിച്ചത്.

◾ പിണറായി വിജയന്‍ ഏകാധിപതിയെ പോലെ പ്രവര്‍ത്തിച്ചതു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഐ ഇടുക്കി ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. അവമതിപ്പ് ഉണ്ടാക്കുന്ന പ്രതികരണങ്ങളെ ജനം വെറുത്തു. ഇടതുപക്ഷ നേതാക്കളുടെ ശരീര ഭാഷ ആളുകളെ അകറ്റി. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാത്തത് തിരിച്ചടിയായി. യോഗം വിലയിരുത്തി.

◾ എം.എല്‍.എ ആകുന്നതിനു മുന്‍പേ മരിച്ച മാതാപിതാക്കളോടുള്ള സ്മരണ പുതുക്കാനാണ് അച്ഛന്റെ മുഴുവന്‍ പേര് സത്യപ്രതിജ്ഞാവേളയില്‍ പറഞ്ഞതെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. അമ്മയുടെ പേരു കൂടി പറയാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിന് അവസരം ലഭിക്കാത്തതിലാണ് സങ്കടം. രാജ്ഭവനില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചത്. വേദിയില്‍ ആലപിച്ചപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. തടസപ്പെടുത്താന്‍ കഴിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 
◾ ശബരിമലയില്‍ പൂജാസാധനങ്ങള്‍ സൗജന്യമായി നല്‍കുന്നയാള്‍ ദേവസ്വംബോര്‍ഡിന് ഇന്നോവ കാറും നല്‍കിയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി. സന്നിധാനത്ത് തങ്ങുന്നതിന് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയ കൊല്ലം സ്വദേശിയായ സുനില്‍കുമാര്‍ എന്ന സുനില്‍സ്വാമി പൂജാസാധനങ്ങള്‍ സൗജന്യമായി വാങ്ങിനല്‍കുന്നതിന്റെ പണം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എഴുതിയെടുക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു.  

◾ പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പടിയിറങ്ങുന്നതിനു തൊട്ടു മുമ്പ് ജയില്‍ വകുപ്പ് കൂട്ട പരോള്‍ അനുവദിച്ചതായി കണ്ടെത്തി. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാംപ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്.

◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച റിനി ആന്‍ ജോര്‍ജിനെ സത്യപ്രതിജ്ഞാ സദസില്‍ കൂവിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആരേയും അപമാനിക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സൈബറിടത്തില്‍ ഏറ്റവും അപമാനിക്കപ്പെടുന്നത് വനിതാ മാധ്യമ പ്രവര്‍ത്തകരാണെന്നും അതിനു പിന്നില്‍ ആരെന്ന് എല്ലാവര്‍ക്കും അറിയില്ലേ എന്നും ചോദിച്ചു.

◾ മോഡലിങിന്റെ മറവില്‍ യുവതിയെ വിദേശത്ത് എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമെന്ന് പ്രതി അലീനയുടെ സുഹൃത്ത് ഔറംഗസീബ്. പരാതിക്കു പിന്നില്‍ ഗൂഡാലോചനയുണ്ട്. കെട്ടിച്ചമച്ച ഈ കേസ് നാളെ പൊട്ടിത്തകര്‍ന്നു വീഴുമെന്ന് ഇന്‍സ്റ്റാഗ്രാംമിലൂടെ പ്രതികരിച്ചു. 25കാരിയുടെ പരാതിയില്‍ രണ്ട് യുവതികള്‍ മരട് പൊലീസിന്റെ പിടിയിലാണ്.

◾ കോഴിക്കോട് പേരാമ്പ്രയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയ സംഭവത്തില്‍ മരിച്ച സോന, സംഭവത്തിനു മുന്‍പ് പെട്രോള്‍ പമ്പില്‍ നിന്നു കാനില്‍ പെട്രോള്‍ വാങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യയാണോയെന്നുകൂടി പോലീസ് പരിശോധിക്കുന്നുണ്ട്.

◾ കൊച്ചിയിലെ വാട്ടര്‍ മെട്രോ മാതൃകയാക്കി രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഗോഹട്ടി, ശ്രീനഗര്‍, പാട്ന, വാരാണസി, അയോധ്യ അടക്കം 18 നഗരങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

◾ റിസര്‍വ് ബാങ്ക് ലാഭവിഹിതമായി ഏകദേശം മൂന്നു ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കൈമാറും. കഴിഞ്ഞ വര്‍ഷം 2.7 ലക്ഷം കോടി രൂപയായിരുന്നു നല്‍കിയത്. ലാഭവിഹിതം കൈമാറുന്നതിന് അംഗീകാരം നല്‍കാനായി ആര്‍ബിഐ ബോര്‍ഡ് വെള്ളിയാഴ്ച യോഗം ചേരും.

◾ ഡല്‍ഹിയില്‍ 46 ഡിഗ്രി സെല്‍ഷ്യസ് താപനില. സാധാരണത്തേക്കാള്‍ 4.7 ഡിഗ്രി സെല്‍ഷ്യസ് ചൂടു കൂടുതലാണ്.

◾ സുപ്രീംകോടതി ജഡ്ജിയുടെ പരാമര്‍ശത്തില്‍ നിന്ന് ഉടലെടുത്ത 'കോക്രോച്ച് ജനത പാര്‍ട്ടി' എന്ന സമൂഹ മാധ്യമ പ്രസ്ഥാനം യുവജന പ്രതിഷേധത്തിന്റെ പുതിയ മുഖമാവുന്നു. അഭിജീത് ദിപ് കെ സ്ഥാപിച്ച ഈ കൂട്ടായ്മ, രാഷ്ട്രീയ പരിഹാസത്തിലൂടെ തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് ദേശീയ ശ്രദ്ധ നേടുകയാണ്.

◾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആദ്യമായി ഇന്ത്യയിലേക്ക്. നാലു ദിവസത്തെ സന്ദര്‍ശനത്തിനായി 23 ന് മാര്‍ക്കോ റൂബിയോ ഡല്‍ഹിയില്‍ എത്തും. ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി റൂബിയോ, വ്യാപാരം, പ്രതിരോധം, ഊര്‍ജം എന്നീ മേഖലകളിലെ തുടര്‍ സഹകരണം ചര്‍ച്ച ചെയ്യും. കൊല്‍ക്കത്ത, ആഗ്ര, ജയ്പുര്‍ എന്നീ നഗരങ്ങളില്‍ റൂബിയോ സന്ദര്‍ശനം നടത്തി 26 നു തിരികേപോകും.

◾ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി മോദി കൂടിക്കാഴ്ച നടത്തി. ഇരുവരും ഒരേ കാറില്‍ സഞ്ചരിച്ച് റോമിലെ പ്രശസ്തമായ കൊളോസിയം സന്ദര്‍ശിച്ചു. മെലോണിയുടെ അത്താഴ വിരുന്നില്‍ മോദി പങ്കെടുത്തു. മോദിക്കൊപ്പമുള്ള സെല്‍ഫി 'റോമിലേക്കു സ്വാഗതം' എന്ന കുറിപ്പോടെ മെലോണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മോദിയും പങ്കുവച്ചിട്ടുണ്ട്.

◾ നോര്‍വേയിലെ ഏറ്റവും വലിയ പത്രമായ ആഫ്റ്റന്‍പോസ്റ്റന്‍ വിവാദത്തില്‍. നോര്‍വേയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'പാമ്പാട്ടി'യായി ചിത്രീകരിക്കുകയും, പാമ്പിനു പകരം ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളില്‍ പിടിച്ചിരിക്കുന്നതുമായ കാര്‍ട്ടൂണാണു പ്രസിദ്ധീകരിച്ചത്. കാര്‍ട്ടൂണ്‍ വംശീയ അധിക്ഷേപമാണെന്ന് ആരോപണം ഉയര്‍ന്നു.
 
◾ ഇന്ത്യ ഉള്‍പ്പെടെ 90 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കുള്ള വിസ രഹിത താമസ കാലാവധി തായ്ലാന്‍ഡ് വെട്ടിക്കുറച്ചു.

◾ സമാധാന കരാറില്‍ ഒപ്പുവച്ചില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. യുദ്ധം വേഗത്തില്‍ അവസാനിക്കുമെന്നും ഇറാന്‍ നേതാക്കള്‍ കരാറിനായി യാചിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

◾ പ്രമുഖ ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ഓഹരികള്‍ പങ്കാളിത്തം നേടി. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മാതൃസ്ഥാപനമായ ടിവിഎസ് വേണു ഗ്രൂപ്പ് 9.9 ശതമാനം ഓഹരികളാണ് വാങ്ങിയത്. 193.3 കോടി രൂപയ്ക്കാണ് ഇടപാട്. ഇതില്‍ 4.9 ശതമാനം ഓഹരികള്‍ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഉടമസ്ഥതയിലാകും. ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രമോട്ടര്‍മാര്‍ ജന ഹോള്‍ഡിംഗ്‌സില്‍ നിന്നാണ് 51.6 ലക്ഷം ഓഹരികള്‍ ടിവിഎസ് ഗ്രൂപ്പ് വാങ്ങിയത്. 2006ല്‍ ആരംഭിച്ച ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജ്യത്തെ മുന്‍നിര സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലൊന്നാണ്. 2026 സാമ്പത്തികവര്‍ഷം 6,374.8 കോടി രൂപ വരുമാനവും 326.4 കോടി രൂപ ലാഭവും നേടാന്‍ സാധിച്ചിരുന്നു. 23 സംസ്ഥാനങ്ങളിലായി 822 ബ്രാഞ്ചുകളുണ്ട്.

◾ ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ പ്രമുഖ ടെക് കമ്പനികള്‍ എഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം നടത്തുന്നതിനിടെ നിര്‍മിതബുദ്ധിയോടുള്ള പൊതുജനങ്ങളുടെ എതിര്‍പ്പ് അമേരിക്കയില്‍ വര്‍ധിച്ചുവരുന്നു. അടുത്തിടെ നടന്ന വിവിധ സര്‍വേകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴില്‍ നഷ്ടം, ഓട്ടോമേഷന്‍ സംബന്ധമായ ഭയങ്ങള്‍, പാരിസ്ഥിതിക ആഘാതം, വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം എന്നിവ സംബന്ധിച്ച ആശങ്കകളാണ് ഉള്ളത്. വെറും 18 ശതമാനം യുവജനങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതികവിദ്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസമുള്ളത്. ആണവ നിലയങ്ങള്‍ക്കെതിരെ ഉള്ളതിനെക്കാള്‍ കടുത്ത എതിര്‍പ്പാണ് ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നതിനെതിരെ ഉയരുന്നത്. ഇതോടെ പുതിയ ഡാറ്റാ സെന്റര്‍ നിര്‍മാണത്തെ നിയന്ത്രിക്കാനോ നിര്‍ത്തിവെക്കാനോ ഉള്ള നിയമനിര്‍മാണം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

◾ 'കെജിഎഫ്', 'സലാര്‍' എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം പ്രശാന്ത് നീല്‍ ജൂനിയര്‍ എന്‍ടിആര്‍ ചിത്രമായ 'ഡ്രാഗണി'ന്റെ ഗ്ലിംപ്‌സ് പുറത്തിറങ്ങി. 2027 ജൂണ്‍ 11നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ജൂനിയര്‍ എന്‍ടിആറിനൊപ്പം രുക്മിണി വസന്ത് നായികയായെത്തുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ബിജു മേനോന്‍, ഖുശ്ബു സുന്ദര്‍, ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അന്‍ഷുമാന്‍ പുഷ്‌കര്‍, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമല്‍ ജീത് ഒബറോയ്, എന്‍തുതുസെലോ പ്രിന്‍സ് ഗ്രൂട്ട്ബൂം, അലക്സാണ്ടര്‍ മിസെവ്, ബെനഡിക്ട് പോള്‍ ഗാരറ്റ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഫ്ഗാന്‍ ട്രേഡിംഗ് കമ്പനി, ഗോള്‍ഡന്‍ ട്രേഡിങ് കമ്പനികളുടെ പശ്ചാത്തലത്തില്‍ ആക്ഷന്‍, രാഷ്ട്രീയം, ക്രൈം ഘടകങ്ങള്‍ കോര്‍ത്തിണക്കിയ പാന്‍ ഇന്ത്യന്‍ സിനിമയായാണ് 'ഡ്രാഗണ്‍' ഒരുങ്ങുന്നത്.

◾ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം 'അതിരടി' ആഗോള ബോക്സ് ഓഫീസില്‍ 51 കോടി രൂപ നേടി. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ മാത്രം 29 കോടിയും വിദേശ മാര്‍ക്കറ്റില്‍ 22 കോടിയുമാണ് ചിത്രം നേടിയത് എന്ന് സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കഴാഴ്ച മാത്രം നാല് കോടിയോളം ചിത്രം നേടി. മെയ് 14 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയിരുന്നത്. ഈ വര്‍ഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിങ് ആണ് അതിരടി നേടിയത്. വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ജിയോ ബേബി, വിനീത് തട്ടില്‍ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. റിയ ഷിബു, സറിന്‍ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾ ടാറ്റയുടെ ഏറ്റവും പുതിയ പ്രീമിയം ഇവി സബ്-ബ്രാന്‍ഡായ ടാറ്റ അവിന്യ, 2027 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പകുതിയില്‍ അരങ്ങേറ്റം കുറിക്കും. ടാറ്റ അവിന്യ നിരയില്‍ പി1, പി2, പി3, പി4, പി5 എന്നീ കോഡ് നാമങ്ങളുള്ള അഞ്ച് മോഡലുകള്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. എല്ലാ അവിന്യ ഇവികളും ജെന്‍ 3 സ്‌കേറ്റ്ബോര്‍ഡില്‍ നിര്‍മ്മിച്ച ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അവിന്യ ബ്രാന്‍ഡിന് കീഴില്‍ വരുന്ന ആദ്യ മോഡല്‍ അവിന്യ എക്സ് കൂപ്പെ-എസ്യുവി ആയിരിക്കും. ഇതിന്റെ എക്സ്-ഷോറൂം വില 35 ലക്ഷം രൂപയില്‍ അധികം ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. വലിയ ബാറ്ററി പായ്ക്കോടുകൂടിയാണ് അവിനിയ ഇവി എത്തുകയെന്നും ഒരു ചാര്‍ജില്‍ 500 കിലോമീറ്ററില്‍ അധികം ദൂരം സഞ്ചരിക്കാന്‍ കഴിയും. ഇത് അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കും.

◾ എന്തുകൊണ്ടാണ് യാത്രചെയ്യാന്‍ ആഫ്രിക്കതന്നെ ശരീഫ് തിരഞ്ഞെടുത്തത് എന്നെനിക്കറിയില്ല. എസ്.കെ. കടന്നുപോയ മിക്കയിടങ്ങളിലൂടെയും ശരീഫും യാത്രചെയ്യുന്നുണ്ട്: ജിഞ്ച, നൈലിന്റെ ഉറവിടം, മസായിമാര, കമ്പാല (കമ്പാല എന്ന് കേള്‍ക്കുമ്പോള്‍ ഫാന്റം ഓര്‍ത്തുപോവുന്നു), അവിടത്തെ കാട്ടുവഴികള്‍, മലയാളിമണങ്ങള്‍, മനുഷ്യഗന്ധങ്ങള്‍... എല്ലാം തന്റേതായ രീതിയില്‍ ശരീഫും കണ്ടെത്തുന്നു; അനുഭവിക്കുന്നു. നാട്യങ്ങളില്ലാത്ത ഭാഷയില്‍ എഴുതിയിരിക്കുന്നു - ശ്രീകാന്ത് കോട്ടക്കല്‍. ഉഗാണ്ട, ടാന്‍സാനിയ, സിംബാബ്വെ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ ഏകനായി സഞ്ചരിച്ച ഒരു യാത്രികന്റെ അനുഭവങ്ങളുടെ പുസ്തകം. 'ആലിക്കര മുതല്‍ ആഫ്രിക്ക വരെ'. മുഹമ്മദ് ശരീഫ്. മാതൃഭൂമി. വില 221 രൂപ.

◾ കേരളത്തില്‍ എല്ലാ വര്‍ഷവും മഴക്കാലത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഡെങ്കിപ്പനി. മഴ തുടങ്ങുമ്പോള്‍ വീടുകളുടെയും പരിസരങ്ങളുടെയും പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് കൊതുകുകള്‍ വളരാന്‍ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നു. ഈഡിസ് കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. സാധാരണ കൊതുകുകളെ പോലെ രാത്രിയല്ല, ഇവ കൂടുതലായും പകല്‍ സമയത്താണ് കടിക്കുന്നത്. വീടിന്റെ അകത്തും ചുറ്റുപാടുകളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇവ മുട്ടയിടുന്നത്. പെട്ടെന്നുള്ള ഉയര്‍ന്ന പനി, കടുത്ത തലവേദന, കണ്ണിന് പിന്നിലെ വേദന, ശരീരവേദനയും സന്ധിവേദനയും, അമിത ക്ഷീണം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ഛര്‍ദി, വിശപ്പില്ലായ്മ എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരുടെ അവസ്ഥ ഗുരുതരമാകാനും ഡെങ്കി ഹെമറാജിക് പനി പോലുള്ള അവസ്ഥകള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കാണണം. മഴക്കാലത്തിന് മുമ്പ് വീട്ടിലും സ്ഥാപനങ്ങളിലും വെള്ളക്കെട്ടുകള്‍ പരിശോധിച്ച് വൃത്തിയാക്കുക. കൊതുക് പ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങള്‍ അടിഞ്ഞുകൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. രോഗബാധ കുറയ്ക്കാനായി ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, പനി വന്നാല്‍ വിശ്രമം ഉറപ്പാക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 96.84, പൗണ്ട് - 129.67, യൂറോ - 112.33, സ്വിസ് ഫ്രാങ്ക് - 122.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.86, ബഹറിന്‍ ദിനാര്‍ - 256.69, കുവൈത്ത് ദിനാര്‍ -313.30, ഒമാനി റിയാല്‍ - 251.85, സൗദി റിയാല്‍ - 25.81, യു.എ.ഇ ദിര്‍ഹം - 26.29, ഖത്തര്‍ റിയാല്‍ - 26.56, കനേഡിയന്‍ ഡോളര്‍ - 70.35.
Previous Post Next Post
3/TECH/col-right