Trending

പ്രഭാത വാർത്തകൾ

2026 | മേയ് 19, ചൊവ്വ 
1201 | ഇടവം 5 , മകീര്യം
1447  ദുൽഹജ്ജ് 01

◾  വി.ഡി. സതീശന്‍ മന്ത്രിസഭയുടെ ആദ്യയോഗം ആകര്‍ഷകമായ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും മന്ത്രിമാരുടെ വകുപ്പു വിഭജന തര്‍ക്കം തീര്‍ന്നില്ല. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും കെ. മുരളീധരന് ആരോഗ്യവും പി.കെ. കുഞ്ഞാലിക്കുട്ടിക്കു വ്യവസായവും മോന്‍സ് ജോസഫിനു ജലവിഭവ വകുപ്പും നല്‍കി. ടി സിദ്ദിഖിന് കൃഷി വകുപ്പ് നല്‍കി. എന്നാല്‍ മറ്റു പല വകുപ്പുകളും തര്‍ക്കത്തിലാണ്. ഫിഷറീസ് ലീഗിന് നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പുണ്ട്. ഫിഷറീസ് വകുപ്പ് തന്നാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടുകൊടുക്കൂ എന്ന നിലപാടിലാണ് ലീഗ്.

◾  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്ഐടിക്ക് കൂടുതല്‍ സാവകാശം നല്‍കി കേരള ഹൈക്കോടതി. ശാസ്ത്രീയ പരിശോധനാ ഫലം വരാന്‍ വൈകുന്നതാണ് അന്വേഷണത്തിന് തടസം. കേസ് ഈ മാസം അവസാനം പരിഗണിക്കാനായി മാറ്റി. മാര്‍ച്ച് 26 ന് കോടതി സാവകാശം അനുവദിച്ചിരുന്നെങ്കിലും ഇന്നലെ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു.

◾  മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയും അഞ്ചു മന്ത്രിമാരുമാണ് ഓഫീസുകള്‍ പങ്കിടുന്നത്. നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകള്‍. നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ കെ മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കും ഒന്നാം നിലയില്‍ മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍ എന്നിവര്‍ക്കും ഓഫീസുകള്‍ അനുവദിച്ചു.

◾  സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നേരിട്ടത് നാണംകെട്ട തോല്‍വിയെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ പി.കെ ശ്രീമതി. പ്രതീക്ഷിക്കാത്ത ഫലമാണെന്ന് മുന്‍ മന്ത്രി കെ കെ ശൈലജയും. മാറ്റമോ തിരുത്തലോ വേണമെങ്കില്‍ പാര്‍ട്ടി ചെയ്യുമെന്ന് ശൈലജ വ്യക്തമാക്കിയപ്പോള്‍, തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി പഠിക്കുമെന്നാണ് ശ്രീമതി ടീച്ചര്‍ പറഞ്ഞത്.

◾  പാര്‍ട്ടി തന്നെ ഒതുക്കിയെന്ന ആരോപണങ്ങള്‍ ശരിയല്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ ശൈലജ. പാര്‍ട്ടി വലിയ പദവികളാണ് നല്‍കിയതെന്നും നാട്ടിന്‍പുറത്തുകാരിയായ തന്നെ ഇത്രത്തോളം വളര്‍ത്തിയതു പാര്‍ട്ടിയാണെന്നും ശൈലജ.

◾  സിപിഎം കാസര്‍കോട്, ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ രൂക്ഷ വിമര്‍ശനം. ഭൂമാഫിയ സംഘങ്ങളുമായി ബന്ധമുള്ള മധുസൂദനനെ പയ്യന്നൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് തിരിച്ചടിയായെന്ന് കാസര്‍കോട്ട് വിമര്‍ശനം ഉയര്‍ന്നു. തൃക്കരിപ്പൂരിലെ തോല്‍വിക്കും ഇത് കാരണമായി. മഞ്ചേശ്വരത്ത് കെ ആര്‍ ജയാനന്ദയെ രക്തസാക്ഷിയാക്കി. പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും സംസ്ഥാന സെക്രട്ടറിക്ക് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം പോലുമില്ലെന്നുമായിരുന്നു ആലപ്പുഴ സെക്രട്ടേറിയേറ്റിന്റെ വിമര്‍ശനം.

◾  പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് ആരംഭിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ കൗതുകമാകുക പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ സത്യപ്രതിജ്ഞ. സിപിഎമ്മില്‍നിന്നു രാജിവച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച് പ്രോടെം സ്പീക്കറാകുന്ന  ജി. സുധാകരനു മുന്നില്‍ പിണറായി സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും. ഏറ്റവും സീനിയറായ എംഎല്‍എ എന്ന നിലയിലാണ് സുധാകരനെ പ്രോടേം സ്പീക്കറാക്കുന്നതെന്നാണു മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്.

◾  വി ഡി സതീശന്‍ സര്‍ക്കാരിന്റ ആശമാരുടെ വേതന വര്‍ധന വഞ്ചനയാണെന്ന് മുന്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആശ സമരകാലത്ത് പ്രതിപക്ഷ നേതാവായിരുന്ന സതീശന്‍ 21,000 രൂപ ശമ്പളം നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ മല എലിയെ പ്രസവിച്ചതുപോലെയായി. 3000 രൂപ മാത്രമാണു വര്‍ധിപ്പിച്ചത്. ബാലഗോപാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

◾  പുതിയ സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചതിന്റെ സന്തോഷത്തിലാണ് ആശമാര്‍. ഓണറേറിയം വര്‍ധിപ്പിച്ച തീരുമാനം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ആശസമര നായിക ബിന്ദു. വി ഡി സതീശന്‍ വാക്ക് പാലിച്ചുവെന്നും ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ബിന്ദു പറഞ്ഞു.

◾  ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസറഗോഡ് എന്നീ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യത.

◾  മന്ത്രിസ്ഥാനത്തേക്കു തുടക്കം മുതല്‍ തന്റെ പേരില്ലായിരുന്നെന്ന് ചാണ്ടി ഉമ്മന്‍. മാധ്യമങ്ങള്‍ സൃഷ്ടിച്ച പേരാണത്. വേറെ എന്ത് സ്ഥാനത്തെക്കാളും വലിയ സ്ഥാനം ഇന്ന് തനിക്കുണ്ട്. അത് കേരളത്തിന്റെ മകന്‍ എന്ന സ്ഥാനമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പുതുപ്പള്ളിയുടെ മന്ത്രി കൂടിയാണ്. ചാണ്ടി ഉമ്മന്‍ പറഞ്ഞു.

◾  സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചതിനെതിരേ പി എ മുഹമ്മദ് റിയാസ് എംഎല്‍എ. ചരിത്രപരമായി വിവാദമായ ഭാഗങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും മതനിരപേക്ഷതയും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കാന്‍ പുതിയ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾  സ്ത്രീകള്‍ക്കു കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിച്ചാല്‍ സ്വകാര്യ ബസുകളില്‍ കയറാന്‍ യാത്രക്കാരുണ്ടാകില്ലെന്ന് ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍. പൊതു ഗതാഗത സംവിധാനത്തെ തകര്‍ക്കരുതെന്നും ഇപ്പോള്‍തന്നെ നഷ്ടത്തിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കാന്‍ പദ്ധതി തയാറാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

◾  ആലപ്പുഴയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് -കെ എസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിലെ പുനരന്വേഷണം സ്വാഗതം ചെയ്ത് മര്‍ദനമേറ്റവരില്‍ ഒരാളായ അജയ് ജുവല്‍ കുര്യാക്കോസ്.  നാട്ടില്‍ 10 വര്‍ഷക്കാലമായി അടികൊണ്ട ചെറുപ്പക്കാര്‍ക്കുള്ള നീതിയാണ് ഈ തീരുമാനമെന്ന് അജയ് ജുവല്‍ കുര്യാക്കോസ് പറഞ്ഞു.

◾  വമ്പന്‍ വിജയം നല്‍കിയിട്ടും കോഴിക്കോട് ജില്ലക്ക് ക്യാബിനറ്റ് പ്രാതിനിധ്യം ഇല്ലാത്തതില്‍ പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍. ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ നേതൃത്വത്തിനെതിരെ കരിങ്കൊടിയും പോസ്റ്ററുകളും പതിച്ചായിരുന്നു പ്രതിഷേധം.

◾  പാലക്കാട് എരിമയൂരില്‍ നിയന്ത്രണം വിട്ട ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. മൂന്നാമനായ സുഖില്‍ (18) ന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

◾  മോഡലിങിന്റെ മറവില്‍ യുവതിയെ ദുബൈയില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. 25കാരിയുടെ പരാതിയില്‍ രണ്ട് യുവതികള്‍ മരട് പൊലീസിന്റെ പിടിയിലായി. സിന്ധു, അലീന എന്നീ യുവതികളാണ് പിടിയിലായത്.

◾  ഹംഗറിയില്‍ കമ്പനി ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ വാളകം സ്വദേശിയായ യുവതിയില്‍നിന്നു പണം തട്ടിയെടുത്തയാള്‍ പിടിയില്‍. ആലുവ കീഴ്മാട് എരുമത്തല റേഷന്‍കട കവല ഉമാ പറമ്പില്‍ വീട്ടില്‍ വിജയ് (45)നെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തത്.

◾  തിരുവനന്തപുരം പൂന്തുറയില്‍ 10 വയസ്സുകാരനെ ലഹരി നല്‍കി ലൈംഗിക പീഡിപ്പിച്ചെന്നു പരാതി. കുട്ടിയെ ഒരു സംഘം ആളുകള്‍ പീഡിപ്പിച്ചെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പോലീസ് കേസെടുത്തു.

◾  മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് കുടുംബം പരാതി നല്‍കിയ സംഭവത്തില്‍ ട്വിസ്റ്റ്. മുഹമ്മദ് അല്‍ഫയാദ് മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ആര്‍ക്കെതിരെയും പരാതിയില്ലെന്നാണ് ഫയാദ് പൊലീസില്‍ പറഞ്ഞത്. കുടുംബത്തിന്റെ പരാതിയെ തുടര്‍ന്ന് ഇന്നലെ ഉച്ചവരെ വ്യാപക അന്വേഷണത്തിലായിരുന്നു മഞ്ചേരി പൊലീസ്.

◾  വിവാഹവാഗ്ദാനം നല്‍കി മധ്യവയസ്‌കയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി പിടിയില്‍. തൃശൂര്‍ ചാവക്കാട് പാവറട്ടി സ്വദേശി പി.കെ സലീം (48) ആണ് ചെങ്ങന്നൂര്‍ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചെങ്ങന്നൂര്‍ സ്വദേശിയായ സ്ത്രീ നല്‍കിയ പരാതിയിലാണ് വിദേശത്തുനിന്നെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്.

◾  തൃശൂര്‍ എടത്തിരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. എടത്തിരുത്തി അയ്യന്‍പടി സ്വദേശി കൊട്ടാരത്തില്‍ വീട്ടില്‍ അനൂപിനെയാണ് (42) പൊലീസ് അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടില്‍ അനീഷ് (43) ആണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഇവരടക്കം അഞ്ചു സുഹൃത്തുക്കള്‍ ചേര്‍ന്നു മദ്യപിച്ചിരുന്നു.

◾  കാസര്‍കോട് ബദിയടുക്കയില്‍ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. മാര്‍പ്പനടുക്ക സ്വദേശി ബി.കെ സുരേഷ് ആണ് കുത്തേറ്റ് മരിച്ചത്. മാര്‍പ്പനടുക്ക ബദ്രു കുഡ്‌ലുവിലാണ് യുവാവിനെ കുത്തിക്കൊന്നത്. കൊറഗയുടെ മകന്‍ ബികെ സുരേഷ് ആണ് മരിച്ചത്. സംഭവത്തില്‍ മാര്‍പ്പനടുക്ക സ്വദേശികളായ കിരണ്‍, അഖിലേഷ് എന്നിവര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കൊലക്കേസെടുത്തു.

◾  കണ്ണൂര്‍ അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് ഒന്‍പതു വയസുകാരന്‍ മരിച്ചു. അമാന്‍ എന്ന കുട്ടിയാണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്കു പരിക്കേറ്റിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നതിനിടെ പടക്കം പൊട്ടിച്ചിരുന്നതില്‍ ബാക്കിയുണ്ടായിരുന്നവ കുട്ടികള്‍ എടുത്തു പൊട്ടിക്കുകയുമായിരുന്നു.

◾  വിമാനത്താവളത്തിലെ ഗ്രൗണ്ട് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കു നടത്തിയതുമൂലം മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ 15 വിമാനങ്ങള്‍ വൈകി. ലാന്‍ഡു ചെയ്ത വിമാനങ്ങളില്‍നിന്ന് യാത്രക്കാരെ പുറത്തിറക്കാന്‍ ഒരു മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടതായും വന്നു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് ഏജന്‍സിയായ എഐഎഎസ്എല്‍ ജീവനക്കാര്‍ ശമ്പള വര്‍ധന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മിന്നല്‍ സമരം നടത്തിയതാണു കാരണം.

◾  ഡല്‍ഹി കലാപക്കേസില്‍ ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെ വിമര്‍ശിച്ച് സുപ്രീം കോടതിയിലെ മറ്റൊരു ബഞ്ച്. ജസ്റ്റിസ് ബി വി നാഗരത്നയും ജസ്റ്റിസ് ഉജ്ജ്വല്‍ ഭുയ്യാനും ഉള്‍പ്പെട്ട ബഞ്ചാണ് ഉമറിന്റെ ജാമ്യപേക്ഷ തള്ളിയ നടപടിയെ വിമര്‍ശിച്ചത്. ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് എന്‍ വി അഞ്ചരിയ എന്നിവരുടെ ബഞ്ചാണ് ഉമറിന് ജാമ്യം നിഷേധിച്ചത്. ജാമ്യമാണ് ചട്ടമെന്നും അനിവാര്യമെങ്കില്‍ മാത്രം ജയിലെന്നുമുള്ള തത്വം പാലിക്കേണ്ടതാണെന്ന് ജസ്റ്റിസ് നാഗരത്ന ഓര്‍മിപ്പിച്ചു.

◾  പശ്ചിമ ബംഗാളില്‍ സ്ത്രീകള്‍ക്കു പ്രതിമാസം മൂവായിരം രൂപ പെന്‍ഷനും സൗജന്യ ബസ് യാത്രയും ജൂണ്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്നു മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രണ്ടാമത് മന്ത്രിസഭ യോഗം തീരുമാനിച്ചു. മതപരമായ അടിസ്ഥാനത്തില്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കും. ഇമാമുമാര്‍ക്കും ഹിന്ദു പുരോഹിതന്മാര്‍ക്കും നല്‍കിയിരുന്ന പ്രതിമാസ സ്റ്റൈപ്പന്റുകള്‍ നിര്‍ത്തലാക്കി.

◾  തമിഴ്നാട്ടില്‍ ജയലളിത സര്‍ക്കാര്‍ തുടങ്ങിയ അമ്മ ക്യാന്റീനുകള്‍ നവീകരിക്കാന്‍ മുഖ്യമന്ത്രി വിജയ് യുടെ നിര്‍ദേശം. ക്യാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് നിര്‍ദേശം. ചെന്നൈയില്‍ 383 ക്യാന്റീനുകളും മറ്റ് സ്ഥലങ്ങളില്‍ 267 ക്യാന്റീനുകളുമാണുള്ളത്.

◾  മഹാരാഷ്ട്രയില്‍ മുംബൈ-അഹമ്മദാബാദ് ദേശീയപാതയില്‍ ട്രാവലറും ട്രക്കും കൂട്ടിയിടിച്ച് 13 മരണം. ഇരുപതിലേറെപ്പേര്‍ക്ക് പരുക്ക്. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. വിവാഹസംഘം സഞ്ചരിച്ച ട്രാവലറിലേക്ക് ഒരു കണ്ടെയ്നര്‍ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

◾  കര്‍ണാടകത്തിലെ കുടകില്‍ ദുബാരെ ആനത്താവളം കാണാനെത്തിയ യുവതി ആനയ്ക്കടിയില്‍ കുടുങ്ങി മരിച്ചു. ചെന്നൈ സ്വദേശിയായ തുളസി എന്ന മുപ്പത്തിമൂന്നുകാരിയാണ് മറ്റൊരാനയുടെ കുത്തേറ്റു മറിഞ്ഞുവീണ ആനക്കടിയില്‍പ്പെട്ട് മരിച്ചത്. ആനകളെ കുളിപ്പിക്കുന്നതിനിടെ കൊമ്പുകോര്‍ത്ത് ഒരാന വീഴുകയായിരുന്നു.

◾  സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതെന്ന് മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കുറ്റപ്പെടുത്തി. തഞ്ചാവൂരില്‍ ഒരു വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സ്റ്റാലിന്‍.

◾  പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി എന്നിവര്‍ക്കെതിരെയുള്ള തട്ടിപ്പ് കേസുകള്‍ ഉള്‍പെടെയുള്ള എല്ലാ ക്രിമിനല്‍ കുറ്റപത്രങ്ങളും യു.എസ്. നീതിന്യായ വകുപ്പ്അവസാനിപ്പിച്ചു.

◾  അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും സാമ്പത്തിക ഉപദേശകരും ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം മൂവായിരത്തി എഴുന്നൂറിലധികം ഓഹരി ഇടപാടുകള്‍ നടത്തി. യുഎസ് സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നേരിട്ട് ബാധിക്കുന്ന വന്‍കിട കമ്പനികളുടെ ഓഹരികളാണ് ഇതില്‍ ഭൂരിഭാഗവും.

◾  സൗദി അറേബ്യയിലേക്ക് പാക്കിസ്ഥാന്റെ സൈനിക സഹായം. 8,000 സൈനികരെയും ചൈനയുമായി ചേര്‍ന്ന് വികസിപ്പിച്ച 16 യുദ്ധവിമാനങ്ങളും ചൈനീസ് നിര്‍മ്മിത വ്യോമപ്രതിരോധ സംവിധാനവും  സൗദിക്ക് കൈമാറി. ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായാണ് ഈ കൈമാറ്റം.

◾  സമാധാന ചര്‍ച്ചകളുടെ മുന്നോടിയായി വലിയ വിട്ടുവീഴ്ച്ചകള്‍ക്ക് ഇറാനും അമേരിക്കയും ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാന് എതിരായ എണ്ണ ഉപരോധം അമേരിക്ക നീക്കും. ഇതോടെ ഇറാന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ കയറ്റുമതിക്കുള്ള തടസ്സങ്ങള്‍ നീങ്ങും. ഇതേസമയം, യുദ്ധക്കെടുതികള്‍ക്കു നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തില്‍നിന്ന് ഇറാന്‍ പിന്മാറും.

◾  നോര്‍വേയുടെ പരമോന്നത ബഹുമതിയയ 'ഗ്രാന്‍ഡ് ക്രോസ് ഓഫ് ദ റോയല്‍ നോര്‍വീജിയന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ്' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. നോര്‍വീജിയന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റിന്റെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമാണ് ഇത്.

◾  പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോല്‍വി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദാരാബാദ് 16 പോയിന്റുമായി പ്ലേ ഓഫിലെത്തി. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് തുടക്കത്തില്‍ പതറിയെങ്കിലും 70 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെയും 47 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്റെയും കരുത്തില്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

◾  2026 ഫിഫ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന ന്യൂ ജേഴ്‌സി, ഈസ്റ്റ് റുഫര്‍ഫോര്‍ഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയം സന്ദര്‍ശിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. എംഡി സ്‌ട്രൈക്കേഴ്‌സ് സ്‌പോര്‍ട് ക്ലബ്ബ് സംഘടിപ്പിക്കുന്ന വാഷിങ്ടണ്‍ ഡിസി ക്യാപിറ്റല്‍ കപ്പ് 2026 എന്ന സോക്കര്‍ ടൂര്‍ണമെന്റിന്റെ മുഖ്യാതിഥിയായി എത്തിയതാണ്. മേയ് 23-ന് മേരിലാന്‍ഡിലെ ഫ്രെഡറിക്കിലുള്ള ഒഥല്ലോ റീജിയണല്‍ പാര്‍ക്കിലാണ് ടൂര്‍ണമെന്റ്.  

◾  ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രപരമായ നേട്ടം കൈവരിച്ച് ഭാരതി എയര്‍ടെല്‍, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി മാറി. പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിനെ പിന്നിലാക്കിയാണ് സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഈ ടെലികോം ഭീമന്‍ ഈ സ്ഥാനത്തെത്തിയത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാത്രമാണ് നിലവില്‍ വിപണി മൂല്യത്തില്‍ എയര്‍ടെല്ലിന് മുന്നിലുള്ളത്. എയര്‍ടെല്ലിന്റെ മൊത്തം വിപണി മൂല്യം 11.90 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതേസമയം എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 11.80 ലക്ഷം കോടി രൂപയായിരുന്നു. വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൂല്യം 18.11 ലക്ഷം കോടി രൂപയിലധികമാണ്. വെറും നാല് വ്യാപാര സെഷനുകളിലായി എയര്‍ടെല്‍ ഓഹരികള്‍ 11 ശതമാനത്തിലധികം മുന്നേറ്റം നടത്തിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. കമ്പനിയുടെ നാലാം പാദ ഏകീകൃത അറ്റാദായം 7,325 കോടി രൂപയാണ്. ഇത് മുന്‍ പാദത്തേക്കാള്‍ 10.5 ശതമാനം വര്‍ദ്ധനവ് കാണിക്കുന്നുണ്ടെങ്കിലും, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ കുറവുണ്ടായിട്ടുണ്ട്.

◾  ചാറ്റ് ജിപിടിയില്‍ പേഴ്‌സണല്‍ ഫിനാന്‍സ് ഫീച്ചര്‍ അവതരിപ്പിച്ച് ഓപ്പണ്‍എഐ. വരവും ചെലവും കൃത്യമായി ട്രാക്ക് ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. പൊതുവായ ബജറ്റിങ് ടിപ്പുകള്‍ നല്‍കുന്നതിനപ്പുറം, ഉപയോക്താവിന്റെ പണം ലാഭിക്കാനും കൃത്യമായി ട്രാക്ക് ചെയ്യാനും കഴിയും. ഉപയോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍വെസ്റ്റ്മെന്റ് അക്കൗണ്ടുകള്‍ എന്നിവ നേരിട്ട് ചാറ്റ്ജിപിടിയുമായി ബന്ധിപ്പിക്കാം. ഈ പുതിയ അപ്ഡേറ്റ് വഴി എഐ ചാറ്റ്ബോട്ട് ഒരു വ്യക്തിഗത ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റായി മാറും. നിലവില്‍ ഈ ഫീച്ചര്‍ യുഎസിലുള്ള ചാറ്റ്ജിപിടി പ്രോ ഉപയോക്താക്കള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് വെബിലും ഐഒഎസിലും ലഭ്യമാണ്. ആളുകള്‍ ഈ ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് പഠിച്ച ശേഷം, ഇത് പ്ലസ് ഉപയോക്താക്കളിലേക്കും തുടര്‍ന്ന് കൂടുതല്‍ ആളുകളിലേക്കും വ്യാപിപ്പിക്കാനാണ് ഓപ്പണ്‍എഐ പദ്ധതിയിടുന്നത്.

◾  ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ മാര്‍ക്കോയ്ക്ക് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' സിനിമയിലെ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ അലി എന്ന കഥാപാത്രമായാണ് ജഗദീഷ് എത്തുന്നത്. മാര്‍ക്കോയില്‍ ടോണി ഐസക് എന്ന വേഷം ജഗദീഷ് അവിസ്മരണീയമാക്കിയിരുന്നു. കാട്ടാളനിലും ഏറെ വേറിട്ട വേഷപ്പകര്‍ച്ചയിലാണ് അദ്ദേഹം എത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. മേയ് 28-നാണ് കാട്ടാളന്‍ വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ചിത്രത്തില്‍ ആന തന്നെ ഓടിക്കുന്നതടക്കമുള്ള രംഗങ്ങളുണ്ടെന്നും ആനയ്‌ക്കൊപ്പമുള്ള രംഗങ്ങളിലെല്ലാം ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനയിച്ചതെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.

◾  ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ധ്യാന്‍ ശ്രീനിവാസന്‍ - വിഷ്ണു ഉണ്ണി കൃഷ്ണന്‍ ചിത്രം 'ഭീഷ്മര്‍' മേയ് 22 മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ആമസോണ്‍ പ്രൈം, സണ്‍ നെക്സ്റ്റ് എന്നീ ഓടിടി പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒരു മ്യൂസിക്കല്‍ റൊമാന്റിക് ഫാമിലി ഫണ്‍ ഫില്‍ഡ് ത്രില്ലറാണ് ഭീഷ്മര്‍. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയന്‍, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

◾  ഏകദേശം അഞ്ചുകോടി രൂപ വിലയുള്ള കാഡിലാക് എസ്‌കലെയ്ഡ് വാഹനം ഷാരൂഖ് ഖാന്റെ വാഹനശേഖരത്തിലെ പുതിയ മോഡലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരത്തില്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന വാഹനമാണ് കാഡിലാക് എസ്‌കലെയ്ഡ്. ഇന്ത്യയിലെ ഇതിന്റെ വില അഞ്ചുകോടി രൂപയോളം വരും. എന്നാല്‍ യു.എസ്. വിപണിയില്‍ ഇതിന്റെ ഏറ്റവും വിലകൂടിയ പതിപ്പ് 1.68 ലക്ഷം യു.എസ്. ഡോളറിന് (ഏകദേശം 1.61 കോടി രൂപ) ലഭ്യമാണ്. എസ്‌കലെയ്ഡിന് 5382 മില്ലിമീറ്റര്‍ നീളമുണ്ട്, ചില വേരിയന്റുകളില്‍ ഇതിലും കൂടുതലാണ്. അതേസമയം, എസ്.യു.വി.യുടെ ഉയരം 1948 മില്ലിമീറ്ററാണ്. ഇതിലെ 6.2 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ 420 എച്പി പവറും 624 എന്‍എം ടോര്‍ക്കും നല്‍കുന്നു. 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള ഈ വാഹനം വെറും 6.5 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 682 എച്പി കരുത്തുള്ള സൂപ്പര്‍ചാര്‍ജ്ഡ് വി8 എന്‍ജിന്‍ അടങ്ങിയ 'വി' വേരിയന്റും ലഭ്യമാണ്.

◾  അമൃതാപ്രീതം, കര്‍താര്‍സിങ് ദുഗ്ഗല്‍, കുല്‍വന്ത് സിങ് വിര്‍ക്, രാം സരൂപ് അണഖി, ബല്‍ബീര്‍ പര്‍വാന, ദര്‍ശന്‍ ജോഗ, തൃപ്താ സിങ, ഗുരുമീത് കഡിയാലവി,  സര്‍ഘി, ജതിന്ദര്‍ സിങ് ഹാന്‍സ്, സിമ്രന്‍ ധാലീവാള്‍, ഹരീഷ്, അമര്‍ജിത് സിങ് മാന്‍, രേമന്‍...പഞ്ചാബിന്റെ ചൂടും ചൂരും നിറഞ്ഞ കഥകള്‍. ഇത്തിരിവട്ടത്തിലെ സന്തോഷങ്ങളുടെ പിറകേ പായുന്ന ഗ്രാമീണജീവിതത്തെയും പൊള്ളത്തരങ്ങള്‍ നിറഞ്ഞ നാഗരികജീവിതത്തെയും ആവിഷ്‌കരിക്കുന്ന പതിനാലു കഥകളുടെ സമാഹാരം. പഞ്ചാബിന്റെ വേറിട്ട സംസ്‌കാരത്തെയും മനുഷ്യബന്ധങ്ങള്‍ക്കിടയില്‍ അത് തീര്‍ക്കുന്ന സങ്കീര്‍ണ്ണതകളെയും അടയാളപ്പെടുത്തുന്ന പുസ്തകം. 'തിരഞ്ഞെടുത്ത പഞ്ചാബി കഥകള്‍'. എഡിറ്റര്‍മാര്‍ - ടി.എന്‍ സതീശന്‍, ക്രാന്തിപാല്‍. മാതൃഭൂമി. വില 161 രൂപ.

◾  പഴയ പൊള്ളല്‍ പാടുകള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം കാന്‍സര്‍ ആയി മാറാമെന്ന് ഗവേഷകര്‍. മാര്‍ജോളിന്‍സ് അള്‍സര്‍ എന്ന് വിശേഷിപ്പിക്കുന്ന ഒരു തരം സ്‌കിന്‍ കാന്‍സറിനെ സ്‌ക്വാമസ് സെല്‍ കാര്‍സിനോമ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. പഴയ മുറിവുകള്‍, പൊള്ളലേറ്റ പാടുകള്‍, ദീര്‍ഘകാലം ഭേദമാകാത്ത അള്‍സറുകള്‍ എന്നിവയില്‍ നിന്ന് വികസിക്കാവുന്ന അപൂര്‍വമായ ഒരു തരം ത്വക്ക് അര്‍ബുദമാണ് മാര്‍ജോളിസ് അള്‍സര്‍. പൊള്ളലേറ്റ പാടുകളില്‍ വര്‍ഷങ്ങളോളം മാറ്റമില്ലാതെ തുടരുന്ന ഭാഗങ്ങളില്‍ ചിലപ്പോള്‍ കോശങ്ങളില്‍ അസാധാരണ വളര്‍ച്ചയ്ക്ക് കാരണമാകാം. അതാണ് പിന്നീട് കാന്‍സറായി മാറുന്നത്. മാര്‍ജോളിന്‍സ് അള്‍സര്‍ സാധാരണയായി പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല. പൊള്ളലേറ്റ് പാടുകളില്‍ നിന്ന് കാന്‍സര്‍ രൂപപ്പെടാന്‍ 10 മുതല്‍ 40 വര്‍ഷം വരെ എടുത്തേക്കാം. അതുകൊണ്ട് തന്നെ പഴയ പൊള്ളലേറ്റ പാടുകള്‍ ഉണ്ടെങ്കില്‍ വര്‍ഷങ്ങളായാലും അവയെ അവഗണിക്കരുത്. ഏകദേശം രണ്ട് ശതമാനം പൊള്ളല്‍ പാടുകളില്‍ കണ്ടുവരുന്ന ഈ രോഗാവസ്ഥ ചര്‍മത്തിലെ മറ്റ് അര്‍ബുദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണ്. പൊള്ളലേറ്റ പാടുള്ള ഭാഗത്തെ മുറിവ് വീണ്ടും പൊട്ടുക, ഭേദമാകാതെ നീണ്ടുനില്‍ക്കുന്ന മുറിവ്, പൊള്ളലേറ്റ പാടില്‍ അസാധാരണ വളര്‍ച്ച അല്ലെങ്കില്‍ കട്ട പോലെ ഉണ്ടാവുക, രക്തസ്രാവം, ദുര്‍ഗന്ധമുള്ള സ്രാവം, നിറം മാറുക, കടുത്ത വേദന അല്ലെങ്കില്‍ ചൊറിച്ചില്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ നാട്ടില്‍ വിവാഹ സല്‍ക്കാരത്തിലെ പ്രാധാന വിഭവം മാംസം റൊട്ടിയില്‍ പൊതിഞ്ഞു നല്‍കുന്നതായിരുന്നു.  കുടുംബത്തില്‍ പെട്ടവര്‍ക്കും ഏറ്റവും അടുപ്പമുളളവര്‍ക്കും അവസാനമാണ് ഇത് കൊടുത്തിരുന്നത്.  മാംസം കുറവ് വന്നാല്‍ അവര്‍ക്ക് റൊട്ടി മാത്രം നല്‍കും.  വിശിഷ്ടാതിഥികളായെത്തിയവര്‍ക്ക് മാംസം ലഭിക്കാനും കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കാനും വേണ്ടിയായിരുന്നു അത്.   ഒരു വിരുന്നിനിടെ ഒരാള്‍ തന്റെ അടുപ്പക്കാര്‍ക്ക് റൊട്ടിമാത്രം പൊതിഞ്ഞു നല്‍കി.  അതു കിട്ടിയ ഒരാള്‍ ഉറക്കെ പറഞ്ഞു: റൊട്ടിക്കുളളില്‍ മാംസമില്ലല്ലോ.. ഇത്കേട്ട് വീട്ടുകാരന്‍ പറഞ്ഞു:  ക്ഷമിക്കണം. ഞാന്‍ നിങ്ങളെ സ്വന്തമെന്നാണ് കരുതിയത്.  ആരുംആരുടേയും സ്വന്തമല്ല.. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും പരസ്പരധാരണ നിലനില്‍ക്കുന്നിടത്തോളം കാലം സ്വന്തമെന്ന് തോന്നല്‍ ഉടലെടുക്കുന്നതാണ്.  അനിഷ്ടങ്ങളും അസ്വാരസ്യങ്ങളും വന്നുതുടങ്ങുമ്പോള്‍ അകല്‍ച്ച ആരംഭിക്കും.  അന്യന് ഉപകരിക്കുന്നതും അപരന്റെ സന്തോഷങ്ങള്‍ പങ്കുവെക്കുന്നതിനുമായി സൗഹൃദങ്ങള്‍ തുടങ്ങുന്ന ആരുമുണ്ടാകില്ല.  ആരുടേയും അഭിമാനസംരക്ഷണത്തിന്റെ ഉത്തരവാദിത്വം മറ്റൊരാളും ഏറ്റെടുക്കുകയുമില്ല.   ആരിലും ആശ്രയമര്‍പ്പിക്കാതെ സ്വന്തം കര്‍മ്മങ്ങളുടെ ഉത്തരവാദിത്വം സ്വയമേറ്റെടുത്തു നീങ്ങുക എന്നത് മാത്രമാണ് സമാധാനത്തിനും സംതൃപ്തിക്കുമുളള വഴി- ശുഭദിനം.
Previous Post Next Post
3/TECH/col-right