*⬛ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനൽ മുംബൈ വാങ്കഡെയിൽ രാത്രി ഏഴിന്*
മുംബൈ: ഐസിസി പുരുഷ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ചിത്രം ഇന്നു തെളിയും. തുടർച്ചയായ രണ്ടാം ഫൈനൽ സ്വപ്നം കണ്ട് മെൻ ഇൻ ബ്ലൂ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. രാത്രി ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം സെമി. ഇരുടീമും സെമിയിൽ ഏറ്റുമുട്ടുന്നത് (2022, 2024, 2026) ഇതു മൂന്നാം തവണ. എട്ടിനാണ് ഫൈനൽ.
*സഞ്ജു തരംഗം*
നിലവിലെ ചാന്പ്യന്മാർ എന്ന ബ്രാൻഡിലിറങ്ങിയ ഇന്ത്യയെ ടോപ്പ് ഓർഡർ ബാറ്റർമാരുടെ താളമില്ലായ്മ വലച്ചു. ഇതോടെ സൂപ്പർ എട്ട് ശക്തരുടെ പോരാട്ടത്തിൽ കിതച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ വൻ തോൽവി പുറത്തേക്ക് വഴി തുറക്കുമെന്ന ഘട്ടത്തിലാക്കി. തുടർന്ന് സിംബാബ്വെയ്ക്കെതിരേ തകർപ്പൻ ജയം. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ കീഴടക്കി സെമിയിൽ. ഓപ്പണറായി സഞ്ജു സാംസണിന്റെ വരവ് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് കരുത്തായി.
വെസ്റ്റ് ഇൻഡീസിന് എതിരേ 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ ജയത്തിലെത്തിച്ചത് സഞ്ജുവായിരുന്നു. ഇതോടെ ടൂർണമെന്റിൽ ആദ്യമായി ഇന്നത്തെ മത്സരത്തിൽ പ്ലേയിംഗ് ഇലവനിൽ സഞ്ജു സ്ഥാനം ഉറപ്പിച്ചു. അഭിഷേകിനെ ഫോമില്ലായ്മ ടീമിനെ വലയ്ക്കുന്നുണ്ടെങ്കിലും ടോപ്പ് ഓർഡറിൽ സഞ്ജു ചലനം സൃഷ്ടിച്ചു കഴിഞ്ഞു.
അതേസമയം, കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന ട്വന്റി-20ലാണ് ഇന്ത്യയും ഇംഗ്ലണ്ടും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഉയർന്ന വ്യക്തിഗത സ്കോർ നേടി താരമായ അഭിഷേകിന്റെ ശക്തമായ മടങ്ങിവരവിന് വാങ്കഡെ സാക്ഷ്യം വഹിച്ചാൽ ഇന്ത്യ കുതിക്കും. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവർക്കെല്ലാം ജോഫ്ര ആർച്ചറും സ്പിന്നർമാരായ ആദിൽ റാഷിദും ലിയാം ഡൗസണും ഉൾപ്പെടുന്ന ഇംഗ്ലീഷ് പരീക്ഷയെ മറികടക്കാൻ കരുത്തുണ്ട്.
*ബുംറ അറ്റാക്ക്*
ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനും സംഘത്തിനും കടിഞ്ഞാണിടാൻ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയ്ക്ക് സാധിക്കും. അർഷദീപ് സിംഗ് വിക്കറ്റ് ടേക്കിംഗ് ബൗളിംഗ് പുറത്തെടുക്കുകയും ഹാർദിക് പാണ്ഡ്യ മികവ് പുലർത്തുകയും ചെയ്താൽ ഇംഗ്ലീഷ് ബാറ്റിംഗ് നിര വലയും. വരുണ്‍ ചക്രവർത്തി മധ്യനിരയിൽ പിടിമുറുക്കുന്നതോടെ ഇംഗ്ലണ്ടിനു കാര്യങ്ങൾ കടുപ്പമാകും. ബ്രൂക്കും വിൽ ജാക്സും റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും ജോസ് ബട്ലർ ഫോം വീണ്ടെടുത്തിട്ടില്ലെന്നത് ഇന്ത്യക്ക് ആശ്വാസമാണ്.
ട്വന്റി-20 ലോകകപ്പിൽ നിർണായക പോരാട്ടങ്ങളിലെ സ്ഥിരം എതിരാളികളാണ് ഇന്ത്യയും ഇംഗ്ലണ്ടും. മൂന്നാം സെമിഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. 2022ൽ ഇംഗ്ലണ്ട് വിജയിച്ചു. 2024ൽ മറുപടി നൽകി ഇന്ത്യ ജയം പിടിച്ചു. ഇംഗ്ലണ്ടിനെതിരേ നടന്ന അവസാന അഞ്ച് ട്വന്റി-20 മത്സരത്തിൽ നാലിലും ജയം ഇന്ത്യക്കായിരുന്നു.
*ഗ്രഹണകാലത്തെ പരിശീലനം*
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 ലോകകപ്പ് സെമി ഫൈനൽ പോരാട്ടത്തിനു മുന്നോടിയായുള്ള ചൊവ്വാഴ്ചത്തെ പരിശീലനത്തിനായി ഇന്ത്യൻ ടീം ഗ്രൗണ്ടിലെത്തിയത് പതിവിലും ഏറെ വൈകി. ചന്ദ്രഗ്രഹണം മൂലമാണ് പരിശീലനം വൈകിയതെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ വ്യക്തമാക്കി. ചന്ദ്രഗ്രഹണത്തിനു ശേഷം പരിശീലനം മതിയെന്ന നിർദേശം ലഭിച്ചിരുന്നുവെന്ന് മോർക്കൽ പറഞ്ഞു.
വൈകുന്നേരം ആറ് മുതൽ ഒന്‍പതു വരെയായിരുന്നു പരിശീലനം നിശ്ചയിച്ചിരുന്നത്. ഒരു മണിക്കൂർ വൈകിയാണ് താരങ്ങൾ ഗ്രൗണ്ടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.20 മുതൽ വൈകിട്ട് 6.47 വരെയായിരുന്നു ചന്ദ്രഗ്രഹണ സമയം. വൈകിട്ട് ആറ് മണിയായിട്ടും സ്റ്റേഡിയത്തിലെ ഫ്ലഡ്ലൈറ്റുകൾ തെളിച്ചില്ല. ഗ്രൗണ്ട് സ്റ്റാഫും മാധ്യമപ്രവർത്തകരും താരങ്ങളെ കാത്തുനിന്നെങ്കിലും ഗ്രഹണം പൂർത്തിയായ ശേഷം 6.55ഓടെയാണ് ലൈറ്റ് തെളിഞ്ഞതും താരങ്ങൾ ഗ്രൗണ്ടിലെത്തിയതും.
*⬛യുദ്ധം അഞ്ചാം ദിനത്തിലേക്ക്: പശ്ചിമേഷ്യ കത്തുന്നു; എണ്ണവിലയിൽ വൻ വർധന*
ടെഹ്റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തി ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച സൈനിക നീക്കങ്ങളെത്തുടർന്ന് മേഖലയിൽ യുദ്ധസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 500-ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000-ഓളം ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ ശക്തമായി തിരിച്ചടിച്ചു. എന്നാൽ ഇസ്രയേലിന്റെ 'അയൺ ഡോം' പ്രതിരോധ സംവിധാനം ഭൂരിഭാഗം മിസൈലുകളെയും ആകാശത്തുവെച്ച് തന്നെ തകർത്തു. ഇസ്രയേലിൽ ഇതുവരെ 11 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, ഇസ്രായേലിന്റെ ആക്രമണത്തിൽ ഇറാനിൽ 1,000-ത്തിലധികം പേർ കൊല്ലപ്പെട്ടു.
യുദ്ധത്തിൽ നാല് അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധം ഇറാനിനും ഇസ്രയേലിനും പുറമേ ലെബനൻ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ലോകത്തെ പ്രധാന എണ്ണക്കയറ്റുമതി മേഖലയായ പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങിയതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. സുരക്ഷാ കാരണങ്ങളാൽ ഇറാൻ, ഇസ്രായേൽ മേഖലകളിലൂടെയുള്ള വിമാന സർവീസുകൾ നിർത്തിവെച്ചു. യുദ്ധം നിർത്താൻ അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ ആണവ പദ്ധതിയോടുള്ള ഇസ്രായേലിൻ്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും തിരിച്ചടിക്കാനുള്ള ഇറാന്റെ നീക്കങ്ങളും സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു.
*🟨കിവീസ് പടയോട്ടത്തിൽ തകർന്നുവീണ് പ്രോട്ടീസ്; കിരീടത്തിനരികെ ന്യൂസിലൻഡ്*
കോൽക്കത്ത: ട്വന്റി ലോകകപ്പിന്റെ ഫൈനലിൽ കടന്ന് ന്യൂസിലൻഡ്. സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകർത്താണ് ന്യൂസിലൻഡ് ഫൈനലിലെത്തിയത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 12.5 ഓവറിൽ മറികടന്നു. ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ടിം സൈഫർട്ടിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ന്യൂസിലൻഡ് അനായാസമായി ലക്ഷ്യം മറികടന്നത്.
33 പന്തിലാണ് ഫിൻ അലൻ സെഞ്ചുറി നേടിയത്. 10 ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഫിൻ അലന്റെ ഇന്നിംഗ്സ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗത ഏറിയ സെഞ്ചുറിയാണ് ഫിൻ അലൻ ഇന്ന് നേടിയത്.
ടിം സൈഫർട്ട് 58 റൺസാണെടുത്തത്. നാല് ഫോറും രണ്ട് സിക്സും താരം അടിച്ചെടുത്തിരുന്നു. രചിൻ രവീന്ദ്ര 13 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗീസോ റബാഡ ഒരു വിക്കറ്റെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് റൺസെടുത്തത്. മാർക്കോ യാൻസന്റെ അർധ സെഞ്ചുറിയുടെയും ഡിവാൾഡ് ബ്രെവിസിന്റെയും ട്രിസ്റ്റൻ സ്റ്റബ്സിന്റെയും ഇന്നിംഗ്സുകളുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോർ പടുത്തുയർത്തിയത്.
യാൻസൻ 55 റൺസെടുത്ത് പുറത്താകാതെ നിന്നു. 30 പന്തിൽ രണ്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു യാൻസന്റെ ഇന്നിംഗ്സ്.
മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും പറത്തിയ ബ്രെവിസ് 34 റൺസെടുത്താണ് പുറത്തായത്. സ്റ്റബ്സ് 29 റൺസാണെടുത്തത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എന്ന നിലയിൽ തകർച്ചയെ നേരിട്ട ദക്ഷിണാഫ്രിക്കയെ യാൻസനും സ്റ്റബ്സും ചേർന്നാണ് കരകയറ്റിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 73 റൺസാണ് കൂട്ടിച്ചേർത്തത്.
ന്യൂസിലൻഡിന് വേണ്ടി മാറ്റ ഹെൻറിയും കോൽ മക്കോഞ്ചിയും രചിൻ രവീന്ദ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലോക്കി ഫെർഗൂസനും ജെയിംസ് നീഷവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
*🟨തുര്‍ക്കിയിലേക്ക് ഇറാന് തൊടുത്ത മിസൈല്‍ തകര്‍ത്തു*
ദുബായ്: തുര്‍ക്കിയിലേക്ക് ഇറാന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ നാറ്റോ എയര്‍ ഡിഫന്സസ് തകര്‍ത്തു.
ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല. ഇറാക്കിന്റെയും സിറിയയുടെയും വ്യോമമേഖല പിന്നിട്ടാണു മിസൈല്‍ തുര്‍ക്കിയുടെ വ്യോമമേഖലയിലെത്തിയത്. നാറ്റോ അംഗമാണു തുര്‍ക്കി.
*🟨താലിബാൻ കമാൻഡറെ പാക്കിസ്ഥാൻ വധിച്ചു*
പെഷവാർ: അഫ്ഗാൻ താലിബാൻ കമാൻഡർ ഖഹ്റമാൻ പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ തോർഖാം അതിർത്തിയിലായിരുന്നു ആക്രമണം.
ഖഹ്റമാനൊപ്പം നിരവധി താലിബാൻകാരും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി വൈകി അതിർത്തിയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നതിനിടെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു.
പാക് ഖൈബർ പഖ്തുൻഖ്വ പ്രവിശ്യക്കും അഫ്ഗാനിസ്ഥാനിലെ നംഗർഹാറിനും ഇടയിലുള്ള പ്രധാന അതിർത്തിയാണ് തോർഖാം.
*🟨നേപ്പാളിൽ ഇന്നു പൊതുതെരഞ്ഞെടുപ്പ്*
കാഠ്മണ്ഡു: ജെന്‍-സി പ്രക്ഷോഭങ്ങള്‍ക്കു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് നേപ്പാളില്‍ ഇന്നു നടക്കും. തിങ്കളാഴ്ച അര്‍ധരാത്രിയോടെ പ്രചാരണം അവസാനിച്ചിരുന്നു.
ഇന്നു വൈകുന്നേരം അഞ്ചുവരെ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടാകുമെന്ന് ആക്ടിംഗ് ചീഫ് ഇലക്ഷന് കമ്മീഷണര്‍ രാം പ്രസാദ് ഭണ്ഡാരി അറിയിച്ചു.
18.9 ദശലക്ഷത്തിലധികം വോട്ടര്‍മാരാണ് നേപ്പാളിലുള്ളത്. ഇത്തവണ വോട്ടിംഗ് ശതമാനം വര്‍ധിക്കുമെന്നും അസാധുവായ വോട്ടുകളുടെ ശതമാനവും കുറയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ജെന്‍-സി പ്രക്ഷോഭത്തെത്തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യൂണിഫൈഡ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) ചെയര്‍മാനും പ്രധാനമന്ത്രിയുമായ കെ.പി. ഒലി ഭരണത്തില്‍നിന്നു പുറത്തായിരുന്നു.
സെപ്റ്റംബര്‍ 12ന് പ്രസിഡന്റ് രാമചന്ദ്ര പൗഡല്‍ പ്രതിനിധി സഭ പിരിച്ചുവിടുകയും സുശീല കാര്‍ക്കിയെ താത്കാലിക പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്തു.
സിപിഎന്‍-യുഎംഎല്ലിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി ഒലിയാണ്. ഗഗന് താപ്പയെയാണ് നേപ്പാളി കോണ്‍ഗ്രസ് പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയർത്തിക്കാണിക്കുന്നത്. 275 സീറ്റുകളിലേക്ക് നടത്തുന്ന തെരഞ്ഞടുപ്പില്‍ ആറായിരത്തിലധികം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
*🟨അധിനിവേശ അനുകൂലികൾ ശത്രുക്കൾ: ഇറാൻ*
ദുബായ്: യുഎസ്-ഇസ്രയേൽ ആക്രമണത്തിന് അനുകൂലമായി സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവരെ ശത്രുക്കളായി കണ്ട് നടപടി സ്വീകരിക്കുമെന്ന് ഇറേനിയൻ ജുഡീഷൽ മേധാവി ഗോലം ഹൊസെയ്നി മൊഹ്സിനി.
ഇറാൻ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശത്രുവുമായി ഏതെങ്കിലും വിധത്തിൽ സഹകരിക്കുന്നവരെ ശത്രുക്കളായി കണക്കാക്കും.
അമേരിക്കയുടെയും സയണിസ്റ്റ് ഭരണകൂടത്തിന്റെയും ഇച്ഛയ്ക്ക് അനുസൃതമായി എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നവർ ശത്രുപക്ഷത്താണ്.
ഇസ്ലാമിക തത്വങ്ങളുടെ അടിസ്ഥാനത്തിലും യുദ്ധകാലത്തിനനുസൃതമായും അവരെ കൈകാര്യം ചെയ്യും- അദ്ദേഹം പറഞ്ഞു.
*🟨ലബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ*
ബെയ്റൂട്ട്: ഇറാൻ അനുകൂല ഹിസ്ബുള്ള തീവ്രവാദികളുടെ താവളമായ തെക്കൻ ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ.
തെക്കൻ ലബനനിലെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രേലി സേന നിർദേശം നല്കി. ഇസ്രയേൽ കരയുദ്ധത്തിനു തയാറെടുക്കുകയാണെന്നാണു റിപ്പോർട്ട്.
ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തി ഹിസ്ബുള്ളയാണ് ആദ്യം പ്രകോപനമുണ്ടാക്കിയത്. തുടർന്ന് ഇസ്രേലി സേന നടത്തിയ തിരിച്ചടിയിൽ ലബനനിൽ അന്‍പതിലേറെ പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്കു പരിക്കേറ്റു. തെക്കൻ ലബനനിൽനിന്ന് ആയിരങ്ങൾ പലായനം ചെയ്തു.
*🟨ന്യായീകരിക്കാനാവാത്ത മരണക്കളി; അമേരിക്കയെ വിമർശിച്ച് വീണ്ടും സ്പെയിൻ*
മാഡ്രിഡ്: ഇറാനിലെ ഇസ്രയേൽ-യുഎസ് സൈനിക നടപടിയെ വീണ്ടും വിമർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചസ്. ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണിത്.
ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ വച്ചുകൊണ്ടുള്ള മരണക്കളിയാണിതെന്നും (റഷ്യൻ റൗലറ്റ്) പെദ്രോ സാഞ്ചസ് പറഞ്ഞു. സ്പെയിനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഇറാനെതിരായ ആക്രമണങ്ങളിൽ സ്പെയിനിലെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കാത്തതിനെത്തുടർന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിനു പിന്നാലെയാണ് പെദ്രോ സാഞ്ചസ് നിലപാട് കടുപ്പിച്ച് വീണ്ടും രംഗത്തെത്തിയത്.
“ആരുടെയെങ്കിലും പ്രതികാര നടപടി ഭയന്ന്, ലോകത്തിന് ദോഷകരവും രാജ്യത്തിന്റെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വിരുദ്ധവുമായ ഒരു കാര്യത്തിലും ഞങ്ങൾ പങ്കാളികളാകാൻ പോകുന്നില്ല”- സാഞ്ചസ് പറഞ്ഞു. ഇറാനു നേർക്കുള്ള ആക്രമണങ്ങൾ ന്യായീകരിക്കാനാവാത്തതും അപകടകരവുമായ സൈനിക ഇടപെടലാണെന്ന് സാഞ്ചസ് വിശേഷിപ്പിച്ചു.
ഇറാക്കിലും അഫ്ഗാനിസ്ഥാനിലും മുമ്പ് അമേരിക്ക ഇടപെടലുകൾ നടത്തിയതിന് സമാനമായി, ഇറാനിലെ ആക്രമണങ്ങൾ മിഡിൽ ഈസ്റ്റിൽ മറ്റൊരു ചെലവേറിയ സൈനിക നടപടിയിലേക്ക് നയിച്ചേക്കാം. സ്പെയിനിന്റെ നിലപാട് യുദ്ധം വേണ്ട എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തെയും സ്പെയിൻ തുറന്നെതിർത്തിരുന്നു. വെനസ്വേലയ്ക്കെതിരെയുള്ള അമേരിക്കൻ കടന്നുകയറ്റത്തിനെതിരേയും സ്പെയിൻ ശക്തമായ നിലപാടെടുത്തിരുന്നു.
*🟨ഇന്ത്യയിൽ ഇന്ധന പ്രതിസന്ധിയുണ്ടാകില്ല; റഷ്യയിൽ നിന്നെത്തുന്നത് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ*
മോസ്കോ: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിലെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ സഹായ ഹസ്തവുമായി റഷ്യ. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുമെന്ന് റഷ്യ അറിയിച്ചു.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം തടസപ്പെട്ടതോടെയാണ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ ഇന്ത്യ നിർബന്ധിതരായത്. റഷ്യയിൽ നിന്നുള്ള എണ്ണ എത്തുന്നതോടെ ആഭ്യന്തര വിപണിയിലെ ലഭ്യത കുറവ് പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതം നിലച്ചതോടെ നാലാഴ്ച വരെ രാജ്യത്തിന് ആവശ്യമായ ഇന്ധനം സംഭരണശാലകളിലുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് വഴിയാണ് രാജ്യത്തേക്കുള്ള 40 ശതമാനം പെട്രോളിയം ഉത്പന്നങ്ങളെത്തുന്നത്.
ഇന്ത്യൻ തീരത്തിനടുത്തുള്ള കപ്പലുകളിലായി 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുണ്ടെന്നും വരും ആഴ്ചകളിൽ അത് ഇന്ത്യയിലെത്തുമെന്നും റഷ്യ അറിയിച്ചു. ഖത്തറിൽ നിന്നുള്ള എൽഎൻജി വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ തയാറാണെന്ന് വ്യക്തമാക്കി.
*🟨ലോറിയസ് പട്ടികയില്‍ ഇന്ത്യന്‍ വനിതാ ടീം*
മുംബൈ: കായിക ലോകത്തിലെ പരമോന്നത ബഹുമതിയായ ലോറിയസ് പുരസ്കാരത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. ഐസിസി വനിതാ 2025 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളാണ് ഇന്ത്യന്‍ ടീം.
ഓരോ വര്‍ഷത്തെയും ഏറ്റവും മികച്ച കായിക നേട്ടം സ്വന്തമാക്കിയ ടീമിനെയാണ് ലോറിയസ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
ഇന്ത്യന്‍ വനിതാ ടീം ലോകകപ്പ് ട്രോഫി സ്വന്തമാക്കുന്നത് ആദ്യമായാണ്. കരുത്തരായ ഓസ്ട്രേലിയയെ സെമിയില്‍ ഞെട്ടിച്ച് ഫൈനലിലെത്തിയ ഇന്ത്യന്‍ വനിതാ ടീം, ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു കീഴടക്കിയാണ് ട്രോഫിയില്‍ ചുംബിച്ചത്.
*പിഎസ്ജി, ഇംഗ്ലണ്ട്*
2024-25 സീസണ് പുരുഷ യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫി സ്വന്മതാക്കിയ ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന്, യുവേഫ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് വനിതാ ഫുട്ബോള്‍ ടീം അടക്കമുള്ളവയും അവസാന പട്ടികയിലുണ്ട്.
എഫ് വണ്‍ ടീം ചാമ്പ്യന്‍ഷിപ്പ് നേടിയ മക് ലാരന്, ഗോള്‍ഫിലെ യൂറോപ്യന്‍ റൈഡര്‍ കപ്പ് ടീം, നിലവിലെ എന്‍ബിഎ ചാമ്പ്യന്മാരായ ഒക്ലഹോമ സിറ്റി തണ്ടര്‍ എന്നീ ടീമുകളും പട്ടികയില്‍ ഉള്‍പ്പെട്ടു.
*🟨ട്രംപിന് എന്ത് ഫുട്ബോള്‍..!*
എണ്ണ, അണ്വായുധം, യുദ്ധം... ഇതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് എന്തു ലോകകപ്പ് ഫുട്ബോള്‍..! ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ കൗണ്ട്ഡൗണ്‍ രണ്ടക്കത്തിലേക്ക് അടുത്തപ്പോൾ അമേരിക്ക ഇറാനില്‍ ബോംബിട്ടു, പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യെ വധിച്ചു. മൃതദേഹ എണ്ണം വര്‍ധിപ്പിച്ച് യുദ്ധം അഞ്ചാംദിനം പിന്നിട്ടു. ഗോളാന്തര വ്യാപാരത്തിനൊപ്പം ഫുട്ബോള്‍ ലോകവും ആശങ്കയില്‍.
ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സ്തംഭിച്ചതാണ് വ്യാപാരലോകത്തിനു ക്ഷതമേല്പ്പിച്ചത്. അമേരിക്കയും മെക്സിക്കോയും കാനഡയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിലേക്ക് ഇനിയുള്ളത് 98 ദിനങ്ങളുടെ അകലം മാത്രം. തങ്ങളുടെ പരമേന്നത നേതാവിനെ വധിച്ച അമേരിക്കയുടെ മണ്ണില്‍, ഇറാന് ദേശീയ ടീം ഫിഫ ലോകകപ്പ് കളിക്കുമോ എന്നതാണ് ഫുട്ബോള്‍ ലോകത്തിന്റെ ചോദ്യം.
*ലോകകപ്പ് ഗ്രൂപ്പ് ജിയിൽ*
ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ ബെല്‍ജിയം, ഈജിപ്ത്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറാന്റെ സ്ഥാനം. നിലവിലെ ഫിക്സ്ചര്‍ അനുസരിച്ച്, ജൂണ്‍ 16ന് ന്യൂസിലന്‍ഡിന് എതിരേയാണ് ഇറാന്റെ ആദ്യ മത്സരം. തുടര്‍ന്ന് ജൂണ്‍ 22ന് ബെല്‍ജിയത്തെയും 27ന് ഈജിപ്തിനെയും നേരിടണം. ആദ്യ രണ്ടു മത്സരങ്ങള്‍ ലോസ് ആഞ്ചലസിലും മൂന്നാമത്തേത് സിയാറ്റിലിലുമാണ് നടക്കേണ്ടത്. ഇറാന് ഫിഫ 2026 ലോകകപ്പില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് ഡോണള്‍ഡ് ട്രംപ് ഇന്നലെ നല്കിയ മറുപടി “ഐ റിയലി ഡോണ്ട് കെയര്‍’’ എന്നായിരുന്നു.
*ഇറാന് മൂന്നാമത് ടീം*
2026 ഫിഫ ലോകകപ്പിന് യോഗ്യതാ റൗണ്ടിലൂടെ ടിക്കറ്റ് സ്വന്തമാക്കിയ മൂന്നാമത് ടീമാണ് ഇറാന്. ജപ്പാന്, ന്യൂസിലന്‍ഡ് ടീമുകളായിരുന്നു ഇറാനേക്കാൾ മുമ്പ് യോഗ്യത ഉറപ്പാക്കിയത്. 2025 മാര്‍ച്ച് 25ന് എഎഫ്സി മൂന്നാം റൗണ്ട് ഗ്രൂപ്പ് എയില്‍നിന്ന് ഇറാന് യോഗ്യത സ്വന്തമാക്കി. അന്നു തന്നെയായിരുന്നു നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയുടെയും യോഗ്യത.
ലോകകപ്പില്‍ ഇറാന് പങ്കെടുക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഫിഫ. അതേസമയം, നിലവില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന എഎഫ്സി വനിതാ ഏഷ്യന്‍ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാന് ടീം ദേശീയ ഗാനം ആലപിക്കാതെ പ്രതിഷേധിച്ചു.
*പിന്മാറ്റം, സാമ്പത്തികനഷ്ടം*
ഫിഫ ലോകകപ്പിനു യോഗ്യത നേടിയ ഒരു ടീമിന്/അസോസിയേഷന് ടൂര്‍ണമെന്റില്‍നിന്നു പിന്മാറാം. അതുപോലെ ഒരു ടീമിനെ ഒഴിവാക്കി മറ്റൊരു ടീമിനെ ഉള്‍പ്പെടുത്താന്‍ ഫിഫയ്ക്കും നിയമ പരിരക്ഷയുണ്ട്. ആര്‍ട്ടിക്കിള്‍ 6.7ല്‍ ആണ് ഇക്കാര്യങ്ങള്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത്.
ലോകകപ്പില്‍നിന്നു പിന്മാറുകയോ ഒഴിവാക്കപ്പെടുകയോ ചെയ്താല്‍ ഇറാന് ഫുട്ബോള്‍ ഫെഡറേഷനു കനത്ത സാമ്പത്തിക നഷ്ടമാണുണ്ടാക്കുക, 10.5 മില്യണ്‍ ഡോളര്‍ (ഏകദേശം 97 കോടി രൂപ). ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമിന് ഫിഫയുടെ പാരിതോഷികമായി ഒമ്പത് മില്യണ്‍ ഡോളര്‍ ലഭിക്കും. അതുപോലെ യോഗ്യത നേടിയ ടീമിന്റെ മുന്നൊരുക്കങ്ങള്‍ക്കായി 1.5 മില്യണ്‍ ഡോളറും ഫിഫ നല്‍കുന്നുണ്ട്.
പിന്മാറുന്ന ടീമിനെതിരേ 2.5 മുതല്‍ അഞ്ച് ലക്ഷം സ്വിസ് ഫ്രാങ്ക് (2.95 മുതല്‍ 5.90 കോടി രൂപ) പിഴ ഈടാക്കാനും ഫിഫയ്ക്ക് അധികാരമുണ്ട്. അതുപോലെ അടുത്ത ലോകകപ്പ് യോഗ്യതാ റൗണ്ടില്‍നിന്നു വിലക്ക് ഏര്‍പ്പെടുത്താനും സാധിക്കും.
*ഇറാനു പകരം ഇറാക്ക് ?*
ഇറാന് പിന്മാറുകയോ, ഒഴിവാക്കപ്പെടുകയോ ചെയ്താല്‍ ലോകകപ്പില്‍ കളിക്കാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇറാക്കാണ്. ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ ഇറാക്ക് യോഗ്യത നേടിയിട്ടുണ്ട്. പ്ലേ ഓഫില്‍ ബൊളീവിയ അല്ലെങ്കില്‍ സുരിനാമായിരിക്കും ഇറാക്കിന്റെ എതിരാളി. ഇറാക്കിനൊപ്പം യുഎഇയും എഎഫ്സിയില്നിന്നു (ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍) പരിഗണിക്കപ്പെട്ടേക്കാം.യുഎഇയെ 2-3നു കീഴടക്കിയായിരുന്നു ഇറാക്ക് ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫ് ടിക്കറ്റ് കരസ്ഥമാക്കിയത്.
ഇറാനു പകരം എഎഫ്സിക്കു പുറത്തുള്ള അസോസിയേഷനില്‍നിന്ന് ടീമിനെ ക്ഷണിക്കാനുള്ള അധികാരവും ഫിഫയ്ക്കുണ്ട്. 48 ടീമുകള്‍ പങ്കെടുക്കുന്ന 2026 ലോകകപ്പിലേക്ക് ഇതിനോടകം 42 ടീമുകളാണ് യോഗ്യത സ്വന്തമാക്കിയത്. വിവിധ പ്ലേ ഓഫിലൂടെ ആറ് ടീമുകള്‍കൂടി എത്തും.
“എനിക്ക് അതൊരു (ഇറാന്റെ ലോകകപ്പ് പങ്കാളിത്തം) പ്രശ്നമേയല്ല. ഇറാന് വളരെ ദയനീയമായി പരാജയപ്പെട്ട രാജ്യമാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ പുകമറയ്ക്കുള്ളിലാണ്’’
*ഡോണള്‍ഡ് ട്രംപ് (യുഎസ് പ്രസിഡന്റ്)*
“നിലവിലെ സാഹചര്യത്തില്‍ ലോകകപ്പില്‍ ഇറാന് ദേശീയ ടീം കളിക്കുമോ എന്നതില്‍ ഒരു ഉറപ്പുമില്ല. മാത്രമല്ല, ആഭ്യന്തര ലീഗുകള്‍വരെ നിര്‍ത്തിവച്ചിരിക്കുകയാണ്’’
*മെഹ്ദി താജ് (ഇറാന് ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ്)*
“ഞാന്‍ ശുഭാപ്തി (ഇറാന് 2026 ഫിഫ ലോകകപ്പ് ഫുട്ബോൾ കളിക്കും) വിശ്വാസത്തിലാണ്. സമാധാനം അകലെയല്ല. ലോകത്തിന് ശരിക്കും അതാവശ്യമാണ്’’
*ജിയാനി ഇന്‍ഫാന്റിനൊ (ഫിഫ പ്രസിഡന്റ്)*
ശുഭദിനം.
Tags:
KERALA