Trending

പ്രഭാത വാർത്തകൾ.

*🟨ചെന്നൈയില്‍ രാജകീയമായി ഇന്ത്യ; സിംബാബ്‌വേയെ തകര്‍ത്തത് 72 റണ്ണിന്*

ചെന്നൈ: അസ്സല്‌ വെടിക്കെട്ട്‌. മാലപ്പടക്കത്തിന്‌ തിരികൊളുത്തിയപോലെ ഫോറും സിക്‌സറും. ചെന്നൈയിലെ ചെപ്പോക്ക്‌ സ്‌റ്റേഡിയത്തെ ത്രസിപ്പിച്ചു ഇന്ത്യ. കൂറ്റൻ ജയവുമായി ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിൽ സെമി സാധ്യത സജീവമാക്കി. സൂപ്പർ എട്ടിൽ ജയം അനിവാര്യമായ കളിയിൽ സിംബാബ്‌വേയെ 72 റണ്ണിന്‌ തകർത്തു. ഞായറാഴ്‌ച വെസ്‌റ്റിൻഡീസിനെ തോൽപിച്ചാൽ കുതിക്കാം. സ്‌കോർ: ഇന്ത്യ 256/6, സിംബാബ്‌വേ 184/6.

ജയിച്ചതിനപ്പുറം എല്ലാ ബാറ്റർമാരും നിറഞ്ഞാടിയ സന്തോഷത്തിലാണ്‌ ഇന്ത്യ. ആദ്യം ബാറ്റ്‌ ചെയ്‌ത്‌ 17 വീതം ഫോറും സിക്‌സറുമാണ്‌ അടിച്ചുകൂട്ടിയത്‌. ഓപ്പണർമാരായ അഭിഷേക്‌ ശർമയും സഞ്‌ജു സാംസണും ഫോം വീണ്ടെടുത്തതാണ്‌ ആശ്വാസം. സഞ്‌ജുവിന്‌ ഒരിക്കൽകൂടി വലിയ ഇന്നിങ്സ്‌ സാധ്യമായില്ലെങ്കിലും(15 പന്തിൽ 24) ടീമിന്‌ മികച്ച തുടക്കം നൽകാൻ സാധിച്ചു. തുടർച്ചയായി മൂന്ന്‌ കളിയിൽ റണ്ണെടുക്കാതെ പുറത്തായിട്ടും ഒപ്പം നിന്ന ടീം മാനേജ്‌മെന്റിനുള്ള സമർപ്പണമായി അഭിഷേകിന്റെ അർധസെഞ്ചുറി. 30 പന്തിൽ 55 റൺ. അതിൽ നാല്‌ വീതം ഫോറും സിക്‌സറും ഉൾപ്പെട്ടു."

    *🟨"ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ അപകടം; അതിഥിതൊഴിലാളി മരിച്ചു*
കഴക്കൂട്ടം​: ലുലുമാളിന് സമീപം കണ്ടെയ്നർ ലോറിയിൽനിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയൂണ്ടായ അപകടത്തിൽ അതിഥിതൊഴിലാളി മരിച്ചു. ബംഗാൾ സംസ്ഥാനക്കാരനായ അഭിജിത് ബർമൻ (32) ആണ് മരിച്ചത്. വ്യാഴം പകൽ ഒന്നോടെയാണ് സംഭവം. ലുലുമാളിന് എതിർവശമുള്ള നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് കണ്ടെയ്നർ ലോറിയിൽ എത്തിച്ച ഗ്രാനൈറ്റ് ഇറക്കുന്നതിനിടെ ലോറിയുടെ ഒരു സൈഡ് താഴുകയും തുടർന്ന് ഗ്രാനൈറ്റുകൾ തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. അഭിജിത് ബർ

Caption: കണ്ടെയ്നർ ലോറിയിൽനിന്ന്‌ ഗ്രാനൈറ്റ് മാറ്റി അഗ്നിശമന സേന അതിഥി തൊഴിലാളികളെ പുറത്തെടുക്കുന്നുമൻ ഗ്രാനൈറ്റിന് അടിയിൽപ്പെട്ട്‌ തൽക്ഷണം മരിച്ചു.

കൃഷ്ണൻ ( 29), ബിശ്വജിത് (29) എന്നിവർക്ക് തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ്

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് ഗ്രാനൈറ്റുകൾ മാറ്റിയാണ് കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. വിദേശത്തുനിന്ന്‌ എത്തിച്ച ഗ്രാനൈറ്റുകളാണ് തകർന്നത്."

    *🟨അതിജീവിതമാരുടെ പേര് വെളിപ്പെടുത്തി: ആർ ശ്രീലേഖയ്ക്കെതിരെ പോക്സോ അടക്കം ചുമത്തി കേസ്*
തിരുവനന്തപുരം: യൂ ട്യൂബിലൂടെ അതിജീവിതമാരുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയതിന് ബിജെപി നേതാവും മുൻ ഡിജിപിയുമായിരുന്ന ആർ ശ്രീലേഖയ്ക്കെതിരെ കേസ്. പ്രായപൂർത്തിയാകാത്ത അതിജീവിതമാരുടെ പേര് വിവരങ്ങളടക്കം വെളിപ്പെടുത്തിയതിന് പോക്സോ ഉൾപ്പെടെ ചുമത്തിയാണ് കേസ്. ഭാരതീയ ന്യായ സംഹിത (ബിഎൻസ്) വകുപ്പ് 72, പോക്സോ ആക്ട് 23, 23 (2), 23(4) വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

പൗരാവകാശ പ്രവർത്തകനായ ആർ ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. നിയമത്തെക്കുറിച്ച് വ്യക്തമായി അറിവുള്ളയാൾ പോക്സോ കേസിലെ അതിജീവിതമാരുടെ പേര് വിവരങ്ങളടക്കം സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നതും അവരെ അവഹേളിക്കുന്നതും ഗുരുതരമായ കുറ്റമാണെന്ന് പരാതിയിൽ പറയുന്നു. സസ്നേഹം ശ്രീലേഖ എന്ന സ്വന്തം യൂ ട്യൂബ് ചാനലിലൂടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ പേര് വെളിപ്പെടുത്തുന്നുണ്ട്.

മറ്റൊരു വീഡിയോയിൽ കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ കൊല്ലപ്പെട്ട ഇരകളുടെ പേരും അവരുടെ മാതാപിതാക്കളുടെ വിവരങ്ങളും പറയുന്നു. ബിഎൻസ് വകുപ്പ് 72 പ്രകാരം അതിജീവിതമാരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് രണ്ട് വR SREELEKHA , POCSO ർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. പോക്സോ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് പോക്സോ ആക്ട് 23, 23 (2) പ്രകാരം 6 മാസം മുതൽ 1 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്."

    *🟨പുരാവസ്തു പുരാരേഖ മ്യൂസിയങ്ങൾ ചരിത്ര സത്യങ്ങളുടെ പ്രകാശ ഗോപുരങ്ങൾ: മന്ത്രി കടന്നപ്പള്ളി*
കേരളത്തിന്റെ സമ്പന്നമായ ചരിത്ര പൈതൃകത്തിന്റെ സംരക്ഷകരാണ് പുരാരേഖ, പുരാവസ്തു, മ്യൂസിയം വകുപ്പുകളെന്നും ചരിത്ര സത്യങ്ങളുടെ നേർസാക്ഷ്യങ്ങളുടെ സൂക്ഷിപ്പു കേന്ദ്രങ്ങളെന്ന നിലയിൽ ഇവർ ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം ചൊരിയുന്ന പ്രകാശഗോപുരങ്ങളും അതിന്റെ കാവൽപ്പുരകളുമാണെന്നും പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ഇന്റർനാഷണൽ ആർക്കൈവ്സ് ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി.
ചരിത്രം സൃഷ്ടിച്ച മഹാരഥന്മാരെപ്പോലും ചരിത്രത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് ഇതിന്റെ പ്രാധാന്യമേറെയാണ്. ഇത്തരത്തിൽ ശരിയായ ചരിത്രാവബോധം നൽകുന്നതോടൊപ്പം കാലത്തിന്റെ മാറ്റത്തെ അഭിസംബോധനചെയ്യും വിധം ഈ മൂന്നു വകുപ്പുകളുടെ പ്രവർത്തനങ്ങളെ പുനഃസംഘാടനം ചെയ്യാനും വിപുലപ്പെടുത്താനും ജനകീയവൽക്കരിക്കാനുമുള്ള ശ്രമങ്ങളാണ് കഴിഞ്ഞ 10 വർഷങ്ങളായി സർക്കാർ നടത്തിവരുന്നത്.
നമ്മുടെ നാടിനെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന ചരിത്ര സാംസ്‌കാരിക ഘടകങ്ങളെ കണ്ടെത്തി, പഠന ഗവേഷണ സംരക്ഷണ പ്രവർത്തനങ്ങളിലൂടെ സാധാരണ ജനങ്ങളിലെത്തിച്ച പ്രവർത്തന നിരതമായ 10 വർഷങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ലോകത്തുതന്നെ ഏറ്റവും കൂടുതൽ താളിയോല ശേഖരമുളളത് നമ്മുടെ സംസ്ഥാന പുരാരേഖാ വകുപ്പിന്റെ കൈവശമാണ്. ഒരു കോടിയിലധികം വരുന്ന ഈ പൈതൃക രേഖാ സമ്പത്തും അവയിലുൾക്കൊളളുന്ന അമൂല്യമായ അറിവുകളും സാധാരണ ജനങ്ങൾക്ക് പ്രയോജനപ്പെടും വിധം അവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ തയ്യാറാക്കിയ പദ്ധതിയാണ് 'ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ'. വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിൽ സൂക്ഷിക്കുന്ന ഈ രേഖകളെ പഠന ഗവേഷണങ്ങൾക്കായി സൗകര്യപ്രദമായ ഒരു കേന്ദ്രത്തിൽ ലഭ്യമാക്കുകയും അവിടെ രേഖകളുടെ സംരക്ഷണത്തിനും സൗകര്യമൊരുക്കുകയും ചെയ്യുക എന്നത് ലക്ഷ്യമായിരുന്നു.
പ്രസ്തുത പദ്ധതിക്ക് ഉചിതമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. വിദഗ്ധ സമിതിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തെ ഏറ്റവും പഴയ സർവ്വകലാശാലയായ കേരള സർവ്വകലാശാലയുടെ ഏറ്റവും പഴക്കമുള്ള ഡിപ്പാർട്ടുമെന്റുകളിലൊന്നായ മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയുടെ സമീപത്ത് താളിയോല രേഖാ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് ഉചിതമായിരിക്കും എന്ന് കണ്ടെത്തി. കേരള യൂണിവേഴ്‌സിറ്റിയും സംസ്ഥാന പുരാരേഖാ വകുപ്പും ചേർന്നുളള ഒരു സംയുക്ത പദ്ധതിയായി ഇത് ആവിഷ്‌ക്കരിക്കുകയും സ്ഥലം യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്നും അതിനുവേണ്ട ലഭിക്കുകയും ചെയ്തു.
2021 ജനുവരി 7ന് മുഖ്യമന്ത്രി തറക്കല്ലിട്ട പദ്ധതിയുടെ ആദ്യഘട്ടമാണ് ഇവിടെ പൂർത്തീകരിക്കപ്പെട്ടത്. അഞ്ച് കോടി അൻപത്തിയാറ് ലക്ഷം രൂപ ചെലവിട്ട് പണികൾ പൂർത്തിയാക്കിയ ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ കെട്ടിടം നിർമ്മാണം  പൂർത്തിയാക്കി നാടിനു സമർപ്പിക്കാൻ കഴിഞ്ഞതിൽ  അതിയായ സന്തോഷമുണ്ട്.
തുടർന്നുളള രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള ഫണ്ടും ഇതിനകം അനുവദിച്ചിട്ടുണ്ട്. താളിയോലരേഖകൾ ഈ മന്ദിരത്തിലേക്ക് മാറ്റി പഠന ഗവേണ കേന്ദ്രം സജ്ജീകരിക്കുന്ന പ്രവൃത്തിയാണ് ഇനി പൂർത്തിയാക്കാനുള്ളത്. അത് എത്രയും വേഗം പൂർത്തിയാക്കി ഈ ഗവേഷണ കേന്ദ്രം പ്രവർത്തന സജ്ജമാക്കുന്നതാണ്.
ചരിത്ര വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും ചിരകാലാഭിലാഷമായിരുന്ന ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റർ പദ്ധതിയുടെ ഒന്നാം ഘട്ടമെന്ന നിലയിൽ പദ്ധതിക്കായി പണിതീർത്ത മന്ദിരം നാടിന് സമർപ്പിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു.കേരള സർവ്വകലാശാല വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ വിശിഷ്ടാതിഥിയായി. രജിസ്ട്രാർ-ഇൻ-ചാർജ് രശ്മി ആർ, സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി രജനി എം, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, മ്യൂസിയം & മൃഗശാലാ വകുപ്പ് ഡയറക്ടർ പി.എസ്. മഞ്ജുളാദേവി, ഓറിയൻറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്‌ക്രിപ്റ്റ് ലൈബ്രറി മേധാവി അസിസ്റ്റന്റ് പ്രൊഫ നൗഷാദ് എസ്., കേരള സർവകലാശാല ഗവേഷക യൂണിയൻ ചെയർപേഴ്‌സൺ അമർനാഥ് എസ്.വി എന്നിവർ സംബന്ധിച്ചു. സംസ്ഥാന പുരാരേഖാ വകുപ്പ് ഡയറക്ടർ പാർവ്വതി എസ് സ്വാഗതമാശംസിച്ചു. പുരാരേഖകളുടെ ശാസ്ത്രീയ സംരക്ഷണത്തിനും ഡിജിറ്റലൈസേഷനും ഗവേഷണ പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകുക എന്നതാണ് ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്ററിന്റെ ലക്ഷ്യം.

   *🟨രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ; പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്*

ഊർജസുരക്ഷ ശക്തിപ്പെടുത്തുകയും വൈദ്യുതി സംവിധാനങ്ങളെ വികേന്ദ്രീകരിക്കുകയും ചെയ്യാൻ പൊതുസമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ബാറ്ററി ശേഖരണ സംവിധാനം അനിവാര്യമാണെന്ന് പുതിയ പഠനം. ഈ ആശയം പ്രായോഗികമാക്കുന്ന രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ പദ്ധതി തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത് ഉടൻ പ്രവർത്തനം തുടങ്ങും.
കേരളത്തിലെ പുനരുപയോഗ ഊർജ പരിവർത്തനം പുനർനിർവചിക്കുന്ന പഠന റിപ്പോർട്ട് പ്രകാശനച്ചടങ്ങിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പെരിഞ്ഞനം പഞ്ചായത്തിലെ പൈലറ്റ് കമ്മ്യൂണിറ്റി ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി ദേശീയ മാതൃകയാകുമെന്ന് വിദഗ്ധർ സെമിനാറിൽ വ്യക്തമാക്കി.
കാലാവസ്ഥാ മാറ്റവും പരിസ്ഥിതിയും സംബന്ധിച്ച ഗവേഷണ സ്ഥാപനമായ അസർ സോഷ്യൽ ഇംപാക്ട് അഡ്വൈവസേഴ്സ് തയ്യാറാക്കിയ 'ചാർജിംഗ് ചേഞ്ച്: സ്‌ട്രെങ്തനിംഗ് കേരളാസ് എനർജി സെക്യൂരിറ്റി ത്രൂ കമ്മ്യൂണിറ്റി ഓണർഷിപ്പ്' എന്ന റിപ്പോർട്ടിന്റെ പ്രകാശന വേളയിലാണ് പ്രഖ്യാപനം. 2040 ഓടെ 100 ശതമാനം പുനരുപയോഗ വൈദ്യുതിയിലേക്കും 2050 ഓടെ കാർബൺ ന്യൂട്രാലിറ്റിയിലേക്കും കേരളം നീങ്ങേണ്ടതുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മേൽക്കൂര സോളാറിൽ വേഗത്തിലുള്ള വളർച്ച ഉണ്ടായിട്ടും ഇറക്കുമതി വൈദ്യുതിയിലേക്കുള്ള ആശ്രയം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നു.
2026 മെയ് മാസത്തോടെ പെരിഞ്ഞനത്ത് 2 കോടി രൂപ ചെലവിൽ കമ്മ്യൂണിറ്റി ഉടമസ്ഥതയിലുള്ള ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (സി-ബെസ്) കമ്മീഷൻ ചെയ്യുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (ധനകാര്യം) കെ.ആർ. ജ്യോതിലാൽ അറിയിച്ചു. പ്രാദേശിക കമ്മ്യൂണിറ്റി മാനേജ്‌മെന്റിന് കീഴിൽ വികേന്ദ്രീകൃത സംഭരണ അടിസ്ഥാന സൗകര്യം സൃഷ്ടിക്കുന്ന രാജ്യത്തെ ആദ്യ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന വൈദ്യുതി ബോർഡിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ പിന്തുണയും പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ നേതൃത്വങ്ങളുടെ മുൻകൈയും ചേർന്നാണ് പദ്ധതി വിജയത്തിലേക്ക് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് മൊബിലിറ്റി നയവുമായി സംഭരണ മാതൃകയെ ബന്ധിപ്പിക്കുന്ന നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വികേന്ദ്രീകൃത ഗ്രിഡുകളിലൂടെ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് സംഭരണ ബാറ്ററികൾ ഉപയോഗിക്കാനും അധിക വൈദ്യുതി ഗ്രിഡിലേക്ക് തിരിച്ചുനൽകാനും പുതിയ സോളാർ നയം വഴി സാധ്യമാകും. ''പെരിഞ്ഞനം മോഡൽ ദേശീയ മാതൃകയാകണം,'' അദ്ദേഹം കൂട്ടിച്ചേർത്തു.
2018ലെ വെള്ളപ്പൊക്കത്തിൽ ദീർഘകാല വൈദ്യുതി തടസ്സങ്ങൾ അനുഭവപ്പെട്ടതോടെയാണ് വികേന്ദ്രീകൃത ഊർജ സംവിധാനങ്ങളിലേക്കുള്ള ചിന്ത ശക്തമായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പരമ്പരാഗത ബാക്കപ്പ് സംവിധാനങ്ങളുടെ ദുർബലത ദുരന്തം തുറന്നുകാട്ടിയതായി എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ പറഞ്ഞു. ബേസ്‌മെന്റുകളിൽ സൂക്ഷിച്ചിരുന്ന ഡീസൽ ജനറേറ്ററുകൾ പ്രവർത്തനരഹിതമായതോടെ ബഹുനില കെട്ടിടങ്ങളിലെ താമസക്കാർ ദിവസങ്ങളോളം വൈദ്യുതിയില്ലാതെ കഴിയേണ്ടിവന്നതായി അദ്ദേഹം ഓർമ്മിപ്പിച്ചു.
കേരളത്തിന്റെ ഊർജഭാവിക്ക് സംഭരണ സംവിധാനം നിർണായകമാണെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. 2025 ഡിസംബറോടെ സംസ്ഥാനത്തിന്റെ പുനരുപയോഗ  ഊർജ ഉല്പാദന ശേഷി 2,382.34 മെഗാവാട്ടിലെത്തി. ഇൻസ്റ്റാൾ ചെയ്ത സോളാറിന്റെ 83 ശതമാനവും മേൽക്കൂര സോളാറാണ്. എന്നാൽ പീക്ക് സമയ വൈദ്യുതി ആവശ്യകത 2024 മെയ് മാസത്തിൽ 5,797 മെഗാവാട്ടിലെത്തി. നിലവിലെ പ്രവണത തുടർന്നാൽ 2030-കളുടെ തുടക്കത്തിൽ ഡിമാൻഡ് 10,000 മെഗാവാട്ടിനടുത്തെത്തും.
പകൽ സൗരോർജ ഉൽപാദനം ഉയരുമ്പോൾ വൈകുന്നേരങ്ങളിൽ വൈദ്യുതി ആവശ്യകത കുത്തനെ ഉയരുന്നതാണ് പ്രധാന വെല്ലുവിളി. ഇതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വിലകൂടിയ വൈദ്യുതി വാങ്ങേണ്ട സാഹചര്യം വർധിക്കുന്നു. 2039-40 ഓടെ ഗ്രിഡ് സ്ഥിരതയ്ക്കായി 3.8 മുതൽ 4.1 ജിഗാവാട്ട് വരെ സംഭരണ ശേഷി ആവശ്യമായി വരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
സി-ബെസ് മാതൃക വ്യക്തിഗത ബാറ്ററികളിൽ നിന്നോ വലിയ യൂട്ടിലിറ്റി സ്റ്റോറേജ് സംവിധാനങ്ങളിൽ നിന്നോ വ്യത്യസ്തമാണ്. വിതരണ ട്രാൻസ്‌ഫോർമർ അല്ലെങ്കിൽ ഫീഡർ തലത്തിൽ സ്ഥാപിക്കുന്ന ബാറ്ററി പകൽ മിച്ചമുള്ള സോളാർ വൈദ്യുതി സംഭരിച്ച് വൈകുന്നേര പീക്ക് സമയത്ത് ഉപയോഗിക്കും.
പഞ്ചായത്തുകൾ, സഹകരണ സ്ഥാപനങ്ങൾ, ഉത്പാദക കൂട്ടായ്മകൾ എന്നിവയുടെ നിയന്ത്രണത്തിലുള്ള പങ്കിട്ട പൊതു ആസ്തിയായി സംഭരണ സംവിധാനത്തെ രൂപപ്പെടുത്തുന്നതാണ് ഈ മോഡൽ. ഇതിലൂടെ പീക്ക് സമയ വൈദ്യുതി വാങ്ങൽ കുറയ്ക്കാനും സിസ്റ്റം നഷ്ടങ്ങൾ ചുരുക്കാനും മേൽക്കൂര സോളാർ ഇല്ലാത്ത വീടുകൾക്കും പ്രയോജനം ലഭിക്കുമെന്നും പഠനം പറയുന്നു.
വലിയ കേന്ദ്രീകൃത പദ്ധതികൾക്ക് ബദലായി കമ്മ്യൂണിറ്റി മാനേജ്ഡ് മാതൃക ഊർജസുരക്ഷയ്ക്ക് പുതിയ വഴി തുറക്കുമെന്ന് അസറിലെ സ്ട്രാറ്റജിക് അലയൻസ് മേധാവി പ്രിയ പിള്ള പറഞ്ഞു.
കേരളത്തിലെ ജനസാന്ദ്രതയും ഭൂമിയുടെ പരിമിതിയും കണക്കിലെടുത്താൽ വികേന്ദ്രീകൃത സൗരോർജ വികസനമാണ് കൂടുതൽ പ്രായോഗികമെന്ന് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റൈനബിൾ എനർജിയുടെ സ്ഥാപക ഡയറക്ടർ ജനറൽ ജി.എം. പിള്ള അഭിപ്രായപ്പെട്ടു. വാണിജ്യ കെട്ടിടങ്ങളിലും പുതിയ ഭവന പദ്ധതികളിലും സൗരോർജ ഉപയോഗം നിർബന്ധമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
  
   *🟨പട്ടയം അനുവദിക്കുന്നതിൽ നിലനിന്നിരുന്ന കോടതി വിലക്ക് നീങ്ങി, ഇടുക്കി ജില്ലയിൽ കൈവശ ഭൂമിക്ക് പട്ടയ വിതരണം പുനരാരംഭിച്ചു*

*ഇടുക്കി:* ഇടുക്കി ജില്ലയിൽ കൈവശ ഭൂമിക്ക് പട്ടയ വിതരണം വീണ്ടും ആരംഭിച്ചു. 1964 ലെ ചട്ടപ്രകാരം പട്ടയം അനുവദിക്കുന്നതിൽ നിലനിന്നിരുന്ന കോടതി വിലക്ക് നീങ്ങിയതോടെ ചെറുതോണിയിൽ സംഘടിപ്പിച്ച പട്ടയവിതരണ ചടങ്ങിൽ 2077 കുടുംബങ്ങൾക്ക് പട്ടയങ്ങൾ കൈമാറി. 2016 മുതൽ ഇതുവരെ ജില്ലയിൽ നടന്ന 13 പട്ടയമേളകളിലൂടെയായി 43,613 പട്ടയങ്ങളാണ് വിതരണം ചെയ്തിരിക്കുന്നത്.

സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് പരമാവധി പട്ടയങ്ങൾ നൽകണമെന്ന നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും, 1964 ലെ ചട്ടപ്രകാരമുള്ള പട്ടയവിതരണത്തിൽ കോടതി വിലക്ക് നിലനിന്നതിനാൽ നടപടികൾ മുടങ്ങിയിരുന്നു. ഇപ്പോൾ വിലക്ക് നീങ്ങിയതോടെ പട്ടയ വിതരണം വീണ്ടും വേഗത്തിലാക്കുകയാണ് സർക്കാർ. ഇത്തവണ വിതരണം ചെയ്ത പട്ടയങ്ങളിൽ ഭൂരിഭാഗവും വനാവകാശ രേഖകളും 1993 ലെ ചട്ടപ്രകാരം തയ്യാറാക്കിയ പട്ടയങ്ങളുമാണ്.

സർക്കാരിൻ്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് പരമാവധി പട്ടയങ്ങൾ നൽകാൻ നിർദ്ദേശം നൽകിയെങ്കിലും 1964ലെ ചട്ട പ്രകാരം പട്ടയം നൽകുന്നത് കോടതി വിലക്കിയതോടെ പട്ടയ നടപടികൾ പ്രതിസന്ധിയിലായിരുന്നു. വനാവകാശ രേഖയും 93 ലെ ചട്ടപ്രകാരമുള്ള പട്ടയങ്ങളുമാണ് ഇത്തവണ വിതരണത്തിന് തയ്യാറാക്കിയതിൽ കൂടുതലും. ഈ പട്ടയങ്ങളാണ് ചെറുതോണിയിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ വിതരണം ചെയ്തത്. പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. കോടതി വിലക്ക് നീങ്ങിയതോടെ 3000 അപേക്ഷകർക്ക് കൂടി ഉടൻ പട്ടയം ലഭിക്കും.

ചെറുതോണിയിൽ നടന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പട്ടയങ്ങൾ വിതരണം ചെയ്തത്. പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കോടതി വിലക്ക് നീങ്ങിയതോടെ 3000 അപേക്ഷകർക്ക് കൂടി ഉടൻ പട്ടയം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

1974-ൽ ആരംഭിച്ച മാങ്കുളം മിച്ചഭൂമി വിതരണത്തിൽ ഉണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ചതോടെ ഇവിടുത്തെ അർഹരായ കുടുംബങ്ങൾക്കും പട്ടയം നൽകുന്നതിനുള്ള വഴി തുറന്നു. ഇതോടെ ദീർഘകാലമായി കാത്തിരുന്ന ജനങ്ങൾക്ക് ആശ്വാസമായി. ചിന്നക്കനാൽ വില്ലേജിലെ മുത്തമ്മ ഉന്നതിയിൽ താമസിക്കുന്ന 238 കുടുംബങ്ങൾക്കും പട്ടയം അനുവദിച്ചു. ഇതോടെ പ്രദേശത്തെ ഭൂമിയവകാശ സംബന്ധമായ അനിശ്ചിതത്വങ്ങൾക്കും വിരാമമാകുകയാണ്.

വനംവകുപ്പിന്റെ ജണ്ടയ്ക്ക് പുറത്തുള്ള കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിനായി തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം, വണ്ണപ്പുറം എന്നിവിടങ്ങളിലും ഇടുക്കി താലൂക്കിലെ ഇടുക്കി, കഞ്ഞിക്കുഴി എന്നീ വില്ലേജുകളിലും പതിവ് നടപടികൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്.

    *🟨"എപ്സ്റ്റീൻ ഫയലുകളിൽ വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിം​ഗ്സ്; കുടുംബത്തിന് പറയാനുള്ളത്*
വാഷിം​ഗ്ടൺ: ജെഫ്രി എപ്സ്റ്റീൻ ഫയലുകളിലെ ഫോട്ടോകളിൽ, അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിന്റെ ചിത്രവും പ്രത്യക്ഷപ്പെട്ടിരുന്നു. ഹോക്കിംഗിന്റെ ഇരുവശത്തും ബിക്കിനി ധരിച്ച രണ്ട് സ്ത്രീകൾ നിൽക്കുന്നതാണ് ചിത്രത്തിലുണ്ടായിരുന്നത്. കയ്യിൽ ഒരു കോക്ക്ടെയിലുമായി സൺ ലോഞ്ചറിൽ ചാരിയിരിക്കുന്ന ഹോക്കിംഗ് ചിത്രത്തിൽ, ഹോക്കിംഗിന്‍റെ ദീർഘകാല പരിചാരകരിൽ ഒരാളാണുണ്ടായിരുന്നത് എന്നാണിപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന് 24 മണിക്കൂറും വൈദ്യസഹായം ആവശ്യമായി വരുന്നതിനാൽ അത്തരത്തിലൊരാൾ‌ അത്യാവശ്യമായിരുന്നുവെന്ന്- ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു.

2006-ൽ സെന്റ് തോമസിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ശാസ്ത്ര സിമ്പോസിയത്തിൽ ഹോക്കിംഗ് ക്വാണ്ടം പ്രപഞ്ചശാസ്ത്രത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുന്നതിനിടെ എടുത്തതാണെന്ന് കരുതപ്പെടുന്ന പുതിയ ചിത്രമാണിത്. സെന്റ് തോമസിന്റെയും എപ്സ്റ്റീന്റെയും 75 ഏക്കർ വിസ്തൃതിയുള്ള സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസ് സന്ദർശിച്ച 21 ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അദ്ദേഹം.

ഈ രണ്ട് സ്ത്രീകളും അന്തരിച്ച ശാസ്ത്രജ്ഞന്റെ "യുകെയിൽ നിന്നുള്ള ദീർഘകാല പരിചാരകർ" ആയിരുന്നു. "അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള അനുചിതമായ പെരുമാറ്റത്തെക്കുറിച്ചുള്ള ഏതൊരു സൂചനയും തെറ്റാണ്, അങ്ങേയറ്റം അസംബന്ധമാണ്," -ഹോക്കിംഗിന്റെ കുടുംബ പ്രതിനിധിയുകെയിലെ ഡെയ്‌ലി മെയിലിനോട് പറഞ്ഞു"

    *🟨ജർമനിയിലേക്കും മറ്റ് ജർമൻ ഭാഷാ രാജ്യങ്ങളിലേക്കുമുളള റിക്രൂട്ട്‌മെന്റ്*
നോർക്ക റൂട്ട്‌സും കെയർ ഗേറ്റ്‌സും കരാർ കൈമാറി
ഹെൽത്ത് കെയർ/സ്‌കിൽഡ് പ്രൊഫഷണലുകൾക്കും ഡ്രൈവർമാർക്കും അവസരം
ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖലയിലേയും ഇതര മേഖലകളിലേയും നൈപുണ്യ മികവുളള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്‌സും യൂറോപ്പിലെ പ്രമുഖ സ്വകാര്യ റിക്രൂട്ട്മെന്റ് പ്ലാറ്റ്‌ഫോമായ കെയർ ഗേറ്റ്‌സുമായി  കരാർ  ഒപ്പുവച്ചു. നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും കെയർ ഗേറ്റ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫിറുസ് മെറ്റ്‌ലറുമാണ് (Firus Mettler)  കരാർ കൈമാറിയത്. ഇതുവഴി നഴ്‌സുമാർ, ആരോഗ്യ മേഖലയിലെ മറ്റ് പ്രൊഫഷണലുകൾ, ആരോഗ്യ ഇതര മേഖലകളിലെ പ്രൊഫഷണലുകൾ, ടെക്‌നീഷ്യൻസ്,  ബസ് ഡ്രൈവേഴ്‌സ് തുടങ്ങിയവർക്കാണ് റിക്രൂട്ട്‌മെന്റ് സാധ്യത.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  B2 ലെവൽ വരെ സൗജന്യ ജർമ്മൻ ഭാഷാ പരിശീലനം, സൗജന്യ ഹോസ്റ്റൽ സൗകര്യം  ജർമ്മനിയിലെത്തിയ ശേഷമുളള പിന്തുണ എന്നിവയെല്ലാം പദ്ധതിവഴി ലഭിക്കും. ഇതിനോടകം ജർമ്മൻ ഭാഷയിൽ ബി 2 യോഗ്യത നേടിയ നേഴ്‌സ്മാർക്ക് ഫാസ്റ്റ് ട്രാക്ക് പ്രോഗ്രാമിലൂടെ നിയമനം വേഗത്തിലാക്കുവാൻ സഹായിക്കും. റിക്രൂട്ട്‌മെന്റ് നടപടികൾ ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും. തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ്  റിക്രൂട്ട്‌മെന്റ് വിഭാഗം മാനേജർ പ്രകാശ് പി ജോസഫ്, കെയർ ഗേറ്റ്‌സ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ അജിത് പി . എം,  നോർക്ക റൂട്ട്‌സ്  റിക്രൂട്ട്‌മെന്റ് വിഭാഗം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

    *🟨"സംയുക്ത പ്രസ്‌താവനയില്‍ ഒപ്പിട്ടു; ജിസിസി-–ഇന്ത്യ വ്യാപാര കരാര്‍ ചര്‍ച്ച തുടങ്ങി*
മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സിലും (ജിസിസി) ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്ക് ഔദ്യോഗിക തുടക്കം. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും ജിസിസി സെക്രട്ടറി ജനറല്‍ ജാസെം മുഹമ്മദ് അല്‍ബുദൈവിയും ഇത് സംബന്ധിച്ച സംയുക്ത പ്രസ്‌താവനയില്‍ ഒപ്പുവച്ചു.

ഫെബ്രുവരി അഞ്ചി-ന് ഒപ്പിട്ട ചര്‍ച്ചകള്‍ക്കായുള്ള മാര്‍ഗരേഖയുടെ തുടര്‍ച്ചയായാണ് സുപ്രധാന നീക്കം. ഇന്ത്യയുടെ ആഗോള വ്യാപാരത്തിന്റെ 15 ശതമാനത്തിലധികം നടക്കുന്നത്‌ ജിസിസി രാജ്യങ്ങളുമായാണ്‌. രാജ്യത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും ജിസിസി രാജ്യങ്ങളാണ്‌. 2024–-25 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 17,800 കോടി ഡോളറിലെത്തിയിട്ടുണ്ട്. ഇതില്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി 5687 കോടി ഡോളറും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി 12,168 കോടി ഡോളറുമാണ്. ഇന്ത്യയുടെ ആകെ ആഗോള വ്യാപാരത്തിന്റെ 15.42 ശതമാനവും ഈ ആറ് രാജ്യങ്ങളുമായാണ്‌.

ഇന്ത്യയില്‍നിന്നുള്ള അരി, വസ്ത്രങ്ങള്‍, എൻജിനിയറിങ്‌ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതി വര്‍ധിപ്പിക്കാനും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ക്രൂഡ് ഓയില്‍, എല്‍എന്‍ജി, പെട്രോകെമിക്കല്‍സ് എന്നിവയുടെ ഇറക്കുമതി സുഗമമാക്കാനും കരാർ സഹായിച്ചേക്കും. ഇന്ത്യന്‍ പ്രവാസികള്‍ക്ക് തൊഴില്‍ മേഖലയിലും യാത്രാസൗകര്യങ്ങളിലും കൂടുതല്‍ ഇളവുലഭിക്കാനുള്ള സാധ്യതകളും ചര്‍ച്ചകളിലുണ്ടായി. ചര്‍ച്ചകളുടെ ഒന്നാം ഘട്ടം ഈ വര്‍ഷം രണ്ടാം പകുതിയോടെ റിയാദിലെ ജിസിസി ആസ്ഥാനത്ത് നടക്കും."
Previous Post Next Post
3/TECH/col-right