Trending

ഗ്രേഡ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് സംവിധാനം കൊണ്ടുവരുമെന്ന് നിതിന്‍ ഗഡ്കരി.

ന്യൂഡല്‍ഹി: പൊതുനിരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ പൂട്ടാൻ ഡ്രൈവിങ് ലൈസന്‍സ് സംവിധാനത്തില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇന്ത്യയിലുടനീളം ഗ്രേഡ് അടിസ്ഥാനത്തിലുള്ള ഡ്രൈവിങ് ലൈസന്‍സ് സംവിധാനം കൊണ്ടുവരുമെന്ന് റോഡ്-ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

റോഡിലൂടെ അശ്രദ്ധമായി വാഹനം കൊണ്ടുപോകുന്നവര്‍ക്കെതിരെ പിഴ ഈടാക്കുക മാത്രമാണ് നിലവിലെ നിയമപ്രകാരമുള്ള നടപടി. എന്നാല്‍, ട്രാഫിക് നിയമലംഘനത്തിലൂടെ നിശ്ചിത പോയിന്റുകള്‍ ഡ്രൈവിങ് ലൈസന്‍സില്‍ നിന്ന് എടുത്തുകളയുന്ന രീതിയിലാണ് ഭേദഗതിക്കൊരുങ്ങുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ക്കപ്പുറത്തേക്ക് പോയിന്റ് കുറയുകയാണെങ്കില്‍ ആറ് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

മാത്രമല്ല, പ്രാഥമിക നടപടിക്ക് പിന്നാലെ വീണ്ടും നിരന്തരമായി നിയമലംഘനം ആവര്‍ത്തിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അനിശ്ചിതകാലത്തേക്ക് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനും ആലോചിക്കുന്നുണ്ട്.

പൊതുനിരത്തിലെ ഏത് തരം നിയമലംഘനവും പുതിയ സംവിധാനത്തിന്റെ പരിധിയില്‍ വരുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. അമിതവേഗത, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, എതിര്‍ദിശയില്‍ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. റോഡ് സുരക്ഷ രാജ്യത്തിന്റെ മുഖ്യപരിഗണനയിലുള്ള വിഷയമാണെന്നും നിയമലംഘനം പതിവാകുന്നത് തടയാനാണ് ഭേദഗതി കൊണ്ടുവരാന്‍ കാരണമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

Previous Post Next Post
3/TECH/col-right