*🟨വീണാ ജോർജിന് പരിക്കേറ്റ സംഭവം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി സിപിഎം*
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധവുമായി ഇടത് സംഘടനകൾ. സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കോൺഗ്രസിന്‍റെ ഓഫീസുകൾ ലക്ഷ്യമിട്ടായിരുന്നു പലയിടത്തും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ അരങ്ങേറിയത്.
കണ്ണൂർ ഡിസിസി ഓഫീസിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ ഡിസിസി ഓഫീസിലേക്ക് കല്ലേറിഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതോടെ വൻ സംഘർഷം ഉടലെടുത്തു.
ഗേറ്റ് തുറന്നിട്ട് വെല്ലുവിളിച്ച കെഎസ്‌യു പ്രവർത്തകര്‍ എസ്എഫ്ഐക്ക് നേരെയും കല്ലേറ് നടത്തി. സംഘര്‍ഷത്തില്‍ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു. പിന്നീട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സിപിഎം ജില്ലാ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടത്തി.
നെയ്യാറ്റിൻകരയിൽ സിപിഎം പ്രവർത്തകർ യൂത്ത് കോൺഗ്രസിന്‍റെ രാപ്പകൽ സമര പന്തൽ തകർത്തു. എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ വി.ഡി. സതീശന്‍റെ ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. കോണ്‍ഗ്രസിന്‍റെ കൊടിമരം തകര്‍ത്തു. പതാക കത്തിച്ചു. പുതുയുഗ യാത്രയുടെ ബോര്‍ഡുകള്‍ തകര്‍ത്തു.
കൊല്ലം പുനലൂരിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോൺഗ്രസിന്‍റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. കോഴിക്കോട് മുക്കത്തും ഡിവൈഎഫ്ഐ പ്രകടനത്തിനിടെ യുഡിഎഫ് ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു.
*🟨ഉമ്മന്‍ചാണ്ടിയുടെ പേര് പറയണമെന്ന് സരിത പറഞ്ഞുവെന്ന് കോടതിയിൽ ഫെനിയുടെ മൊഴി*
കൊട്ടാരക്കര: സോളാര്‍ കേസില്‍ ജുഡീഷല്‍ കമ്മീഷൻ മുന്‍പാകെ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കളുടെ പേര് പറയണമെന്നു സരിത എസ്.നായർ പറഞ്ഞുവെന്നു ഫെനി ബാലകൃഷ്ണൻ കൊട്ടാരക്കര ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ മൊഴിനൽകി.
അഡ്വ. സുധീര്‍ ജേക്കബ് വാദിയായി അഡ്വ. ജോളി അലക്സ് മുഖേന ഫയല്‍ ചെയ്ത കേസിലാണ് ഫെനി ബാലകൃഷ്ണന്റെ മൊഴി രണ്ടാം ദിവസവും എടുത്തത്. ഈ കേസിന് പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നു കണ്ട കോടതി ഒന്നാം പ്രതിയായ സരിത എസ്. നായര്‍ക്കും രണ്ടാം പ്രതിയായ കെ.ബി. ഗണേഷ് കുമാറിനും കോടതി സമന്‍സ് അയച്ച് കേസ് ഫയലില്‍ സ്വീകരിച്ചിരുന്നു. ഈ കേസില്‍ അഞ്ചാം സാക്ഷിയായിട്ടാണ് ഫെനി ബാലകൃഷ്ണന് മൊഴി നല്‍കിയത്.
ജുഡീഷൽ കമ്മീഷനിൽനിന്നും തനിക്കു നോട്ടീസ് ലഭിച്ചുവെന്നറിഞ്ഞാണ് സരിത കാണാൻ എത്തിയതെന്നു ഫെനി പറഞ്ഞു. ഇതുസംബന്ധിച്ചു കാര്യം അന്വേഷിച്ചപ്പോള്‍ നിലവിലുള്ള യുഡിഎഫ് സര്‍ക്കാരിന് ഒരു പണി കൊടുക്കണമെന്നു സരിത പറഞ്ഞു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പറഞ്ഞുതന്നു. നമുക്ക് മറ്റു രാഷ്ട്രീയപാര്‍ട്ടിക്കാരുടെ പിന്തുണയുണ്ടെന്നും പറഞ്ഞു.
സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയെങ്കിലും സരിത പറഞ്ഞ പ്രകാരം മൊഴി നല്‍കിയില്ലെന്നും ഫെനി കോടതിയിൽ മൊഴിനൽകി. പത്തനംതിട്ട ജയിലിൽ നിന്ന് സരിത നൽകിയ ആദ്യകത്ത് 21 പേജ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിൽ യുഡിഎഫ് നേതാക്കളുടെ പേരില്ലായിരുന്നുവെന്നും ഫെനി മൊഴിനൽകി.
ഇവർ ജയിലിൽനിന്നും ഇറങ്ങിയശേഷം തിരുവനന്തപുരത്തേക്കു ഫെനിയുടെ കാറില്‍ പോയി സരിതയുടെ വസതിയില്‍വച്ചാണ് സ്വന്തം കൈപ്പടയില്‍ ഇവർ 21 പേജ് 25 പേജാക്കി മാറ്റിഎഴുതിയത്. പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ താന്‍ തയാറാക്കിയ കത്തിന് 25 പേജുണ്ടായിരുന്നുവെന്നു സോളാർ കമ്മീഷനോട് പറഞ്ഞിട്ടു സരിത അവിടെ സമർപ്പിക്കുകയായിരുന്നു.
സരിത തയാറാക്കിയ 25 പേജുള്ള കത്ത് കോടതിയിൽ തിരിച്ചറിഞ്ഞ ഫെനി, അവരുടെ കൈപ്പടയും സ്ഥിരീകരിച്ചു.
*🟨യുഡിഎഫിൽ സ്ഥാനാർഥി നിർണയം നീളുന്നു: രാഹുൽ ഗാന്ധി നേതാക്കളെ കാണും*
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങിയെങ്കിലും യുഡി എഫിലെ സ്ഥാനാർഥി നിർണയം പ്രതീക്ഷിച്ചതിലും നീളുകയാണ്. 50 സ്ഥാനാർഥികളുടെ ആദ്യ ലിസ്റ്റ് ഈയാഴ്ച ഇറങ്ങുമെന്ന് കരുതിയെങ്കിലും അത് മാർച്ച് ആദ്യ വാരത്തിലേക്ക് നീളും. സഖ്യകക്ഷിയായ ആർഎസ്പിയിലാകട്ടെ പടലപിണക്കങ്ങൾ ചെറിയ പൊട്ടിത്തെറിയിലേക്കു നീങ്ങുകയാണ്.
രണ്ടു ദിവസത്തെ സന്ദർശനത്തിന് കോഴിക്കോട്ട് എത്തുന്ന രാഹുൽ ഗാന്ധിയിലാണ് ഇനി പ്രതീക്ഷ. രണ്ട് പ്രത്യേക ചടങ്ങുകൾക്കായാണ് രാഹുലും പ്രിയങ്കാ ഗാന്ധിയും എത്തുന്നതെങ്കിലും കോൺസിലേയും യുഡിഎഫിലേയും നേതാക്കളുമായി ചർചയ്ക്ക് സമയം നോക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിൽ ആദ്യഘട്ട സ്ഥാനാർഥി ചർച്ചയും സ്റ്റിയറിംഗ് കമ്മിറ്റിയും തീരുമാനിച്ചിരുന്നെങ്കിലും അതുമാറ്റി വയ്ക്കുകയായിരുന്നു. സിറ്റിംഗ് എംഎൽഎമാരുടെയും ജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയുമാണ് 50 അംഗ ആദ്യഘട്ട പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്.
ലീഗിൽ മലപ്പുറം ഭാഗത്തെ സീറ്റുകൾ സംബന്ധിച്ച് ആശയ കുഴപ്പമില്ല. എന്നാൽ കോൺഗ്രസുമായി വച്ചു മാറേണ്ട ചില സീറ്റുകൾ സംബന്ധിച്ച ധാരണയ്ക്കായി അവർ കാത്തു നിൽക്കുകയാണ്. ആർഎസ്പിയിൽ വിഭാഗീയതയാണ് പ്രശ്നം. എ.എ. അസീസ് സംസ്ഥാന സെക്രട്ടറിയായതോടെ അത് മൂർച്ഛിച്ചിരിക്കുന്നു.പ്രേമചന്ദ്രൻ എംപിയുടെ മകന്‍റെ സ്ഥാനാർഥിത്വം ഇരവിപുരം ചടയമംഗലം സീറ്റുകൾ വച്ചു മാറൽ എന്നിവയാണ് പാർട്ടിയുടെ മുന്നിലെ പ്രശനങ്ങൾ.
മറ്റു മുന്നണികളിലെയും സ്ഥാർനാർഥി പട്ടിക വൈകുന്നതിനാൽ കോൺഗ്രസിന് ഈ കാര്യത്തിൽ വലിയ ആശങ്കയില്ല. വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര മാർച്ച് ആറിന് തിരുവനന്തപുരത്ത് സമാപിക്കുന്നതോടെ കാര്യങ്ങൾ അന്തിമമായി തീരുമാനിക്കപ്പെടുമെന്നാണ് ഇപ്പോൾ കരുതുന്നത്. അതിനടുത്ത ദിവസങ്ങളിൽ തെരത്തെടുപ്പ് തീയതി പ്രഖ്യാപിച്ചുകൊണ്ടുളള്ള വിജ്ഞാപനവും ഇറങ്ങിയേക്കും.
*🟨ലഹരി പ്രോത്സാഹന വീഡിയോ പങ്കുവച്ച വ്ളോഗര്‍ മാപ്പുപറഞ്ഞ് തടിയൂരി*
പേരാമ്പ്ര: “താന്‍ അധ്വാനിക്കുന്ന പണംകൊണ്ടാണ് ലഹരി ഉപയോഗിക്കുന്നതെന്നും അതിന് നിങ്ങള്‍ക്ക് എന്താണെന്നും” ചോദിച്ച് പോലീസിനെയും എക്സൈസിനെയും വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ച വ്ളോഗര്‍ ഒടുവില്‍ പരസ്യമായി മാപ്പുപറഞ്ഞ് തടിയൂരി.
മേപ്പയ്യൂര്‍ സ്വദേശിയായ വിഷ്ണുവാണ് ലഹരിവസ്തുവെന്ന് തോന്നിപ്പിക്കുന്ന വസ്തു കാണിച്ച് ബുദ്ധന് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പരസ്യമായി ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്. ഏതാനും ദിവസം മുമ്പാണു സംഭവം.
വീഡിയോ വൈറലായതോടെ പേരാമ്പ്ര പോലീസ് വീട്ടിലെത്തിയതോടെ വിഷ്ണു നിലപാട് മാറ്റി. വീഡിയോയില്‍ കാണിച്ചത് കല്ലുപ്പാണെന്നായിരുന്നു പ്രതികരണം.
ലഹരി ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള വീഡിയോ പ്രചരിപ്പിച്ചതിനു പോലീസ് വിഷ്ണുവിനെ വിരട്ടിയതോടെ പോലീസുകാരുടെ സാന്നിധ്യത്തില്‍ത്തന്നെ മാപ്പുപറഞ്ഞുകൊണ്ടുള്ള പുതിയ വീഡിയോ വിഷ്ണു പോസ്റ്റ് ചെയ്തു.
കൂടുതല്‍ പ്രചാരം കിട്ടാനാണ് എംഡിഎംഎ ആണെന്നു പറഞ്ഞ് കല്ലുപ്പ് കാട്ടി വീഡിയോ പ്രചരിപ്പിച്ചതെന്നും ആരും ലഹരി ഉപയോഗിക്കരുതെന്നും ഇനി സാമൂഹിക പ്രതിബദ്ധതയുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുമെന്നും വിഷ്ണു പറഞ്ഞു.
*🟨ബാങ്കിംഗ് ആപ്പുകളിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ട്രിക്കുകൾ പാടില്ല; തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷനുകൾ നീക്കം ചെയ്യണമെന്ന് ബാങ്കുകളോട് ആർ ബി ഐ*
ബാങ്കിംഗ് ആപ്പുകളിലെയും വെബ്സൈറ്റുകളിലെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഡിസൈൻ ട്രിക്കുകളും ഓപ്‌ഷനുകളും നീക്കം ചെയ്യണമെന്ന് കർശന നിർദേശം നൽകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചും, വ്യക്തമായ സമ്മതമില്ലാതെയും സേവനങ്ങളിൽ പങ്കാളികളാക്കുന്നത് തടയലാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഒളിഞ്ഞിരിക്കുന്ന ഫീസുകൾ, തെറ്റിദ്ധരിപ്പിക്കുന്ന ഓപ്ഷനുകൾ, ഉപഭോക്താവിന്‍റെ വ്യക്തമായ സമ്മതമില്ലാതെ സേവനങ്ങൾ കൂട്ടിച്ചേർക്കുന്നത് (bundling) എന്നിവ 2026 ജൂലൈയോടെ ബാങ്കുകൾ പൂർണ്ണമായും നീക്കം ചെയ്യണമെന്നാണ് ആർബിഐ നിർദേശം നൽകിയിരിക്കുന്നത്.
ഏതെങ്കിലും സാമ്പത്തിക ഉൽപ്പന്നമോ സേവനമോ നൽകുന്നതിന് മുമ്പ് ബാങ്കുകൾ ഉപഭോക്താവിന്റെ നേരിട്ടുള്ള സമ്മതം വാങ്ങിയിരിക്കണം. സേവനങ്ങൾ റദ്ദാക്കുന്നത് സൈൻ അപ്പ് ചെയ്യുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന പരാതികൾ പരിഗണിച്ച്, അത് ലളിതമാക്കാനും നിർദേശമുണ്ട്. ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ലളിതവും സുതാര്യവും വിശ്വാസയോഗ്യവുമാക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ഉദ്ദേശം. ‘ലോക്കൽ സർക്കിൾസ്’ നടത്തിയ വിപുലമായ സർവേയിൽ ഡിജിറ്റൽ ബാങ്കിംഗിൽ ഇത്തരം തെറ്റായ രീതികൾ വ്യാപകമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആർബിഐ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
*🟨പാകിസ്ഥാനിലെ 3.5 കോടി പേർ കൊല്ലപ്പെട്ടേനെ'; ഇന്ത്യ – പാക് യുദ്ധം അവസാനിപ്പിച്ചത് താനെന്ന് ആവർത്തിച്ച് ട്രംപ്*
വാഷിങ്ടൻ: ഇന്ത്യ–പാകിസ്ഥാൻ സംഘർഷം ഉൾപ്പെടെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' അവസാനിപ്പിക്കാൻ താൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പാകിസ്ഥാനിലെ 3.5 കോടി പേർ കൊല്ലപ്പെടുമായിരുന്നുവെന്നും ഇക്കാര്യം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് തന്നോട് പറഞ്ഞുതെന്നും ട്രംപ് പറഞ്ഞു. യുഎസ് കോൺഗ്രസിന്റെ സംയുക്തസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.
ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് പിന്നാലെ, പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. നാല് ദിവസങ്ങൾക്ക് ശേഷം, മെയ് 10ന് സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തി. എന്നാൽ ട്രംപ് അവകാശപ്പെട്ടതുപോലെ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഉഭയകക്ഷി തീരുമാനം വഴിയാണ് സംഘർഷം അവസാനിപ്പിച്ചതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എങ്കിലും നിരന്തരം തന്റെ അവകാശ വാദം ഉന്നയിക്കുകയാണ് ട്രംപ്. ഇതിനകം പല സന്ദർഭങ്ങളിലായി ഇരുപതോളം തവണ ട്രംപ് തന്റെ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു."
*🟨"സ്വീഡനിലെ വംശീയതയ്ക്ക് ഇരയായി ഇന്ത്യൻ സംരംഭകൻ; സ്റ്റാർട്ടപ്പ് വിറ്റ് രാജ്യം വിടുന്നു*
സ്റ്റോക്ക്ഹോം: യൂറോപ്യൻ രാജ്യമായ സ്വീഡനിലെ കുടിയേറ്റ സംവിധാനങ്ങളുടെ വംശീയമായ സമീപനത്തിലും കെടുകാര്യസ്ഥതയിലും മനംമടുത്ത് തന്റെ സ്വപ്ന പദ്ധതിയായിരുന്ന സ്റ്റാർട്ടപ്പ് വിറ്റ് രാജ്യം വിടാനൊരുങ്ങി ഇന്ത്യൻ സംരംഭകൻ. ഹൈഡ്രോ സ്പേസ് സ്വീഡൻ എബി എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ അഭിജിത്ത് നാഗ് ബാലസുബ്രഹ്മണ്യയാണ് സ്വീഡൻ വിട്ട് ഇന്ത്യയിലേക്ക് മടങ്ങുന്നത്. തന്റെ ലിങ്ക്ഡ്ഇൻ കുറിപ്പിലൂടെയാണ് അദ്ദേഹം ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
തിണ്ണമിടുക്കും വംശീയതയും നിറഞ്ഞ ഒരു സംവിധാനത്തിന് മുന്നിൽ തോറ്റുകൊടുക്കേണ്ടി വന്നതിന്റെ വേദന അദ്ദേഹം തന്റെ കുറിപ്പിൽ പങ്കുവെക്കുന്നു. "ഇന്ന് ഞാൻ ഔദ്യോഗികമായി ഹൈഡ്രോ സ്പേസ് സ്വീഡൻ എബിയുടെ സ്ഥാപകൻ, സിഇഒ സ്ഥാനങ്ങളിൽ നിന്നും പടിയിറങ്ങുകയാണ്. ഈ മാസം അവസാനത്തോടെ രാജ്യം വിടാൻ നിർബന്ധിതനായതിനാൽ ഞാൻ എന്റെ കമ്പനി വിറ്റിരിക്കുന്നു," ബാലസുബ്രഹ്മണ്യ കുറിച്ചു. ഇത് തന്റെ സ്വന്തം ഇഷ്ടപ്രകാരമുള്ള ഒരു പടിയിറക്കമല്ലെന്നും മറിച്ച്, "അപ്രാപ്തവും ശത്രുതാപരമായ സമീപനം പുലർത്തുന്നതുമായ ഒരു ഭരണകൂട സംവിധാനത്തിന്റെ കുടിയിറക്കലാണെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു."
"സ്വീഡൻ ഒരു സ്റ്റാർട്ടപ്പ് സൗഹൃദ രാജ്യമാണെന്നത് വെറുമൊരു "പുറംമോടി" മാത്രമാണെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. സ്വീഡിഷ് മൈഗ്രേഷൻ ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് ബിസിനസ് കാര്യങ്ങളിൽ പ്രാഥമിക അറിവ് പോലുമില്ലെന്നും, അവർ ആവർത്തിച്ച് വിസ നിരസിക്കാനുള്ള കാരണങ്ങൾ മാറ്റിക്കൊണ്ടിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഈ സംവിധാനത്തോട് നിയമയുദ്ധം നടത്താൻ തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇങ്ങനെ കുറിച്ചു: "അടിസ്ഥാനപരമായി തകർന്നതും വംശീയത നിറഞ്ഞതുമായ ഒരു സംവിധാനത്തോട് എന്റെ മൂലധനം ഉപയോഗിച്ച് പോരാടാൻ എനിക്ക് ഊർജ്ജമോ ആഗ്രഹമോ ഇല്ല."
തന്റെ ഉപജീവനമാർഗ്ഗം തകർത്ത ഉദ്യോഗസ്ഥരോടുള്ള പ്രതികരണവും കുറിപ്പിലുണ്ട്. "എന്റെ ഉപജീവനമാർഗ്ഗം തകർത്തതിൽ അഭിമാനം കൊള്ളുന്ന അഹങ്കാരിയും അപ്രാപ്തനുമായ ആ കേസ് ഓഫീസറോട്: നിങ്ങൾ എന്നെ മാത്രമല്ല പരാജയപ്പെടുത്തിയത്; സ്വീഡന്റെ ഭക്ഷ്യസുരക്ഷയുടെ ഭാവി കൂടിയാണ്," എന്ന് അദ്ദേഹം പറഞ്ഞു. മൈഗ്രേഷൻ ഏജൻസിയുടെ പീഡനങ്ങൾ തന്റെ മാനസികാരോഗ്യത്തെ തകർത്തുവെന്നും ഇതിൽ നിന്നും മോചിതനാകാനാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാലസുബ്രഹ്മണ്യയുടെ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി പ്രവാസികൾ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്."
*🟨"യുവതിയും മൂന്ന് പിഞ്ചു മക്കളും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; ഭർത്താവിനായി തെരച്ചിൽ*
ന്യൂഡൽഹി:വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പൂർ ബദ്‌ലിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 27വയസ്സുള്ള അനിത,ഇവരുടെ മക്കളായ അഞ്ച്,നാല്,മൂന്ന് വയസ്സുള്ള പെൺകുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിലായ അനിതയുടെ ഭർത്താവ് മുഞ്ചുൻ കേവതിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
ബിഹാറിലെ പട്ന സ്വദേശികളായ ഈ കുടുംബം സമയ്പൂർ ബദ്‌ലിയിലെ ഒരു വീടിന്റെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്.ആസാദ്പൂർ മണ്ടിയിലെ പച്ചക്കറി കച്ചവടക്കാരനായ മുഞ്ചുൻ കേവതിനെ സംഭവത്തിന് ശേഷം കാണാതായത് സംശയം വർദ്ധിപ്പിക്കുന്നു.അയൽവാസികളാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തി വിവരം പോലീസിൽ അറിയിച്ചത്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് നാല് പേരെയും കൊലപ്പെടുത്തിയത്. "നാല് ഇരകളുടെയും കഴുത്ത് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിച്ച നിലയിലായിരുന്നു," എന്ന് പോലീസ് പറഞ്ഞു.
ക്രൈം ടീമും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.മൃതദേഹങ്ങൾ നിലവിൽ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്."
*🟨വിവാഹവേദിയിൽ വധുവിന് വെടിയേറ്റു; പ്രണയപ്പകയെന്ന് പൊലീസ്*
പാട്ന: ബീഹാറിലെ ബക്സറിൽ വിവാഹാഘോഷങ്ങൾക്കിടെ വധുവിന് വെടിയേറ്റു. അയൽവാസിയായ ദീനബന്ധു എന്നയാളാണ് ആരതി കുമാരിയെ (18) ആക്രമിച്ചത്. വരനോടൊപ്പം സ്റ്റേജിൽ നിൽക്കുകയായിരുന്നു ആരതി. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചുറ്റുമുണ്ടായിരുന്നു. ഇതിനിടെയാണ് സ്റ്റേജിന് മുന്നിൽ കൂടിയിരുന്ന അതിഥികൾക്കിടയിൽ നിന്ന് ദീനബന്ധു ആരതിക്ക് നേരെ വെടിയുതിർത്തത്. പ്രണയപ്പകയാണ് പ്രകോപന കാരണമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11നാണ് സംഭവം. വിവാഹ ചടങ്ങുകളുടെ ഭാഗമായി വധുവിന്റെ സഹോദരി വരന്റെ നെറ്റിയിൽ കുങ്കുമം ചാർത്തുന്ന ചടങ്ങ് നടക്കുമ്പോഴാണ് അക്രമി വെടിവെച്ചത്. ആരതിയുടെ വയറിലാണ് വെടിയേറ്റത്. ആരതിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. യുവതി അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
പ്രതിയായ ദീനബന്ധു ഒളിവിലാണ്. ഇയാളുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. പ്രതി, മുൻപ് മദ്യക്കടത്ത് കേസിൽ ജയിലിൽ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു."
*🟨"അവിശ്വാസ പ്രമേയം തടയാൻ കൈക്കൂലി, ഗ്രാമപഞ്ചായത്ത് സര്‍പ്പഞ്ചും ഭര്‍ത്താവും അറസ്റ്റിൽ*
നാസിക്: ഉപസർപ്പഞ്ചിനെതിരായ അവിശ്വാസ പ്രമേയം തടഞ്ഞുവെക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിൽ ഗ്രാമപഞ്ചായത്ത് സർപ്പഞ്ചും ഭർത്താവും അറസ്റ്റിൽ. നാസിക് ജില്ലയിലെ റാസെഗാവ് ഗ്രാമപഞ്ചായത്ത് സർപ്പഞ്ച് മന്ദ ബെന്ദ്കുലെ, ഭർത്താവ് വിത്തൽ ബെന്ദ്കുലെ എന്നിവരാണ് പിടിയിലായത്.
ഉപസർപ്പഞ്ചിനെതിരായ അവിശ്വാസ പ്രമേയം അംഗീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും മറ്റ് അംഗങ്ങളെ സ്വാധീനിക്കാനുമായി ഇരുവരും ചേര്‍ന്ന് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആന്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റുള്ളവരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകൾക്കൊടുവിൽ തുക കുറച്ചു. ഇരുവരും 25,000 രൂപയിൽ ഇടപാട് ഉറപ്പിച്ചു. പണം വാങ്ങിയുള്ള രാഷ്ട്രീയ നീക്കം സംബന്ധിച്ച വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എസിബി സംഘം ഇവര്‍ക്കായി കെണിയൊരുക്കുകയായിരുന്നു.
സർപ്പഞ്ച് മന്ദ ബെന്ദ്കുലെ 14,000 രൂപയും ഭർത്താവ് വിത്തൽ ബെന്ദ്കുലെ 1,000 രൂപയും ഉൾപ്പെടെ ആകെ 15,000 രൂപ കൈക്കൂലിയായി സ്വീകരിക്കുന്നതിനിടെ എസിബി സംഘം ഇരുവരെയും കയ്യോടെ പിടികൂടി.
ഗ്രാമപഞ്ചായത്തിലെ ചില അംഗങ്ങൾ ഉപസർപ്പഞ്ചിനെതിരെ തഹസിൽദാർ മുമ്പാകെ അവിശ്വാസ പ്രമേയം സമർപ്പിച്ചിരുന്നു. ഈ പ്രമേയം പാസാകുന്നത് തടയുന്നതിനും അതുമായി ബന്ധപ്പെട്ട നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നതിനുമാണ് പ്രതികൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹാരാഷ്ട്ര മന്ത്രി നർഹരി സിർവാളിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ്.
പ്രതികൾക്കെതിരെ പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു."
*🟨സപ്ലൈകോയിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ*
തിരുവനന്തപുരം: സബ്സിഡി ലിസ്റ്റിലുള്ള സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് മാവേലി കസ്റ്റോഡിയൻ തസ്തികയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് സപ്ലൈകോയുടെ നടപടി.
മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്റ് എ. സനിതകുമാരി എന്നിവർക്കെതിരെയാണ് നടപടി.
ഫെബ്രുവരി മാസത്തെ വിൽപനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ ഡിപ്പോകളിൽ അറിയിപ്പ് നൽകിയിരുന്നു. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ ഫെബ്രുവരിയിൽ മൂന്ന് ഡിപ്പോകളിലും സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.
പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.
*🟨മോദിയുടെ ഇസ്രയേൽ സന്ദർശനം: വിമർശനവുമായി പ്രതിപക്ഷം*
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിൽ നടത്തുന്ന ദ്വിദിന സന്ദർശനത്തിനെതിരേ പ്രതിപക്ഷം. മോദിയുടേതു ധാർമികമായ ഭീരുത്വമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയപ്പോൾ ഗാസ വംശഹത്യയ്ക്കിടയിലുള്ള പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തെ എതിർക്കണമെന്ന് സിപിഎം പ്രതികരിച്ചു.
ഗാസയെ നാമാവശേഷമാക്കി മാറ്റിയ ഇസ്രയേൽ പ്രധാനമന്ത്രിയെ മുഴുവൻ ലോകവും വിമർശിക്കുന്പോൾ ഇന്ത്യൻ പ്രധാനമന്ത്രി അദ്ദേഹത്തെ ധാർഷ്ട്യത്തോടെ ആലിംഗനം ചെയ്യുകയാണെന്നും ഇതു ധാർമികമായ ഭീരുത്വത്തിന്റെ പ്രകടനമാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഇസ്രയേലിലെ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്പോൾ ഗാസയിലെ ആയിരക്കണക്കിനു സാധാരണക്കാരുടെയും കുട്ടികളുടെയും വംശഹത്യ പ്രധാനമന്ത്രി പരാമർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്പോഴുണ്ടാകുന്ന സന്ദർശനത്തെ ശക്തമായി എതിർക്കുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രയേലിന്റെ പ്രേരണയാൽ അമേരിക്ക ഇറാനിൽ സൈനികാക്രമണത്തിനു തയാറെടുക്കുന്പോൾ നടക്കുന്ന സന്ദർശനം അനവസരത്തിലുള്ളതാണെന്നും സിപിഎം ചൂണ്ടിക്കാട്ടി.
*🟨അമേരിക്ക സുവർണയുഗത്തിൽ: ട്രംപ്*
വാഷിംഗ്ടൺ ഡിസി: അമേരിക്കയെ സുവർണയുഗത്തിലേക്കു നയിച്ചെന്ന് പ്രസിഡന്റ് ട്രംപ്. കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തിൽ വാർഷിക സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അമേരിക്ക എക്കാലത്തേക്കാളും സന്പന്നവും ശക്തവുമായെന്ന് ട്രംപ് അവകാശപ്പെട്ടു. പണപ്പെരുപ്പം കുറച്ചു, ഓഹരിവിപണിക്കു നേട്ടമുണ്ടാക്കി, നികുതികൾ വെട്ടിക്കുറച്ചു, മരുന്നുവില കുറച്ചു തുടങ്ങിയവ ഭരണനേട്ടങ്ങളാണ്.
തൊഴിലവസരങ്ങൾ ഇല്ലാതാക്കാൻ സാധ്യതയുള്ള നിർമിതബുദ്ധിയെക്കുറിച്ച് ട്രംപ് പ്രസംഗത്തിൽ പരാമർശിച്ചില്ല. ഒരുവർഷ ഭരണത്തിന്റെ ഭൂരിഭാഗം സമയവും വിദേശനയത്തിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെങ്കിലും വിവിധ രാജ്യങ്ങൾക്കു ചുമത്തിയ ഇറക്കുമതിച്ചുങ്കം അടക്കമുള്ള വിഷയങ്ങളെക്കുറിച്ച് പരിമി തമായേ സംസാരിച്ചുള്ളൂ.
റഷ്യൻ അധിനിവേശത്തിന്റെ നാലാം വർഷികദിനത്തിൽ നടത്തിയ പ്രസംഗത്തിൽ യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചും പരാമർശമുണ്ടായില്ല. അമേരിക്കയുടെ മുഖ്യ എതിരാളിയായ ചൈന, ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ ഏറ്റെടുക്കാനുള്ള മോഹം എന്നീ വിഷയങ്ങളും ട്രംപ് എടുത്തുപറഞ്ഞില്ല.
എഴുപത്തൊന്പതുകാരനായ ട്രംപിന്റെ പ്രസംഗം ഒരു മണിക്കൂറും 47 മിനിറ്റും നീണ്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗമായിരുന്നിത്. കഴിഞ്ഞ വർഷത്തെ സ്വന്തം റിക്കാർഡാണു ട്രംപ് തകർത്തത്. പ്രസംഗത്തിന്റെ ഭൂരിഭാഗവും സ്വന്തം ഭരണനേട്ടങ്ങൾ വിശദീകരിക്കലായിരുന്നു. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന വാദം അദ്ദേഹം ആവർത്തിച്ചു. രാജ്യത്തു നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ അനധികൃത കുടിയേറ്റക്കാരാണെന്നും പറഞ്ഞു.
പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടിയിലെ നല്ലൊരു വിഭാഗം അംഗങ്ങളും സഭയിലുണ്ടായിരുന്നില്ല. ഹാജരായിരുന്ന പ്രതിപക്ഷാംഗങ്ങളിൽ ചിലർ പ്രസംഗസമയത്ത് പ്രതിഷേധപ്രകടനങ്ങൾക്കു മുതിർന്നു.
അതേസമയം, ട്രംപിന്റെ ഭരണത്തിൽ അമേരിക്കൻ ജനതയ്ക്കു തൃപ്തിയില്ലെന്നാണ് അടുത്തിടെ നടന്ന അഭിപ്രായ സർവേകൾ പറയുന്നത്. നവംബറിലെ മിഡ് ടേം തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ സെനറ്റിലും ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടാനും സാധ്യതയുണ്ട്.
*ഇറാൻ ഭീഷണി; പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 32,000 പേർ*
വാഷിംഗ്ടൺ ഡിസി: തീവ്രവാദത്തിന്റെ ഏറ്റവും വലിയ പ്രായോജകരായ ഇറാൻ അണ്വായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നു ട്രംപ്. ഇറാനിൽ ജനുവരിയിൽ നടന്ന ജനകീയ പ്രക്ഷോഭത്തിൽ 32,000 പേരാണു കൊല്ലപ്പെട്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക പശ്ചിമേഷ്യയിൽ സൈനികവിന്യാസം ശക്തിപ്പെടുത്തുന്നതിനിടെയാണു ട്രംപ് ഇക്കാര്യങ്ങൾ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ പറഞ്ഞത്.
ഇറാന്റെ ആണവ, മിസൈൽ പദ്ധതികൾ, തീവ്രവാദ സംഘടനകൾക്കു നല്കുന്ന പിന്തുണ, പ്രതിഷേധങ്ങൾ നടത്തുന്നവരെ കൊന്നൊടുക്കൽ എന്നിവയെല്ലാം അമേരിക്കയ്ക്കു ഭീഷണിയാണ്. ഇറാനും അവരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകളും തീവ്രവാദം, മരണം, വിദ്വേഷം എന്നിവ മാത്രമാണു പടർത്തുന്നത്. ഇറാൻ ആണവപദ്ധതികൾ പുനരാരംഭിച്ചിരിക്കുകയാണ്. അമേരിക്ക വരെ എത്താവുന്ന മിസൈലുകൾ നിർമിക്കാനുള്ള ശ്രമത്തിലാണ് അവരെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ ആരോപണങ്ങൾ ആവർത്തിച്ചുള്ള നുണകളാണെന്ന് ഇറേനിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
*🟨"സ്ക്രീൻ ഗാർഡിന് 100 രൂപ നൽകണം'; കർണാടകയിൽ കടയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചു*
ചിത്രദുർഗ: മൊബൈൽ ഫോണിന്റെ സ്ക്രീൻ ഗാർഡ് മാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടര്‍ന്ന് കടയുടമയെ കുത്തിപ്പരിക്കേൽപ്പിച്ചു. കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ സന്തെ മൈതാനത്തിന് സമീപമുള്ള മൊബൈൽ ഷോപ്പിലാണ് സംഭവം. കടയുടമ വിക്രം ചൗധരിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിലുള്ള പ്രതിഷേധമാണ്.
കടയിൽ നിന്ന് വാങ്ങിയ സ്ക്രീൻ ഗാർഡ് മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി കടയിലെത്തിയത്. മറ്റൊരു മോഡൽ സ്ക്രീൻ ഗാർഡിന് 100 രൂപ അധികം നൽകണമെന്ന് വിക്രം ചൗധരി ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അത് കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കടയിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്ന് പ്രതി മൂർച്ചയുള്ള ആയുധം പുറത്തെടുത്ത് വിക്രമിനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വിക്രമും കടയിലുണ്ടായിരുന്ന മറ്റൊരു വ്യക്തിയും ചേർന്ന് അക്രമിയെ ഉടൻ തന്നെ പുറത്തേക്ക് തള്ളിമാറ്റുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിക്രം ചൗധരിയെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം ആസൂത്രിതമാണെന്ന് ആരോപിച്ച് ആളുകൾ ആശുപത്രി പരിസരത്ത് തടിച്ചുകൂടുകയും റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു."
*🟨വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി*
കോഴിക്കോട് : ബിരുദ വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബീച്ച് ചാലിൽ പറമ്പിൽ ശ്രീനന്ദ (21) ആണ് മരിച്ചത്. കൊല്ലം ഗുരുദേവ കോളേജിൽ ബിഎസ്‌സി സൈക്കോളജി അവസാന വർഷ വിദ്യാർഥിനിയാണ്. ചൊവ്വ വൈകിട്ടാണ് മരിച്ചനിലയിൽ കണ്ടത്. വൈകിട്ട് കോളജിൽനിന്ന് വീട്ടിലെത്തിയ ശ്രീനന്ദയെ സമീപത്തെ ക്ഷേത്രത്തിലേക്ക് പോകാൻ മാതാപിതാക്കൾ വിളിച്ചെങ്കിലും പോയില്ല. പിന്നീട് വീട്ടിലെത്തിയ പിതാവാണ് വീട് അകത്തുനിന്നു പൂട്ടിയ നിലയിൽ കണ്ടത്. ജനലിലൂടെ നോക്കിയപ്പോൾ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. അച്ഛൻ: ചാലിൽപറമ്പിൽ അനിൽകുമാർ. അമ്മ: ലിസി. സഹോദരി: നവ്യശ്രീ. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു."
*🟨"ബ്രസീലിൽ മിന്നൽ പ്രളയം; 25 മരണം, 40 പേരെ കാണാനില്ല*
ബെലോ ഹൊറിസോണ്ടെ: തെക്കുകിഴക്കൻ ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്നുള്ള പ്രളയത്തിലും ഉരുൾപൊട്ടലിലും 25 പേർ മരിച്ചു. നാൽപ്പതിലധികം പേരെ കാണാതായതായാണ് വിവരം. തിങ്കളാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ ജുയിസ് ഡി ഫോറ, ഉബ എന്നീ നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റിയോ ഡി ജനീറോയിൽ നിന്ന് 310 കിലോമീറ്റർ അകലെയുള്ള ജുയിസ് ഡി ഫോറ, ഉബ നഗരങ്ങളിൽ നിന്ന് 440-ഓളം പേരെ വീടുകളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ നദികൾ കരകവിഞ്ഞൊഴുകുന്നതും വീടുകൾക്കുള്ളിൽ വെള്ളം കയറിയതും ജനജീവിതത്തെ സാരമായി ബാധിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ സുരക്ഷാ സേനയും ഫയർഫോഴ്‌സും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തിവരികയാണെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ അറിയിച്ചു.
*ഇരട്ടിയിൽ അധികം മഴ*
ഉരുൾപൊട്ടൽ ഭീഷണിയുള്ള ചരിഞ്ഞ പ്രദേശങ്ങളിൽ നിന്നും താഴ്‌വരകളിൽ നിന്നും മാറിനിൽക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫെബ്രുവരി മാസത്തിൽ ലഭിക്കേണ്ട ശരാശരി മഴയുടെ ഇരട്ടിയിലധികം കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ ലഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. പലയിടങ്ങളിലും ചെളി നിറഞ്ഞത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വരും ദിവസങ്ങളിലും പ്രദേശത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം."
*🟨"സാമ്പത്തിക ക്രമക്കേട്: മുൻ സപ്ലൈകോ ഉദ്യോഗസ്ഥന് 17 വർഷം തടവ്*
കണ്ണൂർ : സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ സപ്ലൈകോ ഉദ്യോഗസ്ഥനെ വിജിലന്‍സ് കോടതി 17 വര്‍ഷം തടവിനും 15 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. കണ്ണൂര്‍ പ്ലാസയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍പനയിലൂടെ ലഭിച്ച തുക കൃത്യമായി ബാങ്കില്‍ അടയ്ക്കാതെ സാമ്പത്തിക ക്രമക്കേട് നടത്തിയ മുന്‍ സപ്ലൈകോ ഉദ്യോഗസ്ഥനും കണ്ണൂര്‍ നാലുവയല്‍ സ്വദേശിയുമായ പി മുഹമ്മദ് അഷ്റഫിനെയാണ് കണ്ണൂര്‍ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ആകെ 17 വര്‍ഷം തടവിനും 15,00,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്.
2011-12ൽ കണ്ണൂര്‍ പ്ലാസയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ അസിസ്റ്റന്റ് സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന പി മുഹമ്മദ് അഷ്റഫ്, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിലെ സാധനങ്ങള്‍ വില്‍പന നടത്തിയതിലൂടെ ലഭിച്ച 14,25,895 രൂപ കൃത്യമായി ബാങ്കില്‍ അടയ്ക്കാതെ തട്ടിയെടുത്ത സംഭവത്തില്‍ വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് അഷ്റഫിനെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കി, കണ്ണൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ 1064 എന്ന ടോള്‍ ഫ്രീ നമ്പരിലോ 8592900900 , 9447789100 (വാട്സാപ്പ്) എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു."
*🟨"2019 ഈസ്റ്റര്‍ ദിനത്തിലെ ഭീകരാക്രമണം; ശ്രീലങ്കൻ മുൻ രഹസ്യാന്വേഷണ മേധാവി സുരേഷ് സാലി അറസ്റ്റിൽ*
കൊളംബോ: ശ്രീലങ്കയെ നടുക്കിയ 2019- ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണക്കേസിൽ നിർണായക വഴിത്തിരിവ്. മുൻ സ്റ്റേറ്റ് ഇന്റലിജൻസ് സർവീസ് (SIS) മേധാവിയും റിട്ടയേർഡ് മേജർ ജനറലുമായ സുരേഷ് സാലിയെ കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ കൊളംബോയുടെ പ്രാന്തപ്രദേശമായ പെലിയഗോഡയിൽ വെച്ചായിരുന്നു അറസ്റ്റ്. ഭീകരവാദ നിരോധന നിയമം ചുമത്തിയാണ് സാലിയെ പിടികൂടിയത്.
2019 ഏപ്രിൽ 21-ന് പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളിൽ 11 ഇന്ത്യക്കാരടക്കം 279 പേർ കൊല്ലപ്പെട്ടിരുന്നു. പ്രാദേശിക ജിഹാദി ഗ്രൂപ്പായ നാഷണൽ തൗഹീദ് ജമാഅത്ത് (NTJ) ആണ് ആക്രമണം നടത്തിയതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഈസ്റ്റര്‍ ദിനത്തിലെ ക്രൂരമായ ആക്രമണം അന്ന് ലോകം മുഴുവൻ ചര്‍ച്ച ചെയ്തു.
*ആരായിരുന്നു പിന്നിൽ*
*തുടക്കം മുതൽ സംശയം*
എന്നാൽ സ്ഫോടന സംഭവത്തിന് പിന്നീൽ വലിയ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി തുടര്‍ച്ചയായി ആരോപണങ്ങൾ ഉയർന്നു. സ്ഫോടനം നടത്തുന്നതിന് മുൻപ് പ്രതികൾക്ക് സൈനിക ഇന്റലിജൻസിൽ നിന്ന് സഹായം ലഭിച്ചതായും റിപ്പോര്‍ട്ടുകൾ പുറത്തു വന്നു.
2019-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഗോതബായ രാജപക്സയെ വിജയിപ്പിക്കാൻ ആക്രമണം തടയാതെ ബോധപൂർവം പ്രവര്‍ത്തിച്ചതായും ആരോപണം ഉണ്ടായി. ഇത് സ്ഫോടന സംഭവത്തിന് പിന്നീലെ രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചകൾ ഉയര്‍ത്തി.
*പുതിയ സര്‍ക്കാര്‍ വന്നതോടെ അന്വേഷണം*
അനുര കുമാര ദിസനായക സർക്കാർ 2024-ൽ അധികാരമേറ്റതോടെയാണ് കേസ് മാറുന്നത്. പുതിയ സര്‍ക്കാര്‍ ഈസ്റ്റർ സ്ഫോടനക്കേസിലെ അന്വേഷണം ഊർജ്ജിതമാക്കി. രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പുനരന്വേഷണ
അനുമതി നൽകിയത്.
ഇതോടെ, രാജ്യത്ത് ഭീകരാക്രമണം ഉണ്ടാവാനുള്ള സാധ്യതയെ കുറിച്ച് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായി കണ്ടെത്തി. ഈ മുന്നറിയിപ്പുകൾ ശ്രീലങ്കൻ രഹസ്യാന്വേഷണ അധികാരികൾക്ക് ലഭിച്ചിരുന്നതായി കണ്ടെത്തി. മുന്നറിയിപ്പ് ലഭിച്ചിട്ടും അന്നത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അതിനെ അവഗണിച്ചതായും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കി. ഈ സംഭവങ്ങൾക്കെല്ലാം ഒടുവിലാണ് സാലിയെ അറസ്റ്റ് ചെയ്ത നടപടിയിലേക്ക് എത്തിയിരിക്കുന്നത്."
*🟨"25,000 വിദ്യാർഥികൾ, ഒരൊറ്റ അധ്യാപകൻ പോലുമില്ല; മധ്യപ്രദേശിലെ സർക്കാർ സർവകലാശാലകൾ ദുരിതത്തിൽ*
ഭോപ്പാൽ: മധ്യപ്രദേശിലെ സർവകലാശാലകൾ അധ്യാപകരില്ലാതെ നിശ്ചലമാകുന്നു. ഖാർഗോൺ ജില്ലയിലെ ക്രാന്തിസൂര്യ താന്തിയ ഭീൽ സർവകലാശാലയിൽ 25,000 വിദ്യാർഥികൾ പഠിക്കുന്നുണ്ടെങ്കിലും അവിടെ നിയമിക്കപ്പെട്ട 140 അധ്യാപക തസ്തികകളിലും ഒരൊറ്റ സ്ഥിരം അധ്യാപകൻ പോലുമില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. മധ്യപ്രദേശിലെ ജനസംഖ്യയുടെ 22 ശതമാനത്തോളം വരുന്ന ഗോത്രവിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ടാണ് ഗോത്ര നായകരുടെ പേരിൽ ഈ സർവകലാശാലകൾ സ്ഥാപിച്ചത്.
ഉന്നതവിദ്യഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമർ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇതേക്കുറിച്ചുള്ള വിവരങ്ങളുള്ളത്. സർവകലാശാലയിലെ 80 അസിസ്റ്റന്റ് പ്രൊഫസർമാർ, 40 അസോസിയേറ്റ് പ്രൊഫസർമാർ, 20 പ്രൊഫസർമാർ എന്നീ തസ്തികകളെല്ലാം നിലവിൽ ഒഴിവാണ്. കൃഷി, ആർട്സ്, കൊമേഴ്സ്, സയൻസ് കോഴ്സുകൾ നടക്കുന്നുണ്ടെങ്കിലും ഡെപ്യൂട്ടേഷൻ വഴിയോ താൽക്കാലികമായോ എത്തുന്നവരെ വെച്ചാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സർവകലാശാലയ്ക്ക് സ്വന്തമായി കെട്ടിടം പോലുമില്ലെന്നതാണ് മറ്റൊരു വസ്തുത.
അധ്യാപകരില്ലാത്തത് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പരീക്ഷകൾ കൃത്യസമയത്ത് നടക്കുന്നില്ല, ഫലപ്രഖ്യാപനം വൈകുന്നു, മാർക്ക് ലിസ്റ്റുകൾ ലഭിക്കാത്തതിനാൽ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ തടസ്സപ്പെടുന്നു തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളാണ് വിദ്യാർഥികൾ നേരിടുന്നത്.
ഖാർഗോണിലെ മാത്രം അവസ്ഥയല്ല ഇത്. സംസ്ഥാനത്തെ 17 സർക്കാർ സർവകലാശാലകളിലായി ആകെയുള്ള 1,069 അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ 793 എണ്ണവും (74 ശതമാനം) ഒഴിഞ്ഞുകിടക്കുകയാണ്. വെറും 276 അധ്യാപകർ മാത്രമാണ് സംസ്ഥാനത്തെ മുഴുവൻ സർക്കാർ സർവകലാശാലകളിലുമായി ഉള്ളത്. അഞ്ച് സർവകലാശാലകളിൽ ഒരൊറ്റ അസിസ്റ്റന്റ് പ്രൊഫസർ പോലും നിലവിൽ ജോലി ചെയ്യുന്നില്ല.
ചിന്ദ്‌വാരയിലെ രാജ ശങ്കർ ഷാ സർവകലാശാല, ഗുണയിലെ ക്രാന്തിവീർ താന്തിയ ടോപ്പെ സർവകലാശാല, ഛത്തർപൂരിലെ മഹാരാജ ഛത്രസാൽ ബുന്ദേൽഖണ്ഡ് സർവകലാശാല, സാഗറിലെ റാണി അവന്തിബായ് ലോധി സർവകലാശാല എന്നിവയും അധ്യാപകരില്ലാത്ത പ്രതിസന്ധി നേരിടുകയാണ്.
മധ്യപ്രദേശിലെ ഗോത്രവിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിട്ട് ഗോത്ര നായകരുടെ പേരിൽ സ്ഥാപിച്ചതാണ് സർവകലാശാലകൾ. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഈ സ്ഥാപനങ്ങളെ സർക്കാർ അവഗണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. റിക്രൂട്ട്‌മെന്റ് നടപടികൾ നാലഞ്ച് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഖാർഗോണിൽ പുതിയ കെട്ടിടത്തിനായി 119 കോടി രൂപ വകയിരുത്തിയെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും, നിലവിലെ അവസ്ഥയിൽ വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്."
*🟨"സൗദി അഭ്യന്തര ഹജ്ജ് തീർഥാടന രജിസ്‌ട്രേഷൻ ആരംഭിച്ചു*
ദമ്മാം: ഹജ്ജ് നിർവഹിക്കുന്ന സൗദി സ്വദേശികൾക്കും സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കുന്നതിനുള്ള അഭ്യന്തര രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്ത വ്യക്തികൾക്കായിരിക്കും മുൻഗണന. 'നുസുക്' ആപ്പ് വഴിയോ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് (www.nusuk.sa) വഴിയോ റംസാൻ ആറ് മുതൽ അപേക്ഷകൾ സമർപ്പിക്കാൻ കഴിയും. മാർച്ച് മൂന്ന് മുതലാണ് ഹജ്ജ് പാക്കേജുകൾ ബുക്ക് ചെയ്യാനുള്ള ഓപ്ഷൻ ലഭ്യമാകുക. ബുക്കിങ് ശവ്വാൽ മാസാവസാനം വരെ നീണ്ടുനിൽക്കും.
അപേക്ഷകർ കുറഞ്ഞത് 15 വയസ്സ് തികഞ്ഞവരായിരിക്കണം. എല്ലാ ആരോഗ്യ നിബന്ധനകളും പാലിച്ചിരിക്കണം. സൗദിയിൽ കഴിയുന്ന വിദേശികളായ താമസക്കാർക്ക്, സാധുവായ ഇഖാമ (റെസിഡൻസി പെർമിറ്റ്) ഉള്ളവരായിരിക്കണം. ഒരു വർഷം മുമ്പ് റെസിഡൻസി നൽകിയവർക്കായിരിക്കും മുൻഗണന.
നുസുക് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ലൈസൻസുള്ള കമ്പനികൾ വഴി മാത്രമായി കരാർ നടത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഹജ്ജ് പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷകർ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയ ശേഷം അവരുടെ വിവരങ്ങൾ നൽകി യോഗ്യത ഉറപ്പ് വരുത്തണം. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈലിൽ പാക്കേജ് ഫീ അടക്കാനുള്ള അറിയിപ്പ് ലഭിക്കും. ഡിജിറ്റൽ പേയ്മെൻ്റ് ചാനലായ സദാദ് (SADAD) സിസ്റ്റം വഴി പേയ്മെന്റ് പൂർത്തിയാക്കുന്നതോടെ ഹജ്ജ് പെർമിറ്റ് ഇഷ്യൂ ചെയ്യും. അപേക്ഷാ പ്രക്രിയകൾ പൂർണമായും ഓൺലൈൻ വഴിയായതിനാൽ തീർഥാടകർക്ക് എളുപ്പത്തിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത."
.ശുഭദിനം.
Tags:
KERALA