Trending

കിഴക്കോത്ത് സ്വദേശിവ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടി; കാക്ക രഞ്ജിത്തും കൂട്ടാളികളും പിടിയിൽ.

കൊടുവള്ളി: കിഴക്കോത്ത് സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ കുപ്രസിദ്ധ കുറ്റവാളി കാക്ക രഞ്ജിത്തും രണ്ട് കൂട്ടാളികളും പോലീസിന്റെ പിടിയില്‍.കാക്ക രഞ്ജിത്തിനെ കൊച്ചിയിലെ ഒരു വീട്ടില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

രഞ്ജിത്തിനെ സ്റ്റേഷനിലെത്തിച്ച്‌ ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തും.തൃശ്ശൂർ കയ്പമംഗലം കൂരിക്കുഴി സ്വദേശികളായ ചൂലൂക്കാരൻ അബ്ദുല്‍ അക്ബർ (27), പുതിയ വീട്ടില്‍ അൻസാർ (31) എന്നിവരെ മുക്കത്തുനിന്ന് ശനിയാഴ്ച കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷും സംഘവും അറസ്റ്റുചെയ്തു. 

കിഴക്കോത്ത് സ്വദേശിയും വ്യവസായിയുമായ യുവാവിനെ ഭീഷണിപ്പെടുത്തി മൂന്നരലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് ഫോണില്‍വിളിച്ച്‌ 10 ലക്ഷം രൂപകൂടി നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ഇവർ പിടിയിലായത്.തുടർച്ചയായി പണം ആവശ്യപ്പെട്ട് ഭീഷണിമുഴക്കിയപ്പോഴാണ് കിഴക്കോത്ത് സ്വദേശിയായ യുവാവ് കൊടുവള്ളി പോലീസില്‍ വെള്ളിയാഴ്ച പരാതിനല്‍കിയത്. കോഴിക്കോട് റൂറല്‍ എസ്.പി. നിതിൻരാജിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

നേരത്തേ പരാതിക്കാരനായ വ്യവസായിയുടെ ഹെല്‍ത്ത് ജിമ്മില്‍ സഹായിയായിരുന്നു അറസ്റ്റിലായ അബ്ദുല്‍ അക്ബർ. അബ്ദുല്‍ അക്ബറിനെ സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയതായിരുന്നു. കേസില്‍ ഏതാനും പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡിവൈ.എസ്.പി. പ്രമോദിന്റെ നേതൃത്വത്തില്‍ കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ കെ.പി. അഭിലാഷ്, എസ്.ഐ. ബേബി മാത്യു, എ.എസ്.ഐ. ലിയ, എസ്.സി.പി.ഒ.മാരായ അനൂപ് തറോല്‍, സിൻജിത്, രതീഷ്, സി.പി.ഒ.മാരായ ഷഫീഖ് നീലിയാനിക്കല്‍, കെ.ജി. ജിതിൻ, റിജോ, ശ്രീനിഷ്, അനൂപ് കരിമ്ബില്‍, രതീപ് എന്നിവരുള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.
Previous Post Next Post
3/TECH/col-right