ദുബായ്: അബുദാബി – ദുബായ് റോഡിൽ ഞായറാഴ്ച്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് മലയാളി സഹോദരങ്ങളുടെയും ഖബറടക്കം നടന്നു. ഇന്നലെ വൈകിട്ട് ദുബായ് സോനാപൂരിലായിരുന്നു ഖബറടക്ക ചടങ്ങുകൾ നടന്നത്.അഷാസ് (14), അമ്മാർ (12),അസാം (8),അയാഷ് (5) എന്നിവർക്കായുള്ള മയ്യിത്ത് നിസ്‌കാരം വൈകീട്ട് നാല് മണിക്ക് അൽ ഷുഹാദ മസ്ജിദിൽ നടന്നു.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മലപ്പുറം തിരൂർ കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫ് വീൽചെയറിലായിരുന്നു മക്കളുടെ മയ്യത്ത് നിസ്കാര ചടങ്കിൽ പങ്കെടുത്തത്. മക്കളെ അവസാനമായി കാണാൻ എത്തിയ ലത്തീഫ് കണ്ടുനിന്നവരുടെയും കണ്ണുനനയിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ സോനാപൂരിൽ എത്തി കുട്ടികൾക്ക് അന്തിമോപചാരം അർപ്പിച്ചു.
അബ്ദുൽ ലത്തീഫിനും കുടുംബത്തിനും ഇനി ഒരേയൊരു മകളായ പത്ത് വയസ്സുകാരി ഇസ്സ ലത്തീഫ് മാത്രമാണുള്ളത്. കുട്ടികളുടെ മാതാവ് വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയും ഇസ്സയും ചികിത്സയിൽ തുടരുകയാണ്.
അബുദാബി ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം ദുബായിലേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്.അപകട ദിവസം തന്നെ മൂന്ന് കുട്ടികളും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷ്‌റയും (48) മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അസാം തിങ്കളാഴ്ച്ചയാണ് മരിച്ചത്.
