Trending

ബസിലെ യാത്രക്കിടെ രണ്ടര വയസ്സുകാരനെ മറന്ന് സ്റ്റോപ്പിലിറങ്ങി അമ്മ.

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ബസ് യാത്രക്കിടെ രണ്ടര വയസ്സുള്ള കുഞ്ഞിനെ അമ്മ ബസിൽ മറന്നുവെച്ചു. വടകര–വളയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം. യാത്ര അവസാനിപ്പിച്ച് ബസ് ഡിപ്പോയിലേക്ക് മാറ്റുന്നതിനിടെയാണ് ഗിയർബോക്‌സിന് മുകളിൽ ഒറ്റയ്ക്കിരുന്ന കുഞ്ഞിനെ ജീവനക്കാർ ശ്രദ്ധിച്ചത്.

ഓർക്കാട്ടേരിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നാണ് രണ്ട് സ്ത്രീകളും കുഞ്ഞും ബസിൽ കയറിയത്. യാത്രയ്ക്കിടെ കുഞ്ഞിനെ അമ്മ ഗിയർബോക്‌സിന് മുകളിൽ ഇരുത്തിയതായാണ് വിവരം. ബസ് വടകരയിൽ എത്തി യാത്ര അവസാനിപ്പിച്ചപ്പോഴും കുഞ്ഞ് അതേ സ്ഥലത്ത് തന്നെ ഇരിക്കുന്നതായി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

കുഞ്ഞിനൊപ്പം ആരെയും കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ കുട്ടിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ സംഭവം പോലീസിനെ അറിയിക്കാൻ തീരുമാനിച്ചെങ്കിലും, അതിന് മുൻപേ തന്നെ പരിഭ്രാന്തിയോടെ അമ്മ ബസ് സ്റ്റാൻഡിലെത്തി.

കുഞ്ഞ് ബസിൽ കൂടെയുണ്ടായിരുന്ന കാര്യം മറന്നു പോയതായിരുന്നുവെന്ന് അമ്മ ജീവനക്കാരോട് പറഞ്ഞു. കുഞ്ഞിന് യാതൊരു പരിക്കുകളും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഭവം യാത്രക്കാരിലും ബസ് ജീവനക്കാരിലും ആശങ്കയുണ്ടായി.
Previous Post Next Post
3/TECH/col-right