Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ:✍️ ഡോ. മുഹമ്മദ് ഇസ്മായിൽ എം


ഭാഗം 2

ശരണിൻ്റെ ഉറ്റ സുഹൃത്തുക്കളാണ് അജ്മലും ബാബുവും രവീന്ദ്രനും സാബുവും ജ്യോതിയും ആരതിയും. അജ്മലും ആരതിയും പ്ലസ്ടുവിലും സാബുവും ജ്യോതിയും പത്താം തരത്തിലും ബാബുവും രവീന്ദ്രനും അവൻ്റെ ക്ലാസിലുമാണ് പഠിക്കുന്നത്. ഇരകളെത്തേടിയുള്ള ശരണിൻ്റെ യാത്രയുടെ തുടക്കം ഇവരിലൂടെ ആയിരുന്നു. തനിക്കുള്ള വിലപിടിച്ച ഓഫറുകളെക്കുറിച്ച് അവൻ സുഹൃത്തുക്കളോട് വാചാലനായി. എങ്ങനെ സുഹൃത്തുക്കളെ പ്രസ്തുത റാക്കറ്റിൻ്റെ ഭാഗമാക്കാമെന്ന് അവന് കൃത്യമായ ക്ലാസ് ലഭിച്ചിരുന്നു. ഏറെ കൗതുകത്തോടെ എല്ലാവരും ശരണിനെ കേട്ടു.അടിച്ചു പൊളിജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്ന പ്രായം. പണം വരുന്ന വഴികളെക്കുറിച്ചുള്ള ഭാഷണം എല്ലാവരെയും കൊതിപ്പിച്ചു.

സുഹൃത്തുക്കൾക്ക് ഗുളികകളും മിഠായികളും ച്യൂയിങ്ങ്ഗവും എത്തിക്കണം. നാട്ടിൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നവരുടെ പേരു വിവരങ്ങൾ ശരൺ സുഹൃത്തുക്കൾക്ക് കൈമാറി. ചെയ്യാൻ പോകുന്ന അപരാധത്തെക്കുറിച്ച് അവരാരും ചിന്തിച്ചില്ല. എന്തെങ്കിലും കിട്ടിയാൽ കടയിൽ കയറി ബർഗർ, സാൻവിച്, ഐസ്ക്രീം, സിപ്പ് അപ് എന്നിവ കഴിക്കാം. അത്ര തന്നെ. അജ്മലിനൊപ്പം ക്ലാസ് കട്ട് ചെയ്ത് സിനിമക്കു പോയ ശരൺ തൻ്റെ കൈവശമുണ്ടായിരുന്ന ഗുളിക മിഠായി സുഹൃത്തിന് കൊടുത്തു. കഴിച്ചു കുറച്ച് സമയം കഴിഞ്ഞ് അവൻ്റെ മൂഡ് മാറി. പ്രത്യേക സുഖവും അനുഭൂതിയും അവന് അനുഭവപ്പെട്ടു.

സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ശരണിനെ വലയിൽ വീഴ്ത്തിയ സംഘം പുറത്ത് കാത്തു നിൽക്കുകയായിരുന്നു. അജ്മലിന് ഇഷ്ടപ്പെട്ട ഭക്ഷണ വിഭവങ്ങൾ വാങ്ങിക്കൊടുത്തു. തങ്ങളുടെ കൈവശമുള്ള പാക്കറ്റുകൾ ക്ലാസിലുള്ളവർക്ക് സൗജനുമായി എത്തിക്കാനും പിന്നീട് അവർക്ക് ചെറിയ പാക്കറ്റുകൾ 50 രൂപ നീരക്കിൽ കൈമാറാനും ആവശ്യപ്പെട്ടു. മോഹന സ്വപ്നങ്ങൾ വാഗ്ദത്തം ചെയ്തു. വാച്ച്,, മൊബൈൽ, സ്കൂട്ടർ, ടാബ് എന്നിവയെക്കുറിച്ച് വീട്ടിലേക്കു തിരിക്കുമ്പോൾ അജ്മൽ സ്വപ്നം കണ്ടു.

ഇടയ്ക്കിടെ മുടങ്ങാതെ അജ്മലിനെ പാക്കറ്റുകളുമായി പുതിയ പുതിയ സുഹൃത്തുക്കൾ തേടിയെത്തി. പിന്നീട് അജ്മലും അതിന് അഡിക്റ്റഡായി. തനിക്കുള്ള കമീഷനിൽ നിന്ന് പണം എടുത്ത് അവനും നിത്യവും ഓരോ പാക്കറ്റ് മദ്മ ഉപയോഗിക്കാൻ തുടങ്ങി. ഒരു മാസം കൊണ്ട് അവൻ തൻ്റെ ക്ലാസിലെ നിരവധി സാമ്പത്തിക ചുറ്റുപാടുകളുള്ള സുഹൃത്തുക്കളെ ഉപഭോക്താക്കളാക്കിക്കഴിഞ്ഞു. പലർക്കും സൗജന്യമായും സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് വലിയ തുക ഈടാക്കിയും അവനത് വിതരണം ചെയ്തു. ഉപയോഗത്തിലും വിതരണത്തിലും ഇപ്പോഴവൻ ശരണിനേക്കാൾ മുന്നിലെത്തിയിട്ടുണ്ട്. വിലപിടിച്ച മൊബൈൽ ഫോൺ അജ്മലിന് സ്വന്തമായി.

എല്ലാ സൗകര്യങ്ങളുമുള്ള ഇടത്തരം കുടുംബത്തിലാണ് അജ്മൽ വളർന്നത്. ജ്യേഷ്ഠൻ നേരത്തേ കോഴ്സുകൾ പൂർത്തീകരിച്ച് വിദേശത്താണ്. മാതാ പിതാക്കളും അനിയനും അനിയത്തിയുമടക്കം അഞ്ച് പേരടങ്ങുന്നതാണ് കുടുംബം. പിതാവ് രാവിലെ നേരത്തേ കച്ചവട സ്ഥാപനത്തിലേക്കു തിരിക്കും. രാത്രി വൈകിയാണ് തിരിച്ചെത്തുക. കട തുറക്കാത്ത ദിവസങ്ങളില്ല. മക്കളുടെ കാര്യങ്ങളൊക്കെ അധികമൊന്നും വിദ്യാഭ്യാസമോ പൊതു ബോധമോ ഇല്ലാത്ത ജമീലയുടെ കൈകളിലാണ്. മാതാപിതാക്കൾ മക്കളെ നല്ല നിലയിലാണ് വളർത്തിയത്. മതിയാവോളം സ്നേഹിച്ചും പരിപാലിച്ചും വളർത്തി. ഒന്നിനും കുറവ് വരുത്തിയില്ല. പിന്നെ എങ്ങനെയാണവൻ പിഴച്ചത്?. എന്താണ് സംഭവിച്ചത്?. പിറകെ പറയാം...

എല്ലാ ദിവസവും സന്ധ്യയാകുമ്പോൾ അജ്മൽ വീട്ടിലെത്താതെയായി. പഠിക്കാൻ ഒരുപാട് വിഷയങ്ങളുണ്ട്. പക്ഷേ, അവനത് സാധിക്കുന്നില്ല. നിശ്ചിത സമയത്ത് പാക്കറ്റുകൾ കിട്ടാതിരുന്നാൽ കൈകൾ വിറയും. കാലുകൾ തരിക്കും. ചുണ്ടുകൾ അസ്വസ്ഥമാകും. സ്വന്തം അടച്ചിട്ട റൂമിലാണ് കഴിയുന്നത്. പ്രത്യേകം മേശയും കസേരയുമെല്ലാം മാതാപിതാക്കൾ അവനായി ഒരുക്കിയിട്ടുണ്ട്. അവിടെക്ക് മറ്റാർക്കും പ്രവേശനമില്ല. ഇപ്പോൾ അവൻ്റെ സ്വഭാവം ആകെ മാറിയിരിക്കുന്നു. പരുഷമായ പെരുമാറ്റം. മറ്റുള്ളവരെ പരിഗണിക്കായ്മ, മുതിർന്നവരോട് ആദരവില്ലായ്മ, എപ്പോഴും ഒറ്റയ്ക്കിരിക്കാനും മൊബൈലിൽ ഗെയിമുകളിൽ തുടരാനുമുള്ള മാനസികാവസ്ഥ, ഭക്ഷണങ്ങളോട് താൽപര്യക്കുറവ്. രാത്രി വളരെ വൈകിയുള്ള ഉറക്കം, രാവിലെ വൈകി എഴുന്നേൽക്കൽ, ജീവിതമാകെ താളം തെറ്റിയിരിക്കുന്നു. മാതാപിതാക്കളോടും മുതിർന്നവരോടും തട്ടിക്കയറിയുള്ള സംസാരം... അങ്ങനെയങ്ങനെ...

അടുത്ത വീട്ടിൽ ആളില്ലാ നേരത്ത് മോഷണം നടന്നു. അവർ സ്റ്റേഷനിൽ പരാതി നൽകി. പൊലിസ് പരിശോധനക്കെത്തി. സാഹചര്യത്തെളിവുകളാണ് അന്വേഷണം അയൽവാസിയായ അജ്മലിലേക്ക് എത്തിയത്. പൊലിസ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ ഞെട്ടിയത്. പിന്നെയാണ് ആ ജീവിതത്തിൻ്റെ ഭീകരത വീട്ടുകാർ തിരിച്ചറിഞ്ഞത്...

(തുടരും)

🛑 നടന്ന സംഭവങ്ങളുടെ വിവരണമാണെങ്കിലും കഥാപാത്രങ്ങളുടെ പേരുകൾ തികച്ചും സാങ്കൽപികമാണ്.
Previous Post Next Post
3/TECH/col-right