Trending

ലഹരിയിൽ ഒടുങ്ങുന്ന ജീവിതങ്ങൾ: ഡോ. മുഹമ്മദ് ഇസ്മായിൽ എം

ഭാഗം 3

പൊലീസുകാർ വീട്ടിലെത്തി അജ്മലിനെ അന്വേഷിച്ചു. വീടിനു ചുറ്റും വൻ ജനക്കൂട്ടമായി. അന്ന് പിതാവിൻ്റെ കടയിൽ പോകാനുള്ള തിരക്ക് അവസാനിച്ചു. ഉമ്മ മറ്റു മക്കളെ ചേർത്തു പിടിച്ച് അലമുറയിട്ട് കരഞ്ഞു. "എൻ്റെ മോനെ കുടുക്കാൻ നോക്കണ്ട; അവനതൊന്നും ചെയ്യില്ല "മാതൃഹൃദയം തൊണ്ട കീറി. "അജ്മൽ പുറത്തു പോയതാണ്; ഇപ്പോൾ എത്തുമായിരിക്കും " : പിതാവ് പൊലീസിനോട് പറഞ്ഞു.
പൊലീസ് അവൻ്റെ റൂം തുറക്കാനാവശ്യപ്പെട്ടു. രക്ഷയില്ല, അജ്മൽ പൂട്ടി ചാവിയുമായി പോയിരിക്കുന്നു. പൊലീസ് കതക് ചവിട്ടിത്തുറന്നു. റൂമിലെ കാഴ്ചകൾ കണ്ട് വീട്ടുകാർ ഞെട്ടി.

പൊടിപിടിച്ച് വൃത്തീ ഹീനമായ കട്ടിൽ, അലക്ഷ്യമായി കൂട്ടിയിട്ട വസ്ത്രങ്ങൾ, കട്ടിലിനടിയിൽ നിറയെ സിറിഞ്ചുകൾ, മേശവലിപ്പ് നിറയെ പല വിധ ലഹരി വസ്തുക്കളുടെ കവറുകൾ, ടാബ്ലറ്റുകൾ, മേശ പുറത്ത് സി ഡി പ്ലെയർ, ധാരാളം സിനിമാ സി ഡികൾ, തലങ്ങും വിലങ്ങും കൂട്ടിയിട്ട സിനിമാ പ്രസിദ്ധീകരണങ്ങൾ....
ചിലതെല്ലാം പൊക്കിയെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവനെയും കൂട്ടി ഉടൻ സ്റ്റേഷനിലേക്ക് എത്താൻ പിതാവിന് നിർദേശം നൽകി.

നാട്ടിലാകെ അജ്മലിനെക്കുറിച്ച് ചർച്ചയായി. ചിലർ സദാചാര ഭാഷകരായി. ചിലർ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചായി. ചിലർ മാതാപിതാക്കൾ ശരിയല്ല എന്നായി. അമ്മയെ തല്ലിയാലും നാട്ടിൽ രണ്ട് അഭിപ്രായമാണല്ലോ?... പിതാവ് അന്ന് രാത്രി അസ്വസ്ഥനായിരുന്നു. സമൂഹത്തിൽ എല്ലാവരുമായി കച്ചവട ബന്ധമുള്ള തൻ്റെ ഏർപാടുകളുടെ ഭാവിയെ ഓർത്ത്. വളർന്നു വരുന്ന മറ്റു മക്കളെ ഓർത്ത്. പൊതുധാരയിൽ തന്നെ ആളുകൾ അവജ്ഞയോടെ നോക്കിക്കാണുന്നതിനെക്കുറിച്ച്, നിന്ദ്യതയെക്കുറിച്ച്... 

വിവരമറിഞ്ഞത്തിയ അജ്മലിൻ്റെ അധ്യാപകൻ എല്ലാവരും പിരിഞ്ഞ് പോകാൻ കാത്തിരുന്നു. പിതാവുമായി സംസാരത്തിലായി. പിതാവ് തൻ്റെ നിരപരാധിത്വവും നിസഹായതയും പ്രതീക്ഷകളും വാചാലമായി സംസാരിച്ചു. കഷ്ടപ്പാടുകളെക്കുറിച്ച് വിവരിച്ചു. തൊണ്ടയിടറിയും ഇടയ്ക്കിടെ വിങ്ങിപ്പൊട്ടിയുമുള്ള ഭാഷണങ്ങൾ. നല്ലൊരു ശ്രോതാവും കൗൺസിലിങ്ങ് വിദഗ്ദ്ധനുമായ അധ്യാപകൻ ആ പിതാവിനെ ആശ്വസിപ്പിച്ചു. സമാധാനിപ്പിക്കാൻ ഏറെ പണിപ്പെട്ടു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. പ്രത്യാശയുടെയും സമാശ്വാസത്തിൻ്റെയും പേമാരി ആ ദുർബലനായ പിതാവിൻ്റെ ഹൃദയത്തിൽ പെയ്തിറങ്ങി. എല്ലാം വിട്ടു കളയാനും മകൻ്റെ കാര്യം ഞാൻ നോക്കിക്കൊള്ളാമെന്നും ആ അധ്യാപകൻ വാക്ക് കൊടുത്തു. ( കഴിഞ്ഞ കുറെക്കാലമായി രക്ഷിതാവ് വിദ്യാലയവുമായി ബന്ധപ്പെടാത്തതിലുള്ള പരിഭവങ്ങൾ പങ്ക് വെച്ചാണ് വീട്ടിൽ നിന്ന് ആ അധ്യാപകൻ ഇറങ്ങിയത് ).

അപ്പോഴേക്കും സമയം രാത്രി 12 മണി പിന്നിട്ടിരുന്നു. വരുന്ന വഴിയിൽ നിന്ന് വിവരമറിഞ്ഞ അജ്മൽ ഭാവഭേദ മേതുമില്ലാതെ തൻ്റെ ദൗത്യനിർവഹണത്തിൻ വ്യാപൃതനായി അപ്പോഴും ഇരുട്ടിൻ്റെ മറവിൽ സ്വൈരവിഹാരം നടത്തുകയായിരുന്നു. അന്നവൻ വീട്ടിലേക്ക് വന്നതേയില്ല. ശരണിൻ്റെ വീട്ടിലേക്കാണ് കിടന്നുറങ്ങാൻ കയറിച്ചെന്നത്.
അടുത്ത ദിവസം, പിതാവ് കടയിൽ പോകാറുള്ള തക്കം നോക്കി അജ്മൽ വീട്ടിലെത്തി. തലേദിവസത്തെ സംഭവങ്ങൾ അറിയാൻ വീട്ടിലെത്തിയ അയൽക്കാരായ ഏതാനും സ്ത്രീകൾ രാവിലെത്തന്നെ വീട്ടിലുണ്ട്. അവർ സഹതാപത്തോടെ അവനെ നോക്കി. എന്തേലും പറയുമെന്ന് കരുതി. അവൻ വിവരങ്ങളറിയാത്ത വിധം വീട്ടിലേക്ക് കയറി. ഉമ്മ ഭീതിയോടെ ഉമ്മറപ്പടിയിലേക്ക് ഓടി വന്നു. അവനെ കെട്ടിപ്പിടിച്ചു ഏറെ നേരം കരഞ്ഞു. എന്താണീ കേൾക്കുന്നത് മോനേ?.. എന്തിനാ പൊലീസിനെ വരുത്തിയത്?.. ആവർത്തിക്കരുതെന്ന് കാലു പിടിച്ച് താഴ്ന്നു കേണപേക്ഷിക്കുന്ന ഉമ്മയുടെ നിസഹായവസഥ കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. അതവനെ അതൊന്നും ഒട്ടും സ്വാധിനിച്ചില്ല. തനിക്കിതൊന്നും വിഷയമേയല്ലെന്ന ഭാവത്തിൽ റൂമിലേക്ക് കയറി കതകടച്ചു. അവൻ പലതും തിരയുകയായിരുന്നു. ഒന്നും അവന്ന് കിട്ടിയില്ല.

അജ്മലിനെയും കൂട്ടി പിതാവ് ഒരു വിധം ഉച്ചയോടെ സ്റ്റേഷനിലെത്തി. പിതാവിനു മുന്നിൽ വെച്ച് മോഷണത്തെക്കുറിച്ച് ഏതാനും ചോദ്യങ്ങൾ. അവൻ എല്ലാം നിഷേധിച്ചു. ലോക്കപ്പിലേക്ക് കയറ്റി. കാലുകളിൽ കുരുക്ക് മുറുക്കി തലകീഴാക്കി അന്തരീക്ഷത്തിൽ കെട്ടിത്തൂക്കി. വായിലൂടെ നുര വന്നു. അവൻ പറഞ്ഞു. മോഷണത്തിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ച്.. വിറ്റ കടയിൽ നിന്ന് തൊണ്ടിമുതലുകൾ പിടിച്ചെടുത്തു.കിളി പറയും പോലെ പറയാൻ തുടങ്ങി. വീരകൃത്യങ്ങളുടെ കഥകൾ....

(തുടരും)

❤നടന്ന സംഭവങ്ങളുടെ വിവരണമാണെങ്കിലും കഥാപാത്രങ്ങളുടെ പേരുകൾ തികച്ചും സാങ്കൽപികമാണ്.
Previous Post Next Post
3/TECH/col-right