Trending

കിഴക്കോത്ത് പഞ്ചായത്ത് രണ്ടാം വാർഡിൽ സഹോദരങ്ങൾ നേർക്കുനേർ.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഇത്തവണ ശ്രദ്ധേയമായ ഒരു പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഒരേ വീട്ടിലെ സഹോദരങ്ങളാണ് പരസ്പരം ഏറ്റുമുട്ടുന്നത് എന്നതാണ് ഈ വാർഡിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. പഞ്ചായത്തിലെ രണ്ടാംവാർഡായ ചെറ്റക്കടവിൽ യു. ഡി.എഫിന്റെയും എൽ.ഡി.എഫിന്റെ യും സ്ഥാനാർഥികളായാണ് പൂക്കോട് ഇമ്പിച്ചി ആയിഷയുടെ മക്കൾ മത്സരിക്കുന്നത്. ജ്യേഷ്ഠൻ ഇസ്‌ഹാഖ് യു.ഡി .എഫിനും, അയ്യൂബ് എൽ.ഡി.എഫിനും വേണ്ടിയാണ്  ജനവിധി തേടുന്നത്.

പമ്പരാഗതമായി ശക്തമായ രാഷ്ട്രീയ വേരുകളുള്ള വാർഡാണ് കിഴക്കോത്ത് രണ്ടാം വാർഡ്. ഇവിടെയാണ് രണ്ട് പ്രമുഖ മുന്നണികളെ പ്രതിനിധീകരിച്ച് സഹോദരങ്ങൾ മത്സരിക്കുന്നത്.ഒരു സ്ഥാനാർത്ഥി നിലവിലെ ഭരണപക്ഷത്തെ പ്രതിനിധീകരിച്ച് ജനവിധി തേടുമ്പോൾ,മറ്റേയാൾ ശക്തമായ പ്രതിപക്ഷ പാർട്ടിയുടെ പിന്തുണയോടെയാണ് മത്സര രംഗത്തുള്ളത്.

​കുടുംബബന്ധങ്ങൾക്കപ്പുറം രാഷ്ട്രീയ നിലപാടുകൾക്ക് പ്രാധാന്യം നൽകുന്ന ഈ പോരാട്ടം വാർഡിലെ വോട്ടർമാർക്ക് ഒരുപോലെ കൗതുകവും ആശയക്കുഴപ്പവും നൽകുന്നുണ്ട്. ആരാകും വിജയിക്കുക എന്ന ആകാംക്ഷയിലാണ് കിഴക്കോത്ത് പഞ്ചായത്ത്. മത്സരിക്കുന്നത് പ്രിയപ്പെട്ട മക്കളാണ്. ആരുടെ പക്ഷത്തും നിൽക്കാനാവില്ല. ഉമ്മാക്ക് മക്കൾ ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ഇരുവർക്കും കെട്ടിവെക്കാനുള്ള പണം നൽകിയത് ഉമ്മ തന്നെയാണ്.

കഴിഞ്ഞതവണ കഴിഞ്ഞ ഒന്നാം വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ചത് ഇസ്ഹാക്കിന്റെ ഭാര്യ റസീന പൂക്കോട് ആയിരുന്നു.റസീന ഇത്തവണ മത്സരരംഗത്തില്ല. കിഴക്കോത്ത് മണ്ഡലം കോൺഗ്രസിന്റെ പ്രസിഡന്റ് കൂടിയായ ഇസഹാഖ് പാർട്ടിയുടെ നിർബന്ധത്തിനു വഴങ്ങിയാണ് സ്ഥാനാർഥി ആവേണ്ടി വന്നത് . രണ്ടുപാർട്ടികളിൽ പ്രവർത്തിക്കുന്നത് കുടുംബബന്ധങ്ങൾക്ക് ഒരുതരത്തിലും പോറലേൽപ്പിക്കില്ലെന്നാണ്  രണ്ടുപേരും പറയുന്നത്. തെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും കുടുംബത്തിൽനിന്ന് ഒരു പഞ്ചാ യത്ത് മെമ്പർ ഇത്തവണയും ഉണ്ടാകുമെന്ന സന്തോഷത്തിലാണ്  ഉമ്മ ഇമ്പിച്ചി ആയിഷ.

ഇസ്ഹാഖ് കുന്ദമംഗലം എ.യു.പി സ്കൂളിലെ റിട്ട. അധ്യാപകനാണ്. പി.ഡിബ്ല്യു.ഡി ഇലക്ട്രി ക്കൽ സെക്ഷൻ വിഭാഗത്തിൽനിന്ന് അസിസ്റ്റൻ്റ് എൻജിനിയറായാണ് അയ്യൂബ് വിരമിച്ചത്.
ഇസ്ഹാഖിനും അയ്യൂബിനും അഞ്ചു സഹോദരിമാരാണുള്ളത്. ഇതിൽ മൂത്തസഹോദരിയുടെ മകനും ഗായകനുമായ ജയ്‌സൽ നെരോത്താണ് ഇരുവർക്കും വേണ്ടി പ്രചരണ ഗാനം ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ മാമന്മാരെ വിജയിപ്പിക്കണമെന്ന
പാട്ടുമായി രംഗത്തുണ്ട്.സഹോദരങ്ങൾ നേർക്കുനേർ വരുന്ന ഈ മത്സരം വരും ദിവസങ്ങളിൽ കൂടുതൽ ശ്രദ്ധ നേടും.

...
അഷ്‌റഫ്‌ വാവാട് 
Previous Post Next Post
3/TECH/col-right