Trending

വോട്ടര്‍ പട്ടികയില്‍ പേരില്ലേ ? ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാം.

തിരുവനന്തപുരം:കേരളത്തില്‍ എസ്‌ഐആർ നടപടികള്‍ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.ഹിയറിംഗ് നടപടികള്‍ക്ക് ശേഷവും പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീല്‍ നല്‍കാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയില്‍ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീല്‍ സമർപ്പിക്കാവുന്നതാണ്.

ഒന്നാം അപ്പീല്‍
ഇലക്ടറല്‍ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) തീരുമാനത്തിനെതിരെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 24(a) പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ജില്ലാ കളക്ടർ) അപ്പീല്‍ നല്‍കാം.തീരുമാനം അറിഞ്ഞ് 15 ദിവസത്തിനകം വേണം ഈ അപ്പീല്‍ സമർപ്പിക്കാൻ.

രണ്ടാം അപ്പീല്‍
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിൻമേല്‍ തൃപ്തരല്ലെങ്കില്‍ സെക്ഷൻ 24(b) പ്രകാരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) രണ്ടാം അപ്പീല്‍ നല്‍കാവുന്നതാണ്.ആദ്യ അപ്പീലിലെ ഉത്തരവ് ലഭിച്ച്‌ 30 ദിവസത്തിനകം ഇതിനായി അപേക്ഷിക്കണം.

സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിലെ കൃത്യത ഉറപ്പാക്കാനാണ് ഈ നടപടികള്‍.അന്തിമ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വരെ പുതിയ പേരുകള്‍ ചേർക്കാനുള്ള സൗകര്യം നിലവിലുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.

വോട്ടർ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം

https://electoralsearch.eci.gov.in എന്ന വെബ്സൈറ്റില്‍ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ,പേര്, ബന്ധുവിന്റെ പേര്,ജനന തീയതി/വയസ്സ് ഉപയോഗിച്ചോ, മൊബൈല്‍ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.കൂടാതെ പ്രത്യേക തീവ്ര പുതുക്കല്‍ 2026ന്‍റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്.അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടല്‍ വഴിയോ പരിശോധിക്കാം.
Previous Post Next Post
3/TECH/col-right