2025 | നവംബർ 22 | ശനി
1201 | വൃശ്ചികം 6 | തൃക്കേട്ട
◾ പുതിയ ലേബര്‍ കോഡുകള്‍ക്ക് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ തൊഴിലാളി സംഘടനകള്‍ ഈമാസം 26 ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയം നല്‍കിയ ഭ്രമത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നും തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതല്‍ ദുരിതത്തില്‍ ആക്കുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സംയുക്ത തൊഴിലാളി യൂണിയനില്‍ ഐഎന്റ്‌റിയുസി, സിഐടിയു, എഐറ്റിയുസി അടക്കം പത്ത് സംഘടനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയും പ്രക്ഷോഭത്തില്‍ അണിചേരും.
◾ ശബരിമല സ്വര്‍ണ്ണകൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ശബരിമലയില്‍ സ്പോണ്‍സര്‍ ആകാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ഉണ്ടാക്കാന്‍ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങും.
◾ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പേടിക്കണ്ടെന്നും അയ്യപ്പന്‍ ആരെയും വിടില്ലെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. നിയമപരമായി കേന്ദ്ര ഏജന്‍സികള്‍ക്ക് ഇടപെടാം. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎമ്മില്‍ ദാരിദ്ര്യം ഉണ്ടാകാതിരിക്കാന്‍ സ്വര്‍ണം കട്ടുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു.
◾ വിവാഹ മോചന കേസുകളിലും കുടുംബ തര്‍ക്കങ്ങളിലും ഭാര്യയ്ക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കുന്നതില്‍ തട്ടിപ്പ് കാണിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ കര്‍ശന നിലപാടുമായി കേരള ഹൈക്കോടതി. ജീവനാംശം കണക്കുകൂട്ടുമ്പോള്‍ വരുമാനം കുറച്ച് കാണിക്കാന്‍ വായ്പകളും ഇഎംഐകളും ഇന്‍ഷുറന്‍സ് അടവുകളും കണക്കില്‍ കാണിക്കുന്നതിനെതിരെയാണ് ഹൈക്കോടതി നിര്‍ദ്ദേശം. ജീവനാംശം നിശ്ചയിക്കാന്‍ ഭര്‍ത്താവിന്റെ വരുമാനം പരിഗണിക്കുമ്പോള്‍ വായ്പ തിരിച്ചടവും മറ്റും കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
◾ ട്രംപ്- മംദാനി സംഭാഷണത്തിന്റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും തന്നാലാകും വിധം സഹകരിക്കുമെന്നും തരൂര്‍ പറഞ്ഞു.
◾ സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തില്‍ രണ്ട് അത്ലറ്റുകളെ ദേശീയ സ്‌കൂള്‍ മീറ്റിനുള്ള ക്യാമ്പില്‍ നിന്ന് ഒഴിവാക്കി കേരളം. സീനിയര്‍ ആണ്‍കുട്ടികളുടെ റിലേ ടീം അംഗമായ തിരുനാവായ നാവാമുകുന്ദ സ്‌കൂളിലെ പ്രേം ഓജ, സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലെ 100 മീറ്റര്‍ താരമായ പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ സഞ്ജയ് എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇരുവരും മെഡല്‍ നേടിയിരുന്നു.
◾ സംസ്ഥാനത്ത് തുലാവര്‍ഷം വീണ്ടും സജീവമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളതീരത്ത് 24-ാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്
◾ മാവേലിക്കര - ചെങ്ങന്നൂര്‍ സെക്ഷനില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നും നാളെയും ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്ഷന്‍ - എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് റദ്ദാക്കി. മധുര - ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലത്തും നാഗര്‍കോവില്‍ - കോട്ടയം എക്‌സ്പ്രസ് കായംകുളത്തും, ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്ചത്തെ ഗുരുവായൂര്‍ - മധുര എക്‌സ്പ്രസ് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.
◾ പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. എറണാകുളം പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ ബൈജുവിനെതിരെയാണ് നടപടി. എറണാകുളം കോസ്റ്റല്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് പരാതിക്കാരന്‍. പരാതിക്കാരനായ പൊലീസുകാരന്‍ പാലാരിവട്ടത്തെ ഒരു സ്പായില്‍ പോയിരുന്നു. ഇവിടുത്തെ ഒരു ജീവനക്കാരിയുടെ സ്വര്‍ണ്ണമാല കാണാതായി എന്നു പറഞ്ഞാണ് എസ് ഐ 4 ലക്ഷം രൂപ പൊലീസുകാരനില്‍ നിന്ന് വാങ്ങിയത്. എസ്ഐയും സ്പായിലെ ജീവനക്കാരിയും ചേര്‍ന്നുള്ള തട്ടിപ്പ് എന്നാണ് ആരോപണം.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന്റെ ഗേറ്റാണ് യുവാവ് താഴിട്ട് പൂട്ടിയത്. സമയം വൈകിയതിനാല്‍ നാമ നിര്‍ദ്ദേശ പത്രിക സ്വീകരിക്കാത്തതിന് പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപ് ഗേറ്റ് പൂട്ടിയത്.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിക്കായി നേതാക്കള്‍ പൂരിപ്പിച്ച് നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍. പോസ്റ്റര്‍ അടിച്ച് പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പത്രിക നല്‍കാനായില്ല. പത്തനംതിട്ട കവിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ഇതോടെ യുഡിഎഫിന് സ്ഥാനാര്‍ത്ഥി ഇല്ല. ബിജെപിയെ സഹായിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ സ്വന്തം സ്ഥാനാര്‍ത്ഥിയുടെ കാലുവാരി എന്നാണ് ഉയരുന്ന ആക്ഷേപം.
◾ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂര്‍ തത്തമംഗലം നഗരസഭയില്‍ അഞ്ച് വാര്‍ഡുകളിലും കാഞ്ഞിരപ്പുഴയില്‍ എട്ട് വാര്‍ഡുകളിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ലെന്നാണ് റിപ്പോര്‍ട്ട്.
◾ പാലക്കാട് ഇടതുമുന്നണിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ പോലും നിഷേധിക്കുന്ന നിലപാട് സി പി എം സ്വീകരിച്ചെന്ന് തുറന്നടിച്ച് സി പി ഐ രംഗത്തെത്തി. സിപിഎം ജില്ലാ സെക്രട്ടറിയുമായി പരമാവധി ചര്‍ച്ച നടത്തിയെന്നും ഫലമുണ്ടായില്ലെന്നും സി പി ഐ ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ് പറഞ്ഞു.
◾ കൊച്ചിയില്‍ പങ്കാളിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി എറണാകുളം ജില്ലാ പ്രസിഡന്റ് ഷൈജു അറിയിച്ചു. സജീവ ബിജെപി പ്രവര്‍ത്തനായിരുന്ന ഗോപുവിനെതിരെ ബിജെപിയുടെ കോള്‍ സെന്റര്‍ ജീവനക്കാരിയും നേരത്തെ പരാതി നല്‍കിയിരുന്നു.
◾ എറണാകുളം കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ ലൈംഗിക തൊഴിലാളിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവം കൊലപാതകമെന്ന് പൊലീസ്. വീട്ടുടമ ജോര്‍ജ് കുറ്റം സമ്മതിച്ചു. വീട്ടില്‍ ഭാര്യയും മക്കളും ഇല്ലാത്ത അവസരം നോക്കി ഇന്നലെ രാത്രിയാണ് ജോര്‍ജ് സ്ത്രീയെ വീട്ടിലെത്തിച്ചത്. ലൈംഗീക ബന്ധത്തിനു ശേഷം പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ മദ്യലഹരിയിലായിരുന്ന ജോര്‍ജ് മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചാക്കിലാക്കിയ മൃതദേഹം മറവുചെയ്യാനുള്ള ശ്രമത്തിനിടെ മദ്യലഹരിയിലായിരുന്ന പ്രതി ഉറങ്ങിപ്പോയെന്നും ഇതിനിടെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടതെന്നും പോലീസ് പറഞ്ഞു.
◾ വാട്‌സ്ആപ്പില്‍ കനത്ത സുരക്ഷാ പിഴവ് കണ്ടെത്തി ഗവേഷകര്‍. 3.5 ബില്യണിലധികം സജീവ വാട്സ്ആപ്പ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോണ്‍ നമ്പറുകളും പ്രൊഫൈല്‍ വിവരങ്ങളും അനായാസം ചോര്‍ത്താന്‍ കഴിഞ്ഞതായി സുരക്ഷാ ഗവേഷകര്‍ പറയുന്നു. ഇതില്‍ ഇന്ത്യയിലെ 75 കോടി ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് വിവരങ്ങളും ഉള്‍പ്പെടുന്നു. അതേസമയം, വാട്‌സ്ആപ്പിലെ ഈ പിഴവ് ഇപ്പോള്‍ പരിഹരിച്ചിട്ടുണ്ടെന്നും ദുരുപയോഗത്തിന് തെളിവുകളില്ലെന്നും മെറ്റ പറയുന്നു.
◾ ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി നഴ്സിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. കുപ്പം പിഇഎസ് കോളേജ് ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ത്ഥിനി 19കാരിയായ പല്ലവിയാണ് മരിച്ചത്. സംഭവത്തില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് മേല്‍നോട്ട കുറവുണ്ടായെന്ന് പല്ലവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുന്നതിനും, വന്യമൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും അവയുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നത് തടയാനുമായി ബന്ദിപ്പൂര്‍ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയില്‍ വനം വകുപ്പ് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും.
◾ ദില്ലിയില്‍ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തില്‍ തുടരുന്നു. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. ഔട്ട്ഡോര്‍ കായിക വിനോദങ്ങള്‍ നിയന്ത്രിക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. യമുനയില്‍ വീണ്ടും വിഷപത അടിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. ഛഠ് പൂജാ സമയത്ത് രാസവസ്തുക്കള്‍ തളിച്ച് പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തില്‍ സ്പീഡ് ബോട്ടുകള്‍ ഇറക്കി പത നീക്കം ചെയ്യാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമം.
◾ ദുബായിലെ എയ്റോ ഷോയ്ക്കിടെ തേജസ് വിമാനം തകര്‍ന്നുവീണതില്‍ വ്യോമസേന അന്വേഷണം തുടങ്ങി.വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലാലിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലേക്ക് എത്തിക്കും. അതേസമയം അപകടം സംബന്ധിച്ച് ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍ ഉള്‍പ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി.
◾ 2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ ഡി എം കെയുമായി ചര്‍ച്ച നടത്താന്‍ സമിതിയെ നിയോഗിച്ച് കോണ്‍ഗ്രസ്. എം കെ സ്റ്റാലിന്റെ പാര്‍ട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലടക്കം ചര്‍ച്ചക്കായി 5 അംഗ സമിതിയെ ആണ് ഹൈക്കമാന്‍ഡ് നിയോഗിച്ചിട്ടുള്ളത്. വിജയ് യുടെ പാര്‍ട്ടിയായ ടി വി കെയുമായി സഖ്യം വേണമെന്ന ആവശ്യം തമിഴ്നാട് പി സി സിയില്‍ ശക്തമായതോടെയാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്.
◾ ബാബറി ദിനവുമായി ബന്ധപ്പെട്ടുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന വിവാദത്തില്‍. ബാബറി മസ്ജിദ് ദിനത്തില്‍ ബംഗാളില്‍ ബാബറി മസ്ജിദ് നിര്‍മ്മാണത്തിന് തുടക്കമിടുമെന്നാണ് ഹുമയൂണ്‍ കബീറിന്റെ പ്രസ്താവന. ഡിസംബര്‍ 6 ന് ബാബറി മസ്ജിദിന് തറക്കല്ലിടുമെന്നും മൂന്ന് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറയുന്നു. മുസ്ലിം വോട്ടിനായുള്ള നീക്കമാണ് ഹുമയൂണ്‍ കബീറിന്റേതെന്ന് ബിജെപി ആരോപിച്ചു.
◾https://dailynewslive.in/ ചെങ്കോട്ട സ്ഫോടന കേസില്‍ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ പുറത്ത്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചെന്നാണ് ലഭിക്കുന്ന സൂചന. രണ്ട് വര്‍ഷം നീണ്ട ഒരുക്കങ്ങള്‍ സ്ഫോടനത്തിനായി നടത്തിയെന്നും പ്രതികള്‍ പറഞ്ഞതായി വിവരമുണ്ട്.
◾ ദില്ലിയില്‍ ആയുധക്കടത്ത് സംഘം പിടിയില്‍. രണ്ട് പഞ്ചാബ് സ്വദേശികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് ദില്ലി ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. സംഘത്തിന് പാക്കിസ്ഥാന്‍ ഐ എസ് ഐയുമായി ബന്ധമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. തുര്‍ക്കിയിലും ചൈനയിലും നിര്‍മ്മിച്ച ആയുധങ്ങള്‍ പാക്കിസ്ഥാന്‍ വഴി സംഘം ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങള്‍ കടത്തിയിരുന്നത്.
◾ ഹിന്ദുക്കളിലാതെ ലോകത്തിന് നിലനില്‍ക്കാനാകില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ലോകത്തെ നിലനിര്‍ത്തുന്നതില്‍ ഹിന്ദു സമൂഹം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീക്ക്, ഈജിപ്ത്, റോമ തുടങ്ങിയ എല്ലാ നാഗരികതകളും ഭൂമുഖത്തുനിന്ന് നശിച്ചുവെന്നും നമ്മുടെ നാഗരികത ഇപ്പോഴും ഇവിടെയുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
◾ അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാന്‍ യുക്രെയ്‌ന് ഒരാഴ്ചത്തെ സമയപരിധി നല്‍കി യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നവംബര്‍ 27-നകം പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പദ്ധതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌ന്റെ പ്രദേശങ്ങള്‍ വിട്ടുകൊടുക്കുന്നത് ഉള്‍പ്പെടെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ദീര്‍ഘകാലമായുള്ള പല ആവശ്യങ്ങളും യു.എസ്. പദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്.
◾ ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബര്‍ഗില്‍ നടക്കുന്ന ജി ട്വന്റി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. ഉച്ചകോടിയില്‍ രണ്ട് സെഷനുകളാകും ഇന്ന് നടക്കുക. വ്യാപാര രംഗത്ത് അധിക തീരുവ അടക്കമുള്ള നിയന്ത്രണങ്ങള്‍ക്കെതിരായ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കും. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന നയവും മോദി ആവര്‍ത്തിക്കും. നാളെ ഇന്ത്യ - ബ്രസീല്‍ - ദക്ഷിണാഫ്രിക്ക കൂട്ടായ്മയായ ഇബ്സ ഉച്ചകോടിയിലും മോദി പങ്കെടുക്കും.
◾ ബീജിങ് സിയോണ്‍ ചര്‍ച്ചിലെ 18 നേതാക്കളെ ചൈനയില്‍ അറസ്റ്റ് ചെയ്തു. ക്രിസ്ത്യന്‍ അവകാശ സംഘടനയായ ചൈനഎയ്ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിന് വഴങ്ങാതെ സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പ്രധാന പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ സഭയാണ് ബീജിംഗ് സിയോണ്‍ ചര്‍ച്ച്. വിവര വിനിമയ ശൃംഖലകള്‍ നിയമവിരുദ്ധമായി ഉപയോഗിച്ചതിന്റെ പേരിലാണ് നടപടി.
◾ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360 രൂപ കൂടി 92,280 രൂപയുമായി. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 140 രൂപ കൂടി 9,490 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 110 രൂപ കൂടി 7,390 രൂപയും ഒമ്പത് കാരറ്റിന് 70 രൂപ കൂടി 4,770 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വില 163 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നിലവില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് ഏകദേശം 4,065 ഡോളറാണ് വില. ഇന്ന്, സ്വര്‍ണ്ണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വരാനിരിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ നയപരമായ പ്രഖ്യാപനങ്ങളിലാണ്. പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ സ്വര്‍ണ്ണത്തിന് അനുകൂലമാവുകയും വില വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ഇന്ന് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 99,854 രൂപയാകും. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകുന്നത് സ്വര്‍ണവിലയിലും പ്രതിഫലിക്കും.
◾ ഒരേ ഡിവൈസില്‍ രണ്ട് വ്യത്യസ്ത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യാന്‍ ഐഫോണ്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ ഐ.ഒ.എസിന്റെ ഏറ്റവും പുതിയ ബീറ്റാവേര്‍ഷനില്‍ ലഭ്യമായിക്കഴിഞ്ഞു. വൈകാതെ എല്ലാ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഫീച്ചര്‍ ലഭ്യമാകും. ഐഫോണുകളിലെ വാട്‌സ്ആപ്പ് സെറ്റിങ്സില്‍ അക്കൗണ്ട് ലിസ്റ്റ് എന്നൊരു പുതിയ ഓപ്ഷന്‍ പ്രത്യക്ഷപ്പെടും. ഇത് കൂടാതെ ക്യുആര്‍ കോഡ് ഐക്കണിന് അടുത്തായി ഒരു + ബട്ടണും പ്രത്യക്ഷപ്പെടും. ഇതുവഴി രണ്ടാമതൊരു വാട്‌സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം. ഇത് രണ്ട് ഫോണുകളില്ലാതെ തന്നെ ഒറ്റ ഐഫോണില്‍ രണ്ട് വാട്‌സ്ആപ്പ് നമ്പറുകള്‍ ഉപയോഗിക്കുന്നതും ഈ അക്കൗണ്ടുകള്‍ പരസ്പരം സ്വിച്ച് ചെയ്യുന്നതും എളുപ്പമാക്കുന്നു. വാട്‌സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകള്‍, പ്രൈവസി സെറ്റിങ്സുകള്‍ എന്നിവ ഉണ്ടായിരിക്കും. വാട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം വരുമ്പോള്‍, അത് ഏത് അക്കൗണ്ടിലേക്കാണെന്ന് നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കും. അക്കൗണ്ടുകള്‍ മാറുമ്പോള്‍ ലോക്കിങ് ഓപ്ഷനുകള്‍ ആപ്പ് പിന്തുണയ്ക്കും. ഇത് സുരക്ഷ ഉറപ്പാക്കും.
◾ നന്ദമൂരി ബാലകൃഷ്ണ നായകനായെത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'അഖണ്ഡ 2' ട്രെയിലര്‍ എത്തി. 2021ല്‍ റിലീസ് ചെയ്ത 'അഖണ്ഡ' സിനിമയുടെ തുടര്‍ച്ചയായാണ് അഖണ്ഡ 2 താണ്ഡവം എത്തുന്നത്. ബോയപതി ശ്രീനുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ബോയപതി-നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് 'അഖണ്ഡ 2: താണ്ഡവം'. അഖണ്ഡ ഒന്നാം ഭാഗം പോലെ തന്നെ പൊടിപാറുന്ന സംഘട്ടന രംഗങ്ങളാകും സിനിമയുടെ ഹൈലൈറ്റ്. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. പാന്‍ ഇന്ത്യന്‍ ചിത്രമായി ബ്രഹ്‌മാണ്ഡ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത് ആദി പിന്നിസെട്ടിയാണ്. ബോളിവുഡ് താരം ഹര്‍ഷാലി മല്‍ഹോത്രയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 14 റീല്‍സ് പ്ലസിന്റെ ബാനറില്‍ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ഡിസംബര്‍ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.
◾ 'ടൂറിസ്റ്റ് ഫാമിലി' സിനിമയുടെ സംവിധായകന്‍ അഭിഷന്‍ ജീവിന്തും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. 'വിത്ത് ലവ്' എന്നാണ് ചിത്രത്തിനു ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാകും ചിത്രമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, തേനി മുരുകന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മധന്‍ എന്ന നവാഗത സംവിധായകന്‍ ആണ് ചിത്രം ഒരുക്കുന്നത്. മോനിഷ എന്നാണ് കഥാപാത്രമായി അനശ്വര ചിത്രത്തില്‍ അഭിനയിക്കുന്നു. സൗന്ദര്യ രജനികാന്ത് നിര്‍മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും.
◾ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 350 സിസി ക്രൂസര്‍ ശ്രേണിയില്‍ പുതിയ ബൈക്ക് അവതരിപ്പിച്ചു. ഗോവയില്‍ നടന്ന മോട്ടോവേഴ്സ് 2025ലാണ് മെറ്റിയര്‍ 350ന്റെ പുതിയ വേരിയന്റായ സണ്‍ഡൗണര്‍ ഓറഞ്ച് സ്‌പെഷ്യല്‍ എഡിഷന്‍ അവതരിപ്പിച്ചത്. ചെന്നൈയില്‍ 2,18,882 രൂപയാണ് എക്‌സ് ഷോറൂം വില. മെറ്റിയര്‍ കുടുംബത്തിലെ പ്രീമിയം മോഡലായാണ് ഇതിനെ കണക്കാക്കുന്നത്. ദീര്‍ഘദൂര യാത്ര മുന്നില്‍ കണ്ട് ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് ആണ് മറ്റൊരു സവിശേഷത. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി ഇന്റഗ്രേറ്റഡ് നാവിഗേഷന്‍ മാറിയിരിക്കുകയാണ്. പ്രീമിയം അലുമിനിയം ട്യൂബ്ലെസ് സ്പോക്ക് വീലുകളാണ് മറ്റൊരു പ്രത്യേകത. ട്രാഫിക്കിലെ ഇടയ്ക്കിടെയുള്ള ഗിയര്‍ മാറ്റം മൂലം ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് വഴി സാധിക്കും. അഡ്ജസ്റ്റബിള്‍ ലിവറുകള്‍ റൈഡര്‍മാരുടെ യാത്ര സുഗമമാക്കും. എല്‍ഇഡി ഹെഡ്ലാമ്പുകള്‍ മികച്ച രാത്രികാല ദൃശ്യപരത വാഗ്ദാനം ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ട് ആണ് മറ്റൊരു പ്രധാന ഫീച്ചര്‍.
◾ 'ഞാഞ്ഞൂള്‍പുരാണം'പോലെ, 'വിശ്വരൂപന്‍'പോലെ 'ആപ്പിള്‍ കാണല്‍' പോലെ, മറ്റനേകം ജയശീലന്‍ കവിതകള്‍പോലെ ഒരേസമയംതന്നെ ലളിതവും അതിസങ്കീര്‍ണ്ണവും സാധാരണവും അസാധാരണവുമായ ജീവിതാനുഭവങ്ങളുടെ പുസ്തകം. മലയാള കവിതാലോകത്ത് എക്കാലവും ഒറ്റപ്പെട്ടുനിന്ന കവിതകളും ഭാഷാശാസ്ത്രവും അദ്ധ്യാപനവും തത്ത്വചിന്തയുമൊക്കെയായി ലോകം ചുറ്റിയ ഒരു കവിയുടെ കാവ്യജീവിതയാത്രാരേഖകള്‍. കെ ജി എസ്സിന്റെ അവതാരികയും പി.എന്‍. ഗോപീകൃഷ്ണനും സജയ് കെ.വിയും ജയശീലനുമായി നടത്തിയ അഭിമുഖങ്ങളും. 'ഓര്‍മ്മയില്‍നിന്ന്'. കെ.എ ജയശീലന്‍. മാതൃഭൂമി ബുക്സ്. വില 171 രൂപ.
◾ രാവിലെ എഴുന്നേറ്റാല്‍ ആ ഉറക്കച്ചടവു മാറാന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്ന ശീലം നമ്മളില്‍ മിക്കയാളുകള്‍ക്കുമുണ്ടാകും. ഇത് നമ്മള്‍ക്ക് ഒരു ഉന്മേഷവും ചര്‍മത്തിന് ഒരു ഫ്രഷ് ലുക്കും കിട്ടാന്‍ സഹായിക്കുന്നു. എന്നാല്‍ ഇത് മാത്രമല്ല, ഇനിയുമുണ്ട് ഗുണങ്ങള്‍. തണുത്ത വെള്ളമുപയോഗിച്ച് മുഖം കഴുകുന്നതും ഐസ് പാക്ക് വച്ച് മുഖത്ത് മസാജ് ചെയ്യുന്നതും ചര്‍മത്തെ കൂടുതല്‍ ചെറുപ്പമാക്കും. തണുത്ത വെള്ളത്തില്‍ മുഖം കഴുകുമ്പോള്‍ ചര്‍മത്തിലെ പാടുകളും ചുളിവുകളും അകലുകയും മുഖചര്‍മം സുന്ദരമാവുകയും ചെയ്യും. ഇത് രക്തയോട്ടം കൂട്ടാന്‍ സഹായിക്കുന്നതിനാല്‍ ചര്‍മത്തിന് തെളിച്ചവും സ്വാഭാവിക തിളക്കവും ലഭിക്കും. ചൂടുവെള്ളം ചര്‍മത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുമ്പോള്‍, തണുത്ത വെള്ളം ഇവയെ നിലനിര്‍ത്തുന്നു. ഇത് ചര്‍മം വരളുന്നത് തടയാനും ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കും. ഇത് രക്തക്കുഴലുകളെ ചുരുക്കുകയും അതുവഴി വീക്കം കുറയ്ക്കുകയും ചെയ്യുന്നു. സൂര്യതാപത്തില്‍ നിന്നു ചര്‍മത്തെ സംരക്ഷിക്കാന്‍ തണുത്തവെള്ളത്തിനു കഴിയും. വെയിലത്ത് പുറത്തു പോയി വരുമ്പോള്‍ മുഖം നല്ല തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ സൂര്യതാപമേറ്റുള്ള ബുദ്ധിമുട്ടുകള്‍ മാറും. സൂര്യതാപത്തില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാനുള്ള കഴിവ് തീര്‍ച്ചയായും തണുത്ത വെള്ളത്തിനുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 89.64, പൗണ്ട് - 117.46, യൂറോ - 103.19, സ്വിസ് ഫ്രാങ്ക് - 110.81, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.54, ബഹറിന്‍ ദിനാര്‍ - 237.83, കുവൈത്ത് ദിനാര്‍ -291.86, ഒമാനി റിയാല്‍ - 233.19, സൗദി റിയാല്‍ - 23.89, യു.എ.ഇ ദിര്‍ഹം - 24.40, ഖത്തര്‍ റിയാല്‍ - 24.61, കനേഡിയന്‍ ഡോളര്‍ - 63.56.
Tags:
KERALA