Trending

ചുരം അപകടം:ദേശീയപാത അധികൃതര്‍ പരിശോധന നടത്തി.

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വനപ്രദേശത്തെ മലയിൽനിന്ന്‌ ഉരുണ്ടുവീണ കല്ല് ഓടിക്കൊണ്ടിരുന്ന ബൈക്കിൽ പതിച്ച് യുവാവ് മരിച്ചതുമായി ബന്ധപ്പെട്ട് പൊതുമരാമത്തുവകുപ്പ് അധികൃതർ  പരിശോധന നടത്തി. 

എൻ.എച്ച്. ഡിവിഷൻ അസിസ്‌റ്റന്റ്‌ എക്‌സിക്യുട്ടീവ് എൻജിനിയർ റെനി പി. മാത്യു, ഓവർസിയർ ഷിബി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

അപകടമുണ്ടായ സാഹചര്യം സംബന്ധിച്ച് പൊതുമരാമത്തുവകുപ്പിന് സമർപ്പിക്കേണ്ട പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കുന്നതിനായിരുന്നു തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പരിശോധന നടന്നത്.

താമരശ്ശേരി ചുരത്തിലെ ആറാം വളവിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിലാണ് മലപ്പുറം വണ്ടൂർ ഏലമ്പ്ര ഹൗസിൽ അഭിനവ് (20)ന്റെ ജീവൻ പൊലിഞ്ഞത്. അപകടസ്ഥലവും കല്ലുരുണ്ടുവീണ സ്ഥലവും സംഘം സന്ദർശിച്ചു. 

റോഡിന്‌ എതിർവശത്തായി മുകൾഭാഗത്ത് സമാന അപകടഭീഷണിയുള്ള മറ്റു കല്ലുകളുണ്ടോയെന്ന് സംഘം പരിശോധിച്ചു.

അപകട ഭീഷണിയുയർത്തുന്ന കല്ലുകൾ വനംവകുപ്പുമായി സഹകരിച്ച് കണ്ടെത്തുന്നതിനും അവ നീക്കംചെയ്യുന്നതിനുമുള്ള നിർദേശം വകുപ്പുതലത്തിൽ ഉന്നയിക്കും. വനംവകുപ്പും പൊതുമരാമത്തുവകുപ്പും ചേർന്നുള്ള സംയുക്തപരിശോധനയും പരിഗണനയിലുണ്ട്. മരം ഒടിഞ്ഞുവീണപ്പോൾ മുകൾഭാഗത്തെ പാറ ഉരുണ്ട് താഴോട്ടുപതിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാർ അറിയിച്ചു.
Previous Post Next Post
3/TECH/col-right