Trending

കോഴിക്കോട് യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം; വീടിന് തീയിട്ട യുവാവ് പൊള്ളലേറ്റ് മരിച്ചു.

കോഴിക്കോട്: യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് തീ പടര്‍ന്ന് മരിച്ചു. കോഴിക്കോട് നാദാപുരം ജാതിയേരിയില്‍ പുലര്‍ച്ചെ രണ്ടിനാണ് സംഭവം നടന്നത്. കല്ലുമ്മല്‍ പൊന്‍പറ്റ സ്വദേശി രത്‌നേഷ് (42) ആണ് പൊള്ളലേറ്റ് മരിച്ചത്. തീ പടര്‍ന്ന് യുവതിക്കും സഹോദരനും അമ്മക്കും പരിക്കേറ്റു. 

മറ്റൊരു യുവാവുമായി യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്. ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുകള്‍ നിലയില്‍ കയറിയ രത്‌നേഷ്, വാതില്‍ തകര്‍ത്ത് കിടപ്പുമുറിക്ക് തീവെക്കുകയായിരുന്നു. തീപിടിക്കുന്നത് കണ്ട അയല്‍വാസി ബഹളംവെച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്.

തീ പടരുന്നത് കണ്ട് നാട്ടുകാര്‍ എത്തിയതോടെ ടെറസില്‍ നിന്ന് താഴെയിറങ്ങിയ രത്‌നേഷ് ശരീരത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ശരീരത്തില്‍ തീപടര്‍ന്ന രത്‌നേഷ് വീടിന്റെ ഗേറ്റിന് സമീപം വീണു. യുവതിയുടെ വീട്ടില്‍ നിന്ന് അരകിലോമീറ്റര്‍ ദൂരത്താണ് യുവാവ് താമസിക്കുന്നത്. 

പൊള്ളലേറ്റ മൂന്നു പേരെയും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. രത്‌നേഷിന്റെ മൃതദേഹം വടകര ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രത്‌നേഷ് ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന ആളാണ്. നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ്, വളയം സി.ഐ എ. അജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
Previous Post Next Post
3/TECH/col-right