കൊച്ചി : സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ മട്ടയരിക്ക് 10 രൂപയിലധികം വര്‍ധനവുണ്ടായതായാണ് കണക്ക്. ആവശ്യക്കര്‍ അധികമുള്ള ജയ അരിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് വഴിവെച്ച മറ്റൊരു കാരണം. ഇതേതുടര്‍ന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ 3.50 രൂപയാണ് വര്‍ധിച്ചത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് കൃഷിയിറക്കല്‍ കുറഞ്ഞതോടെയാണ് ഇതരസംസ്ഥാന അരിലോബികള്‍ വില കൂട്ടിയതെന്നാണ് വ്യാപാരികളുടെ പ്രതികരണം. മൊത്ത വ്യാപാരികള്‍ക്ക് 30.50 മുതല്‍ 36 രൂപയ്ക്ക് വരെ ലഭിച്ചിരുന്ന വടി മട്ട അരി ഇപ്പോള്‍ ലഭിക്കുന്നത് 40 മുതല്‍ 47.50 രൂപയ്ക്കാണ്. ഇത് ചില്ലറ വ്യാപാരികളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തുമ്പോള്‍ ഏകദേശം 50 രൂപയാകും.
മൊത്തവ്യാപാരികള്‍ക്ക് 34.50ന് ലഭിച്ചിരുന്ന ജയ അരി ഇപ്പോള്‍ ലഭിക്കുന്നത് 38 രൂപയ്ക്കാണ്. കിലോയ്ക്ക് നാല് രൂപയുടെ അധിക വര്‍ധനവോടെയാണ് ഇത് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. അതേസമയം, സുരേഖ അരിക്ക് ഒരു രൂപയുടെ വര്‍ധനവും ഉണ്ടായിട്ടുണ്ട്.
മട്ട അരി കര്‍ണാടകയില്‍ നിന്നും ജയ, സുരേഖ അരികള്‍ ആന്ധ്രയില്‍ നിന്നുമാണ് പ്രധാനമായും എത്തുന്നത്. ജയ നെല്ലിന് ക്ഷാമമായതിനാല്‍ ചെറുകിട മില്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന വാദവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. വിളവ് കുറഞ്ഞതും ഒരു പ്രധാന കാരണമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. സുരേഖ നെല്ല് കിട്ടാനില്ലാത്തത് കര്‍ഷകര്‍ കാരണം പറയുമ്പോള്‍, മഴ മൂലം നെല്ല് നശിച്ചത് മട്ട അരിയുടെ വിലവര്‍ധിക്കാന്‍ കാരണമായെന്നാണ് കര്‍ണാടകയുടെ വാദം.
Tags:
KERALA