Trending

വാഹനരജിസ്‌ട്രേഷൻ വാഹനം പുതിയതെന്ന് ഉടമതന്നെ ഉറപ്പാക്കണം:ഉദ്യോഗസ്ഥ പരിശോധന ഒഴിവാക്കിയത് ക്രമക്കേടിന് വേണ്ടിയെന്ന് ആരോപണം.

തിരുവനന്തപുരം :ഷാസി നമ്പർ തിരുത്തി രജിസ്‌ട്രേഷൻ നേടാനെത്തിയ നിരോധിത ഭാരത് സ്റ്റേജ്-4 വാഹനം പിടികൂടിയതിന് പിന്നാലെ പുതിയ വാഹനങ്ങളുടെ പരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി.

വാഹനം പുതിയതാണെന്നും ക്രമക്കേടുകൾ ഇല്ലെന്നും ഉറപ്പിക്കേണ്ട ബാധ്യത ഇനി ഉടമയ്ക്കാണ്. ക്രമക്കേട് കാട്ടുന്ന ഡീലർമാരെയും വാഹനനിർമാണ കമ്പനികളെയും സഹായിക്കാൻ വേണ്ടിയാണ് മോട്ടോർവാഹനവകുപ്പിന്റെ നടപടിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ഉടമയുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷന് മുന്നോടിയായി പുതിയ വാഹനങ്ങൾ പരിശോധിക്കുന്നത് ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്നാൽ ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിന് മുമ്പേ വാഹനപരിശോധന ഒഴിവാക്കിക്കൊണ്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി.

പുത്തൻ തലമുറ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്ന ഭാരത് സ്റ്റേജ്-6 വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾക്ക് മാത്രമാണ് പുതിയ രജിസ്‌ട്രേഷൻ അനുവദിക്കുന്നത്.

ഇതിനുമുമ്പുള്ള ഭാരത് സ്റ്റേജ്-4 വിഭാഗത്തിൽപ്പെട്ട ഒട്ടേറെ വാഹനങ്ങൾ വിൽക്കാൻ കഴിയാതെ വാഹനനിർമാതാക്കളുടെ കൈവശമുണ്ട്. ഇത്തരത്തിലൊരു വൻ ക്രമക്കേടിലൂടെ രജിസ്‌ട്രേഷൻ നേടാൻ ശ്രമിച്ചത് മല്ലപ്പള്ളി ഓഫീസിൽ പിടികൂടിയിരുന്നു. രജിസ്‌ട്രേഷന് മുന്നോടിയായി വാഹനം പരിശോധിച്ച അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാണ് ഷാസി നമ്പറിലെ ക്രമക്കേട് കണ്ടെത്തിയത്. 
ഡീലർക്കും വാഹന നിർമാണ കമ്പനിക്കും എതിരേ നടപടി ആരംഭിച്ചിട്ടുണ്ട്. ഈ സംഭവം നടന്നതിന് തൊട്ടുപിന്നാലെയാണ് പരിശോധന പൂർണമായും ഒഴിവാക്കിക്കൊണ്ട് ഉത്തരവ് ഇറങ്ങിയത്.
Previous Post Next Post
3/TECH/col-right