Trending

ഇന്ന് വിധിയെഴുത്ത്:കോഴിക്കോട് ജില്ലയില്‍ 96 സ്ഥാനാര്‍ഥികള്‍; 25,58,679 വോട്ടര്‍മാര്‍.

പതിനഞ്ചാം നിയമസഭയുടെ വിധിയെഴുത്തിനായി ജില്ലയിലെ 25,58,679 വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. ജില്ലയില്‍ 13 മണ്ഡലങ്ങളിലായി 96 സ്ഥാനാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്. രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴുവരെയാണ് വോട്ടെടുപ്പ്.

ആകെയുള്ള 3790 ബൂത്തുകളില്‍ 32 എണ്ണം നക്‌സല്‍ഭീഷണിയുള്ളവയാണ്. ബാലുശ്ശേരി ഒന്നും തിരുവമ്പാടി 13- ഉം നാദാപുരം 18 -ഉം ബൂത്തുകളിലാണ് നക്‌സല്‍ ഭീഷണിയുള്ളത്. ഈ ബൂത്തുകളില്‍ വൈകീട്ട് ആറിന് പോളിങ് അവസാനിക്കും.

43 ക്രിട്ടിക്കല്‍ ബൂത്തുകളും 499 വള്‍ണറബിള്‍ ബൂത്തുകളുമാണ് ജില്ലയിലുള്ളത്. വനിത ഉദ്യോഗസ്ഥരുടെ പൂര്‍ണനിയന്ത്രണത്തിലുള്ള 13 പിങ്ക് ബൂത്തുകളുണ്ട്.കേന്ദ്ര,സംസ്ഥാന, സ്‌പെഷ്യല്‍ സേനയിലെ 7234 ഉദ്യോഗസ്ഥരെ  ജില്ലയില്‍ ക്രമസമാധാനപാലനത്തിനായി നിയോഗിച്ചു.

നക്‌സല്‍ബാധിത ബൂത്തുകളിലും ക്രിട്ടിക്കല്‍, വള്‍നറബിള്‍ ബൂത്തുകളിലും പോളിങ് സ്‌റ്റേഷന്‍ പരിസരത്ത് കേന്ദ്രസേനയെ വിന്യസിക്കും.1845 ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും 209 ബൂത്തുകളിൽ വീഡിയോഗ്രഫി സൗകര്യവും  ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്ത്രീകള്‍, പുരുഷന്‍മാര്‍, മുതിര്‍ന്ന പൗരന്‍മാര്‍/ ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക ക്യൂ ഉണ്ടാവും. കാഴ്ചപരിമിതിയുള്ള വോട്ടര്‍മാര്‍ക്കായി ട്രയലിനായി ബ്രെയില്‍ ലിപിയില്‍ ഡമ്മി ബാലറ്റ് നല്‍കും. അംഗപരിമിതരായ വോട്ടര്‍മാര്‍ക്കായി യാത്രാസൗകര്യമൊരുക്കും. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ടെടുപ്പിന്റെ അവസാനമണിക്കൂറില്‍ പി.പി.ഇ.കിറ്റ് ധരിച്ച് വോട്ടുചെയ്യാം.

പോളിങ് സ്‌റ്റേഷന്‍ കവാടത്തില്‍ വോട്ടര്‍മാരുടെ ശരീരതാപനില പരിശോധിക്കും. കൂടുതലായി കണ്ടാല്‍ ഒരുമണിക്കൂറിനുശേഷം വീണ്ടും പരിശോധിക്കും. ഈ ഘട്ടത്തിലും ചൂടു കൂടുതലാണെങ്കില്‍ ടോക്കണ്‍ നല്‍കി അവസാന മണിക്കൂറില്‍ വോട്ടു ചെയ്യാന്‍ അവസരം നല്‍കും. 
 
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനുപുറമേ കേന്ദ്രതെരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകരിച്ച 11 തിരിച്ചറിയല്‍ രേഖയിലേതെങ്കിലും സ്വീകാര്യമാണ്.  ഫോട്ടോ പതിച്ച വോട്ടേഴ്‌സ് സ്ലിപ്പുമായി മാത്രമെത്തുന്ന വോട്ടര്‍ക്ക് വോട്ടു ചെയ്യാന്‍ സാധിക്കില്ല. 

തിരിച്ചറിയാന്‍ ഈ രേഖകള്‍

1. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് 
2.ആധാര്‍ കാര്‍ഡ് 
3.പാസ്‌പോര്‍ട്ട്
4.ഡ്രൈവിങ് ലൈസന്‍സ്
5.കേന്ദ്ര,സംസ്ഥാന ജീവനക്കാരുടെ അംഗീകൃത തൊഴില്‍കാര്‍ഡ്
6.പോസ്‌റ്റോഫീസില്‍ നിന്നോ ബാങ്കില്‍നിന്നോ ഉള്ള ഫോട്ടോ പതിച്ച പാസ്ബുക്കുകള്‍(സഹകരണബാങ്കുകളുടെ പാസ്ബുക്ക് സ്വീകാര്യമല്ല)
7.പാന്‍കാര്‍ഡ്
8.എന്‍.പി.ആറിന്  കീഴില്‍ ആര്‍.ജി.ഐ.നല്‍കുന്ന സ്മാര്‍ട്ട് കാര്‍ഡ്
9.മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാര്‍ഡ്
10.തൊഴില്‍വകുപ്പ് നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
11.ഫോട്ടോ പതിപ്പിച്ച പെന്‍ഷന്‍ തിരിച്ചറിയല്‍ രേഖ
12.എം.പി.,എം.എല്‍.എ. എന്നിവര്‍ക്ക് നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ രേഖ.

Previous Post Next Post
3/TECH/col-right