സംസ്ഥാനത്ത് പൾസ് പോളിയൊ വിതരണം ഇന്ന്. സംസ്ഥാനത്ത് 24,690 ബൂത്തുകൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. വട്ടിയൂർക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യ മന്ത്രി കെകെ ശൈലജ പോളിയോ വിതരണത്തിന് തുടക്കം കുറിക്കും.
അഞ്ച് വയസിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പൾസ് പോളിയൊ തുള്ളിമരുന്ന് നൽകണം. സംസ്ഥാനത്തൊട്ടാകെ 24,49, 222 കുട്ടികൾക്കാണ് തുള്ളി മരുന്ന് നൽകുക.
രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പോളിയോ തുള്ളിമരുന്നിന്റെ വിതരണം. കൊവിഡ് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും പോളിയോ വിതരണം.
അങ്കണവാടികൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ, അരോഗ്യ കേന്ദ്രങ്ങൾ, വായനശാല, വിമാനത്താവളം, ബോട്ടുജെട്ടി, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിലെല്ലാം ബൂത്തുകൾ സജ്ജമാക്കും. കൊവിഡ് ബാധിതരോ, നിരീക്ഷണത്തിലോ ഉള്ള കുട്ടികളുണ്ടെങ്കിൽ ക്വാറന്റീൻ കാലാവധി കഴിയുമ്പോൾ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി തുള്ളിമരുന്ന് നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Tags:
HEALTH