Trending

മുന്നിൽ നടക്കാൻ മാനു ഹാജി ഇനിയുണ്ടാവില്ല

അപ്രതീക്ഷിതമായി നമ്മിൽ നിന്നും വിടപറഞ്ഞ നാടിന്റെ കാരണവർ മാനു ഹാജി എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വയപ്പുറത്ത്‌ അബ്ദുറഹിമാൻ കുട്ടി ഹാജിയെ അനുസ്മരിക്കുന്നു ..ഷാഹിദ് എളേറ്റിൽ 


ഏതു പ്രതിസന്ധി വന്നാലും നെഞ്ചു വിരിച്ചു മുന്നിൽ നിന്നു നയിക്കാൻ പ്രാപ്തിയുള്ള ഒരാൾ .. അതാണു മാനു ഹാജിയെ പറ്റി ഓർക്കുമ്പോൾ എന്റെ മനസ്സിലേക്ക്‌ ഓടി വന്നത്‌ ..വലിയ ബഹളമുണ്ടാക്കാതെ പതിഞ്ഞ സ്വരത്തിൽ സംസാരിച്ച്‌ ആളുകളുടെ മനസ്സ്‌ കീഴടക്കിയ മഹാ മനുഷ്യൻ .. 

കച്ചവട തിരക്കുകൾക്കിടയിലും സാമൂഹ്യ സേവനത്തിനു സമയം കണ്ടെത്തിയ സേവകൻ ... കാഞ്ഞിരമുക്ക്‌ മഹല്ലിന്റെ ട്രഷറർ , വൈസ്‌ പ്രസിഡണ്ട്‌ , മെമ്പർ എന്നീ നിലകളിൽ ശ്രദ്ധേയമായ സാന്നിധ്യം ... എളേറ്റിലിന്റെ അഭിമാനമായ എം ജെ ഹയർ സെക്കണ്ടറി സ്കൂൾ , വാദി ഹുസ്ന , ദാറുൽ ഹുദ ഇസ്ലാമിക്‌ സെന്റർ കമ്മിറ്റികളിലെ സജീവ മെമ്പർ ...നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനു ചെയ്യാനാവുന്ന പരമാവധി സേവനം ചെയ്താണു മാനു ഹാജിയുടെ മടക്കം ..

ഇടക്കൊക്കെ വട്ടോളി അങ്ങാടിയിൽ നിന്നും വയപ്പുറത്തേക്കുള്ള റോഡ്‌ വരെ എന്റെ കൂടെ ബൈക്കിൽ കയറുന്ന മാനു ഹാജി ആ രണ്ടു മൂന്ന് മിനിട്ട്‌ യാത്രക്കിടയിൽ സംസാരിച്ചതൊക്കെ വലിയ കാര്യങ്ങളായിരുന്നു.പുതിയ കാലഘട്ടത്തിൽ നൽകേണ്ട വിദ്യാഭ്യാസത്തെ പറ്റി .. നമ്മളൊരുക്കേണ്ട സാമൂഹ്യ സുരക്ഷയെ പറ്റി .... സജീവമാക്കേണ്ട റിലീഫ്‌ പ്രവർത്തനങ്ങളെ പറ്റി ...പഴയ കാലത്തെയും പുതിയ കാലത്തെയും ബന്ധങ്ങളെ പറ്റി ...അങ്ങനെ ദീർഘ വീക്ഷണമുള്ള നേതാവിനെ പോലെ ഒരുപാട്‌ കാമ്പുള്ള കാര്യങ്ങൾ പറഞ്ഞു പോയ നിങ്ങളറിയാത്ത മാനു ഹാജിയെയാണു എന്റെ ഓർമയിലുള്ളത്‌ ...

മാനു ഹാജിക്ക്‌ പകരം വെക്കാൻ ഇനി ഒരാളുണ്ടാവുമോ ? ഇല്ല എന്നതാണു മനസ്സിൽ തട്ടിയുള്ള ഉത്തരം ... എന്റെ ചെറുപ്പ കാലം മുതലേ കല്യാണ വീടുകളിലും മരണ വീടുകളിലും സജീവമായി ഓടി നടന്ന് വിയർത്തൊലിക്കാൻ മാനു ഹാജിയല്ലാതെ ആര്? മത പ്രഭാഷണ പരിപാടിയിൽ സ്ത്രീകൾ വരുന്ന ഭാഗത്ത്‌ വഴിയിൽ ഒരു തടസ്സമുണ്ടായപ്പോൾ തൂമ്പയുമായി അതു ശരിയാക്കാൻ ഇറങ്ങിയ മാനു ഹാജിയല്ലാത്ത മറ്റൊരു വൈസ്‌ പ്രസിഡണ്ട്‌ ചരിത്രത്തിലുണ്ടാവുമോ വേറെ ?

വലതു കൈ കൊടുക്കുന്നത്‌ ഇടതു കൈ അറിയാതെ ആളുകളെ സഹായിച്ച മഹാനായ മനുഷ്യൻ ..ദീനീ സ്ഥാപനങ്ങൾക്ക്‌ കയ്യും കണക്കുമില്ലാതെ സംഭാവനകൾ നൽകിയ മത പ്രഭാഷണങ്ങളിലെ ലേലം വിളിയിൽ സജീവമായി പങ്കെടുത്ത്‌ മറ്റുള്ളവർക്കും ദാനധർമ്മത്തിനു പ്രചോദനം നൽകിയ വ്യക്തിത്വം ...പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവർ പോലുമറിയാതെ സഹായങ്ങളെത്തിച്ച മഹത്‌ വ്യക്തിയാണു അള്ളാഹുവിന്റെ അലങ്കനീയമായ വിധിക്ക്‌ വഴങ്ങി യാത്രയായത്....
ഏറ്റവും ഒടുവിൽ ഞങ്ങൾ സംസാരിച്ചതും മൂർഖൻ കുണ്ടിലെ ഒരു രോഗിയുടെ കലക്ഷനുമായി ബന്ധപ്പെട്ടാണു ..അന്നു നല്ലൊരു തുക തന്നു പറഞ്ഞതൊക്കെ മായാതെ മനസ്സിലുണ്ട്‌ ...

ഇങ്ങനെ ആളുകളുടെ മനസ്സിലേക്ക്‌ കടന്നു കയറാൻ അപൂർവ്വം ആളുകൾക്കേ കഴിയൂ .. അതു കൊണ്ടായിരിക്കാം കോവിഡ്‌ പ്രോട്ടോക്കോളിന്റെ ബന്ധനങ്ങളുണ്ടായിട്ടും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കാൻ ഇത്രയധികം ആളുകൾ ഓടിയെത്തിയത്‌ ... കല്യാണമായാലും മരണമായാലും തീരുന്നത്‌ വരെ നിങ്ങൾ അവിടെ സജീവമാവാറുണ്ടായിരുന്നു അതു കൊണ്ടായിരിക്കാം നിങ്ങളെ കബറിൽ ഇറക്കി തീരുന്നതു വരെയും ഒരു പാടു ആളുകൾ നിങ്ങളുടെ സമീപത്തു  തന്നെയുണ്ടായത്‌ ...
നിങ്ങളുടെ വിയോഗം ഞങ്ങളിൽ തന്നെ വലിയ ഞെട്ടലാണുണ്ടാക്കിയത്‌ .. 

അവരുടെ കുടുംബങ്ങൾക്ക്‌ ക്ഷമ നൽകണേ നാഥാ...പള്ളിയിൽ ഇരിക്കുന്നതിനേക്കാൾ പുണ്യം സഹോദരങ്ങൾക്ക്‌ സഹായം ചെയ്യലാണെന്ന് തിരു നബി പഠിപ്പിച്ചിട്ടുണ്ട്‌.. നാഥാ മാനുഹാജിയെ ആ പട്ടികയിൽ ഉൾപ്പെടുത്തി സ്വർഗ്ഗം നൽകണേ ...ആമീൻ 

✍️ഷാഹിദ് 
Previous Post Next Post
3/TECH/col-right