Trending

ക്വാറന്റൈനിലിരിക്കുന്ന പ്രവാസിക്കെതിരെ വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണം:നിറവ് പ്രവാസി കൂട്ടായ്മ

ബാലുശ്ശേരി:എമ്മംപറമ്പിൽ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി അനുസരിച്ച്  ക്വാറന്റൈനിലിരിക്കുന്ന പ്രവാസിക്കെതിരെ വ്യാജ പ്രചരണം നടത്തുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അടിസ്ഥാന രഹിതമായ വിവരങ്ങള്‍ കൈമാറുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്ന് എമ്മം പറമ്പ് നിറവ്  പ്രവാസി കൂട്ടായ്മ ആവശ്യപ്പെട്ടു. 


ഈ മാസം ഒന്നാം തിയ്യതി നാട്ടിലെത്തുകയും സർക്കാർ ക്വാറന്റൈൻ പൂർണ്ണമായും പാലിച്ച് കോവിഡ് നെഗറ്റീവ് റിസൾട്ടുമായി കഴിഞ്ഞ ദിവസം വീട്ടില്‍ എത്തി  ഹോം ക്വാറന്റൈനിൽ പ്രവേശിച്ച പ്രവാസിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.  യാത്രയുലടനീളം പി.പി.ഇ കിറ്റുകള്‍ അടക്കമുള്ള പ്രതിരോധ നടപടികളും സൂക്ഷമതയും കൈകൊണ്ട് നാട്ടിലെത്തി  നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ ശേഷം സ്വന്തം വീട്ടിൽ എത്തുന്ന പ്രവാസികള്‍ക്ക് നേരെയുണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് നിറവ് കൂട്ടായ്മ അഭിപ്രായപ്പെട്ടു. 

അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും നാട്ടുകാര്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്ന ചില മാനസിക രോഗികളുടെ പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. 

പ്രവാസികള്‍ കോവിഡ് 19 വാഹകരാണെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്തകളും മറ്റും തിരുത്തപ്പെടേണ്ടതാണെന്നും പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ കാരണം വിദേശ രാജ്യങ്ങളില്‍ നിന്ന്  നാട്ടിലേക്ക് തിരുച്ചെത്തുന്ന പ്രവാസികള്‍ക്ക് സ്വന്തം വീട്ടില്‍ പോലും സ്വസ്ഥത നല്‍കാത്ത മാനസിക വൈകൃതങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പൊതുസമൂഹം തയ്യാറാവണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.  

സംഭവത്തില്‍ കുറ്റക്കാർക്കെതിരെ ശിക്ഷാ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് ബാലുശ്ശേരി പോലീസിൽ പരാതി നൽകി.
Previous Post Next Post
3/TECH/col-right