Trending

ലോക്ക്ഡൗണിലും ലോക്കാവാതെ ഒരു നാട്

പന്നൂര്‍: നാടും നഗരവും ലോക്ക്ഡൗണിലമര്‍ന്നപ്പോള്‍ ഈ നാട്ടില്‍ ആരും മരുന്നിനോ ഭക്ഷണ സാധനങ്ങൾക്കോ പ്രയാസപ്പെട്ടിട്ടില്ല. മരുന്ന് ആവശ്യമുള്ളവര്‍ പേരും വിവരവും വാട്ട്‌സ്ആപ്പില്‍ അയച്ചാല്‍ അടുത്ത ദിവസം  മരുന്നുകളെല്ലാം വീട്ടിലെത്തും. കൊടുവള്ളിക്കടുത്ത പന്നൂരിലാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ആവശ്യക്കാര്‍ക്കെല്ലാം മരുന്നുകള്‍ സൗജന്യമായി എത്തിച്ചു നല്‍കി മാതൃകയായത്. 

ഇതിനായി രാവും പകലും അധ്വാനിച്ചത് 'സേവ് പന്നൂര്‍' എന്ന യുവാക്കളുടെ കൂട്ടായ്മയാണ്. മരുന്നുകള്‍ ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം ഇവര്‍ തന്നെ. മെഡിക്കല്‍ കോളേജുള്‍പടെ ജില്ലയുടെ വിവിധ ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നുമാണ് ആവശ്യമുള്ള മരുന്നുകള്‍ ഇവര്‍ എത്തിച്ചു നല്‍കിയത്. അധികൃതരുടെ അനുമതിയുള്ള വളണ്ടിയര്‍മാരാണ് മരുന്നുകള്‍ ശേഖരിക്കുന്നത്. 

ഇതിനായി പന്നൂര്‍ പ്രദേശത്തെ 11 മേഖലകളാക്കി 11 കോഡിനേറ്റര്‍മാരേയു നിശ്ചയിച്ചിരുന്നു. മരുന്നുകള്‍ ആവശ്യമുള്ളവര്‍ ഈ കോഡിനേറ്റര്‍മാരെയാണ് വിവരം അറിയിക്കേണ്ടത്. അപേക്ഷകളും  മറ്റു ഉപചാരങ്ങളുമൊന്നുമില്ല. ഒരു ഫോണ്‍കോളോ വാട്ട്‌സ് ആപ്പ് സന്ദേശമോ മതി, അടുത്ത ദിവസം തന്നെ മരുന്നുകള്‍ വീട്ടിലെത്തും. ഒരു ദിവസം ഇരുപതോളം പേര്‍ക്ക് വരെ മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. 65 ദിവസമായി നിലക്കാതെ ഈ മരുന്ന് വിതരണം ഇപ്പോഴും നടക്കുന്നുണ്ട്.

മരുന്നിന് പുറമെ  കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാട്ടിലെ പ്രയാസമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റും വിതരണം ചെയ്തിരുന്നു. പെരുന്നാളിന് 500 വീടുകളില്‍ ഇവര്‍ മാംസവും നല്‍കിയിരുന്നുനാട്ടിലെ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക ജനസ്രോതസുകള്‍ വൃത്തിയാക്കുക തൂടങ്ങിയ പ്രവൃത്തികളും ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്.
ലോക്ക് ഡൗണ്‍ കഴിഞ്ഞാലും ഈ ചാരിറ്റി പദ്ധതി തുടരാനുദ്ദേശിക്കുന്നുവെന്നും നാട്ടില്‍ മരുന്നും ചികിത്സയും ലഭിക്കാതെ ആരും പ്രയാസപ്പെടരുത് എന്നതാണ്  കൂട്ടായ്മയുടെ ലക്ഷ്യമെന്നും 'സേവ് പന്നൂര്‍' ന്റെ ചെയര്‍മാനായ ഫള്‌ലുറഹ്മാന്‍ പറയുന്നു. പട്ടനില്‍ നാസര്‍, മുഹമ്മദലി മാസ്റ്റര്‍, ആര്‍.കെ ഫാറൂഖ്, കരിമ്പയില്‍ നൗഷാദ്, മന്ദത്ത് സലീം, ഒതയോത്ത് അഷ്‌റഫ്, വി.പി അഷ്‌റഫ്, ആര്‍കെ ഹൈദര്‍ അലി, പി.കെ റഊഫ്, ബാവ കുന്നോത്ത് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

Previous Post Next Post
3/TECH/col-right