ഗള്‍ഫിലും കോവിഡ് രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. സൗദിയിൽ 51ഉം യു.എ.ഇയിൽ 45ഉം പേര്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. കുവൈത്തിൽ ഒന്നും ബഹ്റൈനിൽ 39ഉം ഖത്തറിൽ ഏഴും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചക്കാലത്തേക്ക് എല്ലാ വിമാനസർവീസുകളും റദ്ദാക്കിയ യു.എ.ഇ, രാജ്യത്തെ ഷോപ്പിങ്ങ് കേന്ദ്രങ്ങൾ അടച്ചിടാനും തീരുമാനിച്ചു. സൗദിക്കും കുവൈത്തിനും ഖത്തറിനും പിന്നാലെ യു.എ.ഇയും പൂർണ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. കുവൈത്തിനു പിന്നാലെ സൗദിയിൽ 21 ദിവസത്തേക്ക് രാത്രികാല കർഫ്യുവും ഏർപ്പെടുത്തി.
ഇന്നലെ 51 പേർക്ക് രോഗം സ്ഥിരീകരിച്ച സൗദിയിൽ 19 പേർ രോഗവിമുക്തി നേടിയതായി അധികൃതർ വ്യക്തമാക്കി. യു.എ.ഇയിൽ ഇന്നലെ 7 ഇന്ത്യക്കാർ ഉൾപ്പെടെ 45 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധ കണ്ടെത്തിയിട്ടും വീട്ടിനുള്ളിൽ തങ്ങാതിരുന്ന ഒരു പ്രവാസിയിൽ നിന്നാണ് 17 പേർക്ക് വൈറസ് ബാധയുണ്ടായത്. അതേസമയം
രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 41 ആയി. കുവൈത്തിൽ ഒരാൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.
സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1600ൽ എത്തുകയും രോഗവ്യാപനം തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടികൾ കടുപ്പിക്കുന്നത്. ഇന്ന് രാത്രി മുതൽ യാത്രാ, ട്രാൻസിറ്റ് വിമാനങ്ങൾ യു.എ.ഇ പൂർണമായും നിർത്തും. പുറമെ നിന്നുള്ള വിമാനങ്ങളും ഇറങ്ങില്ല. ചരക്കു ഗതാഗതത്തിനു മാത്രമായി വിമാനത്താവളങ്ങൾ ചുരുങ്ങും. അവശ്യ വസ്തുക്കൾ, ഭക്ഷ്യവിപണന കേന്ദ്രങ്ങൾ, ഫാർമസികൾ ഒഴികെ യു.എ.ഇയിലെ എല്ലാ ഷോപ്പിങ് കേന്ദ്രങ്ങളും രണ്ടാഴ്ചക്കാലം അടച്ചിടും.
ദുബൈയിൽ റസ്റ്റോറൻറുകളിലും കഫെകളിലും പാഴ്സൽ സർവീസ് മാത്രം. ബഹ്റൈൻ പള്ളികളിലെ പ്രാർഥനയും നിർത്തിവെച്ചു. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് ഏറെക്കുറെ എല്ലാ ഗൾഫ് രാജ്യങ്ങളും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഗൾഫിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള സൗദി അറേബ്യ വൈകീട്ട് ഏഴു മുതൽ പുലർച്ച ആറു വരെ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. കുവൈത്തിൽ രാത്രികാല കർഫ്യൂ ഇന്നലെ മുതൽ പ്രാബല്യത്തിലായിരുന്നു. ജനങ്ങളോട് വീട്ടിലിരിക്കാൻ നിർദേശിച്ച ബഹ്റൈൻ വ്യാഴാഴ്ച മുതൽ ഏപ്രിൽ 9 വരെ രാജ്യത്തെ കടകമ്പാേളങ്ങൾ അടച്ചിടാനും തീരുമാനിച്ചു. അഞ്ചിലേറെ പേർ കൂട്ടം കൂടുന്നതും ശിക്ഷാർഹം.
ഖത്തറിൽ പാർക്കുകളും ബീച്ചുകളും അടച്ചു. ജനങ്ങൾ വെളിയിലിറങ്ങാതിരിക്കാൻ സൗദിയും നിയന്ത്രണം കർശനമാക്കി. ഏതൊരു അത്യാഹിത ഘട്ടത്തെയും നേരിടാൻ ബദൽ സംവിധാനങ്ങൾ സജ്ജമാണെന്ന് ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. എല്ലാ നിലയ്ക്കും പൂർണമായ സ്തംഭനാവസ്ഥയിലേക്കാണ് ഗൾഫ് രാജ്യങ്ങളും ചുവടുവെക്കുന്നത്.
Tags:
INTERNATIONAL