Trending

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;പ്രതിയുടെ കയ്യിൽ കടിച്ച് കുട്ടി രക്ഷപ്പെട്ടു

കോഴിക്കോട്:കോഴിക്കോട് പൂക്കാട് ചേലിയായില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. പെണ്‍കുട്ടി കൈയ്യില്‍ കടിച്ചതിനെത്തുടര്‍ന്ന് കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ ഉദ്യമം ഉപേക്ഷിക്കുകയായിരുന്നു.പിതാവിന്റെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി.


കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയായിരുന്നു തട്ടിക്കൊണ്ട് പോകാനുള്ള ശ്രമമുണ്ടായത്. രക്ഷിതാക്കള്‍ക്കൊപ്പം ചായ കുടിച്ച ശേഷം കൈകഴുകാന്‍ പെണ്‍കുട്ടി പുറത്തിറങ്ങി. ഈ സമയത്താണ് മുഖംപൊത്തി തോളിലിട്ട് തന്നെ കൊണ്ടുപോകാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പറഞ്ഞത്.നീളന്‍ താടിയും മുടിയുമുള്ള കൈയ്യുറ ധരിച്ച ടീഷര്‍ട്ടും ജീന്‍സും വേഷമണിഞ്ഞ പരിചയമില്ലാത്ത ആളാണ് തന്നെ എടുത്തുകൊണ്ടുപോയതെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. കൈയ്യില്‍ കടിച്ചതോടെയാണ് പിടിവിട്ടത്.

ചേലിയാ കുറ്റ്യാടിക്കുന്നിന് സമീപം കഴിഞ്ഞദിവസങ്ങളില്‍ അപരിചിതര്‍ എത്തിയിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.പെണ്‍കുട്ടിയെ വിദഗ്ധ ഡോക്ടറുടെ കൗണ്‍സിലിങിന് വിധേയയാക്കി. എസ്.ഐയുടെ നേതൃത്വത്തില്‍ വിശദമായ മൊഴിയെടുത്തു.സാധ്യതകളും സംശയങ്ങളും പൂര്‍ണമായും പരിശോധിക്കുമെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. വാഹനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം ശേഖരിക്കാന്‍ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
Previous Post Next Post
3/TECH/col-right