Trending

അതിര്‍ത്തി കടന്നുള്ള ഗതാഗത നിയമലംഘനത്തിന് സ്വന്തം നാട്ടില്‍ പണി കിട്ടും

സംസ്ഥാനത്തിനു പുറത്തുള്ള യാത്രകളിൽ മോട്ടോർവാഹന നിയമങ്ങൾ ലംഘിക്കുന്നവർ സൂക്ഷിക്കുക. പിഴ പിന്നാലെയെത്തും. നിരീക്ഷണ ക്യാമറകളിലും മറ്റു സംവിധാനങ്ങളിലും പകർത്തുന്ന നിയമലംഘനങ്ങളുടെ പിഴ അതത് സംസ്ഥാനങ്ങളിൽ അടയ്ക്കണം. എന്നാൽ മാത്രമേ വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റം അടക്കമുള്ള സേവനങ്ങൾ ലഭിക്കൂ.കേന്ദ്രീകൃത വാഹന രജിസ്ട്രേഷൻ സംവിധാനമായ 'വാഹനി'ലേക്ക് സംസ്ഥാനത്തെ 1.40 കോടി വാഹനങ്ങളുടെ വിവരങ്ങളും ഉൾക്കൊള്ളിച്ചതോടെയാണ് മറ്റു സംസ്ഥാനങ്ങളിലെ നിയമലംഘനങ്ങളും ഓൺലൈനായത്.

സംസ്ഥാനത്തെ വാഹനങ്ങളുടെ പൂർണവിവരങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കു ലഭിക്കും.
നിയമലംഘനങ്ങളുണ്ടെങ്കിൽ അവർക്ക് 'വാഹൻ' വെബ്സൈറ്റിൽ പ്രവേശിച്ച് ഓൺലൈൻ ചെക്ക് റിപ്പോർട്ട് സമർപ്പിക്കാം. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾക്കൊപ്പം പിഴ സംബന്ധിച്ച വിവരങ്ങളും കൂട്ടിച്ചേർക്കപ്പെടും.
ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്നസ് പരിശോധന, പെർമിറ്റ് പുതുക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് മോട്ടോർവാഹനവകുപ്പിനെ സമീപിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിലെ പിഴകൾ സംബന്ധിച്ച വിവരങ്ങളും തെളിയും. പിഴയടച്ച് ചെക്ക് റിപ്പോർട്ട് പിൻവലിച്ചാൽ മാത്രമേ വാഹനിൽനിന്നുള്ള തുടർസേവനങ്ങൾ ലഭിക്കൂ.

പിഴ രേഖപ്പെടുത്തിയ ഓഫീസിൽനിന്നുതന്നെ ഓൺലൈൻ നിരാക്ഷേപപത്രം (എൻ.ഒ.സി.) ലഭിക്കേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പിഴയും 'വാഹൻ' ഓൺലൈനിൽ അടയ്ക്കാനാകുമെന്നതാണ് ഏക അശ്വാസം.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ സംസ്ഥാനത്തിനുള്ളിൽ നടത്തുന്ന നിയമലംഘനങ്ങൾക്കും ഇതേ രീതിയിൽ പിഴ ഈടാക്കാനാകുമെന്നതാണു നേട്ടം. ഇതര സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അന്തസ്സംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിഴയടയ്ക്കാതെ രക്ഷപ്പെടുന്നത് ഇനി തടയാനാകും.

തമിഴ്നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേരള വാഹനങ്ങളുടെ പഴയ നിയമലംഘനങ്ങളും 'വാഹൻ' വെബ്സൈറ്റിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. ജനുവരി അവസാനത്തോടെയാണ് സംസ്ഥാനത്തെ വാഹനങ്ങൾ പൂർണമായും വാഹനിലേക്ക് എത്തിയത്. ഇതിനുമുമ്പ് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞിട്ടുള്ള നിയമലംഘനങ്ങളുടെ വിവരങ്ങൾ ഇപ്പോൾ വാഹനിലേക്ക് ചെക്ക് റിപ്പോർട്ടായി ഉൾക്കൊള്ളിക്കുന്നുണ്ട്
Previous Post Next Post
3/TECH/col-right