Trending

പൊലീസിൽ വൻ ആയുധശേഖരം കാണാനില്ല, പകരം വ്യാജ ഉണ്ടകൾ വച്ചെന്ന് സിഎജി, ഗുരുതര കണ്ടെത്തൽ

തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്ന് കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറലി (സിഎജി) ന്‍റെ ഓഫീസ്. വെടിക്കോപ്പുകളിൽ വൻ കുറവ് കണ്ടെത്തിയെന്നാണ് സിഎജിയുടെ കണ്ടെത്തൽ. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും ഗുരുതരമായ കണ്ടെത്തൽ ഇതാണ്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വച്ചു. സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം എസ്‍എപിയിൽ നിന്ന് മാത്രം 25 റൈഫിളുകൾ കാണാനില്ല. സംസ്ഥാന പൊലീസിന്‍റെ ആയുധശേഖരത്തിൽ വൻ കുറവ് കണ്ടെത്തിയിട്ടുണ്ടെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലെയും ആയുധശേഖരം പരിശോധിക്കണമെന്നും സിഎജി ആവശ്യപ്പെടുന്നു.രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള കോളിളക്കമുണ്ടാക്കുന്ന കണ്ടെത്താലാണ് സിഎജിയുടേത്. സംസ്ഥാന നിയമസഭയിൽ ഇന്ന് സമർപ്പിച്ച സിഎജി റിപ്പോർട്ടിലാണ് ഈ കണ്ടെത്തലുള്ളത്.

സിഎജി റിപ്പോർട്ടിലെ ജനറൽ സോഷ്യൽ സെക്ടറിനെക്കുറിച്ചുള്ള ഭാഗത്തിൽ 23 മുതൽ 27 വരെയുള്ള പേജുകളിലാണ് ഈ കണ്ടെത്തലുള്ളത്. സംസ്ഥാനത്തെ സുരക്ഷാ സംവിധാനത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ കണ്ടെത്തൽ.തൃശ്ശൂർ പൊലീസ് അക്കാദമിയിലെയും തിരുവനന്തപുരം എസ്‍എപി ക്യാമ്പിലെയും ആയുധങ്ങളിലും വെടിക്കോപ്പുകളിലുമാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്. ഇതിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്:

തിരുവനന്തപുരം എസ്‍എപി ക്യാമ്പിൽ മാത്രം സ്റ്റോക്കിൽ ഉണ്ടായിരുന്ന 25 റൈഫിളുകൾ കാണാനില്ല.വെടിയുണ്ടകളിൽ 12,061 എണ്ണം കാണാനില്ല.
250 കാറ്ററിഡ്‍ജുകൾ കൃത്രിമമായി എസ്‍എപി ക്യാമ്പിൽ വച്ചിട്ടുണ്ട്.
ഇതെങ്ങനെ വന്നു എന്ന് അവിടത്തെ കമാൻഡന്‍റിനോട് ചോദിച്ചപ്പോൾ കൃത്യമായ മറുപടി കിട്ടിയില്ല.പൊലീസ് അക്കാദമിയിൽ 7.62 mm വെടിയുണ്ടകൾ 200 എണ്ണം കാണാനില്ല.ആയുധങ്ങൾ കൈമാറിയതും സ്വീകരിച്ചതും കൊണ്ടുപോയതും കൊണ്ടുവന്നതുമായി ബന്ധപ്പെട്ട രേഖകളിലുെ റജിസ്റ്ററുകളിലും പല തവണ വെട്ടിത്തിരുത്തൽ വരുത്തിയിട്ടുണ്ട്
ചിലതെല്ലാം നാലും അഞ്ചും തവണ വെട്ടിത്തിരുത്തി എഴുതിയിട്ടുണ്ട്. അതിൽ പലതും വായിക്കാൻ പോലും കഴിയുന്ന തരത്തിലല്ല.

ഇത് സംസ്ഥാനത്തിന്‍റെ സുരക്ഷയെത്തന്നെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായതിനാൽ സത്വര നടപടി ആവശ്യമാണെന്ന് സിഎജി റിപ്പോ‍ർട്ടിൽ പറയുന്നു. വിശദമായ അന്വേഷണം നടത്തി കാറ്ററിഡ്‍ജുകളോ റൈഫിളുകളോ എവിടെപ്പോയെന്ന് കണ്ടെത്തണം. ഇത് നഷ്ടമായതാണോ, ആണെങ്കിൽ എങ്ങനെയെന്ന് കണ്ടുപിടിക്കണം. പൊലീസിന്‍റെ ചീഫ് സ്റ്റോഴ്‍സുകളിലും എല്ലാ പൊലീസ് സ്റ്റേഷനുകളിലും ആയുധശേഖരങ്ങൾ ഉള്ളയിടങ്ങളിലെല്ലാം അന്വേഷണം നടത്തണം. ഉപയോഗിക്കാവുന്ന ആയുധങ്ങൾ കാണാതായ സ്ഥിതി സുരക്ഷാ സംവിധാനത്തെത്തന്നെ ഗുരുതരമായി ബാധിക്കുന്നതാണെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വെടിക്കോപ്പുകൾ കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് നേരത്തേ തന്നെ അറിയാമായിരുന്നുവെന്നും, ഇതിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്.

നിയമസഭയിൽ വച്ച സിഎജി റിപ്പോർട്ടിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‍റയ്ക്ക് എതിരെത്തന്നെ രൂക്ഷമായ, ഗുരുതരമായ കണ്ടെത്തലുകളാണുള്ളത്. പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള തുക വകമാറ്റിയെന്നും കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നുമാണ് കണ്ടെത്തൽ. ഇത് പുറത്ത് വന്നതിന് പിന്നാലെയാണ് വെടിക്കോപ്പുകളിലെ വൻ കുറവ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.



കെൽട്രോൺ - പൊലീസ് അവിശുദ്ധ കൂട്ടുകെട്ട്: എണ്ണിപ്പറഞ്ഞ് സിഎജി

തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന റിപ്പോർട്ടിൽ കൂടുതൽ വിശദീകരണവുമായി കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (സിഎജി). മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഭ്യന്തര വകുപ്പിനെത്തന്നെ പ്രതിരോധത്തിലാക്കുന്ന കണക്കുകളാണ് സിഎജി മുന്നോട്ടു വയ്ക്കുന്നത്. കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ എസ്‍ സുനിൽരാജും ഓഡിറ്റിംഗ് ചുമതലയുണ്ടായിരുന്ന സുധർമ്മിണി, കെ പി ആനന്ദ് എന്നീ ഉദ്യോഗസ്ഥരുമാണ് വാർത്താ സമ്മേളനം നടത്തി വിശദീകരണം നൽകിയത്. സിഎജിയുടെ റിപ്പോർട്ട് ഇന്ന് നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ട്. ഇനി ഇതിൻമേൽ നടപടിയെടുക്കേണ്ടത് സംസ്ഥാനസർക്കാരും പബ്ലിക് അക്കൗണ്ട്‍സ് കമ്മിറ്റിയുമാണ്. 

കാണാതായ ഉണ്ടകൾ എവിടെ?

കാണാതായ വെടിയുണ്ടകൾ എവിടെയെന്നതിൽ കൃത്യമായ വിശദീകരണം അതാത് ക്യാമ്പ് കമാൻഡന്‍റുമാരിൽ നിന്ന് കിട്ടിയിട്ടില്ലെന്ന് സിഎജി പറയുന്നു. 12,061 ഉണ്ടകളാണ് കാണാതെ പോയത്. 9 എംഎം ഡ്രിൽ കാറ്ററിഡ്‍ജുകളിൽ (ഇത് പൊലീസ് സേനയിൽ പരിശീലനത്തിന് ഉപയോഗിക്കുന്നതാണ്) ഡമ്മി അഥവാ വ്യാജ കാറ്ററിഡ്‍ജുകൾ നിറച്ച് വച്ചതിന്‍റെ ചിത്രങ്ങൾ സഹിതമാണ് സിഎജി റിപ്പോർട്ട്.അതുപോലെ, തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നിന്ന് 25 റൈഫിളുകൾ കാണാതെ പോയതിനെക്കുറിച്ച് പൊലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച വിശദീകരണം തൃപ്തികരമല്ല. എസ്‍എപി ക്യാമ്പിൽ നിന്ന് എ ആർ ക്യാമ്പിലേക്ക് ഈ റൈഫിളുകൾ കൊടുത്തു എന്നതിനോ, അവിടെ സ്വീകരിച്ചു എന്നതിനോ രേഖകളില്ല, റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുമില്ല - സിഎജി എസ് സുനിൽ രാജ് വ്യക്തമാക്കി.

പൊലീസ് സേനയിൽ ഇപ്പോഴുള്ള ആയുധശേഖരത്തെ സംബന്ധിച്ച് കൃത്യമായ വിവരങ്ങളോ കണക്കോ കിട്ടിയിട്ടില്ല. കാണാതായ വെടിക്കോപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തേ പൊലീസ് സേനയ്ക്ക് അറിയാമായിരുന്നതാണ്. ഇത് എവിടെപ്പോയി എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുന്നുണ്ട് എന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് വിശദമായ ഒരു ആർമ്സ് ആന്‍റ് അമ്മ്യുണിഷൻ ഓഡിറ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചിരുന്നതാണ്. ആറ് മാസം കൊണ്ട് ഓഡിറ്റ് നടത്താമെന്നാണ് അറിയിച്ചത്. എന്നാൽ ഇത് നടത്തിയ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും സിഎജി വ്യക്തമാക്കി. 

ഒരു വണ്ടി പോലുമില്ലാത്ത 5 പൊലീസ് സ്റ്റേഷനുകൾ, അപ്പോഴും ഉന്നതർക്ക് ആഢംബര വണ്ടികൾ!

അതേസമയം, പൊലീസ് സേന നവീകരിക്കാൻ കൂടുതൽ ജീപ്പുകളും ട്രക്കുകളും ബൈക്കുകളും വാനുകളും വാങ്ങേണ്ട ഫണ്ടിൽ നിന്ന് ബുള്ളറ്റ് പ്രൂഫ്, ലക്ഷ്വറി കാറുകൾ വാങ്ങിയെന്ന കണ്ടെത്തലാണ് സിഎജി നടത്തുന്നത്. 481 പൊലീസ് സ്റ്റേഷനുകൾ പരിശോധിച്ചതിൽ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ സ്വന്തമായി ഒരു വണ്ടി പോലുമില്ലെന്ന് കണ്ടെത്തി. 193 പൊലീസ് സ്റ്റേഷനുകളിൽ രണ്ട് വാഹനങ്ങളുണ്ടാകേണ്ടതാണ്, അവയുടെ അധികാരപരിധി പരിശോധിക്കുമ്പോൾ. ഇവിടെ ഒരു വാഹനമേയുള്ളൂ. 

ഈ സ്ഥിതിയിൽ പൊലീസ് സേനയുടെ നവീകരണത്തിനായി കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ ധനം നൽകി രൂപീകരിച്ച ഫണ്ടിൽ നിന്ന് കൂടുതൽ ജീപ്പുകളും ട്രക്കുകളും വാനുകളും ബൈക്കുകളുമാണ് വാങ്ങേണ്ടിയിരുന്നത്. ഈ ഫണ്ടിൽ നിന്ന് കാറുകൾ വാങ്ങാമെന്ന വ്യവസ്ഥയില്ല താനും.

എന്നിട്ടും. കൂടുതൽ ആഢംബര വാഹനങ്ങൾ വാങ്ങുകയാണ് പൊലീസ് ചെയ്തതെന്നാണ് സിഎജി പറയുന്നത്. 286 പുതിയ വാഹനങ്ങൾ വാങ്ങിയതിൽ 15% ആഢംബര വാഹനങ്ങളായിരുന്നു. ഇതിൽ പല വാഹനങ്ങളും നൽകിയത് സിബിസിഐഡി പോലുള്ള നോൺ ഓപ്പറേഷണൽ വിഭാഗങ്ങൾക്കാണ്. പൊലീസ് സ്റ്റേഷനുകൾക്കോ ഔട്ട് പോസ്റ്റുകൾക്കോ മാത്രം വാഹനങ്ങൾ വാങ്ങേണ്ട ഫണ്ടാണിത്. 
ഒരു കോടി 10 ലക്ഷം രൂപ ചെലവിട്ടാണ് ആഢംബര വാഹനങ്ങൾ വാങ്ങിയത്. ഇതിനായി മിത്‍സുബിഷി, പജീറോ, ഫോർച്യൂണർ എന്നീ വാഹനക്കമ്പനികളുമായി നേരത്തേ കരാറുണ്ടാക്കിയെന്ന് കണ്ടെത്തിയെന്നും സിഎജി വ്യക്തമാക്കുന്നു.

'കെൽട്രോണും പൊലീസും അവിശുദ്ധ കൂട്ടുകെട്ട്'

പൊലീസിന് വേണ്ടിയുള്ള ജിപിഎസ് ഉപകരണങ്ങളും, വോയ്‍സ് ലോഗേഴ്‍സും വാങ്ങിയതിലും അഴിമതിയുണ്ടെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കെൽട്രോണും പൊലീസും തമ്മിൽ സ്വകാര്യ കമ്പനികൾക്ക് കരാർ മറിച്ചുകൊടുക്കാൻ 'അവിശുദ്ധ കൂട്ടുകെട്ടു'ണ്ടെന്ന വാക്കാണ് സിഎജി ഉപയോഗിച്ചത്.

പാനസോണിക് ഉൾപ്പടെയുള്ള കമ്പനികളുമായി നേരത്തേ ധാരണയിലെത്തിയാണ് പല ഉപകരണങ്ങളും വാങ്ങിയതെന്നും, അതിനായി മത്സരാധിഷ്ഠിത ടെണ്ടർ വിളിച്ചിട്ടില്ലെന്നും സിഎജി വ്യക്തമാക്കുന്നു. ഉപകരണങ്ങൾ വാങ്ങാനായി കയ്യിലുണ്ടായിരുന്ന എല്ലാ തുകയും ചെലവാക്കി. ടെണ്ടർ വിളിച്ച് പണം ലാഭിക്കാൻ ശ്രമിച്ചില്ല. 

ക്വാർട്ടേഴ്‍സ് കെട്ടേണ്ട തുകയ്ക്ക് വില്ല കെട്ടി

പൊലീസിലെ എസ്ഐമാർക്കും എഎസ്ഐമാർക്കും ക്വാർട്ടേഴ്സ് കെട്ടേണ്ട 2.81 കോടി രൂപ ഉപയോഗിച്ച് ഡിജിപിക്കും എഡിജിപിമാർക്കും ആഢംബര വില്ലകൾ കെട്ടി. ഇതിന് മുൻകൂർ അനുമതി സർക്കാരിൽ നിന്ന് വാങ്ങിയിരുന്നില്ല. മൂന്ന് വില്ലകളാണ് പണിയുന്നത്. ഇതിന്‍റെ പണി നടന്നു വരികയായിരുന്നു.

ഡിജിറ്റൽ മൊബൈൽ ഡിവൈസ് പദ്ധതി പരാജയപ്പെട്ടു

പൊലീസുകാർ പരസ്പരം സംസാരിക്കാനുള്ള അനലോഗ് സെറ്റുകൾ മാറ്റി ഡിജിറ്റൽ മൊബൈൽ ഡിവൈസുകൾ കൊണ്ടുവരാനുള്ള പദ്ധതി പരാജയപ്പെട്ടു. ഇതിനുള്ള സ്പെക്ട്രം ചാർജസ് കൊടുത്തില്ല. അതുകൊണ്ട് ലൈസൻസ് തന്നെ കിട്ടിയതുമില്ല. 

ഫൊറൻസിക് ലാബിൽ കേസ് കെട്ടിക്കിടക്കുന്നു

വിദഗ്‍ധ ഉദ്യോഗസ്ഥരില്ലാത്തതിനാൽ ഫൊറൻസിക് ലാബിൽ ഗുരുതരമായ കേസുകളടക്കം കെട്ടിക്കിടക്കുകയാണ്. പോക്സോ, ബലാത്സംഗപ്പരാതികളടക്കം ഇതിലുണ്ട്. ആകെ 9265 കേസുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത് - സിഎജി പറഞ്ഞു.

ഹൗസിംഗ് ബോർഡ് എന്ന സ്ഥാപനം ഇനി വേണോ?

ഹൗസിംഗ് ബോർഡ് എന്ന സ്ഥാപനത്തിന്‍റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള പ്രവർത്തനമായിരുന്നു കഴിഞ്ഞ വർഷത്തേത് എന്നാണ് സിഎജി അഭിപ്രായപ്പെടുന്നത്. തിരുവനന്തപുരം കോ‍ർപ്പറേഷൻ ഒരു വനിതാ ഹോസ്റ്റൽ പണിയാനുള്ള അനുമതി നിഷേധിച്ച ജഗതിയിലെ ഒരു പ്ലോട്ടിൽ വീണ്ടുമൊരു ക്വാർട്ടേഴ്സ് കെട്ടാൻ ഹൗസിംഗ് ബോർഡ് അനുമതി തേടി. പല വകുപ്പുകളും നിർമ്മിച്ച് നൽകിയ വീടുകളുടെ കണക്കിനേക്കാൾ എത്രയോ കുറവാണ് ഹൗസിംഗ് ബോർഡ് നിർമിച്ച് നൽകിയ വീടുകൾ എന്നിവയും സിഎജി ചൂണ്ടിക്കാട്ടുന്നു. 
Previous Post Next Post
3/TECH/col-right