താമരശ്ശേരി: കോളിക്കൽ വേണാടിയിലെ 60 അടിയിൽ അധികം ആഴമുള്ള ക്വാറിയിലേക്കാണ് കാറ് മറിഞ്ഞത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് കാർ ക്വാറിയിലേക്ക് മറിഞ്ഞത്.


കാർ പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു.എന്നാൽ ഡ്രൈവർ ചാടി രക്ഷപ്പെട്ടതായി പറയുന്നു.മറ്റാരും കാറിൽ ഉണ്ടായിരുന്നില്ല. വലിയപറമ്പ് മരട്ടമ്മൽ യൂനുസിന്റെ ഉടമസ്ഥതയിലുള്ള KL - 39- D - 007 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.


ഡ്രൈവറായ ഇയ്യാട് സ്വദേശി ദിലു തന്റെ സുഹൃത്തായ വേണാടി സ്വദേശി പ്രമോദിനെ ആശുപത്രിയിൽ കൊണ്ടു പോകാനായിട്ടാണ് കാറ് തന്റെ കൈയിൽ നിന്നും വാങ്ങിയതെന്ന് യൂനുസ് പറയുന്നു. ഇന്നു രാവിലെ ക്രൈൻ എത്തിച്ച് കാറ് വെള്ളത്തിൽ നിന്നും ഉയർത്തി കരക്കെത്തിച്ചെങ്കിലും അപകടത്തിൽ ദുരൂഹത ആരോപിച്ച് വാഹനം ഇവിടെ നിന്നും കൊണ്ടു പോകുന്നത് നാട്ടുകാർ തടഞ്ഞു.


പിന്നീട് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.