Trending

സ്കൂൾ ഉച്ചഭക്ഷണഫണ്ട് നടപടിക്രമങ്ങൾ പ്രധാനാധ്യാപകർക്ക് ദുരിതമാകുന്നു

കൊടുവള്ളി: സ്കൂൾ ഉച്ചഭക്ഷണഫണ്ട് കൈമാറ്റം ചെയ്യുന്നതിന് സർക്കാർ ഏർപ്പെടുത്തിയ പുതിയ നടപടിക്രമങ്ങൾ പ്രധാനാധ്യാപകർക്ക് ദുരിതമാകുന്നു. നേരത്തേയുണ്ടായിരുന്ന നടപടിക്രമമനുസരിച്ച് അധ്യാപകർക്ക് ബാങ്കുകളിൽനിന്ന് ഉച്ചഭക്ഷണ ചെലവിനത്തിൽ അഡ്വാൻസ് തുക ലഭിക്കുമായിരുന്നു. ഇത് പിന്നീട് സർക്കാർ നിർത്തലാക്കുകയും ഓരോ മാസത്തെയും ചെലവ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പാസാക്കുകയും പ്രസ്തുതതുക ബാങ്കിൽനിന്ന് പിൻവലിക്കുകയുമായിരുന്നു.


ഈതുക സാധനങ്ങൾ കടം വാങ്ങിയ കടകളിൽ നൽകിയാണ് ഓരോ മാസവും ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്. ക്ലാസ് ചുമതലയുള്ള അധ്യാപകർക്ക് കൂടുതൽ ക്ലാസ് നഷ്ടപ്പെടാതെ ഉച്ചഭക്ഷണം വിതരണം ചെയ്യാൻ ഇതുവഴി സാധിച്ചിരുന്നു.

എന്നാൽ, പുതുക്കിയ നടപടിപ്രകാരം എ.ഇ.ഒ. പാസാക്കുന്ന ബില്ല് ബിംസ് സോഫ്റ്റ് വേർ പ്രകാരം ബിൽ എടുത്ത് ട്രഷറിയിൽ സമർപ്പിച്ച് പാസാക്കിയശേഷം ബാങ്കിൽനിന്ന് പണം പിൻവലിക്കണം. ഇതുകാരണം ധാരാളം സമയനഷ്ടവും കാലതാമസവും നേരിടുന്നു. ക്ലാസ് ചുമതലയുള്ള അധ്യാപകർ ദിവസങ്ങളോളം ബാങ്കിലും ട്രഷറിയിലും കാത്തുകെട്ടിക്കിടക്കുന്നതിനാൽ സ്കൂളുകളിൽ നാഥനില്ലാത്ത അവസ്ഥയാണ്.

കടകളിൽ യഥാസമയം പണം കൊടുക്കാൻ കഴിയാത്തതിനാൽ പലരും സാധനങ്ങൾ കടം തരാൻ മടിക്കുന്നതായും അധ്യാപകർ പറയുന്നു.

സ്കൂൾ ഉച്ചഭക്ഷണഫണ്ട് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ കൊടുവള്ളി ഉപജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മടവൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ഹസീന ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.പി. അബ്ദുറഹിമാൻ അധ്യക്ഷനായി.
Previous Post Next Post
3/TECH/col-right