കൈക്കൂലി വാങ്ങി ഡോക്ടര്‍ മതിയായ ചികിത്സ നല്‍കാതെ കബളിപ്പിച്ചതായി പരാതി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 26 November 2019

കൈക്കൂലി വാങ്ങി ഡോക്ടര്‍ മതിയായ ചികിത്സ നല്‍കാതെ കബളിപ്പിച്ചതായി പരാതി

എളേറ്റിൽ : വൃക്ക രോഗത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിയില്‍ നിന്നും കൈക്കൂലി വാങ്ങുകയും മതിയായ ചികിത്സ നല്‍കാതെ കബളിപ്പിക്കുകയും ചെയ്തതായി പരാതി. എളേറ്റില്‍ വട്ടോളി പുതുശ്ശേരികുന്നുമ്മല്‍ അബൂബക്കറിന്റെ ഭാര്യ ആരിഫയാണ് ആരോഗ്യ വകുപ്പ് മന്ത്രിക്കും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും ഐ എം എ ക്കും പരാതി നല്‍കിയത്. 


മൂന്നു വര്‍ഷത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. എ ടി രാജീവിന്റെ ചികിത്സയിലായിരുന്നുവെന്നും വേദന അസഹ്യമായതിനെ തുടര്‍ന്ന് കല്ല് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ തിരക്ക് കാരണം ഒരു മാസം കഴിയണമെന്ന് ഡോക്ടര്‍ പറഞ്ഞതായും ഇവര്‍ പറയുന്നു. പിറ്റേ ദിവസം ഡോക്ടറുടെ വീട്ടിലെത്തി രണ്ടായിരം രൂപ നല്‍കിയപ്പോള്‍ തൊട്ടടുത്ത ദിവസം രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തിയേറ്ററിന് മുന്നിലെത്താന്‍ കുറിച്ചു നല്‍കി. അന്ന് പൈപ്പിട്ട് മടങ്ങി. 


ഒരു മാസത്തിനുള്ളില്‍ സര്‍ജറിക്ക് വേണ്ടി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഇതിനിടെ പലപ്പോഴും ഡോക്ടറുടെ വീട്ടിലെത്തി കോഴിമുട്ട, പഴം തുടങ്ങിയവ നല്‍കിയിരുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞും സര്‍ജറിക്ക് ദിവസം നല്‍കിയില്ല. ഡോക്ടറുടെ വീട്ടിലെത്തി പണം നല്‍കിയാല്‍ മാത്രമേ സര്‍ജറി നടകകുകയുള്ളൂ എന്ന് വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വീട്ടിലെത്തി രണ്ടായിരം രൂപ നല്‍കി. രണ്ട് ദിവസം കഴിഞ്ഞ് സര്‍ജറി നടത്തുകയും കല്ല് പൊടിച്ചുവെന്ന് ഡോക്ടര്‍ പറയുകയും ചെയ്തു. 

ഏതാനും ദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീണ്ടും വേദനയും ശര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. സ്‌കാനിംഗ് നടത്തിയപ്പോള്‍ കല്ല് പോയിട്ടില്ലെന്നും വീണ്ടും സര്‍ജറി നടത്തണമെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. ഇതു സംബന്ധിച്ച് ഡോ. എ ടി രാജീവനോട് സംസാരിച്ചപ്പോള്‍ അബദ്ധം പറ്റിയതാണെന്ന മറുപടിയാണ് നല്‍കിയതെന്നും ഇവര്‍ പറയുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും ഡോക്ടറെ കണ്ട് സംസാരിച്ചപ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാറാണ് സര്‍ജറി നടത്തിയതെന്നും പരാതി നല്‍കിയാല്‍ തനിക്ക് പ്രശ്‌നമില്ലെന്നുമാണത്രെ ഡോക്ടര്‍ മറുപടി നല്‍കിയത്. 

ഇതേ തുടര്‍ന്നാണ് ആരിഫ ആരോഗ്യ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. സാധാരണക്കാര്‍ക്ക് ചികിത്സ ലഭ്യമാക്കാനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴും സര്‍ക്കാറിന്റെ ശമ്പളത്തിന് പുറെ നിര്‍ധന രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുകയും മതിയായ ചികിത്സ നല്‍കാതെ കബളിപ്പിക്കുകയും ചെയ്യുന്ന നടപടി ഇനിയും ആവര്‍ത്തിക്കരുതെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്മായ നടപടി സ്വീകരിക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

സര്‍ജറിയിലൂടെ ആരിഫയുടെ കല്ല് പൊടിച്ചതാണെന്നും മറ്റൊരു കല്ല് താഴേക്ക് ഇറങ്ങിയതാണെന്നുമാണ് ഡോ. എ ടി രാജീവന്റെ പ്രതികരണം. പ്രശ്‌നം സംസാരിച്ച് പരിഹരിക്കുമെന്നും തിരക്ക് കാരണമാണ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. കൈക്കൂലി വാങ്ങിയെന്ന ആരോപണം ശരിയല്ലെന്നും ഡോ. എ ടി രാജീവന്‍ പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature