തിരുവനന്തപുരം: ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പാറ ഖനനം നിർത്തി വെച്ചെങ്കിലും ഈ സർക്കാർ ക്വാറികൾക്ക് വാരിക്കോരിയാണ് അനുമതി നൽകിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 129 ക്വാറികൾക്കാണ് അനുമതി കിട്ടിയത്. ഒരു വർഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടൺ പാറക്കല്ലുക‌ളാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉല്പാദനം കൂടിയാണിത്.

പശ്ചിമഘട്ടം തുരക്കുന്നതാണ് പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണമായി മാധവ് ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയത്. പക്ഷെ പാറപൊട്ടിക്കുന്നതിനും മണ്ണെടുക്കുന്നതിനും കയ്യും കണക്കുമില്ല. പാറപൊട്ടിച്ചതിൽ മാത്രമല്ല മണ്ണെടുത്തതിലുമുണ്ട് റെക്കോർഡ്. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ ഏപ്രിൽ വരെയുള്ള കാലത്ത് 62 ലക്ഷത്തി 81735 ടൺ മണ്ണ് തുരന്നെടുത്തു. 750 ക്വാറികളിൽ മലപ്പുറം ജില്ലയിൽ മാത്രമുള്ളത് 83 എണ്ണം. 

വയനാട്ടിൽ 10.നിലമ്പൂർ താലൂക്കിൽ 72, ഉരുൾപൊട്ടലുണ്ടായ കവളപ്പാറ മേഖലയിൽ 20. മഹാപ്രളയശേഷം ക്വാറികൾക്ക് നിയന്ത്രണം വേണമെന്ന് സെസ്സിലെതടക്കമുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടി, പക്ഷെ നിലവിലുള്ള ക്വാറികൾ ഉണ്ടാക്കുന്ന പാരിസ്ഥിതികഘാതം പോലും വിശദമായി പഠിച്ചില്ല. തുടർ നടപടി എടുത്തില്ല. 

പാരിസ്ഥിതിക അനുമതി ഉള്ള ക്വാറികൾക്ക് തടയിട്ടാൽ ഉടമകൾ കോടതിയിലേക്ക് നീങ്ങുമെന്ന വാദമാണ് വ്യവസായവകുപ്പും മൈനിംഗ് ആൻറ് ജിയോളജി വകുപ്പുമൊക്കെ നിരത്തുന്നത്.
750 ക്വാറികളാണ് താൽക്കാലികമായിപ്പോൾ നിർത്തിയത്. പക്ഷെ അനുമതിയില്ലാതെ വനാന്തര ഭാഗങ്ങളിലടക്കും ഇഷ്ടം പോലെ പാറ പൊട്ടിക്കുന്നുണ്ട്. 2133 പരാതികളാണ് കഴിഞ്ഞ ഒരു വർഷം ചട്ടം ലംഘിച്ചുള്ള വിവിധതരം ഖനനത്തിന് മൈനിംഗ് ആൻറ് ജിയോളജി വകുപ്പിന് കിട്ടിയത്. ദുരന്തങ്ങളുണ്ടായാൽ മാത്രം ശക്തമായ നടപടി എന്നതാണ് സർക്കാർ നയം.