എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റത്തിന്‍റെ സേവനം ഇന്ന് മുതല്‍ സംസ്ഥാനത്തൊട്ടാകെ ലഭ്യമായിത്തുടങ്ങി.ഇതിൻറെ ഔദ്യോഗിക ഉദ്‌ഘാടനം പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്‍റെ കണ്‍ട്രോള്‍ റൂം തയ്യാറാക്കിയിരിക്കുന്നത്. 

അടിയന്തിരസഹായം ലഭ്യമാക്കുന്നതിന് രാജ്യവ്യാപകമായി ഒറ്റനമ്പര്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കേരളത്തിലും ഈ സംവിധാനം നിലവില്‍ വന്നത്. വിവിധതരം സഹായ അഭ്യര്‍ത്ഥനകള്‍ക്ക് വ്യത്യസ്ത ടെലിഫോണ്‍ നമ്പരുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളത്. പുതിയ സംവിധാനത്തില്‍ ഇത്തരം എല്ലാ ആവശ്യങ്ങള്‍ക്കും 112 എന്ന ടോള്‍ഫ്രീ നമ്പര്‍ ഡയല്‍ ചെയ്താല്‍ മതിയാകും.

ഫയര്‍ ഫോഴ്സിന്‍റെ സേവനങ്ങള്‍ക്കുള്ള 101, ആരോഗ്യസംബന്ധമായ സേവനങ്ങള്‍ക്കുള്ള 108, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം ലഭിക്കുന്നതിനായുള്ള 181 എന്നീ നമ്പരുകളും വൈകാതെ പുതിയ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുന്നതാണ്. പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്‍ററില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ ക്രോഡീകരിക്കുന്നത് സാങ്കേതിക പരിജ്ഞാനവും ഭാഷാപ്രാവീണ്യവുമുള്ള പോലീസുദ്യോഗസ്ഥരാണ്.

സഹായം തേടി വിളിക്കുന്നത് എവിടെ നിന്നാണെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കമാന്‍ഡ് സെന്‍ററിന് മനസ്സിലാക്കാനാകും. ജില്ലകളിലെ കണ്‍ട്രോള്‍ സെന്‍ററുകള്‍ മുഖേന കണ്‍ട്രോള്‍ റൂം വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടനടി തന്നെ പോലീസ് സഹായം ലഭ്യമാക്കാനും കഴിയും. 


112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും കമാന്‍ഡ് സെന്‍ററിന്‍റെ സേവനം ഉപയോഗപ്പെടുത്താം. ഈ ആപ്പിലെ പാനിക്ക് ബട്ടന്‍ അമര്‍ത്തിയാല്‍ പോലീസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്‍ററില്‍ സന്ദേശം ലഭിക്കും. അവിടെനിന്ന് തിരിച്ച് ഈ നമ്പറിലേക്ക് വിളിച്ച് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. സി-ഡാക്ക് ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.


ഇത് കേരളമാണ്... നാം അതിജീവിക്കും ...

പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും സാന്ത്വനത്തിൻ്റെയും പരസ്പര സ്നേഹത്തിൻ്റെയും മഹനീയ മാതൃകകൾ നമുക്ക് കാണാൻ സാധിച്ചു. ഒരുപ്രളയത്തെ കരളുറപ്പുകൊണ്ട് അതിജീവിച്ചവരാണ് നാം. 

മറ്റൊരു ദുരന്തം കൂടി കേരളത്തെ പിടിച്ചുലച്ചപ്പോൾ വിഭാഗീയത സൃഷ്ടിക്കാനും നുണക്കഥകളുടെ പെരുമഴ തീർക്കാനും ശ്രമിച്ചവർക്കു മുന്നിൽ തളരാതെ നിന്ന് പോരാടുകയാണ് ഈ കൊച്ചുകേരളം..

ദൈവത്തിന്റെ സ്വന്തം നാട് ദൈവങ്ങളുടെ തന്നെ നാടായി മാറുകയാണ്. 

ദുരന്തഭൂമിയായ കവളപ്പാറയില്‍ നിന്ന് ലഭിക്കുന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ പ്രാര്‍ത്ഥനാ മുറി വിട്ടുനല്‍കിയ പോത്തുകല്ല് മസ്ജിദുള്‍ മുജാഹിദീന്‍ പള്ളി മതത്തിനും ജാതിക്കും മുകളില്‍ മനുഷ്യസ്നേഹത്തിന്റെ മാതൃകയാണ്... 


ദുരന്തമുഖത്തു നിസ്വാർത്ഥ സേവകരായ സന്നദ്ധ പ്രവർത്തകരും, പ്രളയത്തിനിടെയുള്ള രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ലിനുവും, ദുരിതബാധിതർക്ക് തന്റെ കടയിലെ വസ്ത്രങ്ങളെല്ലാം നൽകി മാതൃകയായ നൗഷാദും, ശേഖരിച്ചുവച്ച നാണയത്തുട്ടുകൾ ദുരിതാശ്വാസനിധിയിലേക്കു നൽകിയ കുഞ്ഞുമക്കളും ...

മാനവസ്നേഹത്തിന് തെക്കും വടക്കുമെന്ന ദേശവ്യത്യാസത്തിന്റെ അതിരുകളില്ലെന്ന് തെളിയിച്ച കൂട്ടായ്മകളും... ദുരിതാശ്വാസസാമഗ്രികൾ സമാഹരിക്കുവാനും ക്യാമ്പുകളിൽ വിതരണം ചെയ്യുവാനും അക്ഷീണം പ്രയത്നിക്കുന്ന യുവജനങ്ങളുമൊക്കെ ഈ നാടിന്റെ നന്മയും കരുത്തും പ്രതീക്ഷകളുമാണ്...

കൈകോർക്കാം.. കൈത്താങ്ങാകാം... ഒരുമയോടെ മുന്നേറാം. . നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ അതിജീവനം...