Trending

ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു; ജാഗ്രതയില്‍ വയനാട്

വയനാട്: കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. കൃത്യം മൂന്ന് മണിക്ക് തന്നെ അണക്കെട്ട് തുറക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. 

വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും അധികൃതര്‍ നൽകിയിട്ടുണ്ട്. 

അണക്കെട്ട് തുറന്ന് സെക്കൻഡിൽ പുറത്തെക്ക് ഒഴുക്കുന്നത് 8500 ലിറ്റർ  വെള്ളമാണ്. നാല് ഷട്ടറുകൾ പത്ത് സെന്‍റീമീറ്റര്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കരമാൻ കനാലിന്‍റെ കരകളിൽ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇനിയും മാറാൻ തയ്യാറാകാത്തവര്‍ ഉടൻ മാറപ്പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചു. 


അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുകിയെത്തുന്ന പ്രദേശങ്ങളിൽ നിലവിലുള്ളതിൽ നിന്ന് ഒന്നര മീറ്ററെങ്കിലും വെള്ളം ഉയരുമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നൽകുന്നത്. അതീവ ജാഗ്രതയാണ് വയനാട്ടിൽ ഇപ്പോഴുള്ളത്.

ബുധനാഴ്ച വരെ ശക്തമായ മഴ: നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആഗസ്റ്റ് 10, 11, 13, 14 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ 'റെഡ്', 'ഓറഞ്ച്' അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 10-ന്, അതായത് ഇന്ന്, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ  ജില്ലകളിലും, ആഗസ്റ്റ് 11-ന്, നാളെ, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര(Extremely Heavy, 24 മണിക്കൂറിൽ 204 mm-ൽ കൂടുതൽ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുക എന്നതുൾപ്പടെ മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. 

ആഗസ്റ്റ് 11-ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്റ്റ് 12-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്  എന്നീ ജില്ലകളിലും, ആഗസ്റ്റ് 13-ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ  ജില്ലകളിലും, ആഗസ്റ്റ് 14-ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. 

ആഗസ്റ്റ് 13-നും 14-നും എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത ബുധനാഴ്ച മുതൽ തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 
  
കലിതുള്ളിപ്പാ‌ഞ്ഞ് അതിരപ്പിള്ളി വെള്ളച്ചാട്ടം: ശക്തി രണ്ടിരട്ടി കൂടി

തൃശ്ശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടം കുതിച്ചുപാഞ്ഞൊഴുകുകയാണ്. വെള്ളച്ചാട്ടത്തിന്‍റെ ശക്തി രണ്ടിരട്ടി കൂടിയെന്നാണ് വിലയിരുത്തൽ. പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നതിനാൽ സ്ഥലത്ത് വിനോദസഞ്ചാരത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. 

പെരിങ്ങൽക്കുത്ത് ഡാമിന്‍റെ രണ്ട് വാൾവുകൾ തുറന്നതോടെയാണ് ശക്തമായ നീരൊഴുക്ക് തുടങ്ങിയത്. മാത്രമല്ല, അതിരപ്പിള്ളി കാടുകളിൽ കനത്ത മഴയും പെയ്യുന്നുണ്ട്. ഇതാണ് ജലനിരപ്പ് കുത്തനെ ഉയരാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. 

കഴിഞ്ഞ കുറച്ചു ദിവസമായി ശക്തമായ ഒഴുക്കുണ്ടെങ്കിലും ഇത്ര ജലനിരപ്പുണ്ടായിരുന്നില്ല. ഇന്നലെ തൃശ്ശൂർ, ചാലക്കുടി ഭാഗത്ത് ശക്തമായ മഴ പെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ജലനിരപ്പ് കുത്തനെ കൂടുകയും ഭീതിജനകമായ രീതിയിൽ വെള്ളച്ചാട്ടം ശക്തിയാർജിക്കുകയും ചെയ്തിരിക്കുന്നത്. 

വിനോദസഞ്ചാരത്തിനുള്ള വിലക്ക് അടുത്ത ഒരാഴ്ച കൂടി തുടരുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. അതിരപ്പള്ളി - മലക്കപ്പാറ മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മേഖലയിൽ റോഡ് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. 

അതിരപ്പിള്ളിയുടെ മുകളിലുള്ള എല്ലാ തോടുകളിലെയും വെള്ളം അവിടേക്കാണ് ഒഴുകുന്നത്. തൊട്ടടുത്തുള്ള വെള്ളച്ചാട്ടം റോഡിലേക്കാണ് ഇപ്പോൾ ഒഴുകുന്നതെന്നും സ്ഥലവാസികൾ പറയുന്നു. 

മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കില്ല: പാലക്കാടിന് ആശ്വാസം

പാലക്കാട്: കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നെങ്കിലും മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കേണ്ടതില്ലെന്ന് തീരുമാനം. പാലക്കാട് മഴയ്ക്ക് ഒരൽപ്പം ശമനമുണ്ട്. മാത്രമല്ല രണ്ട് അടികൂടി ജലനിരപ്പ് ഉയര്‍ന്നാലും പ്രശ്നമാകില്ലെന്ന വിലയിരുത്തലാണ് ഇപ്പോഴുള്ളത്. 
മലമ്പുഴ അണക്കെട്ട് തൽക്കാലം തുറക്കേണ്ടി വരില്ലെന്ന് മന്ത്രിമാരുടെയും കളക്ടറുടേയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. 110 മീറ്റർ വെള്ളമാണ് ഇന്ന് അണക്കെട്ടിൽ ഉള്ളത് . 
112 മീറ്റർ ആയാൽ മാത്രമേ അണക്കെട്ട് തുറക്കേണ്ടതുള്ളു എന്നാണ് വിലയിരുത്തൽഅതേസമയം പാലക്കാട് ജില്ലയിലാകെ കനത്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. അട്ടപ്പാടി പോലുള്ള പ്രദേശങ്ങൾ പൂര്‍ണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. 
നഗരപ്രദേശങ്ങളിൽ പോലും വെള്ളം കയറി . ഭാരതപ്പുഴ നിറഞ്ഞൊഴുകുകയാണ്. നൂറുകണക്കിന് ഏക്കറിൽ കൃഷി നശിച്ചിട്ടുണ്ട്. 

കോഴിക്കോട്ടേക്കുള്ള സര്‍വീസ് പെരിന്തല്‍മണ്ണയില്‍ അവസാനിപ്പിക്കുമെന്ന് :കെഎസ്ആര്‍ടിസി

പാലക്കാട്: പാലക്കാട് ഡിപ്പോയിൽ നിന്ന് കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. റോഡ് തകര്‍ന്നതിനാല്‍ ഗതാഗതതടസ്സം നേരിടുമെന്നതിനാലാണ് തീരുമാനമെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു. 

 ഉരുൾപൊട്ടിയതിനാലും പാലങ്ങളിൽ വെള്ളം കയറിയതിനാലും മലപ്പുറം ജില്ലയില്‍ പലയിടങ്ങളിലും  റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.  അതുകൊണ്ടാണ്  പെരിന്തൽമണ്ണയിൽ സർവീസ് അവസാനിപ്പിക്കുന്നതെന്നും  കെഎസ്ആര്‍ടിസി അറിയിച്ചു.
Previous Post Next Post
3/TECH/col-right