Trending

കേരളത്തില്‍ മഴ കനക്കുന്നു;കോഴിക്കോട് ഉരുള്‍പൊട്ടല്‍,വിഴിഞ്ഞത്ത് നാലു പേരെ കാണാതായി.


കേരളത്തിൽ മഴ കനക്കുന്നു.കോഴിക്കോട് പൂഴിത്തോട് വനമേഖലകളിൽ ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായി. വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലു പേരെ കാണാതായിട്ടുണ്ട്.പല സ്ഥലത്തും പുഴ കര കവിഞ്ഞൊഴുകയാണ്.


ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. പമ്പാനദിയിലടക്കം ജലനിരപ്പ് ഉയർന്നു. എറണാകുളം-കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ഇത് മൂലം ഉറിയംപെട്ടി ,വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.

പത്തനംതിട്ട അഴുതയിലെ മൂഴിക്കൽ ചപ്പാത്ത് മുങ്ങിയതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.തീക്കോയി - വാഗമൺ റൂട്ടിൽ പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. 

വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ പുതിയതുറ സ്വദേശികളായ ലൂയിസ്,ബെന്നി,കൊച്ചുപള്ളി സ്വദേശികളായ ആന്റണി യേശുദാസന്‍ എന്നിവരെയാണ് കാണാതായത്.ബുധനാഴ്ച വൈകീട്ട് മത്സബന്ധനത്തിന് പോയ ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ മറൈന്‍ എന്‍ഫോഴ്സ്മെന്റന്റെ നേത്യത്വത്തില്‍ തുടരുകയാണ്.

സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ കനത്ത മഴ തുടരുന്നു. ഇടുക്കിയിൽ കഴിഞ്ഞ ദിവസംമുതൽ പെയ്ത മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വാഗമൺ-തീക്കോയി റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.

 കോട്ടയം ഈരാറ്റുപേട്ട മേഖലയിലും കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി. പമ്പയിൽ ജലനിരപ്പ് ഉയർന്നു. ശബരിമലയിലും കനത്ത മഴയാണ്. രാത്രിയാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

പാംബ്ല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. ഇടുക്കിയിൽ ശനിയാഴ്ചയും റെഡ് അലർട്ട് തുടരും. വടക്കൻ ജില്ലകളിലും വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ശക്തമായ മഴമുന്നറിയിപ്പായ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശനിയാഴ്ച എറണാകുളത്ത് ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളി, ശനി ദിവസങ്ങളിൽ വടക്കുപടിഞ്ഞാറു ദിശയിൽനിന്ന് കേരളം, ലക്ഷദ്വീപ് തീരങ്ങളിലേക്ക് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് കൺട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

റെഡ്, ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും 2018 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും പ്രത്യേകം ശ്രദ്ധപുലർത്തണമെന്ന് ദുരന്ത നിവാരണ അതോരിറ്റി നിർദേശിച്ചിട്ടുണ്ട്. 


വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണമെന്നും അവർ അറിയിച്ചു.
Previous Post Next Post
3/TECH/col-right