Trending

യൂത്ത് കേരള എക്സ്പ്രസ്സ് റിയാലിറ്റി ഷോയില്‍ മൂന്നാം സ്ഥാനം: അംഗീകാരത്തിന്‍റെ നിറവില്‍ യംഗ് മെന്‍സ് കാന്തപുരം

പൂനൂര്‍:സംസ്ഥാന യുവജനക്ഷേമ ബോർഡ് മികച്ച സന്നദ്ധ സംഘടനകളെ കണ്ടെത്തുന്നതിന് സംഘടിപ്പിച്ച കേരള യൂത്ത് എക്സ്പ്രസ്സ് റിയാലിറ്റി ഷോയില്‍ യംഗ് മെൻസ് കാന്തപുരം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടി.


പരിസ്ഥിതി, സത്രീ ശാക്തികരണം, വികസന-ക്ഷേമ പ്രവർത്തനങ്ങൾ, കലാ-സാംസ്കാരിക-കായിക പ്രവർത്തനങ്ങൾ, വിദ്യഭ്യാസ-ആരോഗ്യ പ്രവർത്തനങ്ങൾ,പ്രളയകാല സേവനങ്ങൾ തുടങ്ങിയവ മുൻനിർത്തിയാണ് സന്നദ്ധ സംഘടനകളെ തെരഞ്ഞടുത്തത്.


സംസ്ഥാന തലത്തിൽ 100 ക്ലബ്ബുകളിൽ നിന്നുള്ള അപേക്ഷകരിൽ മത്സരം നടത്തി, 9 മികച്ച സംഘടനകളെ തെരഞ്ഞടുത്ത് ഫൈനൽ മത്സരം നടത്തിയപ്പോഴാണ് യംഗ് മെൻസ് കാന്തപുരം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം നേടിയത്.


50,000 രൂപയും മെമന്റോയും പ്രശസ്തി പത്രവുമാണ് ലഭിച്ചിട്ടുള്ളത്.ഒന്നാം സ്ഥാനം തൃശൂർ ജില്ലയിൽ നിന്നുള്ള ദേവസൂര്യ ആട്സ് ആന്റ് സ്പോർട്സ് ക്ലബും രണ്ടാം സ്ഥാനം തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള എ.കെ.ജി ആട്സ് ആന്റ് സ്പോർട്സ് ക്ലബ്ബുമാണ് നേടിയത്.



സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജുവിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷണൻ സമ്മാനങ്ങൾ വിതരണം ചെയതു.ചിന്താ ജെറോം, ആർ എസ് കണ്ണൻ എന്നിവർ സംസാരിച്ചു. സംഘടനാ ഭാരവാഹികളായ ഫസൽ വാരിസ്, ഷാക്കിർ കെ, ആസിഫ് അമീൻ, സൗദ ബീവി എം.കെ, ഹസീന എം എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.


മൂന്ന് പതിറ്റാണ്ട് കാലം സാമൂഹ്യ-സേവന-ആരോഗ്യ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച യംഗ് മെൻസ് കാന്തപുരത്തിന് മികച്ച സംഘടനയ്ക്കുള്ള അവാർഡ് സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ നിന്നും നെഹ്രു യുവ കേന്ദ്ര കോഴിക്കോടിൽ നിന്നും ലഭിച്ചിട്ടുണ്ട്. 


കൂടാതെ മികച്ച സന്നദ്ധ പ്രവർത്തകനുള്ള സംസ്ഥാന ഗവൺമെന്റിന്റെ പുരസ്കാരം സ്ഥാപക ജന.സെക്രട്ടറി എം കെ സി അബൂബക്കറിനും നാഷണൽ യൂത്ത് അവാർഡ് ജനറല്‍ സെക്രട്ടറി ഫസൽ വാരിസിന് രാഷട്രപതി പ്രണബ് മുഖർജിയില്‍ നിന്നും മികച്ച ആശ വർക്കർക്കുള്ള സംസ്ഥാന അവാർഡ് കെ.എം തങ്കമണിക്കും നേരത്തെ ലഭിച്ചിരുന്നു.
 

കാന്തപുരം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന യംഗ്മെന്‍സ് കാന്തപുരം സ്ത്രീ ശാക്തീകരണം,യുവജനക്ഷേമം,കലാ-സാംസ്കാരിക-കായിക പ്രവര്‍ത്തനങ്ങള്‍,പരിസ്ഥിതി,വികസന-ക്ഷേമം,ആരോഗ്യം തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.

ജില്ലാ-സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ലഭിച്ച യംഗ് മെന്‍സിന് വീണ്ടും സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് പ്രസിഡന്‍റ് അഹമ്മദ് കുട്ടി ഉണ്ണികുളവും സെക്രട്ടറി ഫസല്‍ വാരിസും പറഞ്ഞു.

Previous Post Next Post
3/TECH/col-right