Trending

വ്യോമസേന പൈലറ്റിനെ സുരക്ഷിതനായി തിരിച്ചയക്കണമെന്ന് പാകിസ്താനോട് ഇന്ത്യ

പാകിസ്താന്റെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ വ്യോമസേനാ പൈലറ്റിന് യാതൊരു പീഡനവും ഏൽക്കേണ്ടിവരില്ലെന്ന് ആരാജ്യം ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വ്യോമസേനാംഗത്തെ ഉടൻ സുരക്ഷിതനായി തിരിച്ചയയ്ക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


പരിക്കേറ്റ പൈലറ്റിനെ മോശമായ രീതിയിൽ പ്രദർശിപ്പിച്ചതും ദൃശ്യങ്ങൾ പുറത്തുവിട്ടതും രാജ്യാന്തര നിയമങ്ങളുടെയും ജനീവ കൺവെൻഷന്റെയും ലംഘനമാണ്. പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയെന്ന ഉത്തരവാദിത്വം നിറവേറ്റാതെ പാകിസ്താൻ ഇന്ത്യയ്ക്കെതിരെ രോഷം പ്രകടിപ്പിക്കുന്നത് ദൗർഭാഗ്യകരമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ, ഇന്ത്യയിലെ പാകിസ്താന്റെ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പാക് നടപടികളിലുള്ള ശക്തമായ പ്രതിഷേധം അറിയിച്ചു. വ്യോമാതിർത്തി ലംഘിച്ചതിനും ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരെ ആക്രമണം നടത്തിയതിലുമുള്ള പ്രതിഷേധമാണ് ഇന്ത്യ അറിയിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

അതിനിടെ, രണ്ട് വ്യോമസേന പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്ന അവകാശവാദം തിരുത്തി പാക് സൈനിക വക്താവ് രംഗത്തെത്തി. ഒരു പൈലറ്റ് മാത്രമാണ് കസ്റ്റഡിയിലുള്ളതെന്നാണ് പാകിസ്താൻ വ്യക്തമാക്കിയിട്ടുള്ളതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. 


വ്യോമസേനയുടെ ഒരു പൈലറ്റ് തിരിച്ചെത്തിയിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. മിഗ് 21 ബൈസൺ ജെറ്റിന്റെ പൈലറ്റാണ് തിരിച്ചെത്താത്തതെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. 

വ്യോമസേനയിലെ വിങ് കമാൻഡർ അഭിനന്ദൻ കസ്റ്റഡിയിലുണ്ടെന്നാണ് പാകിസ്താന്റെ അവകാശവാദം. വ്യോമസേനാ പൈലറ്റിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.

Previous Post Next Post
3/TECH/col-right