Trending

മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

ദില്ലി: സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു.  ദില്ലിയിൽ വച്ചായിരുന്നു അന്ത്യം.88 വയസ്സായിരുന്നു. 

എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. അല്‍സിമേഴ്സും പാര്‍ക്കിന്‍സണും ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയാണ് മരണ വാര്‍ത്ത കുടുംബം സ്ഥിരീകരിച്ചത്. 



വാജ്പേയി സര്‍ക്കാറിലെ പ്രതിരോധമന്ത്രിയായിരുന്നു ജോര്‍ജ് മാത്യു ഫെര്‍ണാണ്ടസ്. 1967 ലാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി തവണ കേന്ദ്രമന്ത്രി പദവി അലങ്കരിച്ചു. വാര്‍ത്താ വിനിമയം, വ്യവസായം, റെയില്‍വെ എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയ്ക്കെതിരെ ഉയര്‍ന്ന ഉറച്ച ശബ്ദമായിരുന്നു ഫെര്‍ണാണ്ടസിന്‍റേത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള കോണ്‍ഗ്രസ് ഇതര മുന്നണി പോരാളിയായി അദ്ദേഹവുമുണ്ടായിരുന്നു. ദേശീയ നേതൃത്വത്തിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാമത്തെ പേരാണ് അദ്ദേഹത്തിന്‍റേത്. 

സമതാ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള കോണ്‍ഗ്രസ് ഇതര മുന്നണി പോരാളിയായി അദ്ദേഹവുമുണ്ടായിരുന്നു. 
കേന്ദ്രമന്ത്രി പദവിയിലിരിക്കെ തന്നെ സാമ്രാജ്യത്വ നിലപാടുകള്‍ക്കെതിരെ രംഗത്തെത്തി. കൊക്കൊകോള കമ്പനിയെ എതിര്‍ത്തു. കൊങ്കണ്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാകുന്നതില്‍ മുഖ്യപങ്കുവഹിച്ചു. എന്‍ ഡി എ കണ്‍വീനര്‍ ആയിരുന്നുകൊണ്ട് വിവിധ പാര്‍ട്ടികളെ എ ബി വാജ്പേയി സര്‍ക്കാരിനൊപ്പം ചേര്‍ത്ത് നിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. 

ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിയായിരിക്കെയാണ് കാര്‍ഖില്‍ യുദ്ധത്തിലെ ഇന്ത്യയുടെ വിജയം. അതേസമയം കാര്‍ഗില്‍ യുദ്ധകാലഘട്ടത്തിലെ ശവപ്പെട്ടി കുംഭകോണ വിവാദത്തിലും അദ്ദേഹത്തിന്‍റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. 

Previous Post Next Post
3/TECH/col-right